രുചിപ്പെരുമയുമായി ഇന്ന് നമ്മുടെയിടയിൽ ഒന്നിലധികം ഹോട്ടൽ സംരംഭകരുണ്ട്.
പക്ഷെ, ഇവിടെ പറയുന്നത് ഏകദേശം ഏഴു പതിറ്റാണ്ടിനു മുമ്പ് ഹോട്ടൽ നടത്തിയിരുന്ന ഒരു ഷാരടിയെ കുറിച്ചാണ്. അദ്ദേഹത്തിന്റെ കൈപ്പുണ്യത്തെക്കുറിച്ചാണ്.
“എടപ്പാളിന്റെ പുരാവൃത്തം” എന്ന ഫെയ്‌സ് ബുക്ക് പരമ്പരയിൽ നജ്മു എടപ്പാൾ പരേതനായ പുതുക്കുളങ്ങര പിഷാരത്ത് നാരയണ പിഷാരടിയെയും അദ്ദേഹത്തിൻറെ “രാജ് ഹോട്ടലിനെയും” വിസ്തരിച്ചു പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ കാലശേഷം മകൻ എം പി രാജഗോപാൽ ഹോട്ടൽ നടത്തിയെങ്കിലും പിന്നീട് കെട്ടിട ഉടമ ഒഴിയാൻ ആവശ്യ പ്പെട്ടതിനെ തുടർന്ന് നിർത്തുകയായിരുന്നു.
അദ്ദേഹത്തിന്റെ ലേഖനം ഇവിടെ പുനരാവിഷ്‌ക്കരിക്കുന്നു.
“എടപ്പാളിന്റെ പുരാവൃത്തം”
ഷാരോടിയും രാജ് ഹോട്ടലും
എടപ്പാളിന്റെ പുരാവൃത്തത്തിലെ അറിയപ്പെട്ട ഹോട്ടലാണ് ഷാരോടിയുടെ രാജ്.
എടപ്പാളിലെ ആദ്യത്തെ വെജിറ്റേറിയൻ ഹോട്ടൽ എന്ന ഖ്യാതിയും ഷാരോടിക്ക് സ്വന്തമാണ്.
പേരും പെരുമയും പോലെ രുചിയുടെ കലവറയായിരുന്നു അംശകച്ചേരിയിലെ ഷാരോടിയുടെ ഹോട്ടൽ.
വേട്ടക്കരൻ ക്ഷേത്രത്തിലെ നാമസങ്കീർത്തനവും, അംശകച്ചേരി പള്ളിയിലെ സുബഹ് ബാങ്കൊലിയും ചേർന്നുള്ള ഭക്തി സാന്ദ്രമായ പ്രഭാതത്തിൽ, ഹോട്ടൽ തുറന്നു സജ്ജമായിരിക്കും.
തിരിയിട്ട് കത്തിച്ച വിളക്കിന്റെ നാളവും, ചന്ദനത്തിരിയിൽനിന്ന് ഉയരുന്ന സുഗന്ധത്തിന്റെ അകമ്പടിയിൽ, ടോർച്ചടിച്ചും ആളുകൾ ചായയ്ക്കായി എത്തിത്തുടങ്ങും.
പിച്ചളയുടെ സമോവർ നിന്ന് വെള്ളം തിളച്ചു മറിഞ്ഞ് ആവി പൊന്തുന്ന പാലും ചേർന്ന് തുണി അരിപ്പയിലൂടെ ചായ ഗ്ലാസിലേക്ക് ഒഴുകി തുടങ്ങും.
നാട്ടു വാർത്ത മുതൽ ചായക്കൊപ്പം സജീവമാക്കി. രാഷ്ട്രീയം പാടില്ലെന്ന ബോർഡോ വിലക്കോ ഇവിടെയില്ല.
പുലർച്ചെ മുതൽ പല മേഖലയിലുള്ളവരുടെ രാഷ്ട്രീയവും നാട്ടുവർത്തമാനങ്ങളും ആരോഗ്യപരമായ തർക്കങ്ങളും ചർച്ചകളും പതിവു കാഴ്ചയാണ്.
തിരക്കിനിടയിലും ഇവർക്ക് ആവേശം പകർന്ന് ഷാരോടിയുമുണ്ടാവും കൊഴുക്കുന്ന ചർച്ചകൾക്കിടയിലും പത്ര വായനയിലും പലരും ഒന്നിലധികം ചായയും അകത്താക്കും.
ഇടയ്ക്ക് പഴയ റേഡിയോയിലൂടെ ഒഴുകുന്ന സംഗീതവും വാർത്തയും, തിരഞ്ഞെടുപ്പു കാലമായാൽ ഇവിടെ ചർച്ചകളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ പത്രങ്ങൾ എത്തിക്കാനും രാഷ്ട്രീയക്കാരുടെ മത്സരവും പതിവാണ്.
നേരം വെളുത്തു തുടങ്ങിയാൽ പണിക്കാരുടെ തിരക്കായി. ചായ കുടിക്കുക എന്നതിലപ്പുറം നാട്ടിലെ അന്നത്തെ വിശേഷങ്ങൾ അറിയാനുള്ളൊരിടം കൂടിയാണിത്.
ആരെങ്കിലും മരണപ്പെട്ടാലൊ, പ്രത്യേക അറിയിപ്പുകളോ, ഷാരോടിയുടെ ഹോട്ടലിൽ വന്നു പറഞ്ഞാൽ മതി. ചായകുടിക്കാനെത്തുന്നവരിലൂടെ വിവരം ദേശം മുഴുവൻ എത്തും. കലർപ്പില്ലാത്ത പഴമയുടെ പ്രതീകങ്ങളായിരുന്നു.
അടുക്കളയിൽ നിന്ന് ദേശയും ഇഢലിയും, ചട്ടിണിയും സാമ്പാറും, പൂരി മസാലയും, പുട്ടും പപ്പടവും, തയ്യാറാകും, അക്കാലങ്ങളിൽ ഈ വഴി യാത്ര ചെയ്യുന്നവരും ഭക്ഷണം കഴിക്കാൻ എത്തുമായിരുന്നു. എല്ലാവർക്കും ഇതൊരു ആശ്വാസവും കുറഞ്ഞ അണകളാൽ പശിയടക്കാനുള്ള ഹോട്ടലുമായിരുന്നു ഷാരോടിയുടേത്.
പഴം പൊരിയും, ഉഴുന്ന് വടയും, സുഖിയനും, പരിപ്പുവടയും, ബോണ്ടയും, നെയ്യപ്പം എന്നീ കടികൾ ചില്ലിട്ട അലമാരയിൽ വാഴയില പാകി വെയ്ക്കും പതിനൊന്ന് മണിമുതൽ ഒരു മണിവരെ ചായയും, കടിയും, ഉച്ചക്ക് ഊണ് കഴിക്കാനുള്ള തിരക്കുമായിരിക്കും,
ഊണ് കിട്ടാതെ മടങ്ങുന്നവരുമുണ്ട്. പക്ഷെ എല്ലാം കൃത്യമായ അളവിലും, സമയത്തും, അവസാനിക്കുന്ന രീതിയിൽ തന്നെയാണ് തയ്യാർ ചെയ്തിരുന്നത്. വൈകുന്നേരങ്ങളിൽ ഉപ്പുമാവും, പാരമ്പര്യമില്ലെങ്കിലും കൈ മുതലായി കൈപ്പുണ്യമുണ്ടായിരുന്നു ഷാരോടിക്ക്.
തൃത്താല വൈദ്യമഠത്തിന് കിഴക്ക് ഭാഗം പുതുകുളങ്ങര പിഷാരത്തിൽ ജനിച്ച നാരയണ പിഷാരടി, തറവാട്ടിൽ നിന്ന് തുടങ്ങിയ ജീവിത പ്രയാണത്തിൽ എടപ്പാൾ പൊൽപ്പാക്കരയിലെത്തി.
അഞ്ചാം തരം വരേ പഠിച്ചെങ്കിലും വീട്ടിലെ പ്രാരാബ്ധങ്ങൾ തുടർപഠനത്തിന് വിഘാതമായി. ദാരിദ്ര്യത്തിൻ്റെ കയ്പ്പുനീർ ആവോളം നുകർന്ന കൗമാരത്തിൽ നിന്നും ജീവിതത്തിൻ്റെ ഉഷ്ണം തൊട്ടറിഞ്ഞ ഷാരോടി പത്താം വയസ്സിൽ കണ്ണൂരിലേക്ക് വണ്ടി കയറി.
ഹോട്ടൽ പണിക്കാരനായി ജീവിതം ആരംഭിച്ചു. പിന്നീട് പന്ത്രണ്ടാം വയസ്സിൽ കോയമ്പത്തൂർ ആനന്ദ് ഭവനിലും പണിയെടുത്തു.
മുപ്പത്തിരണ്ടാം വയസ്സിൽ വിവാഹിതനായി കുടുംബ ജീവിത യാത്രയിൽ സ്വന്തമായി ഒരു ഹോട്ടൽ എന്ന മോഹവുമായ് അംശകച്ചേരിയിലെത്തി. കൂടെ സഹോദരൻ രാമചന്ദ്രൻ പിഷാരടിയുമുണ്ടായിരുന്നു.
ഇതേ ഹോട്ടൽ പലതവണ പലരും നടത്തി പരാജയപ്പെട്ട് കയ്പ്പേറിയ അനുഭവങ്ങൾ നിലനിൽക്കെ, ഇതൊന്നും കൂസാതെ മനസ്സിലെ നിശ്ചയദാർഢ്യവും, ജീവിതത്തിലെ അനുഭവ സമ്പത്തും കൈമുതലായിട്ടുള്ള ഷാരോടി ലക്ഷ്യത്തിലേക്ക് നടന്ന് കയറി.
രാജ് ഹോട്ടൽ എന്നപേരിൽ മുപ്പത്തിയഞ്ചാം വയസ്സിൽ തുടക്കമിട്ടു. രാജ് എന്ന പേരുണ്ടങ്കി ലും നാടെങ്ങും ഷാരോടി എന്ന പേരിൽ അറിയപ്പെട്ട അന്നദാതാവായ് മാറി.
ഏത് പരീക്ഷണ ഘട്ടത്തിലും പതറാതെ തല ഉയർത്തി നിന്ന് ശക്തമായ പ്രതിസന്ധികളിൽ ഉലയാതെ പ്രതിരോധം തീർത്ത് മുന്നേറി. അന്നം തന്നയാണ് ഉന്നമെന്ന ചിന്തയോടെ വീട്ടിൽ നിന്ന് സൈക്കിൾ ചവിട്ടിയുള്ള യാത്രയിൽ പകൽ വെളിച്ചം ദർശിക്കാൻ കഴിയാതെ ഇരുളാണ്ട വഴികളിലൂടെ മാത്രം സഞ്ചരിച്ചു.
കഠിനമായ താപത്തിൽ പൊളളി പോകാതെ സഹോദരനും, ആറ് തൊഴിലാളികളും, സൗകര്യങ്ങളില്ലാത്ത കാലത്ത് വെള്ളം കോരിയും, വിറക് കൊത്തിയും, ആട്ട് കല്ലിൽ മാവ് അരച്ച് രുചിയാർന്ന വിഭവങ്ങളും വിഭവസമൃദ്ധമായ ഇലയിലെ ഊണും ഒരുക്കിയിരുന്നു.
ഷാരോടി ഹോട്ടലിനെ മാത്രം ആശ്രയിച്ച ഒരു കാലമുണ്ടായിരുന്നു. മണ്ഡല മാസങ്ങളിൽ ഭക്തരുടെ തിരക്കുമുണ്ടായിരുന്നു. ഉദിനിക്കര, തലമുണ്ട, അങ്ങാടി, ചുങ്കം, എന്നിവിടങ്ങളിൽ നിന്ന് ചായ കുടിക്കാൻ ആളുകൾ വരുമായിരുന്നു.
ആശുപ്രതി, പഞ്ചായത്ത്, വില്ലേജ്, മാപ്പിള സ്കൂൾ, ഹൈസ്ക്കൂൾ, എന്നിവ പോലുള്ള പ്രധാന ആപ്പിസുകളിലേക്ക് ചായയും പലഹാരങ്ങളും ഷാരോടി ഹോട്ടലിൽ നിന്നുമായിരുന്നു.
സ്കൂൾ കലോത്സവങ്ങൾ, മത, രാഷ്ട്രീയ, സാമൂഹ്യക, സാംസ്കാരിക, സംഘടനകളുടെ പരിപാടികൾക്ക് ടോക്കൻ സംവിധാനത്തിൽ ഭക്ഷണം തയ്യാറാക്കിയതും ഷാരോടിയായിരുന്നു. ജീവിതയാഥാർഥ്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട് ഹൃദയത്തോട് ചേർത്തുവെച്ച മഹാമനസ്കൻ.
സ്നേഹനിധിയായ പങ്കാളിയും രക്തധമനികളായ അഞ്ച് മക്കളും, ആരോടും പരിഭവി ക്കാതെ തൻ്റെ ജീവിത വഴിയിലൂടെ സഞ്ചരിച്ച് പുത്തൻ തലമുറക്ക് മാതൃക കാണിച്ച നിസ്വജീവിതമായിരുന്നു ഷാരോടിയുടേത്.
താൻ പിന്തുടർന്ന പാതയിലൂടെ തന്നോടപ്പം പിൻഗാമിയായി മകൻ രാജനുമുണ്ടായിരുന്നു .എടപ്പാളിന്റെ ഉത്ഭവകാലം തൊട്ടു തന്നെ അംശകച്ചേരിയുടെ നെറുകയിൽ നിലയുറപ്പിച്ച ഷാരോടിയുടെ രാജ് ഹോട്ടൽ.
വിശ്വാസ മാർഗത്തിലെ യാഥാസ്ഥിതികരെ പരിഹസിക്കാതെ അവരിലെ പൊള്ളത്തരങ്ങൾ കൃത്യമായി നിർവചിക്കുകയും അത്തരം പ്രവണകൾക്കെതിരെ ബഹളമില്ലാതെ തൻ്റെ കർമ്മത്തിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു ഷാരോടി.
പ്രഗത്ഭനായ ഷാരേടിയുടെ ഹോട്ടലിൽ തയ്യാർ ചെയ്ത പലഹാരങ്ങളുടെ രുചിയറിയാത്തവർ കുറവായിരിക്കും. എന്റെ കുട്ടിക്കാലത്ത് മദ്രസയിലേക്ക് പോകുമ്പോൾ കഴിച്ചതിന്റെ രുചി ഇന്നും ഞാനോർക്കുന്നു.
കാലചക്രത്തിന്റെ തിരിച്ചില്‍ പ്രായം മനസ്സിനെ ബാധിച്ചില്ലെങ്കിലും ശരീരം വാർദ്ധക്യത്തിലേക്ക് വഴുതിവീണു. എൺപതാം വയസ്സിൽ താൻ പടുത്തുയർത്തിയ “രാജ് ഹോട്ടൽ” മകൻ രാജന്റെ കയ്യിൽ ഭദ്രമായി ഏൽപ്പിച്ചു താൽക്കാലികമായ് പിൻമാറി.
താൻ ഇടപഴകിയ കാലങ്ങളിലും സ്നേഹം മാത്രമാണ് സമ്മാനിച്ചത്. ജീവശാഖിയിൽ ഋതുഭേദങ്ങളുണർത്തി ബാല്യകൗമാര യവ്വനക്കാരാടും സ്നേഹത്തിൽ ചാലിച്ച തമാശകളും, ഉപദേശനിർദേശങ്ങൾ ചൊരിഞ്ഞും, കാര്യങ്ങളിലെ കർക്കശ നിലപാടിലും ഉറച്ച് നിന്ന നാരയണൻ പിഷാരടി.
അദ്ദേഹത്തിന്റെ നാമം ചരിത്രങ്ങളിലും പഴയമയുടെ പെരുമയിലും ഇന്നും തിളങ്ങി നിൽക്കുന്നു. ഇരുളാണ്ട വഴികളിലൂടെ പ്രകാശമായ് ജ്വലിച്ച അങ്ങയെ നന്മയൂറുന്നവർകൊപ്പം ചേർത്ത് വെയ്ക്കാം.
വെച്ചു വിളമ്പിയും, ഊട്ടിയും അദ്ദേഹം എൺപത്തി അഞ്ചാം വയസ്സിൽ വിടപറഞ്ഞു. കാലയവനികക്കുള്ളിൽ പോയ് മറഞ്ഞെങ്കിലും മകൻ രാജ് നീണ്ട പന്ത്രണ്ട് വർഷം അച്ഛന്റെ ജ്വലിക്കുന്ന ഓർമകളുമായ്, കുറച്ച് കൂടി വിപുലീകരിച്ച് മുന്നോട്ട് കൊണ്ടു പോയങ്കിലും, കെട്ടിട ഉടമ ഒഴിയാൻ ആവശ്യ പ്പെട്ടതിനെ തുടർന്ന് രാജ് ഹോട്ടലിന് താഴ് വീണു നിശ്ചലമായി.
എങ്കിലും, ഷാരോടിയുടെ രാജ് ഹോട്ടലും എടപ്പാളുകാരുടെ നാവിൽ തുമ്പിൽ ഇന്നും തത്തികളിക്കുന്നു. ഓർമകൾ ഒളിമങ്ങാതെ ഇന്നും മനസ്സിലുണ്ട് വരും കാലവും നാരായണൻ പിഷാരടി എന്ന ഷാരോടിയുടെ ഓർമകൾക്ക് മുന്നിൽ ശ്രദ്ധാഞ്ജലികളോടെ.
നജ്മു എടപ്പാൾ….🖋