നിറമാല രൂപീകരണവും,കൈനീട്ടവും ഒരു റവ ഉപ്പുമാവും

-രവി കടുങ്ങല്ലൂർ

നിറമാല വിജയന്റെ ഹൃദ്യമായ ചിരി മാലയിലൂടെ സമ്പന്നമാക്കി കൊണ്ടിരിക്കുന്ന നിറമാല ചരിതത്തിൽ, അൽപം ഞാനും കോറിയിട്ടില്ലെങ്കിൽ അതിനൊരു പൂർത്തികരണമുണ്ടാകില്ലെന്നൊരു തോന്നൽ.എന്നാൽ ഇത്തിരി ഞാനും പറയട്ടെ.

ചൊവ്വര ശാഖയുടെ ഒരു മാസാന്തര യോഗം അലങ്ങാട് വിജയന്റെ പിഷാരത്തു വെച്ചു കൂടുവാൻതീരുമാനിച്ചത്, സമാജ്ത്തിൽ വിപ്ലവ ചർച്ചകൾ നടത്തുവാൻ പറ്റിയ സ്ഥലമായതു കൊണ്ട്തന്നെയാണ്. കാര്യങ്ങൾ കാര്യകാരണസഹിതം മുഖത്തു നോക്കി സരസമായി സംസാരിക്കാൻ കഴിവുള്ള വിജയൻ നമ്മുടെ, സൗമ്യ സുഭഗൻ ഹരികൃഷ്ണനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. രസം പിടിപ്പിക്കുന്ന ചർച്ചകളുണ്ടാകുമെന്നുറപ്പുള്ളതുകൊണ്ടും സർവ്വ ശ്രീ ആലങ്ങാട് വിജയന്റെ പുതു പിഷാരം കാണാനും അവിടെയൊന്നു കൂടാനുമായി യുവ ചൈതന്യം മനോജും ശ്രീജിഷ്ണു പിഷാരോടിയും എടാട്ട് ഹരിയേട്ടനും ചൊവ്വരയുടെ ആസ്ഥാന ഗായകൻ ശ്രീ കൃഷ്ണകുമാറും പിന്നെ ഞാനും ആ യോഗത്തിൽ സന്നിഹിതരായിരുന്നു.

ചൊവ്വര ശാഖാ യോഗത്തിന് വിശിഷ്ട സാന്നിദ്ധ്യമായെത്തിയ ഹരികൃഷ്ണൻ, ശ്രവണ സുഖകരമായ യോഗവിശേഷം കേട്ടു മൗനിയായിരിക്കുകയായിരുന്നു. ഒടുവിൽ വിജയന്റെ സ്വതസിദ്ധനർമ്മ പ്രഭാഷണം ഹരികൃഷ്ണന്റെ സമനില തെറ്റിച്ചെന്നു തോന്നി.

പണ്ഡിതനായ ഹരി ഒരുപദേശവുമായി എഴുനേറ്റു. വിഷമവ്യത്തത്തിലായ ഈ സാഹചര്യത്തെ മറികടക്കാൻ ഒരേ ഒരുപാധി മാത്രം. എന്താണെന്നു വച്ചാൽ സമുദായത്തിലുള്ള സമാദരണീയരേയും യുവചേതനങ്ങളേയും കലാ സാംസ്കാരിക പ്രതിഭകളേയും കോർത്തിണക്കി ഒരു കുടുംബ സംഗമം സംഘടിപ്പിക്കുക . വളരെ നിസ്സാരമായ ഒരു കാര്യം അവതരിപ്പിച്ച് ഹരി ഇരുന്നു,

മറ്റുള്ളവരെ ഇരുത്തി. വിജയൻ അൽപ്പം ഗൗരവത്തിൽ എല്ലാവർക്കും ചായസത്കാരം തുടങ്ങി. തണുപ്പിക്കാൻ കൂട്ടിന് തക്കാളി കുക്കുംബർ, സവാള തുടങ്ങിയവ വളരെ ഭംഗിയായി വൃത്താകാരത്തിൽ നുറുക്കി അടുക്കി മുന്നിലേക്ക് വച്ച പ്ലേറ്റുകൾ നിമിഷനേരത്തിൽ കാലിയായി.

കയ്യിൽ കരുതിയ വട്ടത്തിൽ നുറുക്കിയ കുക്കുമ്പർ കടിച്ച് ജിഷ്ണു സംഘാടകപാഠവമുള്ള തനതു ശൈലിയിൽ ചർച്ച തുടങ്ങി. ഒരു മഹദ് സംരഭത്തിന് അനിവാര്യമായ സമയവും സന്ദർഭവും വന്നു ചേർന്നിരിക്കുന്നു. നമ്മളെല്ലാവരും ഒറ്റക്കെട്ടായി ഇതിനു വേണ്ട തുടക്കം കുറിക്കാം.

ഉടനെ ചൊവ്വര ശാഖയുടെ നെടുംതൂണും നിത്യ സുന്ദരനുമായ മധു ചേട്ടൻ പറഞ്ഞു .”ഈ കൂട്ടായ്മക്ക് ചൊവ്വര ശാഖ നേതൃത്വം നൽകും ചൊച്ചരശാഖാ പരിധിയിൽ വച്ചായിരിക്കും ഈ പരിപാടി നടത്തുക”.  ഈ പ്രഖ്യാപനം കേട്ട് ശ്രീ വിജയനൊന്നു പരുങ്ങിയെങ്കിലും യോഗത്തിൽ നിന്നുണ്ടായ ശക്തമായ പിന്തുണയിൽ കൂട്ടായ്മ നടത്താൻ തന്നെ തീരുമാനിച്ചു. മാത്രമല്ല അതിനു വേണ്ട നിർദ്ദേശങ്ങൾക്ക് ശ്രീ ബാബു ഏട്ടനെ കാണാൻ പോകുന്നതിനുള്ള ദിവസവും ആളുകളേയും തീരുമാനിച്ചുറച്ചായിരുന്നു അന്നത്തേ ആ യോഗം പിരിഞ്ഞത്.

മുൻ നിശ്ചയപ്രകാരം 2016 മാർച്ച് 16 ന് വൈകിട്ട് കൃത്യം നാലു മണിക്ക് ഞങ്ങളെല്ലാവരും എന്റെ വണ്ടിയിൽ ഒരാഘോഷയാത്രക്ക് തുടക്കം കുറിച്ചു. പിഷാരോടി സമാജം കലാ സാസ്കാരിക വേദികളുടെ അമരക്കാരനും പ്രശസ്ത സിനിമാ സംവിധായകനുമായ ബാബു നാരായണന്റെ ജ്യോതിസ്സിലേക്ക്, ആ യാത്രയിലുമുണ്ടായിരുന്നു ഒരു പ്രത്യേകത.  സാധാരണ കേന്ദ്ര സമാജം യോഗങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ ഞങ്ങൾ വണ്ടിയിലിരുന്നു നടത്തിയിരുന്ന കർണഘടോര പ്രസംഗങ്ങളിൽ നിന്നും വ്യത്യസ്തതമായി നിറഞ്ഞ സന്തോഷത്തോടെ, കൂട്ടായ്മയേ കുറിച്ചുള്ള ഹിതകരമായ അഭിപ്രായ സമന്വയങ്ങളായിരുന്നു.വണ്ടി കൊടകരയിലെത്തിയപ്പോൾ ഞങ്ങളോടൊപ്പം ഒരു മഹത് വ്യകതികൂടി കൂട്ടിന് ചേർന്നു. ശ്രീ സിത്താര രാജേട്ടൻ. ഇനി പറയേണ്ടല്ലോ ആ യാത്രയുടെ സുഖം.

നേരത്തേ വിളിച്ചു പറഞ്ഞതു പ്രകാരം നമ്മുടെ ബാബു ഏട്ടൻ മറ്റു തിരക്കുകൾ മാറ്റി വച്ച് ഞങ്ങളെ കാത്തിരുന്നിരുന്നു. ഒരു പക്ഷേ ഇത്രയും പേരേ ബാബു ഏട്ടനും കുടുംബവും പ്രതീക്ഷിച്ചിരിക്കില്ല.ഏതായാലും ബാബു ഏട്ടൻ ഞങ്ങളെ കണ്ടതോടെ ഏറെ സന്തോഷവാനായി ഒരു പക്ഷേ അദ്ദേഹം കാലങ്ങളോളം മനസിൽ സൂക്ഷിച്ചു വച്ചിരുന്ന ഒരു സ്വപനമായിരുന്നു ഇങ്ങിനെ ഒരുകൂട്ടായ്മ എന്നു തോന്നും പോലെയായിരുന്നു പിന്നീടങ്ങോട്ടുള്ള ബാബു ഏട്ടന്റെ തിരക്കഥ. നിറഞ്ഞ പുഞ്ചിരിയുമായി ബാബു ഏട്ടൻ “നിറമാല” എന്ന നാമധേയവും നമ്മുടെ കുടുംബ സംഗമത്തിനായ് കരുതിവച്ചിരുന്നു എന്നു തോന്നിപ്പോയി.

ഇവിടുന്നങ്ങോട്ട് ഞങ്ങളുടെ ഉത്തരവാദിത്വം കൂട്ടുന്ന ഒരു സംഭവമാണ് നടന്നത്. ജ്യോതിച്ചേച്ചിയുടെ അമ്മ അകത്തു പോയി ഒരു 2000 രൂപ എടുത്തു കൊണ്ടുവന്നിട്ട് എല്ലാവരോടുമായി പറഞ്ഞു. നിറമാലയുടെ വിജയത്തിനായി ആദ്യത്തേ അർച്ചന എന്റെ വക തുക മധുച്ചേട്ടനേ ഏൽപിച്ചു.ഒരു കാര്യം തീരുമാനമായി.നിറമാല ഗംഭീരമാക്കണം.

സമയം എട്ടായി. മധു ചേട്ടനും ഞാനു മൊക്കെ ജോലി കഴിഞ് നേരെ വണ്ടിയിൽ കയറിയതാണ്. വിശന്നിട്ട് വയ്യല്ലോ എന്നു വിചാരിച്ചപ്പോഴേക്കും അകത്തു നിന്ന് ജ്യോതിച്ചേച്ചിയുടെ വിളി വന്നു.”വരിൻ കൂട്ടരെ വല്ലതും കഴിക്കാം” .ഞങ്ങൾ അതിശയിച്ചു പോയി ഇതിനിടയിൽ ജ്യോതിചേച്ചി കടയിൽ പോയി റവ വാങ്ങി കൊണ്ടുവന്ന് ഉപ്പുമാവ് ഉണ്ടാക്കി കഴിഞ്ഞിരുന്നു.ഞങ്ങൾ ഏഴെട്ടു പേരുണ്ടെന്നറിയാമല്ലോ? ആ റവ ഉപ്പുമാവിന്റെ സ്വാദിന്നും മറന്നിട്ടില്ല. “നിറമാല”യുടെ വിജയത്തിന് ഈ ഉപ്പുമാവും ഒരു ഘടകമായിരുന്നു.

0

One thought on “നിറമാല രൂപീകരണവും,കൈനീട്ടവും ഒരു റവ ഉപ്പുമാവും

  1. ഈ എപ്പിസോഡ്… കേമായി
    ഇതെങ്ങിനെ ഓർത്തിരിക്കുന്നു രവി ചേട്ടാ
    നിറമാല കഴിഞ്ഞിട്ട് കൊല്ലം മൂന്നായി

    0

Leave a Reply

Your email address will not be published. Required fields are marked *