മെയ് 4, രാത്രി ഒമ്പതര സമയം. നിറമാലയുമായി ബന്ധപ്പെട്ട് ചൊവ്വര ശാഖയിലെ ഭവന സന്ദർശനം നടത്തുന്ന തിരക്ക്. അതിനിടയിൽ നിറമാലയുടെ നാളെ നടക്കാനിരിക്കുന്ന ചിത്രീകരണത്തിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് പല തവണ ബാബുവേട്ടൻ വിളിച്ചു കൊണ്ടേയിരിക്കുന്നു .മൂന്നു പേരുടെ ഷൂട്ടിംഗ് ആണ് തീരുമാനിച്ചിരിക്കുന്നത്. തിരക്കുകളിൽ കഴിയുന്ന രാജേട്ടന്റേയും ക്യാമറകളുടേയും ഒഴിവുകൾ നോക്കേണ്ടിയിരുന്നു. അതിനിടയിൽ പലതവണ എന്നെ വിളിച്ച് ലൊക്കേഷൻ സംബന്ധിച്ച കാര്യങ്ങൾ തിരക്കുന്നു. കഥാപാത്രങ്ങളോട് കൃത്യസമയത്ത് എത്തിച്ചേരന്നമെന്ന് പറയാൻ എന്നെ ഏൽപ്പിക്കുന്നു.മണർക്കാട് സുരേഷ്, രമാദേവി പിഷാരസ്യാർ, രാജി പിഷാരസ്യാർ എന്നിവരെയാണ് ഒരുക്കേണ്ടത്.
മൂന്നു പേർക്ക് ഒരേ ലൊക്കേഷൻ ചേരാത്തതു കൊണ്ട് എന്റെ ഒരു അഭിപ്രായം ബാബുവേട്ടനോട് പറഞ്ഞു. നാളത്തെ ചിത്രീകരണം ആലുവ ശിവരാത്രി മണപ്പുറത്തു നിന്നും തുടങ്ങാം എന്ന്. എന്തുകൊണ്ടോ ബാബുവേട്ടന് അത് ഇഷ്ടായി. അപ്പോഴേക്കും രാത്രി പത്തരയായി.. പറഞ്ഞതനുസരിച്ച് കൃത്യം ഏഴരക്ക് ത്തന്നെ സുരേഷേട്ടനോട് മണപ്പുറത്ത് എത്തിച്ചേരണം എന്ന് ബാബുവേട്ടൻ എന്നെ വിളിച്ച് ഏൽപ്പിച്ചു. നേരത്തെ ചിത്രീകരണം തുടങ്ങിയില്ലെങ്കിൽ വെയിലിന്റെ കാഠിന്യം കൂടിയാൽ ഒന്നും ശരിയാകിലത്രേ. അപ്പോൾത്തന്നെ സുരേഷേട്ടനെ വിളിച്ച് പറഞ്ഞു. എത്തിച്ചേരാമെന്ന് പറയുകയും ചെയ്തു.അങ്ങനെ നാലോ അഞ്ചോ മണിക്കൂറുകളെടുത്ത് നടത്തിയ സജ്ജീകരണങ്ങൾ പര്യസമാപ്തിയിലാക്കിയ ശേഷം ഉറങ്ങാൻ കിടന്നു.രാവിലെ നേരത്തെ എഴുന്നേൽക്കണം. ബാബുവേട്ടൻ കൃത്യം ആറു മണിക്ക് ത്തന്നെ പുറപ്പെടും എന്നും പറഞ്ഞു. ഇറങ്ങുമ്പോൾ സാധാരണ പോലെ വിളിക്കാം എന്നും പറഞ്ഞു. ഗുഡ് നൈറ്റ് പറഞ്ഞ് കിടന്നു.
രാവിലെ ആറേമുക്കാലായിട്ടും ഒരറിയിപ്പും അങ്ങേത്തലയിൽ നിന്നും എന്നിക്ക് കിട്ടിയില്ല. കാത്തിരിപ്പിനിടയിൽ ഏഴു മണിക്ക് ബാബു വേട്ടൻ വിളിച്ച് രാജേട്ടനേയും കൂട്ടികൊടകരയിൽ നിന്നും പുറപ്പെട്ടു എന്നു പറഞ്ഞു. കാരണം എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളോടെയാണ് രാജേട്ടൻ സ്ഥിരമായി വരാര്. പക്ഷെ ഞങ്ങൾ മുന്നു പേരും മണപ്പുറത്ത് കണ്ടു മുട്ടിയത് 8.30 ന്. ഒരു മണിക്കൂർ ലേറ്റ്. പാവം സുരേഷേട്ടനും കലച്ചേച്ചിയും ഞങ്ങൾ പറഞ്ഞതിനും അരമണിക്കൂർ മുൻപേ ആലുവയിലെത്തി. ഞങ്ങൾ അവരെ കാത്തിരിക്കരുതല്ലോ. ഉടൻത്തന്നെ അവരെപ്പോയി കാണുകയും മണപ്പുറത്തേക്ക് പോകുകയും ചെയ്തു. ഒരു നിമിഷം ബാബു വേട്ടനും രാജേട്ടനും ലൊക്കേഷൻ കണ്ടു ഞെട്ടി. അതിമനോഹരമായ ലൊക്കേഷൻ. പല വിധ ചർച്ചകൾ അവർ രണ്ടു പേരും കൂടി നടത്തുന്നു. ഇങ്ങോട്ട് നടക്കുന്നു, അങ്ങോട്ട് നടക്കുന്നു. ഏകദേശം ഒന്നര മണിക്കൂർ വെയ്റ്റ് ചെയ്ത സുരേഷേട്ടനും കലച്ചേച്ചിയും ഞങ്ങളെ മൂന്നു പേരേയും മാറി മാറിനോക്കുന്നുണ്ട്. തലേ ദിവസം ഉറക്കമൊഴിഞ്ഞ് ഒരു കഥകളിയും കണ്ട് വരുന്ന വഴിയാണ് രണ്ടു പേരും. ഒരു സിനിമാ സംവിധായകന്റെ ഉത്തരവാദിത്തം പൂർണ്ണമായും ബാബുവേട്ടനിൽ തെളിഞ്ഞു നിന്നു. അവസാനം ക്യാമറാമാനായ രാജേട്ടനോട് ക്യാമറ സെറ്റ് ചെയ്യേണ്ട ആംഗിളും മറ്റും പറഞ്ഞ് കൊടുത്ത് നേരെ സ്ക്രിപ്റ്റിലേക്ക് കടന്നു. മുൻകുട്ടി എഴുതി പിടിപ്പിച്ച സ്ക്രിപ്റ്റുകൾ സുരേഷേട്ടനെ പറഞ്ഞ് പഠിപ്പിക്കുന്നു. അതായത് ഒരു സ്ഥലത്ത് സംവിധായകൻ സുരേഷേട്ടനോട് അങ്ങോട്ട് നടക്ക് ഇങ്ങോട്ട് നടക്ക് എന്നൊക്കെ പറഞ്ഞ് റിഹേഴ്സൽ തക്രിതിയായി നടക്കുന്നു. വെയില് ഒരുപാടു കൂടിയാൽ എല്ലാം കുളമാകും. മറ്റേ സ്ഥലത്ത് രാജേട്ടൻ ക്യാമറയുടെ ഭാഗങ്ങൾ കൂട്ടിയിണക്കുന്നു. ഏകദേശം പതിനഞ്ച് മിനുട്ട് പിടിച്ച സജ്ജീകരണങ്ങൾ. ഞാൻ അവിടേയും ഇവിടെയും കൂടുന്നു. കഥകളി കണ്ട് ഉറക്കമൊഴിഞ്ഞ് വന്ന അദ്ദേഹം അതൊന്നും വകവെക്കാതെ സംവിധായകൻ പറയുന്നതുപോലെ അനുസരിക്കുന്നു. അവസാനം ടേക്കിലേക്ക് പോകാന്നുള്ള ഒരുക്കത്തിലാണ്.
അപ്പോഴാണ് ബാബുവേട്ടൻ രാജേട്ടനെ ശ്രദ്ധിക്കുന്നത്.പതിവിലും വിപരീതമായി ക്യാമറയും ബന്ധപ്പെട്ട ഉപകരണങ്ങളും മാറി മാറി നോക്കുന്നത്. സാധാരണ ഇത് പതിവുള്ളതല്ല. പൊരിവെയിലത്ത് നിൽക്കണ സുരേഷേട്ടൻ ഇതൊന്നും അറിയുന്നില്ല, കഥാപാത്രത്തെ മുഴുവനായും ആവാഹിച്ചിരിക്കുകയാണ്. “ഓക്കെ രാജാ” എന്ന് രാജേട്ടനെ നോക്കി ബാബുവേട്ടൻ നിർദ്ദേശിച്ചു. മറുപടിയൊന്നും കേൾക്കാത്തതു കൊണ്ട് പതുക്കെ ബാബുവേട്ടൻ രാജേട്ടന്റെ അടുത്ത് വന്നു. ഒരു ചെറിയ ഭാവവ്യത്യാസം രാജേട്ടന്റെ മുഖത്ത് ഉണ്ടായി. “എന്താ രാജാ, വെയില് കൂടുന്നു”. കുറച്ചു നേരം രാജേട്ടൻ ബാബുവേട്ടന്റെ മുഖത്തേക്ക് ദയനീയമായി നോക്കുന്നുണ്ടായിരുന്നു. അതു കഴിഞ്ഞ് രാജേട്ടനിൽ നിന്നും വന്ന മറുപടി, കാബൂളിവാല എന്ന സിനിമയിൽ ചായക്കടക്കാരനായ ശങ്കരാടിയോട് കാശ് പോക്കറ്റടിച്ചു പോയ ജഗതി പറയുന്ന ഒരു ഡയലോഗാണ് ഓർമ്മ വന്നത്. “കൈന്നീട്ടം വൈകീട്ടായാൽ കൊഴപ്പോണ്ടോ”. അതു പോലെ രാജേട്ടനും ഒരു ഡയലോഗ് ഞങ്ങളോട് പറഞ്ഞു. “രാവിലത്തെ ഷൂട്ടിംങ് വൈകീട്ടാക്കിയാൽ കൊഴപ്പോണ്ടോ”. സ്തംഭിച്ചു നിന്ന ബാബുവേട്ടൻ എന്നെയും കഥാപാത്രത്തെ ആവാഹിച്ച് പൊരിവെയിലത്ത് നിൽക്കണ സരേഷേട്ടനെയും മാറി മാറി നോക്കി.”എന്താ രാജാ പറ്റിയത്?”. അപ്പോഴാണ് രാജേട്ടൻ ദയനീയമായി ഞങ്ങളോട് ഒരു രഹസ്യം പറഞ്ഞത്. “ക്യാമറയും കൂടെയുള്ള എല്ലാ ഘടകങ്ങളും എടുത്തു, പക്ഷെ ക്യാമറയിലിടുന്ന ബാറ്ററി എടുക്കാൻ മറന്നു”. ഇതു കേട്ട ബാബുവേട്ടനിലുണ്ടായ ഭാവം എങ്ങനെ എഴുതണമെന്നെനിക്കറിയില്ല. ഒപ്പം കഥാപാത്രത്തെ നോക്കുമ്പോൾ ചിരിയും വരുന്നുണ്ട്. ഒന്നര മണിക്കൂർ മുൻപേ വന്ന് ഒന്നും കഴിക്കാതെ പൊരിവെയിലത്ത് കഥാപാത്രമായി നിൽക്കുകയാണ് സുരേഷേട്ടൻ. എനിക്കും ബാബുവേട്ടന്നും ചിരി വരുന്നു. ഇതെങ്ങനെ അദ്ദേഹത്തെ അറിയിക്കും. ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ബാബുവേട്ടൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി. കൂടെ ഞങ്ങളും. പിന്നെ ഞങ്ങൾ കേട്ടത് ബാബുവേട്ടന്റെ കുറെ ” ത്രെ”കളാണ്. “എന്താ ബാബു നമ്മുക്ക് തുടങ്ങാം. “അല്ല സുരേഷേട്ടാ ഇവിടെ ഒരു പ്രശ്നോണ്ട”ത്രെ “. ഇവിടെ ഷൂട്ട് ചെയ്യുന്നതിന് ദേവസ്വം ബോർഡിന്റെ അനുമതി വേണ-ത്രെ “. നമ്മളൊക്കെ പിഷാരടി മാരായിട്ടെന്തു കാര്യം?, എന്തിനും ഇവൻമാരുടെ അനുവാദം വാങ്ങണ-ത്രെ “. ഇനി ഷൂട്ട് ചെയ്താൽത്തന്നെ അവരറിഞ്ഞാൽ അഭിനയിക്കുന്നയാളുടെ കൈയ്യിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം മേടിക്കുമ-ത്രെ “. എന്നാൽ ഇനി നമ്മുക്ക് വേറെ ലൊക്കേഷൻ നോക്കാം അല്ലേ സുരേഷേട്ടാ”. വെയിലത്ത് വിയർത്തു നിൽക്കുന്ന സുരേഷേട്ടൻ തലയൊന്നാട്ടി. പക്ഷെ ഇത് കേട്ട് സുരേഷേട്ടൻ ദേവസ്വം ബോർഡ് പ്രസിഡന്റിനെ നേരിട്ട് വിളിക്കുമോ എന്നൊരു പേടി ബാബുവേട്ടനുണ്ടായിരുന്നു. അങ്ങനെ ചെയ്തിരുന്നേൽ നല്ലൊരു ആദരണച്ചടങ്ങ് ശിവരാത്രി മണപ്പുറത്ത് നടക്കുമായിരുന്നു.
ആരംഭം ഗംഭീരമായി