കാച്ചിയ മോരും കുറെ മാങ്ങാണ്ടികളും

Babu Narayanan
Babu Narayanan
നിറമാലയിൽ ഞങ്ങളുടെ ടീം ക്യാപ്റ്റനും, പ്രത്യേകിച്ച് എന്നെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരികയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട ബാബുചേട്ടന്റെ സ്മരണക്കു മുമ്പിൽ, അദ്ദേഹത്തിന്‌ ശ്രദ്ധാഞ്ജലിയർപ്പിച്ചുകൊണ്ട്
തുടങ്ങട്ടെ. -വിജയൻ ആലങ്ങാട്

 

നിറമാലയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ബാബുവേട്ടനും സിത്താര രാജേട്ടനും ഞാനും കൂടി ശ്രീ RLV ദാമോദര പിഷാരടിയുടെ വീട്ടിൽ പോകുകയുണ്ടായി. ഞങ്ങൾ ഉച്ചയോടെ കൂടെ മാത്രമേ അവിടെ എത്തുകയുള്ളൂ എന്നറിയച്ചതുകൊണ്ട് ഉച്ചയൂണ് അവിടെ നിന്നും കഴിക്കാനുള്ള എല്ലാ ഏർപ്പാടും നമ്മുടെ ഹരികൃഷ്ണൻ വിളിച്ചു പറഞ്ഞു ചെയ്തിരുന്നു. പക്ഷെ ബാബുവേട്ടൻ ചോറിന്റെ ഒപ്പം മോര് കാച്ചിയത് മാത്രമെ കഴിക്കുകയുള്ളൂ എന്നും പ്രത്യേകം അവരോട് പറഞ്ഞിരുന്നു.

ജീവിതത്തിലെ ഏതു കാര്യവും നർമ്മത്തിന്റെ ഭാഷയിലൂടെ കാണുന്ന ബാബുവേട്ടൻ, ഉച്ചക്ക് RLV യുടെ വീട്ടിൽ എത്തിയപ്പോൾ തന്നെ അവരുടെ കണ്ണിലുണ്ണിയായി മാറി. ഒട്ടും അമാന്തിക്കാതെത്തന്നെ ഞങ്ങൾ ഉണ്ണുന്ന ചടങ്ങിലേക്ക് കടന്നു. ഊണ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ബാബുവേട്ടൻ, അദ്ദേഹത്തിന്റെ പെണ്ണുകാണൽ ചടങ്ങുകളെ പറ്റിയാണ് പറയാൻ തുടങ്ങിയത്. ബാബുവേട്ടനു ഒരു പാത്രം നിറച്ച് മോരു കാച്ചിയതും പിന്നെ ഞങ്ങൾക്ക് രണ്ടാൾക്കും വേണ്ടി മാത്രമാണോ എന്നറിയില്ല, ഒരു ഗംഭീര സദ്യയും റെഡിയാക്കിയിരുന്നു. ചോറ്, സാമ്പാർ, കാളൻ, മാങ്ങാ കൂട്ടാൻ, ഓലൻ, തോരൻ, പപ്പടം, കടുമാങ്ങാക്കറി എന്നു വേണ്ട എല്ലാ വിഭവങ്ങളും ഉണ്ടാക്കിയിരുന്നു.

എനിക്കും രാജേട്ടനും ഞങ്ങളേത്തന്നെപ്പറ്റി അഭിമാനം തോന്നിയ നിമിഷങ്ങൾ. ബാബുവേട്ടന് മോരു കാച്ചിയതും ഞങ്ങൾക്ക് ഗംഭീര സദ്യയും. ഞങ്ങൾക്ക് ബാബുവേട്ടനോട് അല്പം സഹതാപം തോന്നിയ നിമിഷങ്ങൾ. എന്തു ചെയ്യാം പാവം ബാബുവേട്ടൻ…

അങ്ങനെ RLV യുടെ ഭാര്യയും മകളായ ശാലിനിയും ആദ്യം തന്നെ ഞങ്ങൾക്ക് ചോറ് വിളമ്പിത്തന്നു. ചോറു വിളമ്പുന്നതോടൊപ്പം തന്നെ ബാബുവേട്ടൻ പെണ്ണുകാണാൻ പോയ വിശേഷങ്ങൾ ഓരോന്നായി സ്വതസിദ്ധമായ ശൈലിയിൽ പറയാൻ തുടങ്ങി. പിന്നെ ചിരിയുടെ ഒരു മാലപ്പടക്കം തന്നെയായിരുന്നു ഊണുമേശയുടെ ചുറ്റിലും.

ഇനി അവിടെ നടന്നത് ഞാനും രാജേട്ടനും മാത്രം അനുഭവിച്ച കാര്യങ്ങളാണ് പറയുന്നത്. ഓരോ പെണ്ണുകാണൽ ചടങ്ങിന്റെയും കാര്യങ്ങൾ പറയുമ്പോഴും RLV യുടെ ഭാര്യയുടേയും മകളുടേയും അട്ടഹാസമായിരുന്നു അവിടെ. ഇതിനിടയിൽ അവരറിയാതെത്തന്നെ അവരുടെ കൈയിലുള്ള സാമ്പാർ, കാളൻ, ഓലൻ, തോരൻ, മാങ്ങാക്കറി, പിന്നെ മാങ്ങാ കൂട്ടാൻ (മാങ്ങാണ്ടി സഹിതം) ബാബുവേട്ടനു വിളമ്പാൻ
തുടങ്ങി. നാലാമത്തേയും ഏഴാമത്തേയും പത്താമത്തേയും പെണ്ണുകാണൽ ചടങ്ങ് എത്തിയപ്പോൾ ഒക്കെ അവര് ബാബുവേട്ടന് ചോറും കൊടുത്തുകൊണ്ടേയിരുന്നു.

എതിർവശത്തിരുന്ന ചോറുമാത്രം ഇലയിലുള്ള എനിക്കും രാജേട്ടന്നും ഒരു കാര്യം ബോദ്ധ്യമായി, എന്തെങ്കിലും തമാശ പറയാതെ ഒരു കറി പോലും കിട്ടില്ല എന്നുള്ളത്. പക്ഷെ ആലോചിച്ചിട്ട് എന്തു കാര്യം, ഞങ്ങൾക്ക് തമാശ പറയാൻ ഒരു ഗ്യാപും ബാബുവേട്ടൻ തരുന്നില്ല. വിശപ്പ് സഹിക്കാതെ വന്നപ്പോഴാണോന്നറിയില്ല രാജേട്ടൻ രണ്ടും കൽപ്പിച്ച് എന്തോ ഒരു തമാശ പറഞ്ഞു. ചിരിയിൽ മുങ്ങി നിറഞ്ഞ RLV യുടെ ഭാര്യയും ശാലിനിയും പെട്ടെന്ന് ചിരി നിർത്തി, ആ സമയത്ത്കൈയിലുണ്ടായിരുന്ന മോര് കാച്ചിയത് ഞങ്ങൾക്ക് വിളമ്പിത്തന്നു.

പക്ഷെ ബാബുവേട്ടന് അധികനേരം ക്ഷമിച്ചിരിക്കാൻ പറ്റുല്ലല്ലോ. വീണ്ടും ചിരി അമിട്ടുകൾ പൊട്ടി തുടങ്ങി. അവരുടെ കൈയിലിരിക്കുന്ന കൂട്ടാനുകളും മാങ്ങാണ്ടികളും ബാബുവേട്ടന്റെ ഇലയിലേക്ക് വീണ്ടും വീഴാൻ തുടങ്ങി. അങ്ങനെ പതിമൂന്നാമത്തെ പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞപ്പോഴേക്കും അവസാനത്തെ പതിമൂന്നാമത്തെ മാങ്ങാണ്ടിയും ബാബുവേട്ടന്റെ ഇലയിലേക്ക് വീണു. മുമ്പിലിരിക്കുന്നതുകൊണ്ട് മാത്രം മോര് കാച്ചിയത് വീണ്ടും ഞങ്ങൾക്ക് എടുക്കാൻ സാധിച്ചു. അവസാനം കയിലും പാത്രവും തമ്മിൽ ഉരയുന്ന ശബ്ദം കേട്ടപ്പോഴാണ്‌ ബാബുവേട്ടന്‌ കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.

പതുക്കെ സംഭാഷണങ്ങൾ തമാശയിൽ നിന്നും ഗൗരവത്തിലേക്ക് കടന്നു. ജ്യോതിച്ചേച്ചിയെ പെണ്ണുകാണാൻ പോയ കാര്യമാണ് അപ്പോൾ ഞങ്ങൾ കേട്ടത്. പതുക്കെ ബാബുവേട്ടൻ എഴുന്നേൽക്കുകയും കൈകഴുകാൻ പോകുകയും ചെയ്തു, ഞങ്ങൾ എന്താണ് കഴിച്ചത് എന്ന് നോക്കാതെത്തന്നെ. പിന്നെ അവിടെ അരങ്ങേറിയത് മുഖത്തോട് മുഖം നോക്കി പറയുന്ന കുറെ ഭാവങ്ങളായിരുന്നു. ഞാനും രാജേട്ടനും പരസ്പരം നോക്കുകയും പിന്നെ ഞങ്ങളൊരുമിച്ച് അണ്ടി പോയ അണ്ണാന്മാരെപ്പോലെ ബാബുവേട്ടന്റെ ഇലയിലെ മാങ്ങാണ്ടി കൂമ്പാരത്തേയും നോക്കി. ശാലിനിയും അമ്മയും പരസ്പരം നോക്കുകയും, സാമ്പാറും മാങ്ങാണ്ടിയൊഴിഞ്ഞതുമായ പാത്രങ്ങളിലേക്ക് നോക്കുകയും ചെയ്തു. പാവം RLVക്ക് ഇന്ന് പട്ടിണിത്ന്നെയെന്ന് തോന്നുകയും ചെയ്തു. ഗംഭീര സദ്യക്കഴിക്കാം എന്നു വ്യാമോഹിച്ച ഞങ്ങൾക്ക് മോര്കാച്ചിയതും, മോര് കാച്ചിയത് മാത്രം കഴിക്കൂ എന്ന് പറഞ്ഞു കൊണ്ടുവന്ന ബാബുവേട്ടൻ ഗംഭീര സദ്യയും കഴിച്ചു.

അപ്പോഴാണ്, ജ്യോതിച്ചേച്ചി എന്നെ വിളിച്ച് എപ്പോഴും അഭിനന്ദിക്കാറുള്ള ഒരു കാര്യം ഓർമ്മ വന്നത്. “വിജയൻ കൂടെയുള്ളപ്പോൾ ബാബുവേട്ടന്റെ പഥ്യത്തെപ്പറ്റി ഒരു പേടിയും വേണ്ട എനിക്ക്”. ഇപ്പോൾ വരും ജ്യോതിച്ചേച്ചിയുടെ ഫോൺ. അപ്പോൾ എന്തു പറയുമെന്നാതായിരുന്നു പിന്നെ എന്റെ ചിന്ത.

കൈ കഴുകി തിരികെ വന്ന ബാബുവേട്ടന്റെ അടുത്ത ഒരു സ്ഥിരം നമ്പർ ഉണ്ട്. (ഞങ്ങൾക്ക് മൂന്നു പേർക്ക് മാത്രം അറിയാവുന്നത്, ഭാവിയിലും നിറമാലയുള്ളതുകൊണ്ട് അത് രഹസ്യമായിത്തന്നെയിരിക്കട്ടെ). കടുകുമായി ബന്ധമുള്ള ആ കാര്യം പറഞ്ഞാൽ ചിരിക്കുമെന്നുറപ്പായതു കൊണ്ട് ഞാൻ ചാടിയെഴുന്നേറ്റു. അല്ലെങ്കിൽ പൊട്ടിച്ചിരിയിൽ എന്റെ വായിൽ നിന്നും എല്ലാം കൂടി ചാടി മുമ്പിലിരിക്കുന്ന മോര് കാച്ചി വെച്ചിരിക്കുന്ന പാത്രത്തിലും വീണ് അത് ഉപയോഗശൂന്യമായി പോകും എന്നുള്ളതുകൊണ്ടാണ് ചാടി എഴുന്നേറ്റത്.

കൂടാതെ മുമ്പിലിരിക്കുന്ന ബാക്കി പാത്രങ്ങൾ എല്ലാം തന്നെ ശൂന്യമായിരുന്നു, ബാബുവേട്ടന്റെ ഇലയിലെ അണ്ടികളൊഴികെ.

0

5 thoughts on “കാച്ചിയ മോരും കുറെ മാങ്ങാണ്ടികളും

Leave a Reply

Your email address will not be published. Required fields are marked *