-മുരളി ആനായത്ത്
സംഗീതം കൊണ്ട് രോഗശാന്തി ശുശ്രൂഷ ആദ്യായി ചെയ്തത് ആരാന്നാ വിചാരം?
അല്ലെങ്കിൽ മ്യൂസിക് തെറാപ്പിയുടെ ഉപജ്ഞാതാവ് ?
അറിയില്യ ല്ലേ? എന്നാൽ കേട്ടോളൂ
“സ്വാതി തിരുനാൾ മഹാരാജാവ് തിരുമനസ്സ് കൊണ്ട്”
ഗർഭ ശ്രീമാൻ എന്ന് കൂടി വിശേഷിപ്പിക്കാറുള്ള – (ഹി വോസ് ദി ഡെസിഗ്നേറ്റഡ് കിംഗ് ഈവൺ വൈൽ ഇൻ ഹിസ് മതേർസ് വോംബ്.)
ഷോഡശ സംസ്കാരങ്ങളിൽ ചിലതൊഴിച്ചു പലതും അകത്തുള്ളാള് പുറത്താവാതെ ആയതു മുതൽകൊണ്ട് മുറയ്ക്ക് നടത്തിവന്നിരുന്നു. അരിയിട്ടു വാഴ്‌ചേം, പട്ടാഭിഷേകോം ഒക്കെ ഗർഭത്തിലിരിക്കെ തന്നെ കഴിഞ്ഞിരുന്നൂന്നു സാരം നിഷ്ക്രമണോം, കർണ വേധോം, വിദ്യാരംഭോ൦, പിന്നീടാവാം ന്നു മാറ്റിവെച്ചു. അന്ത്യേഷ്ടി – മയ്യത്തായിട്ടു മതീന്നുംവെച്ചു.
“അദ്ദേഹം മഹാ പ്രതിഭയായിരുന്നു, വാഗ്‌ഗേയകാരനും സംഗീത സാമ്രാട്ടുമായിരുന്നു എന്നൊക്കെ ധരിച്ചിട്ടുണ്ട്, പാടി മഴപെയ്യിച്ചു, പാടി ദീപം തെളിയിച്ചു എന്നൊക്കെ അദ്ദേഹത്തെ കുറിച്ചല്ലെങ്കിലും മഹാ സംഗീതജ്ഞരെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഈ മ്യൂസിക് തെറാപ്പി എപ്പോ?”
അതല്ലേ പറയാൻ പോണത് കേൾക്കുക ..
ഒരുനാളുണ്ട് സ്വാതിതിരുനാളിൻ കാമിനി- സപ്തസ്വരസുധാ വാഹിനി കഠിനമായ ജ്വരം ബാധിച്ച്, പനിച്ചൂടിൽ പിച്ചും പേയും പറയുന്നു.തെച്ചി മന്താരം പാടുന്നു !.
കൊട്ടാരം വൈദ്യന്മാരൊക്കെ നാനാവിധത്തിലും തരത്തിലും നോക്കി തോറ്റു. വൈദ്യനാഥ ഭാഗവതരും തോറ്റു. (ചെം പൈ അല്ല ! അന്നേയ്ക്ക് ‘റെഡ് കൗ’ ഭൂജാതനായിരുന്നും മറ്റുമില്ല )
കൊട്ടാരത്തിൽ ശങ്കുണ്ണിയും തോറ്റു. വിദ്വാൻ ഐതിഹ്യമാല ഊരി ലേലത്തിൽ വിറ്റു. കുടിലിൽ കിച്ചുണ്ണി അത് ചുളു വിലയ്ക്ക് തരാക്കി. പ്രീ പബ്ലിക്കേഷൻ നിരക്കിൽ മാലക്കഴകം അതിയാൻ ഏറ്റു.
ഒടുവിൽ കുഞ്ഞികൃഷ്‌ണമേൻ നും തോറ്റു .ശകുന്തള മാത്രം മരിച്ചില്ല !
ഇരയിമ്മൻ തമ്പി തോറ്റമ്പി.
തോറ്റമ്പിയ സാമി അമ്പിസ്സാ മിയായി. തിടപ്പുള്ളിയിലെ ഷെഫ് ആയി. പുറത്തു കാറ്ററിങ് കമ്പനി റെയ്ഷാക്കി. യുവജനോത്സവങ്ങൾക്കൊക്കെ വെച്ച് വിളമ്പി. പ്രശസ്തി കുംഭകോണം വരെയെത്തി!
അകത്തമ്മടെ പനിമാത്രം മാറിയില്ല !
ഗർഭശ്രീമാൻറെ വദനാംബുജം വാടി. മുഖത്ത് ഉഷാറ് പോയി ബേജാറ് വന്നു! ഊണിന്നനാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽ മാത്രം എന്ന മട്ടായി. ബുദ്ധിമുട്ടായി.
ഇനിയെന്തുവേണ്ടൂ എന്ന് പര്യാലോചിക്കാൻ ഉടൻ തന്നെ തന്ത്രി സഭയും, മന്ത്രി സഭയും ഒറ്റയ്‌ക്കൊറ്റയ്ക്കും, പിന്നെ കൂട്ടായും ചേർന്നു. പേർത്തും പേർത്തും നോർത്തും സൗത്തും ഇഴ കീറി ചർച്ച ! ഉച്ചകോടി പാതിരാ അലക്കി വെളുക്കും വരെ തുടർന്നു !
ഇതിങ്ങനെ തുടർന്നാൽ ആ സാധ്വിടെ പനി മാറില്ല്യാന്നു നിശ്ചയം! സിദ്ധി കൂടു മോ ന്നു സംശയം! യോഗം ഏക കൺഠ മായി രാജാവിനോട് താരസ്ഥായി പഞ്ചമത്തിൽ കയ്യ് കഴുകി …”യഥേച്ഛസി തഥാ കുരു ”
കഴ് ഞ്ചി ക്കുരു
കുന്നിക്കുരു
മഞ്ചാടിക്കുരു .
കുരുവംശം മുടിഞ്ഞു.
ഇനി പ്പോ തുപ്പേട്ടൻ പറഞ്ഞ പോലെ വന്നെന്ത്യേ കാണാം.
മന്നവേന്ദ്രൻ മംഗളം പാടി യോഗം പിരിച്ചുവിട്ടു. അന്നേയ്ക്കു ജനഗണമന നടപ്പായിരുന്നില്യ.
വിഷണ്ണനായി മഹാരാജാവ്, രാമന്റെ കവിതയിലെ കൂറയെ പ്പോലെ അൽപ്പം ഉലാത്തി. അൽപേതര പ്രാഭവ കീർത്തി നേടാൻ ഇനി എന്ത് വേണ്ടൂ എന്ന് എനിക്കറിയാം എന്നായി മഹാരാജാവ് !
തിരുമനസ്സുകൊണ്ട് വെച്ചു പിടിച്ചു നേരെ ചൊവ്വേ അന്തപുരത്തിലോട്ടു കയറിച്ചെന്നു. കെട്ടിലമ്മയുടെ പള്ളിയറ ലാക്കാക്കി കുതിച്ചു. ജ്വരോഷ്ണം ആ മുറിയാകെ നിറഞ്ഞ് വിങ്ങുന്നു.
രാജാവ് കല്പിച്ചു, തോഴിമാരൊഴിഞ്ഞു.
രണ്ടും കല്പിച്ചു തമ്പുരാൻ തംബുരു കയ്യിലെടുത്തു ശ്രുതി മീട്ടി പതിഞ്ഞ കാലത്തിൽ ഒരു പദം കല്പിച്ചു പാടാൻ തുടങ്ങി. പല്ലവി കഴിയുമ്പഴേയ്ക്കും പനിച്ചൂടൊടുങ്ങുന്നപോലെ .. അനുപല്ലവി യിലൂടെ ചരണം കടന്നു മഹാരാജാവ് തിരുമനസ്സുകൊണ്ട് പല്ലവി വീണ്ടും പാടി കൃതി അവസാനിപ്പിക്കുമ്പൊ, രാശാത്തി വിയർത്തു. റാണിമാർക്ക് വിയർപ്പിന്റെ താമരപ്പൂ മണം കാറ്റിലലിഞ്ഞു തിരുവിതാംകൂറും കടന്നു പരന്നു.
“ഏതായിരുന്നൂ ആ പദം ?”
“ധൃതി കൂട്ടാതെ!! പറയാം” !
“ഉം വേം പറയൂ ”
“പനി മതീ മുഖീ ബാലേ …”
“പനി മതീ ” ന്ന് പറയുമ്പ… പാട്ടിലാക്കിയതാണെങ്കിലും രാജ ശാസനമല്ലേ ?,പതിയുടെ ആജ്ഞയല്ലേ ? പതിവ്രതയല്ലേ താൻ .. പനി മതിയാക്കി എഴുന്നേറ്റു ഋതുമതി കുളിച്ചു കുറിയിട്ടു വന്നു.
മിസ്സിസ് തിർമൻസ്ന് പിന്നീട് മരിക്കുവോളം പനി ബാധ ഉണ്ടായിട്ടില്ല എന്നത് ചരിത്രാന്വേഷകരുടെ ശ്രദ്ധ യിലേക്കായിക്കൊണ്ട് വേറെ വിസ്തരിക്കേണ്ടതില്ലല്ലോ
ഇക്കഥ അറിഞ്ഞ ഏതോ ചേരൻ ചെങ്കുട്ടുവൻ തന്റെ ചേരിക്ക് പനിപിടിച്ചപ്പൊ ഇതൊന്നു ട്രൈ ചെയ്തുവത്രേ. ചേരി – ചേര ഉച്ചകോടിയിൽ പല്ലവി മുഴുമിക്കും മുൻപ് ചേരി സിദ്ധികൂടി എന്നും ചേരൻ പാട്ട് നിർത്തി “ഓ മൈ ഗോഡ്”(കടവുളേ, ആണ്ടവാ, മുറുഹാ… ) എന്ന് പകച്ചുവെന്നും സൂതരും മാഗധരും പാടി നടക്കുന്നില്ല്യന്നന്നേള്ളൂ. കഷ്ടകാലം വന്നാൽ ആനകുത്തിയാലും ചാവും എന്നല്ലേ … അതി സൂക്ഷ്മായിട്ടുള്ള വിഷയങ്ങളാണ്, അറിയാത്തോരു കൈകാര്യം ചെയ്‌താൽ ഇതും ഇതിലപ്പുറവും നടന്നില്ല്യാന്നു വരും.
ഗംഭീരം.. . പനി മതി മുഖീ ബാലേ.
നമിച്ചു’.