കർക്കടക സംക്രാന്തി 

വേണു വീട്ടീക്കുന്ന്

കർക്കടകം ഒന്നാം തിയ്യതിയുടെ തലേ ദിവസം അതായത് മിഥുനമാസത്തിലെ അവസാന ദിവസമാണ് ഏറനാട്ടിലും വള്ളുവനാട്ടിലും കർക്കടക സംക്രാന്തി ആഘോഷമാക്കാറുള്ളത്. മററു പല സ്ഥലങ്ങളിലും കർക്കടക സംക്രാന്തി ആചരണം കർക്കടകം ഒന്നാം തിയ്യതിയാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

ആഘോഷമെന്നാൽ മറ്റുള്ള ഉത്സവാഘോഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്ഥമായി ഒരു ശുദ്ധി ചെയ്യൽ പ്രക്രിയ തന്നെയാണ് കർക്കടക സംക്രാന്തിയുടെ പ്രത്യേകത. വീടും വീട്ടുപകരണങ്ങളും വീട്ടുപരിസരവും കഴിയുന്നത്ര വൃത്തിയാക്കുവാനും, അകത്തളങ്ങളും മച്ചുമെല്ലാം ചാണകം മെഴുകി മോടി കൂട്ടുവാനും അങ്ങനെ സർവ്വ ഐശ്വര്യങ്ങളും വീടുകളിലേയ്ക്ക് ആവാഹിച്ചെടുക്കുവാനും വേണ്ടിയാണ് കാർഷിക വൃത്തിയിൽ ജീവിത ചക്രം തിരിച്ചിരുന്ന ഒരു സമൂഹം ഇത്തരമൊരു ആചരണം കൊണ്ടുദ്ദേശിച്ചിരുന്നത്. ആധുനികത കടന്നു കയറി ഗ്രാമീണ ജീവിതത്തെ നാഗരികമായി മാറ്റിമറിച്ചുവെങ്കിലും പല സ്ഥലങ്ങളിലും പഴമയുടെ ഒരു ഓർമ്മക്കുറിപ്പായി കർക്കടക സംക്രാന്തി ഇന്നും ഒരു ചടങ്ങായി അവശേഷിയ്ക്കുന്നു, ആചരിയ്ക്കുന്നു.

മേൽ പറഞ്ഞ മാതിരി തന്നെ ഒരു ശുദ്ധി ചെയ്യൽ പ്രക്രിയ തന്നെയായിരുന്നു ഇത്തരമൊരു ആചരണമെങ്കിലും ചെറുപ്പകാലത്ത് സംക്രാന്തി ഒരാഘോഷമാക്കാൻ ആബാലവൃദ്ധം കുടുംബാംഗങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ചിരുന്നു.പറമ്പിൽ നിന്ന് പാറകത്തിൻ്റെ ഇലകൾ പറിച്ചു കൊണ്ടുവന്ന് വീട്ടിലെ കട്ടില, വാതിൽ തുടങ്ങി ആവണപ്പലക വരെയുള്ള സകല മര ഉരുപ്പടികളും തേച്ചു കഴുകി വൃത്തിയാക്കുന്നതാണ് ആദ്യത്തെ കടമ്പ .അതു കഴിഞ്ഞാണ് അകവും പുറവുമെല്ലാം അടിച്ചുവാരി മുറത്തിലാക്കി ചേട്ടയെ കളയുന്നതും ശീവോതിയെ ആനയിച്ചു  കുടിയിരുത്തുന്നതും. കുട്ടിക്കാലത്ത് ഇതിൻ്റെ ഉദ്ദേശം അതേ രീതിയിൽ മനസ്സിലാക്കാത്തതുകൊണ്ടും, മറ്റാഘോഷങ്ങളെ പോലെ ഭക്ഷണമായോ പുതുവസ്ത്രങ്ങളായോ പ്രത്യേകിച്ചൊന്നും ലഭ്യമല്ലാതിരുന്നതുകൊണ്ടും, വേണ്ട രീതിയിൽ സംക്രാന്തി ആചരണത്തെ ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ലെന്നതും, അതു കൊണ്ടു തന്നെ സംക്രാന്തി വെറുമൊരു ചടങ്ങായി മാറുവാനും പിൽക്കാലത്ത് നാമാവശേഷമായി മാറുവാനും കാരണമായി.

എന്നാൽ കർക്കടകം രാമായണ മാസമായി ആചരിയ്ക്കാൻ തുടങ്ങിയത്, സംക്രാന്തിയുടെ പരിശുദ്ധി അല്പമാത്രമായെങ്കിലും നിലനിർത്താനും ഇന്നും പിന്തുടർന്നു പോരാനും കാരണമായിട്ടുണ്ടെന്നതും പരാമർശിയ്ക്കാതിരിയ്ക്കാനാവില്ല.

വീടിൻ്റെയും വീട്ടുപകരണങ്ങളുടേയും ഘടനയും നിർമ്മാണവും മരങ്ങളിൽ നിന്ന് ഇരുമ്പും സിമൻറും പ്ലേവുഡുകളുമൊക്കെയായപ്പോൾ പുതു തലമുറയ്ക്ക് പാറകമെന്ന മരമോ അതിൻ്റെ പരുപരുത്ത ഇലകൾ കൊണ്ടുള്ള ഉപയോഗമോ അന്യമായി പോയതിൽ അതിശയമൊന്നുമില്ല. പ്രധാന പാതയിൽ നിന്നു ഗേറ്റു തുറന്നു കാലെടുത്തു വയ്ക്കുന്നത് സിമൻ്റിഷ്ടികകളാൽ നിർമ്മിതമായ മുറ്റത്തേയ്ക്കും പിന്നീട് സിറാമിക് ടൈലുകൾ പതിപ്പിച്ച, അല്ലെങ്കിൽ മാർബിൾ നിർമ്മിതമായ പൂമുഖത്തേയ്ക്കും അകത്തളങ്ങളിലേയ്ക്കുമാണെന്നതു കൊണ്ട് ചാണകം മെഴുകിയോ കലക്കിത്തളിച്ചോ ശുദ്ധി വരുത്തുന്ന പ്രവൃത്തികളും ഇന്ന് അന്യമായി എന്നു തന്നെ വേണം പറയാൻ.

കുടുംബ ചക്രംതിരിയ്ക്കുന്നതിനാവശ്യമായ ധനാഗമനത്തിനു വേണ്ടി കെട്ടിയിട്ടു വളർത്തി കൃത്രിമ തീറ്റയും വെള്ളവും നല്കിപോഷിപ്പിച്ചെടുക്കുന്ന കൂറ്റൻ കറവയന്ത്രങ്ങളായ പശുക്കളും. ഭക്ഷണാവശ്യത്തെ മാത്രമായി മുന്നിൽ കണ്ട് മുറിച്ചു വീതം വെയ്ക്കാനുതകുന്ന തരത്തിൽ പോറ്റി സംരക്ഷിയ്ക്കപ്പെടുന്ന, അന്യനാടുകളിൽ നിന്നുള്ള ഇറക്കുമതിയായ ഉരുക്കളും മാത്രം കൈമുതലായി അവശേഷിയ്ക്കുന്ന പരശുരാമ ക്ഷേത്രത്തിൻ്റെ കാർഷിക പാരമ്പര്യം അവസാനിച്ചതോടെ കർക്കടക സംക്രാന്തിയുടെ ജീവചൈതന്യം നശിച്ച് കേവലമൊരു ചടങ്ങു മാത്രമായി അവശേഷിച്ചു എന്നു പറയുന്നതിലും തെറ്റുണ്ടാവാനിടയില്ല.

മുക്കുറ്റി ,തിരുതാളി തുടങ്ങിയ ദശപുഷ്പങ്ങൾ വീട്ടുമുറ്റത്തും പറമ്പിലും സമൃദ്ധമായി ഉണ്ടായിരുന്ന ഒരു ഭൂതകാലം മലയാളിയ്ക്ക് അതിവിദൂരമായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. ദശപുഷ്പങ്ങൾ തിരിച്ചറിയുന്നവർ തന്നെ ചുരുക്കം ആളുകളായി ചുരുങ്ങിയിരിയ്ക്കുന്നു. വീടും പരിസരവും വൃത്തിയാക്കി, ചേട്ടയെ പുറത്താക്കി ശ്രീഭഗവതിയെ ആനയിച്ച് മച്ചിൽ കുടിയിരുത്താൻ അഷ്ടമംഗല്യത്താലവും നിലവിളക്കുമൊരുക്കുന്ന കൂട്ടത്തിൽ ദശപുഷ്പങ്ങളും പ്രാധാന്യമായ ഒരു പങ്കു തന്നെയാണ് വഹിച്ചിരുന്നത്. ആയൂർവ്വേദ ഔഷധോദ്യാനങ്ങളിലെ കാഴ്ചവസ്തുവായി മാറിയ ദശപുഷ്പങ്ങൾ നമ്മുടെ മുറ്റത്തും പറമ്പിലും നിറച്ചുണ്ടായിരുന്നവയാണെന്നു പുതു തലമുറ വിശ്വസിയ്ക്കാൻ പോലുമിടയില്ല.

അംഗപരിമിതങ്ങളായ, അഥവാ പ്രായമായവർ മാത്രമവശേഷിയ്ക്കുന്ന ഗ്രാമീണ ഭവനങ്ങൾ ആവാസവ്യവസ്ഥയിൽ നിന്നും അന്യമായി തുടങ്ങിയിരിയ്ക്കുന്നു. കൂറ്റൻ ബംഗ്ലാവുകളും ഫ്ലാറ്റു സമുച്ചയങ്ങളും മനുഷ്യവാസത്തിനായി സ്ഥാനം പിടിച്ചു കഴിഞ്ഞ ഇന്നത്തെ പുതു തലമുറയ്ക്ക് വീടിനുള്ളിലെ മച്ചോ, മച്ചിൽ കുടിയിരിയ്ക്കുന്ന ശ്രീ ഭഗവതിയോ അപരിചിതമായാൽ അതിൽ എന്താശ്ചര്യമാണുള്ളത്?

യാഥാർത്ഥ്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും ഇത്തരം ഓർമ്മകളൊക്കെ പേറി നടക്കുന്ന നമ്മുടെ തലമുറ കർക്കടക സംക്രാന്തിയുടെ ആചരണത്തെ മറക്കാതിരിയ്ക്കാനും അല്പ മാത്രമായെങ്കിലും നില നിർത്തിക്കൊണ്ടു അതിനെ സ്വീകരിയ്ക്കാൻ തയ്യാറുള്ള ന്യൂന പക്ഷമായെങ്കിലുമുള്ള ന്യൂജെൻ തലമുറയ്ക്ക് കൈമാറി പകർന്നു കൊടുക്കാനായെങ്കിലും നമുക്ക് ആചരിയ്ക്കാം, ആഘോഷിയ്ക്കാം കർക്കടക സംക്രാന്തി.  ഇന്ന് ജൂലൈ പതിനഞ്ച്, മിഥുനം മുപ്പത്തിയൊന്ന്.

നാളെ കർക്കിടകം ഒന്ന്, ജൂലൈ പതിനാറ്, രാമായണ മാസാരംഭം.

അതിനുള്ള തയ്യാറെടുപ്പ് എന്നവണ്ണം വീടും പരിസരവും വൃത്തിയാക്കി സന്ധ്യയ്ക്കു മുമ്പായിത്തന്നെ ചേട്ടയെ പടി കടത്തി ശ്രീഭഗവതിയെ അകത്തളത്തിൽ കുടിയിരുത്താം.

ഏവർക്കും സംക്രാന്തി ആശംസകളോടെ. ഒരു നല്ല രാമായണ മാസാരംഭത്തിനു സാധിയ്ക്കട്ടെ എന്നു കൂടി പ്രാർത്ഥിയ്ക്കുന്നു.

15-07-2024.


News published 4 years ago.

കർക്കിടക ശുചീകരണം – കലിയനു കൊടുക്കൽ

3+

Leave a Reply

Your email address will not be published. Required fields are marked *