ഞാൻ മണക്കുളങ്ങരെ പിഷാരത്ത് മധുസൂദനൻ, ജാനകി പിഷാരസ്യാർ – നാരായണ പിഷാരോടി ദമ്പതിമാരുടെ അഷ്ടമ പുത്രൻ. ഇപ്പോൾ സകുടുംബം മുബയിലാണ്.
ഞങ്ങളുടെ കുടുംബ കൂട്ടായ്മയാണ് ഭർഭ ശൃംഗം. കുടുംബത്തിലുള്ളവരാരും കാലാന്തരത്തിൽ പരസ്പരം തിരിച്ചറിയാതിരിക്കരുത് എന്ന ഉദ്ദേശത്തോടെ ആണ് 9 വർഷം മുൻപ്. എന്റെ ജേഷ്ഠൻ എം പി ഹരിദാസന്റെ നേതൃത്വത്തിൽ ദർഭശൃംഗം രൂപീകരിക്കപ്പെട്ടത്. വാർഷിക ആഘോഷത്തിന് പുറമെ ദർഭശൃംഗ ത്തിന്റെ പേരിൽ ഒരു വാട്സ് അപ് ഗ്രൂപും ഉണ്ട്.
ഈ കഴിഞ്ഞ ഡിസംബർ മാസം 25 ആം തിയ്യതി ദർഭശൃംഗത്തിന്റെ പൊതുസംഗമം (Annual Get together) നടന്നു. ദർഭ ശൃംഗത്തിന്റെ പുതു തലമുറക്ക് മുൻഗാമികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദർഭ ശൃംഗ ചരിതം, ഒരു പദ്യരൂപത്തിലെഴുതണമെന്ന് മനസ്സിൽ തോന്നി. അതെഴുതി ഹരിദാസേട്ടനെ കാണിച്ചു. ഹരിദാസേട്ടൻ ചില ഭേദഗതികളൊക്കെ വരുത്തിയാൽ കൂടുതൽ നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. അതുപോലെ ഇത് പാണപ്പാട്ടിന്റെ രീതിയിൽ പാടിയാൽ കൂടുതൽ ഇമ്പമുണ്ടാകുമെന്നും പറഞ്ഞു. അത് മാനിച്ച് ഈ ദർഭ ശൃംഗ ചരിത്രം പാണപ്പാട്ടിന്റെ രീതിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ദർഭ ശൃംഗചരിതം, സമാജം മെമ്പർമാരുടെ അറിവിനായി ചുവടെ ചേർക്കുന്നു.
ദർഭശൃംഗം നല്ല ദർഭശൃംഗം
മോദത്തെ നൽകുന്ന ഭർഭശൃംഗം
ദർഭശൃംഗം നല്ല ദർദശൃംഗം
ആനന്ദദായകം ദർഭശൃംഗം. (1)
പാട്ടുകൾ പാടുന്ന പാണനാരേ
പാട്ടിൽ കഥയോതും പാണനാരേ
പാണർതൻ പാട്ടൊന്നു പാടീടാമോ
ഈണത്താൽ നല്ലൊരു പാണർപാട്ടു്.
ദർഭശൃംഗത്തിന്റെ കഥ കേൾക്കാൻ
കൗതുകമേറെയാണകതാരിൽ.
ദർഭശൃംഗമെന്ന കൂട്ടായ്മതൻ
കഥയൊന്നു പാടാമോ പാണനാരേ (3)
പാണർതൻ പാട്ടൊന്നു പാടുന്നുണ്ടേ
ദർഭശൃംഗക്കഥ ഓതുന്നുണ്ടേ
എല്ലാരും ചെവി തന്നു കേട്ടീടണേ
ദർഭശൃംഗക്കഥ ശ്രദ്ധയോടെ (4)
ഗണപതി, സരസ്വതി, ഗുരുനാഥനും
മണക്കുളങ്ങരയിലെ മാധവനും
അടിയനനുഗ്രഹമേകീടണേ
പാട്ടുകൾ ഈണമായ് തോന്നീടണേ (5)
ഉമ്മനഴിയെന്ന ദേശത്തുണ്ട്
മണക്കുളങ്ങെര കിഴക്കേഷാരം
കിഴക്കേഷാരമെന്ന ഷാരത്തിങ്കൽ
വന്നങ്ങു പിറന്നൊരു മങ്കയാളും (6)
സുന്ദരിയായുള്ളാ മങ്കയാൾക്ക്
വേങ്കിയെന്നന്നവർ പേരുമിട്ടു.
വേങ്കിയെന്നുള്ളൊരാ മങ്കയാളും
ആമോദത്തോടന്നു വാണു പോന്നു. (7)
കാലാന്തരത്തിലാ വേങ്കിയുടെ
കൗമാരം മാറിപ്പോയ്, തരുണിയായി.
സുന്ദരിയായുള്ള വേങ്കിയുടെ
മംഗലം ചെയ്യുവാൻ കാലമായി. (8)
തോട്ടരയുള്ളൊരു കുന്നത്തുമനയിലെ
നാരായണനെന്ന ഭൂമിസുരൻ
ചൊവ്വോടെ വന്നിട്ടാ സുന്ദരിക്ക്
മാനമായന്നൊരു പുടവ നൽകി. (9)
ശാന്തിയും, ഹോമവും, പൂജകളും
ചെയ്തിട്ടാ തിരുമേനി നാളു നീക്കി
ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങളായ്
കാലങ്ങൾ പലതങ്ങു നീങ്ങിപ്പോയി. (10)
വേങ്കിയമ്മക്കാറുമക്കളുണ്ടായ്
ജാനകീയും പിന്നെ നാരായണി,
പ്രഭാകരൻ തഥാ ശ്രീദേവിയും
ശ്രീധരൻ, പിന്നേയോ രാധാകൃഷ്ണൻ. (11)
കോടർ മണ്ണയിലെ വടക്കേപാട്ടെ
നാരായണനെന്ന നൽഷാരോടി
കൃഷ്ണനാട്ടത്തിലെ സംഗീതജ്ഞൻ
ജാനകിയെ വന്നു വേട്ടുവല്ലോ. (12)
കുട്ടികളെട്ടെണ്ണം ഉണ്ടായല്ലോ
കൂട്ടരെ, ജാനകി എന്നവൾക്ക്
ഒന്നാമനായതു നാരായണൻ
പിന്നേയോ രണ്ടാമൻ രാഘവനും. (13)
ഗോവിന്ദനും ശേഷം ഹരിദാസനും
ഗോപാലകൃഷ്ണനങ്ങാറാമനും
രുഗ്മിണി, ഉഷ എന്ന പുത്രിദ്വയം
എട്ടാമനായതു മധുസൂദനൻ. (14)
തെക്കേപാട്ടുള്ളോരു പിഷാരോടി
ഗോപാലനെന്നുള്ളോരദ്ധ്യാപകൻ
നാരായണി എന്ന തങ്കത്തിനെ
മോദേന വന്നങ്ങു വേളി ചെയ്തു.(15)
ചൊവ്വോടാ ദമ്പതിമാർക്കുണ്ടായി
പുത്രിമാർ രണ്ടുപേർ, കേട്ടീടേണം
ആനന്ദവല്ലി, സുനന്ദ എന്നും
അന്നവരവർക്കു പേരുമിട്ടു. (16)
പ്രഭാകരനെന്ന മൂന്നാം പുത്രൻ
സത്യഷാരസ്യാരെ പോയ് വരിച്ചു.
ജയരാമൻ, തുളസി, നാരായണി,
എന്നുള്ള പുത്രരവർക്കുമുണ്ടായ്. (17)
ഉണ്ണിയെന്നോതുന്ന ശ്രീദേവിക്ക്
ആനായത്തച്ചുണ്ണി നൽവരനായ്
ലതയും, സുധയും, അശോകനും
ഉണ്ടായി പുത്ര ത്രയങ്ങളതിൽ.(18)
അഞ്ചാമനായോരു ശ്രീധരനോ
ശുകപുരത്തുഷയെ വേളി ചെയ്തു
ദിവ്യയും ദീപുവുമെന്നു പേരായ്
പുത്രദ്വയങ്ങളവർക്കു മുണ്ടായ്.(19)
രാധകൃഷ്ണനെന്ന ഷഷ്ഠമന്
പയിലൂർ കലയല്ലോ പത്നിയായി
രാധിക, രാധീപനെന്നു പേരായ്
കുട്ടികൾ രണ്ടു പേരുണ്ടായല്ലോ.( 20)
കാലാന്തരത്തിലാ വേങ്കിതാനും,
അവരുടെ ഭർത്താവാം ഭൂസുരനും
സീമന്തപുത്രിയാം ജാനകിയും,
അവരുടെ ഭർത്താവും, നാടു നീങ്ങി.(21)
ജാനകി തന്നുടെ പുത്രൻമാരാം
നാരായണൻ തഥാ ഗോപാലഷ്ണൻ
തങ്കവുമുരുടെ ഷാരോടിയും
ഇഹലോകവാസം വെടിഞ്ഞു പോയി. (22)
ആ ,
വേങ്കിതൻ മക്കളും മരുമക്കളും
അവരുടെ മക്കളും ചെറുമക്കളും
ചേർന്നോരു കൂട്ടായ്മ ഉണ്ടായല്ലോ
അക്കൂട്ടായ്മ അല്ലോ ദർഭശൃംഗം.(23)
ദർദശൃംഗത്തിന്റെ ചരിതമിത്ഥം
മാമക മനമതിൽ തോന്നീടുന്നു
ഇക്കഥകേട്ടുള്ളം തെളിഞ്ഞിടേണം
ആമോദത്തോടെ വസിച്ചീടണം (24)
ദർഭശൃംഗം നല്ല ദർഭശൃംഗം
മോദത്തെ നൽകുന്ന ദർഭശൃംഗം
ദർഭശൃംഗം നല്ല ദർഭശൃംഗം
ആനന്ദ ദായകം ദർഭശൃംഗം.
Very nice
നല്ല രചന. ഭാഷയും വിവരണങ്ങളുoഹൃദ്യമായി .മധുവിനും ദർഭ ശൃംഗ കുഡുംബകൂട്ടായമക്കും ആശംസകളു അനുമോദനവും കോങ്ങാടു കാവിൽ പിഷാരത്ത ഗോപാലെട്ടൻ’
Very good Madhu. Very good