-കാട്ടുശ്ശേരി പിഷാരത്ത് മുരളീധരൻ
കേഴുന്നു ലോകമാകേയീ
കോവിഡ് വൈറസ്സു ബാധയാൽ
ജീവിതം താറുമാറാക്കി
താണ്ഡവം തുടരുന്നിഹ.
ലോകമെമ്പാടുമേയുള്ള –
രാജ്യത്തിൻ ഭരണാധിപർ
ധീരമായ് നേരിടുമ്പോഴും
താപത്തിൽ കഴിയുന്നു നാം.
എന്തുതാൻ ചെയ്കവേണ്ടൂ നാം
ചിന്തനീയമിവേളയിൽ
ബുദ്ധിപൂർവമതായുള്ള
പ്രവൃത്തിയതി മുഖ്യമാം.
വ്യക്തികൾ ഒത്തുകൂടുമ്പോൾ
സമൂഹമിതു ജാതമാം
സമൂഹക്ഷേമ കാര്യത്തിൽ
വ്യക്തികൾ ശ്രദ്ധ വെക്കണം.
സ്വാർത്ഥ ചിന്തകൾ മാറ്റേണം
മനസ്സിൽ നിന്നു നാം സദാ
കൂടെയുള്ളവർ തൻ ക്ഷേമം
താൻ സുഖം എന്നുമോർക്കണം.
സർക്കാർ നൽകുന്ന നിർദ്ദേശം
അക്ഷരംപ്രതി ശ്രദ്ധയാ
കൃത്യമായ് നിറവേറ്റേണ-
മച്ചടക്കമതോടെ നാം.
കൂട്ടം കൂടിയ കാര്യങ്ങൾ
കാര്യമായിക്കുറക്കണം
യാത്രകൾ ചെയ്തിടുന്നോരോ
മാറ്റി വെക്കാൻ ശ്രമിക്കണം.
വൃത്തി പാലിച്ചു വാഴേണം
തൊട്ടുരുമ്മി നടക്കൊലാ
ഹസ്തദാനങ്ങൾ വേണ്ടെന്നു
വെച്ചു കൈകൂപ്പി നീങ്ങിടാം.
ദേഹാസുഖം തോന്നിയെന്നാൽ
ധീരമായ് കാൺക വൈദ്യനെ
കോവിഡ് കൂട്ടിനുണ്ടെങ്കിൽ
വേണ്ട ശുശ്രൂഷ ചെയ്യണം.
ജലദോഷാദിപ്രശ്നങ്ങൾ
കൂടെയുള്ള ജനങ്ങളോ
തുമ്മി മൂക്കുപിഴിഞ്ഞീടാൻ
കൈലേസു കരുതീടണം.
മൂക്കും വായും മൂടുവാനാ-
യുള്ളതാം മാസ്ക്ക് കിട്ടുവാൻ
സാദ്ധ്യമില്ലെങ്കിലോ നല്ല
തുണിയുണ്ടെങ്കിലുത്തമം.
ഭാരതത്തിൽ കേരളത്തിൽ
വേണ്ടതാം ശ്രദ്ധയോടെ താൻ
കാര്യനിർവ്വഹണം ചാലെ
ധീരമായി നടപ്പിതാ.
ഏകഭാവനയോടെ നാം
പൊരുതാമച്ചടക്കമായ്
സ്വാർത്ഥ ലേശമതില്ലാതെ-
യൊത്തുതന്നെ ചെറുത്തിടാം.
ദേവപാദങ്ങളെക്കൂപ്പി
രക്ഷക്കായ് പ്രാർത്ഥനാദികൾ
ചെയ്കിലോ മനസ്സിൻ ധൈര്യം
കൂടിടും ബഹുനിശ്ചയം.
ഭയമേതുമതില്ലാതെ
പൊരുതീടുക ധൈര്യമായ്
വിജയം കൈവരിക്കും നാം
പ്രതിസന്ധി കടന്നിടും.
എത്രയും വേഗമീ വൈറസ്
വിപത്തിൽ നിന്നു ലോകവും
മുക്തമാകുന്ന നാളിന്നായ്
കാത്തിടാം നൽ പ്രതീക്ഷയിൽ.
***
കോവിഡിന്റെ ഭീതിയിൽ വസിച്ചിടും ജനങ്ങളെ
ഭീതിമുക്തമാക്കിടും ഭവാന്റെയീ വരികളും
ഗോവിന്ദന്റെ രക്ഷയെന്നുമെപ്പൊഴും
ലഭിക്കുകിൽ
കോവിഡൊക്കെ പോയിടും വന്നപോലെ ശീഘ്രമായ്
കാട്ടുശ്ശേരി പിഷാരത്ത് മുരളീധരന്റെ ഈ കവിത ഗംഭീരം, എവിടെ യായിയിരുന്നു മുരളി ഇത്ര നാളും എന്ന് ഞാൻ അദ്‌ഭുതപ്പെടുകയാണ്, വളരെ സന്തോഷം, അനുമോദനങ്ങൾ. സരസ്വതി പ്റസാദിക്കട്ടെ.