ഭീഷ്മരുടെ ആശിസ്സോടും കൃഷ്ണൻ്റെ അനുമതിയോടും കൂടി യുധിഷ്ഠിരൻ രാജ്യഭാരമേറ്റു. ഏതാനും നാൾ ഹസ്തിനപുരത്ത് തങ്ങിയ ശേഷം കൃഷ്ണൻ ദ്വാരകയിലേക്ക് മടങ്ങി. കൃഷ്ണൻ്റെ വിരഹമേല്പിച്ച താപം കുറഞ്ഞില്ല.അധികം വൈകാതെ എല്ലാവരേയും സന്തോഷിപ്പിച്ചുകൊണ്ട് ഒരു നല്ല വാർത്ത വന്നു.
“ഉത്തരാദേവി പ്രസവിച്ചു.ആൺ കുഞ്ഞാണ്.”
രാജ്യം സനാഥമായി. കുരുവംശത്തിന് കിരീടാവകാശിയായി. കൊട്ടാരത്തിനകത്തും പുറത്തും മധുരം വിളമ്പി. ഗർഭാവസ്ഥ മുതലേ പരീക്ഷണങ്ങൾ നേരിട്ടവനായത് കൊണ്ട് ആ കുഞ്ഞിന് പരീക്ഷിത്ത് എന്ന് പേരിട്ടു.
അപ്പോഴാണ് തീർത്ഥയാത്ര പോയ വിദുരർ തിരിച്ചെത്തിയത്.
വിദുരർ ധൃതരാഷ്ട്രരുടേയും പാണ്ഡുവിൻ്റേയും സഹോദരനാണ്. വ്യാസർക്ക് ദാസിയിൽ ജനിച്ച പുത്രൻ.
ഭീഷ്മപിതാവായ ശന്തനുവിൻ്റേയും സത്യവതിയുടേയും മക്കളായ ചിത്രാംഗദനും,വിചിത്രവീര്യനും മക്കളില്ലാതെ മരിച്ചു. കുരുവംശം അന്യം നില്ക്കാതിരിക്കാൻ രാജഭരണം ഏറ്റെടുക്കണമെന്ന് സത്യവതി ഭീഷ്മരോടപേക്ഷിച്ചു. എന്നാൽ രാജസിംഹാസനവും വിവാഹവും വേണ്ടെന്ന് ശപഥം ചെയ്ത ഭീഷ്മർ അതിന് തയ്യാറായില്ല.
മറ്റ് നിവൃത്തികളൊന്നും ഇല്ലാതെ വന്നപ്പോൾ സത്യവതിയമ്മ തൻ്റെ സീമന്തപുത്രനായ വ്യാസരെ വിളിച്ചു വരുത്തി. മരണപ്പെട്ട വിചിത്രവീര്യൻ്റെ വധുക്കളിൽ സന്താനോല്പാദനം നടത്തി വംശം രക്ഷിക്കണമെന്ന് ആ അമ്മ മകനോടപേക്ഷിച്ചു.
അമ്മയുടെ നിർദ്ദേശപ്രകാരം വ്യാസർ ആദ്യം അംബികയുടേയും പിറ്റേന്നാൾ അംബാലികയുടെയും അന്തഃപുരങ്ങളിൽ പ്രവേശിച്ചു. മുനിയുടെ രൂപത്തിലും, ജീർണ്ണവേഷത്തിലും,ഗന്ധത്തിലും മനംമടുപ്പ് തോന്നിയ അംബിക കണ്ണു രണ്ടും പൊത്തിയും അംബാലിക അതൃപ്തി കൊണ്ട് വിളറി വെളുത്തുമാണ് സംയോഗത്തിൽ എർപ്പെട്ടത്. അംബികയും അംബാലികയും യഥാകാലം പ്രസവിച്ചു. അവരാണ് അന്ധനായ ധൃതരാഷ്ട്രരും പാണ്ഡുരോഗം ബാധിച്ച പാണ്ഡുവും.
രണ്ടു പേരുടേയും വൈകല്യം കണ്ട് വിഷണ്ണയായ സത്യവതിയമ്മ വീണ്ടും വ്യാസരെ വിളിച്ചുവരുത്തി. വ്യാസർ വീണ്ടും അബികയുടെ അന്ത:പുരത്തിലെത്തി. അപ്പോൾ അംബിക തന്ത്രപൂർവ്വം ഒഴിഞ്ഞു മാറുകയും തൻ്റെ ദാസിയെ രാജ്ഞീവേഷമണിയിച്ച് ശയനമുറിയിലേക്കയക്കുകയും ചെയ്തു.
ദാസിയാകട്ടെ, വ്യാസരെ സ്നേഹത്തോടെ ആലിംഗനം ചെയ്ത് പ്രസാദിപ്പിച്ചു. വ്യാസർക്ക് ദാസീസംഗമത്തിൽ ജനിച്ച പുത്രനായ വിദുരർ ബുദ്ധിമാനും, സകലശാസ്ത്രപാരംഗതനും പിന്നീട് രാജ്യത്തെ പ്രധാനമന്ത്രിയുമായി തീർന്നു
പാണ്ഡവർക്ക് അവകാശപ്പെട്ട അർദ്ധരാജ്യം മടക്കിക്കൊടുത്ത് വംശത്തെ രക്ഷിക്കണമെന്ന് ജ്യേഷ്ഠനായ ധൃതരാഷ്ട്രരുടെ സാന്നിദ്ധ്യത്തിൽ വിദൂരർ ദുര്യോധനനെ ഉപദേശിച്ചു. ദുര്യോധനൻ അത് കേട്ടില്ലെന്ന് മാത്രമല്ല, അച്ഛൻ്റെ മുന്നിൽ വെച്ച് പരുഷമായി വിദുരരെ ആക്ഷേപിക്കുകയും ചെയ്തു.
“അച്ഛനാണോ ഇയാളെ ഇപ്പോൾ ഇങ്ങോട്ട് വിളിച്ചത് ? നമ്മുടെ ഉപ്പും ചോറുമുണ്ട് വളരുന്ന ഈ ദാസീ പുത്രൻ നമുക്കെതിരായാണ് പ്രവർത്തിക്കുന്നത്. ഇവനെ ഇവിടെ നിന്നും ഉടനടി പുറത്താക്കണം”
ചെവിയിൽ തുളച്ചുകയറുന്ന മൂർച്ചയേറിയ വാക്ശരങ്ങളാൽ ഏട്ടൻ്റെ മുമ്പിൽ വെച്ച് ഇങ്ങനെ അപമാനിതനായിട്ടും ജ്ഞാനിയായ വിദുരർ തെല്ലും ദു:ഖിതനായില്ല. മായയുടെ ശക്തിവിശേഷം അസാധാരണമെന്ന് മാത്രം ചിന്തിച്ച് സമാധാനിച്ചു.
ഒന്നും മിണ്ടാതെ നിന്ന ജ്യേഷ്ഠനെ തൊഴുതു. വില്ലും,അമ്പും കൊട്ടാര വാതില്ക്കൽ വെച്ചശേഷം കാഷായം ധരിച്ച് തീർത്ഥയാത്രക്ക് പുറപ്പെട്ടു. ഭാരതത്തിലെ എല്ലാ പുണ്യതീർത്ഥങ്ങളും വിദൂരർ സന്ദർശിച്ചു. വഴിയിൽ വെച്ച് സ്ഥിതപ്രജ്ഞനായ മഹർഷി മൈത്രേയനെ കണ്ട് വിശദമായ ജ്ഞാനോപദേശവും നേടി.
തീർത്ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ വിദുരരെ ബന്ധുക്കൾ സന്തോഷത്തോടെ സ്വീകരിച്ചു. കുശലപ്രശ്നങ്ങളും തീർത്ഥയാത്രാവർണ്ണനകളുമായി ദിവസങ്ങൾ കടന്നു പോയി.
പാണ്ഡവർ ദു:ഖം മറന്നു. എല്ലാവരും ഭൗതികമായ സുഖങ്ങൾ മാത്രം മോഹിച്ച് നാളു കഴിക്കുന്നത് കണ്ടപ്പോൾ അവർ ഭഗവാനേയും മറന്നോ എന്ന് പോലും വിദൂരർക്ക് തോന്നി. അതോടെ അര നിമിഷം പോലും അദ്ദേഹത്തിനവിടെ ഇരിക്കപ്പൊറുതിയില്ലാതായി. ഇനി ജീവിതയാത്രയിലെ മടക്കമില്ലാത്ത തീർത്ഥാടനം തുടങ്ങാം. വിദുരർ കരുതി.
തീർത്ഥാടനത്തിന്പുറപ്പെടും മുമ്പേ വിദുരർ ഏട്ടനോട് പറഞ്ഞു.
” ഏട്ടാ. നമ്മുടെ പിതാമഹനായ ഭീഷ്മർ മരിച്ചു. സഹോദരനായ പാണ്ഡുവും മരിച്ചു. ഏട്ടൻ്റെ മക്കളെല്ലാം മരിച്ചു. ഇനിയുള്ള കാലം ശത്രുക്കളുടെ ഈ വീട്ടിൽ താമസിക്കാനാണോ അങ്ങ് ആഗ്രഹിക്കുന്നത്? ”
ധൃതരാഷ്ട്രർ ഒന്നും മിണ്ടിയില്ല. വിദുരർ തൻ്റെ വാക്കുകൾ ഒന്നുകൂടി കടുപ്പിച്ചു.
അഹോമഹീയസീജന്തോർ
ജീവിതാശായയാഭവാൻ
ഭീമാപവർജിതംപിണ്ഡം
ആദത്തേ ഗൃഹപാലവത്
( 1-13 – 2 2)
(അഹോ,ജീവിച്ചിരിക്കാനുള്ള പ്രാണികളുടെ ആശ ആശ്ചര്യം തന്നെ. അല്ലെങ്കിൽ നൂറ് മക്കളെ മുച്ചൂടും കൊന്ന് കൊലവിളിച്ച ഭീമസേനൻ ഉരുട്ടിത്തരുന്ന പിണ്ഡംപോലുള്ള ചോറ്റുരുളയും വെട്ടിവിഴുങ്ങി ഒരു നായയെ പോലെ ഇവിടെ ഇങ്ങനെ കഴിയുമോ?)
അരക്കില്ലത്തിലിട്ട് പാണ്ഡവരെ ചുട്ടെരിക്കാൻ നോക്കി. ധർമ്മപത്നിയായ ദ്രൗപദിയെ സഭയിലേക്ക് വലിച്ചിഴച്ച് വസ്ത്രാക്ഷേപം ചെയ്യാൻ നോക്കി അപമാനിച്ചു. പാണ്ഡവർക്ക് അർഹതപ്പെട്ട പകുതി രാജ്യം തട്ടിപ്പറിച്ചു. എന്നിട്ടിപ്പോഴോ? അവരേയും ആശ്രയിച്ചു കഴിഞ്ഞു കൂടുന്നു! ഇങ്ങനെയെത്ര കാലം തുടരാനാണ് ഭാവം?
ഈ ശരീരം ആത്മാനുഭവം നേടി ധന്യമാക്കാനുള്ളതാണ്. അത് നേടി കഴിഞ്ഞാൽ ഭൗതിക സുഖങ്ങളിൽ വൈരാഗ്യം വരും. വിരക്തനായവൻ അവൻ്റെ ദേഹം എവിടെ വീണാലും ഗൗനിക്കുന്നേയില്ല. അവനാണ് ധീരൻ.
ആത്മതത്ത്വം വിചാരത്തിൽ നിന്നോ ഗുരുവിൽ നിന്നോ ഗ്രഹിക്കണം. ഇപ്പോൾ അതിനുള്ള സമയമായി. അത് കൊണ്ട് വടക്ക് ദിക്ക് നോക്കി യാത്രയാരംഭിക്കാം. മനുഷ്യൻ്റെ സദ്ഗുണങ്ങൾ ക്ഷയിച്ച് തീരെയില്ലാതാകുന്ന കാലമാണ് വരാൻ പോകുന്നത്. ”
അനുജൻ്റെ വാക്കുകൾ ധൃതരാഷ്ട്രരെ പിടിച്ചുലച്ചു. എല്ലാ സ്നേഹബന്ധങ്ങളും മനസ്സ് കൊണ്ട് വിഛേദിച്ച് അദ്ദേഹം അപ്പോൾ തന്നെ വിദുരരോടൊപ്പം കൊട്ടാരം വിട്ടിറങ്ങി. പതിവ്രതയായ ഗാന്ധാരിയും,കൂടെ പുറപ്പെട്ടു.
പ്രഭാത സ്നാനവും തേവാരവും കഴിഞ്ഞ് വലിയച്ഛനേയും വലിയമ്മയേയും നമസ്ക്കരിക്കാനെത്തിയ യുധിഷ്ഠിരൻ അവരെ കാണാതെ വിഷണ്ണനായി. കുരുക്ഷേത്രത്തിൽ ധൃതരാഷ്ട്രർക്ക് കണ്ണായിരുന്ന സഞ്ജയൻ അവിടെയിരുപ്പുണ്ട്.
സഞ്ജയൻ പറഞ്ഞു.
” രാജാവേ,അവർ നമ്മെ വഞ്ചിച്ച് വിദുരരുടെ കൂടെ എങ്ങോ പോയി. ”
പാണ്ഡവരെല്ലാം ദുഖാർത്തരായി. അപ്പോൾ നാരദമഹർഷിയവിടെ എത്തി.
നാരദർ പറഞ്ഞു.
“രാജാവേ,ഈ ലോകത്താരെ കുറിച്ച് ദു:ഖിച്ചിട്ടും കാര്യമില്ല. ഈ ലോകത്തിലെ എല്ലാ സംഗതികളും ഈശ്വരനിശ്ചിതമാണ്.
ജീവജാലങ്ങളെ തമ്മിൽ തമ്മിൽ കൂട്ടിയിണക്കുന്ന അതേ ഈശ്വരൻ തന്നെ അവരെ വേർപെടുത്തുകയും ചെയ്യും. ഈശ്വരലീലയുടെ ഈ തത്വത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ് മനുഷ്യർ ദുഖിക്കുന്നത്.
ലോകത്തെ ഈശ്വരദേഹമായി കണ്ടാൽ എല്ലാ വസ്തുക്കളും നാശമുള്ളതാണ് എന്ന വസ്തുത തിരിച്ചറിയും. നിത്യപരിണാമിയും ജീവനുള്ളതുമായി ലോകത്തെ കണ്ടാൽ നശിക്കുന്നതൊന്നും ഇവിടെ ഇല്ലെന്നും മനസ്സിലാവും. ഇത് രണ്ടുമല്ല ലോകമെന്ന് കരുതിയാൽ ചിത്തിൻ്റേയും ജഡത്തിൻ്റെയും അംശമുള്ളതു കൊണ്ട് അനിർവ്വാച്യം എന്ന് ബോധ്യപ്പെടും.ശുദ്ധ ബ്രഹ്മം മാത്രമായി
ലോകത്തെ കണ്ടാലോ, സത്യസ്വരൂപമെന്നും കണ്ടെത്താം.
ഇങ്ങനെ നാലുതരത്തിലുള്ള ലോകത്തെ ചിന്തിച്ചാലും അതിലൊന്നും ആരേയും ഓർത്ത് ദു:ഖിക്കാൻ യുക്തിയില്ല. അതുകൊണ്ട് നീ ദു:ഖത്തെ ഉപേക്ഷിക്കൂ..
ഈ തത്ത്വം ശരിയായി ഗ്രഹിച്ചാൽ ദുഖത്തിന് അടിസ്ഥാനമില്ല. ആർക്കും മറ്റൊരാളെ ഓർത്ത് ദു:ഖിക്കാൻ അവകാശമില്ല.
ധൃതരാഷ്ട്രാദികൾ നിന്നെ വിട്ടു പോയാൽ അവർ പിന്നെ എങ്ങനെ ജീവിക്കും എന്ന വിഡ്ഢിത്തം ചിന്തിക്കാതിരിക്കൂ..
പഞ്ചഭൂതനിർമ്മിതമായ ഈ ജഡ ശരീരം കാലകർമ്മഗുണങ്ങൾക്ക് അധീനമാണ്.
കാലമെന്ന സർപ്പം അതിനെ ഭക്ഷിച്ചു കൊണ്ടേയിരിക്കുന്നു. സർപ്പവിഷമേറ്റ് മരിക്കാൻ കിടക്കുന്നയാൾ പാമ്പ് കടിച്ച മറ്റൊരാളിനെ രക്ഷിക്കാൻ ശ്രമിക്കുന്നത്ര പരിഹാസ്യമാണ് മറ്റുള്ളവരെ ഞാൻ രക്ഷിച്ചു കളയാം എന്ന മോഹം .”
തുടർന്ന് നാരദർ ജീവിതരഹസ്യം എന്തെന്ന് പറയുന്നു
അഹസ്താനി സഹസ്താനാം
അപദാനീ ചതുഷ്പദാം
ഫല് ഗുനീ തത്ര മഹതാം
ജീവോ ജീവസ്യ ജീവനം.
(ഭാഗവതം.1-13 – 46)
കയ്യുള്ളവർ കയ്യില്ലാത്തവയെ ഭക്ഷിക്കുന്നു.കാലില്ലാത്തവർ കാലുള്ളവക്ക് ഭക്ഷണമാകുന്നു. ദുർബ്ബലന്മാരെ ബലവാന്മാർ ഭക്ഷിക്കുന്നു .ജീവൻ ജീവനെ ഭക്ഷിച്ച് ജീവിക്കുന്നു.
ഇതല്ലേ ജീവിത രഹസ്യം? ഇവിടെ ദുഖിക്കാൻ എന്താണുള്ളത്?
യുധിഷ്ഠിരൻ്റെ മനസ്താപം ഇതോടെ തീർന്നു. പക്ഷെ ആ മനസ്സിൽ വിദുരർ വിതച്ചത് വിരക്തിയുടെ വിത്തായിരുന്നു.
©@#Sureshbabuvilayil
വൈരാഗ്യം ജനിപ്പിക്കുന്ന വാക്കുകൾ ഇന്ന് വായിച്ചു മനസ്സിലാക്കിതന്ന സുരേഷ് ബാബു വിളയിലിനു അഭിനന്ദനങ്ങൾ 🌹