മിഥിലാപുരിയിലെ പിംഗളയെന്ന വേശ്യാസ്ത്രീയും എൻ്റെ ഗുരുവാണ്. അവളെന്നും സായാഹ്നത്തിൽ അണിഞ്ഞൊരുങ്ങി വാതില്ക്കൽ പോയി നില്ക്കും.
പുരുഷന്മാരെ കടക്കണ്ണു കാട്ടി അകത്തേക്ക് ക്ഷണിക്കും. വഴിയേ പോകുന്നവരെല്ലാം പണവും കൊണ്ട് തന്നെ സന്ദർശിക്കാൻ വരുന്നവരെന്ന് അവൾ ധരിക്കും. ഓരോ മനുഷ്യരും കടന്നു പോകുമ്പോൾ അടുത്തയാൾ വരും. അവൾ പ്രതീക്ഷ കൈവിട്ടില്ല.
എന്നാൽ ഒരു നാൾ ഒരാളും വന്നില്ല. അവൾ അസ്വസ്ഥയായി. കുറച്ച് നേരം അകത്ത് ചെന്നിരിക്കും. പിന്നെ പുറത്തേക്ക് കണ്ണയയ്ക്കും. ആരേയും കാണാതെ അവളുടെ ദു:ഖം ഇരട്ടിച്ചു.
നേരമിരുട്ടി. പാതിരാവായായപ്പോൾ ഇതെല്ലാം കാണുന്ന ഈശ്വരനെ കുറിച്ച് വെറുതെ അവളോർത്തു. അവൾക്ക് ലജ്ജ തോന്നി. അത് വരെ ചെയ്ത പ്രവർത്തികളിൽ വിരക്തി തോന്നി. ആണിനുള്ള കാത്തിരിപ്പ് അതോടെ അവസാനിപ്പിച്ചു.
മനസ്സ് ശുദ്ധമായി. മനുഷ്യരുടെ ആശാപാശങ്ങൾ പൊട്ടിച്ചെറിയാൻ വിരക്തിയോളം വലുതൊന്നും ഇല്ല. വൈരാഗ്യത്തിൻ്റെ സുഖദമായ അവസ്ഥയിൽ അവളെത്തി. അറിയാതെയൊരു ഗാനം അവൾ മൂളി.
മഹാകവി ഉള്ളൂരിൻ്റെ പിംഗള അതിങ്ങനെയാണ് പാടിയത്.
“എന്നുടെ മേനി ഹാ നീഹാരനീരാട്ടി-
ച്ചന്ദനത്താൽ മുഴുക്കാപ്പു ചാർത്തി.
പാവാടചുറ്റിയും പണ്ടത്താൽ മൂടിയും
പൂവാരിയർച്ചിച്ചും രാപ്പകൽ ഞാൻ.
ആരാധിച്ചീടിനോരദ്ദേവിപോകയായ്
പാരാതെ പുല്കുവാൻ പാവകനെ.
അശ്രാന്തമത്യാശ വച്ചല്ലോ കഷ്ടമീ
വിശ്വാസപാതകമൂർത്തിയിൽ ഞാൻ.
അസ്ഥിയും മജ്ജയും മാംസവും മേദസ്സും
രക്തവും ശുക്ലവുമിത്തരത്തിൽ,
ധാതുക്കളേഴോളമൊന്നിച്ചു ചേർത്തവ
പീതമാം ചർമ്മത്തിൽ മൂടിദ്ദൈവം.
ഉച്ചിയിൽ ശ്യാമമാം ശഷ്പത്തിൻ കെട്ടൊന്നും വക്ഷസ്സിൽ
ശോഹത്തിൻ പിണ്ഡം രണ്ടും, ഒട്ടിച്ചുതീർത്തോരി
യോട്ടമൺപാനയിൽ പട്ടടച്ചെന്തീതൻ പാഴ് വിറകിൽ
ആരു താൻ രഞ്ജിക്കും ? അന്തർദൃക്കുണ്ടെങ്കിൽ
മാരന്നു മാരൻ താൻ മന്നിലാരും! ”
ഇനി ഭാഗവതത്തിലെ പിംഗള പാടിയതെങ്ങനെയെന്ന് നോക്കാം.
യദസ്ഥിഭിർ നിർമ്മിത വംശവംശ്യ-
സ്ഥൂണം ത്വചാ രോമനഖൈ: പിനദ്ധം
ക്ഷരന്നവദ്വാരമഗാരമേതദ് –
വിണ്മൂത്രപൂർണ്ണം മദുപൈതി കന്യാ
(11-8-33)
മുളകൊണ്ട് മോന്തായവും കഴുക്കോലും വെച്ച് നാല് കാലിൽ കെട്ടിയുണ്ടാക്കുന്ന ഒരു പുരയും ഈ ശരീരവും തമ്മിലെന്ത് വ്യത്യാസം?
ദേഹമാകുന്ന വീടിന് മുതുകത്ത് നീണ്ടു കിടക്കുന്ന എല്ലു തന്നെ മോന്തായം. അതിൽ നിന്ന് ഓരോ ഭാഗത്തേക്കും വ്യാപിച്ച് കിടക്കുന്ന വാരിയെല്ലുകൾ കഴുക്കോലുകളാണ്. കൈകാലുകൾ തൂണുകൾ രോമങ്ങൾ, നഖങ്ങൾ, തോൽ മുതലായവ മീതെ മേയാനുള്ള സാധനങ്ങളും. വിയർപ്പ്, ലാല, മൂത്രം, മലം എന്നീ അശുദ്ധവസ്തുക്കൾ ഒഴുകുന്ന നവദ്വാരങ്ങൾ പ്രവേശമാർഗ്ഗങ്ങളാണ്.
ഇത്ര നികൃഷ്ടമായ ഈ ദേഹത്തെ മനോഹരമെന്ന് കരുതി അതിനോട് ചേർന്ന് രമിക്കാൻ ഞാനല്ലാതെ ഏതെങ്കിലും വിഡ്ഢി മോഹിക്കുമോ? എൻ്റെ അറിവില്ലായ്മ എത്ര വലുതാണ്?
തന്നെ രക്ഷിക്കാൻ താനേയുള്ളു. ആത്മാവിനെ അറിയലാണ് ജീവിത ലക്ഷ്യം. ആത്മസായൂജ്യത്തിലെ ആനന്ദം വിഷയസുഖത്തേക്കാൾ വലുതാണ്. അത് ശാശ്വതമാണ്. നശ്വരമല്ല.
അവധൂതൻതുടർന്നു.
ആശാഹി പരമം ദുഃഖം
നൈരാശ്യം പരമം സുഖം
യഥാ സംഛിദ്യ കാന്താശാം
സുഖം സുഷ്വാപ പിംഗള
(11- 8 -4 4)
ആശയാണ് ഏറ്റവും വലിയ ദു:ഖം. ആശയില്ലായ്മയാണ് ഏറ്റവും വലിയ സുഖം. പിംഗളയ്ക്കന്ന് രാത്രി അത് വരെ ലഭിക്കാത്ത നിദ്രാസുഖം കിട്ടി. ആശയെ വർജിക്കാനുള്ള പാഠം പിംഗളയിൽ നിന്ന് ഞാൻ പഠിച്ചു.
രാജാവേ, എന്തെങ്കിലും സൂക്ഷിച്ച് വെച്ചാൽ സുഖമല്ല. ദു:ഖമാണ്. ഞാറപ്പക്ഷിക്ക് കിട്ടിയ മാംസം തട്ടിയെടുക്കാൻ മറ്റു പക്ഷികൾ പിന്നാലെ കൂടി. മാംസക്കഷ്ണമാണ് കാരണമെന്ന് മനസ്സിലായപ്പോൾ ഞാറപ്പക്ഷി അതുപേക്ഷിച്ചു. അതോടെ ശല്യവും തീർന്നു. സുഖമായിരിക്കാനുള്ള പാഠം ഞാറപ്പക്ഷിയിൽ നിന്നും പഠിച്ചു.
ശിശുവിൽ നിന്നും ഞാൻ പാഠങ്ങൾ പഠിച്ചു. മാനാപമാനങ്ങളില്ലാതെ, വീട് കുടുംബം എന്ന ചിന്തയില്ലാതെ ആത്മാനന്ദം അനുഭവിക്കാൻ ശിശുവിനേ കഴിയൂ. ഈ ലോകത്ത് ചിന്താരഹിതരായി സുഖിക്കുന്നവർ രണ്ടു കൂട്ടരേയുള്ളു. ഒന്നിനും വേണ്ടി പ്രയത്നിക്കാത്ത ശിശുവും സത്യദർശിയും മാത്രം.
കുമാരി എന്നെ പഠിപ്പിച്ചതെന്താണെന്നോ?
ഒരിക്കൽ വീട്ടിലാരുമില്ലാത്ത നേരം. കുറേ വിരുന്നുകാർ വന്നു കേറി. അരിയില്ല. വന്നവർക്ക് ഭക്ഷണം നല്കാൻ കുമാരി നെല്ലെടുത്ത് കുത്താൻ തുടങ്ങി. കയ്യിലെ ശംഖുവളകൾ തട്ടിമുട്ടി ശബ്ദമുണ്ടാക്കി. അതിഥികൾ കേൾക്കുമോ എന്നോർത്ത് അവൾക്ക് ലജ്ജ തോന്നി.
ഓരോ കയ്യിലും രണ്ടെണ്ണമൊഴിച്ച് മറ്റെല്ലാം അഴിച്ചു വെച്ചു. ശബ്ദഘോഷം നിലച്ചില്ല. ഓരോ കൈയിലും ഓരോ വള മാത്രമിട്ട് നോക്കിയപ്പോൾ ശബ്ദമില്ല. പലരൊരുമിച്ചാൽ മാത്രമല്ല, രണ്ട് പേരായാലും കലഹമുണ്ട്. ഒറ്റയ്ക്കാണ് സുഖം. സത്യദർശിക്ക് ഏകാന്തതയാണ് നല്ലത്.
അമ്പിൻ്റെ മുന കൂർപ്പിച്ചിരുന്ന ഇഷുകാരൻ പണിയുടെ ജാഗ്രതയിൽ രാജാവ് കടന്നു പോയ ഗംഭീരഘോഷം പോലും കേട്ടില്ല. ഏകാഗ്രതയിൽ ജാഗ്രതയും സൂക്ഷ്മതയും കൂടുമെന്ന പാഠം ഇഷുകാരനിൽ നിന്നും പഠിച്ചു.
ആത്മാനന്ദത്തിൽ ഉറപ്പുള്ളവന് സ്വന്തം വസതി വേണ്ട. സത്യദർശി ചെല്ലുന്നിടമെല്ലാം സ്വന്തം വീടാണ്. അന്യൻ്റെ പാർപ്പിടത്തിൽ കഴിഞ്ഞ് കൂടുന്ന പാമ്പാണ് ഇതെന്നെ പഠിപ്പിച്ചത്.
പാമ്പെനിക്ക് ഗുരുവാണ്.
ചിലന്തിയും എൻ്റെ ഗുരുനാഥനാണ്. ശരീരത്തിനുള്ളിൽ നിന്നും വന്ന നൂല് കൊണ്ട് വല കെട്ടി അതിൽ തന്നെ വസിക്കുന്ന ചിലന്തി സൃഷ്ടിയുടെ രഹസ്യമാണെന്നെ പഠിപ്പിച്ചത്.
വേട്ടാളനും എൻ്റെ ഗുരുവാണ്. എവിടെ നിന്നോ കിട്ടിയ ജീവനുള്ള കീടത്തെ വേട്ടാളൻ ചുമരിലെ ദ്വാരത്തിൽ സൂക്ഷിക്കും. അതിനെ ഇടയ്ക്കിടെ സന്ദർശിക്കും. ഭയവിഹ്വലനായ കീടം ഏത് നിമിഷവും താൻ വേട്ടാളൻ്റെ ഭക്ഷണമായേക്കാം എന്ന് ചിന്തിച്ച് വേട്ടാളനെ മാത്രം ധ്യാനിച്ച് കഴിഞ്ഞു കൂടും. അങ്ങനെ ഒരു സുപ്രഭാതത്തിൽ ചിറകു മുളച്ച കീടം വേട്ടാളനായി മാറി പുറത്തേക്ക് പറന്നു പോകും.
മനുഷ്യമനസ്സ് സ്നേഹം കൊണ്ടോ ദേഷ്യം കൊണ്ടോ ഭയം കൊണ്ടോ എന്തെല്ലാം ഭാവന ചെയ്യുന്നുവോ അതെല്ലാമായിത്തീരുന്നു എന്ന പാഠം ഞാൻ വേട്ടാളനിൽ നിന്നാണ് പഠിച്ചത്.
രാജാവേ,ഇത്രയും കാര്യങ്ങളാണ് ഞാനെൻ്റെ ഗുരുനാഥന്മാരിൽ നിന്നും പഠിച്ചത്.
ഞാനിനി എന്നിൽ നിന്ന് പഠിച്ചതും പറയാം. എൻ്റെ ശരീരവും എനിക്ക് ഗുരുവാണ്. ജനിച്ച് മരിച്ച് സദാ ദുഖമുളവാക്കുന്ന അതെന്നെ വിരക്തനും വിവേകിയുമാക്കി.
താമസിയാതെ ജന്തുക്കൾ ഭക്ഷിച്ച് കാഷ്ടിക്കാൻ പോകുന്നതാണ് ഈ ദേഹമെന്ന് നാമോർക്കുന്നില്ല.
ഭാര്യ, മക്കൾ, പണം,പണിക്കാർ, വീട്, കച്ചവടം, ബന്ധുക്കൾ, അഭിമാനം എന്നെല്ലാം പറഞ്ഞ് നമ്മൾ പരക്കം പായുന്നത് ഈ നശ്വരദേഹത്തിന് വേണ്ടിയാണ്.
മരിക്കുമ്പോൾ കൊണ്ടുപോകാൻ കഴിയില്ലെന്നറിഞ്ഞിട്ടും വളരെ ക്ലേശിച്ച് സ്വത്ത് സമ്പാദിക്കുന്നു. അനന്തരം മരിച്ചു പോകുന്നു. ഈ സംസാരചക്രത്തിൽ പെട്ട് വീണ്ടും കറങ്ങുന്നു.
സൃഷ്ട്വാപുരാണിവിവിധാന്യജയാffത്മശക്ത്യാ
വൃക്ഷാൻസരീസൃപപശൂൻഖഗദംശമത്സ്യാൻ
തൈസ്‌തൈരതുഷ്ട ഹൃദയ: പുരുഷം വിധായ
ബ്രഹ്മാവലോകധിഷണം മുദമാപ ദേവ:
( 11-9 -28)
(വൃക്ഷങ്ങൾ, ഇഴജന്തുക്കൾ, പശുക്കൾ, മരങ്ങൾ, പക്ഷികൾ, ഈച്ചകൾ, മീനുകൾ, എന്നിവ സൃഷ്ടിച്ചിട്ടും തൃപ്തി വന്നില്ല. ബ്രഹ്മദർശനത്തിന് ഉതകുന്ന ബുദ്ധിയോട് കൂടിയ മനുഷ്യനെ സൃഷ്ടിച്ചതോടെ ബ്രഹ്മാവ് സന്തുഷ്ടനായി ഭവിച്ചു.)
ഈ മനുഷ്യജന്മം കിട്ടുന്നത് തന്നെ ദുർല്ലഭമാണ്.ജീവിതത്തിൻ്റെ പരമ ലക്ഷ്യം നേടാൻ മനുഷ്യന് കഴിയും.
അത് കേട്ടതോടെ യദുചക്രവർത്തി സർവ്വസംഗപരിത്യാഗിയും സമചിത്തനുമായി മാറി.
(വര കടപ്പാട് Balakrishnan PT ആദരണീയനായ എൻ്റെ ഫേസ്ബുക്ക് സുഹൃത്ത്)
©✍️#SureshbabuVilayil