ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 57

സുരേഷ് ബാബു വിളയിൽ

അവതാരദൗത്യങ്ങൾ തീർന്നപ്പോൾ സ്വധാമഗമനത്തിന് നേരമായെന്ന് കൃഷ്ണന് തോന്നി. മാമുനിമാരും ദേവഗണങ്ങളും ദ്വാരകയിലെത്തി.

ബ്രഹ്മാവ് പറഞ്ഞു.

“ഭഗവാനേ,ഭൂഭാരം തീർക്കണമെന്ന ഞങ്ങളുടെ പ്രാർത്ഥന ഇപ്പോൾ സഫലമായി തീർന്നു.”

ഭഗവാൻ പറഞ്ഞു.

“അത് ശരി തന്നെ. പക്ഷേ ഈ യദുകുലം വീര്യവും ശൗര്യവും മൂത്ത് അഹങ്കാരികളായി മാറി. ഭൂമിക്കവർ ഭാരമായി തീർന്നത് ഞാനറിയുന്നുണ്ട്. അവരെ കൂടി സംഹരിക്കാതെ ഇവിടം വിട്ടാൽ ആപത്താണ്.

ദ്വാരകയെ മുനിശാപം ഗ്രസിച്ചത് നല്ലൊരു നിമിത്തമായി ഞാൻ കാണുന്നു.”

ദേവമാമുനിവൃന്ദങ്ങൾ കൃഷ്ണനെ സ്തുതിച്ച് അന്തർദ്ധാനം ചെയ്തു.

ഭഗവാൻ ദ്വാരകാവാസികളോട് പറഞ്ഞു.

” ദ്വാരകാവാസികളേ, മുനിശാപം കൊണ്ടുള്ള തിക്തഫലങ്ങൾ അനുഭവിക്കാൻ നിങ്ങളെല്ലാവരും തയ്യാറാവുക. നമുക്കെല്ലാവർക്കും പ്രഭാസതീർത്ഥത്തിൽ ചെന്ന് സ്നാനവും അന്നദാനം മുതലായ പുണ്യകർമ്മങ്ങളും ചെയ്ത് പാപമോചനം നേടാൻ ശ്രമിക്കാം.”

ബുദ്ധിസത്തമനായ ഉദ്ധവർക്ക് ഇത് കേട്ടപ്പോൾ തന്നെ ഭഗവാൻ്റെ ചിന്ത എന്തെന്ന് മനസ്സിലായി. കുട്ടിക്കാലം മുതലേ കൃഷ്ണൻ്റെ പ്രതിമയുണ്ടാക്കി പൂജിച്ച ശേഷമേ ഉദ്ധവർ, ഭക്ഷണം പോലും കഴിച്ചിരുന്നുള്ളു.

കൃഷ്ണൻ ഏത് പ്രധാനകാര്യവും ഉദ്ധവരോടേ പറയൂ. പിൽക്കാലത്ത് ഉദ്ധവർ കൃഷ്ണൻ്റെ മന്ത്രിയുമായി. മഞ്ഞപ്പട്ടുടുത്ത് പീലിത്തിരുമുടിയും ചൂടി ഭഗവാൻ്റെ കൂടെ സദാ ഉണ്ടും ഉറങ്ങിയുമുള്ള ജീവിതമായിരുന്നു ഉദ്ധവരുടേത്. ഭഗവാൻ ദൗത്യം പൂർത്തിയാക്കി ഭൂലോകം വിട്ടു പോകുന്നുവെന്നറിഞ്ഞപ്പോൾ ഉദ്ധവർക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ആരുമില്ലാത്ത ഏകാന്തത്തിൽ കൃഷ്ണൻ്റെ പാദങ്ങളിൽ വീണു കിടന്ന് ഉദ്ധവർ കണ്ണീർ വാർത്തു.

“ഭഗവാനേ, അങ്ങെവിടെ പോയാലും എന്നെയും കൂടെക്കൂട്ടണേ.. വിലമതിക്കാനാവാത്ത ഈ സ്നേഹബന്ധം ഒരു കാലത്തും കൈവിടാൻ ഞാനൊരുക്കമല്ല.”

ആ വിഷാദം കണ്ട് ഭഗവാൻ ഉദ്ധവരെ നോക്കി കൃപയോട് കൂടിയ പുഞ്ചിരി പൊഴിച്ചു.

അതിബുദ്ധിയുള്ളവരും ചിലപ്പോൾ അന്ധമായ ഭക്തിയിൽ ചെന്നു പെടാറുണ്ട്. ജ്ഞാനമില്ലാത്ത ആ ഭക്തിക്ക് ദുഖമോചനം സാധ്യമല്ല. ഉദ്ധവവിഷാദം അതിന് തെളിവാണ്.

വസ്തുജ്ഞാനമില്ലാത്ത ഭക്തിയും ബുദ്ധിസാമർത്ഥ്യവും ആരേയും ദുഃഖവിമുക്തനാക്കില്ല.

ഭഗവാൻ പറഞ്ഞു.

മമതാബന്ധങ്ങളെല്ലാം കൈവിട്ട് മനസ്സിനെ എന്നിൽ ഉറപ്പിക്കണം. എന്നെ മാത്രം എല്ലാത്തിലും കണ്ട് ഭൂമിയിൽ സഞ്ചരിക്കൂ ഉദ്ധവരേ. ഈ ലോകത്തിൽ ശാശ്വതമായി യാതൊന്നുമില്ലെന്ന് നിനക്കപ്പോൾ ബോദ്ധ്യപ്പെടും.”

“യദിദം മനസാ വാചാ
ചക്ഷുർഭ്യാം ശ്രവണാദിഭിഃ
നശ്വരം ഗൃഹ്യമാണം ച
വിദ്ധി മായാ മനോമയം.
( 1-7-7)
ഇവിടെ കാണപ്പെടുന്നതെല്ലാം വെറും ഭ്രമമാണ്. ഏതനുഭവം എടുത്താലും മൂന്ന് ഘടകങ്ങൾ അതിൽ കാണാം. ബോധം, സങ്കല്പം, പുറംകാഴ്ച എന്നിവയാണവ.

അനുഭവത്തിൻ്റെ മേഖലകളിൽ സ്ഥിരമായി നില്ക്കുന്നത് ബോധം മാത്രമാണ്.. സങ്കല്പങ്ങളും കാഴ്ചകളും മാറിക്കൊണ്ടിരിക്കും. ഉണ്ടായി മറയലാണ് നശ്വരത്തം. നശ്വരമായത് കൊണ്ടാണ് അവയെ ഭ്രമം എന്ന് വിളിക്കുന്നത്.

നേരത്തേയില്ലായിരുന്നു, ഇടയ്ക്ക് അല്പനേരം ഉള്ളതുപോലെ തോന്നി. പിന്നെയില്ലാതായി. ഇതാണ് ഭ്രമത്തിൻ്റെ ലക്ഷണം. എവിടെ നിന്നു വന്നുവെന്നോ എങ്ങോട്ട് പോയെന്നോ ഒരു നിശ്ചയവുമില്ല.

ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്ന പോലെ പോം
വിരിയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാർക്കുമേ

ഈ ഭ്രമങ്ങളെല്ലാം നശ്വരമാണെന്ന ലോകരഹസ്യം സത്യദർശികൾക്ക് അറിയാം. സത്യദർശികളല്ലാത്തവർ ഈ ഭ്രമങ്ങളെ കർമ്മം,അകർമ്മം,

വികർമ്മം എന്ന് വേർതിരിക്കുന്നത് സ്വപ്നത്തിൽ കണ്ട രാജാവിനേയും ഭിക്ഷുവിനേയും വേർതിരിക്കുന്ന പോലെ അർത്ഥശൂന്യമാണ്.

ദുരഭിമാനം, ജയപരാജയങ്ങൾ, ജന്മമൃത്യുജരാവ്യാധിദുഖങ്ങൾ എന്നിവയെല്ലാം ജീവിതത്തിലെ ആപത്തുകളാണെന്ന് ഭഗവാൻ പറയുന്നു.

എങ്ങനെയാണ് വിജയം ആപത്താകുന്നത്?

സത്യദർശനം കിട്ടാത്തവന് വിജയവും ആപത്താണ്. തുടർച്ചയായ വിജയങ്ങൾ മനുഷ്യരെ ഗർവ്വിഷ്ഠരാക്കുന്നു.

സത്യദർശികൾ ഭേദചിന്തയില്ലാതെ പ്രപഞ്ചത്തെ കാണുന്നു. സർവ്വം ബ്രഹ്മമയം എന്ന് അനുഭവിക്കുന്നു.

സർവ്വം ബ്രഹ്മമയം എന്ന അനുഭൂതി അവരുടെ മനസ്സിൽ ആനന്ദം നിറയ്ക്കുന്നു. ജയപരാജയങ്ങൾ ചിത്തത്തെ ചഞ്ചലപ്പെടുത്തുന്നില്ല.

താൻ ദേഹമല്ല ആത്മാവെന്ന് കണ്ട് ജന്മമൃത്യുജരാദുഖങ്ങളെ അവർ മറികടക്കുന്നു. ഈ ദു:ഖമോചനം തന്നെയാണ് മോക്ഷം.

ഇത്രയും കേട്ടപ്പോൾ ഉദ്ധവർക്ക് തത്ത്വജിജ്ഞാസയുദിച്ചു.

ഉദ്ധവർ ചോദിച്ചു.

ഭഗവാനേ, എന്നെ പോലുള്ള സാധാരണ ലൗകികർക്ക് ഞാനെന്ന ഭാവവും എൻ്റേതെന്ന മമതയും കൈവിടാൻ വലിയ ബുദ്ധിമുട്ടാണ്. എങ്ങനെയാണ് ഞങ്ങൾ സംന്യാസം എന്ന മഹത്തായ സാധന നേടേണ്ടത്?

ആത്മനോ ഗുരുരാത്മൈവ
പുരുഷസ്യ വിശേഷത:
യൽ പ്രത്യക്ഷാനുമാനാഭ്യാം
ശ്രേയോfസാവനുവിന്ദതേ
( 1-7-20)
അവനവൻ്റെ ഗുരു അവനവൻ തന്നെയാണ് ഉദ്ധവരേ, ശ്രേയസ്സെന്തെന്ന് പ്രത്യക്ഷം കൊണ്ടും അനുമാനം കൊണ്ടും മനസിലാക്കാൻ മനുഷ്യന് കഴിയും.
കാരണം മനുഷ്യന് വിശേഷബുദ്ധിയുണ്ട്.

ഭ്രമകല്പനയും സത്യബോധവും വേവ്വേറെ തിരിച്ചറിയാൻ അവന് കഴിയും. അനശ്വരമായതിനെ കൈവരുത്തുന്ന ശ്രേയസ്സെന്തെന്ന് മനനത്തിലൂടെ കണ്ടെത്തി ബോദ്ധ്യപ്പെടാം.

ഗുരുവിനെ കൂടാതെ ആത്മാനുഭവം സാധ്യമേയല്ല എന്ന ചിലരുടെ വാദം ഭഗവാനിവിടെ തള്ളിക്കളയുന്നു.

ഭഗവാൻ തുടരുന്നു.

ഉള്ളിൽ സദാ സ്ഫുരിക്കുന്ന ഞാൻ ഞാൻ എന്ന ബോധത്തെ രാഗദ്വേഷങ്ങളകറ്റി ശുദ്ധമാക്കി പൂർണ്ണമായി അനുഭവിക്കുന്നത് തന്നെയാണ് ആത്മാനുഭവം.
ഇക്കാര്യത്തിൽ സത്യദർശികൾ തെളിയിച്ച രാജപാതയുണ്ട്.

ദൃഷ്ടാന്തമായി അവധൂതൻ്റേയും

യദുചക്രവർത്തിയുടേയും സംവാദം ഞാൻ നിനക്ക് പറഞ്ഞു തരാം.

ഭഗവാൻ ഉദ്ധവരെ കേൾപ്പിച്ച ആ അവധൂതയദുസംവാദം നാളെ വായിക്കാം.
ഹരേ കൃഷ്ണാ.
©✍️#SureshbabuVilayil

3+

Leave a Reply

Your email address will not be published. Required fields are marked *