
ശ്രീശുക ഉവാച
വൃഷ്ണീനാം പ്രവരോ മന്ത്രീ
കൃഷ്ണസ്യ ദയിത: സഖാ
ശിഷ്യോ ബൃഹസ്പതേ: സാക്ഷാദ്
ഉദ്ധവോ ബുദ്ധിസത്തമ:
(10-46-1)
ശ്രീശുകബ്രഹ്മർഷി കഥ തുടരുന്നു.
നന്ദഗോപരും ഗോപന്മാരും യാത്ര പറഞ്ഞ് പിരിഞ്ഞപ്പോൾ അധികം വൈകാതെ തങ്ങളും അവിടെ എത്താം എന്ന് കൃഷ്ണൻ ഉറപ്പ് കൊടുത്തിരുന്നു. എന്നാൽ ഗുരുകുലവാസവും മഥുരയിലെ പല തരം പ്രശ്നങ്ങളും കാരണം അത് പോലെ ചെയ്യാൻ കൃഷ്ണന് സാധിച്ചില്ല.
തങ്ങളെ കാണാത്ത ശോകത്താൽ രൂപപ്പെട്ട മനക്ലേശം കുറക്കാൻ ഒരാളെ അങ്ങോട്ടയയ്ക്കണം. അതിന് സർവ്വദാ യോഗ്യൻ ഉദ്ധവർ തന്നെ. ഉദ്ധവർ ബുദ്ധിസത്തമനും ബൃഹസ്പതിയുടെ ശിഷ്യനുമാണ്. കൃഷ്ണൻ്റെ സുഹൃത്താണ്. അച്ഛനമ്മമാരുടേയും ഗോപഗോപികമാരുടെയും ഉൾത്താപം ശമിപ്പിക്കാൻ ഉദ്ധവരോളം ചേർന്ന മറ്റൊരാളില്ല.
കൃഷ്ണൻ ഉദ്ധവരോട് പറഞ്ഞു.
ഇവിടെ നിന്നും വിട്ടു നില്ക്കാനുള്ള സാഹചര്യം ഇപ്പോഴില്ല. ഞങ്ങളുടെ അച്ഛനമ്മമാരും ഗോപന്മാരും ഗോപികമാരും മനോവിഷമത്തിൽ കഴിയുകയാണ്. വൃന്ദാവനത്തിൽ ചെന്ന് എൻ്റെ വിശേഷങ്ങൾ അവരെ ധരിപ്പിക്കണം.
ഗോപികളുടെ മനസ്സ് എന്നിൽ ലയിച്ചിരിക്കുകയാണ്. അവരുടെ ശരീരം മാത്രമേ അവിടെയുള്ളു. ആത്മാവ് എന്നിലാണ്. ”
കൃഷ്ണൻ്റെ നിർദ്ദേശം ശിരസാ വഹിച്ച് ഉദ്ധവർ യാത്ര പുറപ്പെട്ടു. ഗോവർദ്ധനപർവ്വതത്തിൻ്റേയും യമുനാനദിയുടെയും സമീപത്ത് കൂടി തേരോടിച്ച് ഉദ്ധവർ വൃന്ദാവനത്തിലെത്തി.
സന്ധ്യയോടടുത്ത സമയം. പശുക്കളേയും തെളിച്ച് ഗോപന്മാർ വീടുകളിലേക്ക് മടങ്ങുന്നു. ഓടുന്ന പശുക്കളുടെ ഇടയിലൂടെ തുള്ളി ച്ചാടിയോടുന്ന പശുക്കിടാങ്ങൾ. അവയുടെ കുളമ്പ് തട്ടിയുയരുന്ന ധൂളിയാൽ പരിസരം നിറഞ്ഞു. വശ്യമായ വേണുഗാനം എവിടെ നിന്നോ ഒഴുകി വരുന്നു.
കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് ഒരുങ്ങി നില്ക്കുന്ന ഗോപസ്ത്രീകളെ ഉദ്ധവർ കണ്ടു. കണ്ണനെ കാത്താണ് ആ ഒരുങ്ങിനില്പെന്ന് ആർക്കും തോന്നി പോകും. ആ ചുണ്ടുകൾ മന്ത്രിക്കുന്ന കൃഷ്ണനാമങ്ങൾ അവിടെ അലയടിക്കുന്നുമുണ്ട്.
വലുപ്പച്ചെറുപ്പമില്ലാതെ ഒരേ പോലെ നിർമ്മിച്ച ഗൃഹങ്ങളുള്ള വൃന്ദാവനം ഉദ്ധവർക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഗൃഹങ്ങളുടെ ഉൾഭാഗം മാലകൾ, ദീപങ്ങൾ, ധൂപങ്ങൾ എന്നിവയാൽ അലങ്കരിച്ചിട്ടുണ്ട്. കീർത്തനങ്ങൾ മുഴങ്ങുന്നുണ്ട്. കാഴ്ചകൾ കണ്ട് മനം നിറഞ്ഞ് ഉദ്ധവർ നന്ദഗോപരുടെ ഗൃഹത്തിനു സമീപമെത്തി.
ഉദ്ധവരെ കണ്ടതും നന്ദഗോപർ സന്തോഷത്തോടെ ആലിംഗനം ചെയ്തു. പനിനീർ കൊണ്ട് കാല് കഴുകിച്ചു. വിശപ്പടക്കാൻ ഭക്ഷണവും മൺ കോപ്പയിൽ തണുപ്പിച്ച ലസ്സിയും. ചൂടുപാലും കൊടുത്തു. കിടക്കാൻ പട്ടുമെത്ത നൽകി.
കുശലാന്വേഷണങ്ങൾക്ക് ശേഷം കൃഷ്ണൻ്റെ വിശേഷങ്ങൾ തിരക്കി. ഗോകുലവാസികൾക്ക് കൃഷ്ണൻ തന്ന ഉപകാരങ്ങൾ നന്ദഗോപർ എണ്ണിയെണ്ണി പറയാൻ തുടങ്ങി.
“ഒരിക്കൽ കൃഷ്ണൻ വ്രജവാസികളെ കാട്ടുതീയിൽ നിന്നും രക്ഷിച്ചു. ഇന്ദ്രയാഗത്തിൻ്റെ സമയത്ത് ഏഴു ദിവസം തോരാത്ത പേമാരി പെയ്തു. എന്നാൽ കൃഷ്ണൻ ഗോവർദ്ധന ഗിരിയെ കുട പോലെയാക്കിപ്പിടിച്ച് ഞങ്ങളെ രക്ഷിച്ചു. കാളിന്ദിയിൽ വിഷം വർഷിച്ച കാളിയനിൽ നിന്ന് പശുക്കളേയും ഗോപന്മാരേയും കാത്തു.ഒരിക്കൽ എന്നെ വിഴുങ്ങാൻ വന്ന പെരുമ്പാമ്പിൽ നിന്ന് രക്ഷിച്ചതും കൃഷ്ണൻ തന്നെ.
അവൻ്റെ വേർപാട് താങ്ങാൻ ഞങ്ങൾക്ക് കഴിയുന്നില്ലല്ലോ? ഇപ്പോൾ ആരുടെയോ പ്രേരണ കൊണ്ട് ഞങ്ങളെല്ലാം കുളിക്കുന്നു, ജപിക്കുന്നു. ഭക്ഷണം കഴിക്കുന്നു. നടക്കുന്നു അങ്ങനെ ജീവിച്ചു തീർക്കുന്നു.”
കൃഷ്ണനെ മറക്കാനാവുന്നില്ലല്ലോ? വൃന്ദാവനം മുഴുവൻ കൃഷ്ണൻ്റെ ഓർമ്മകൾ കൊണ്ട് സമൃദ്ധമാണ്. എവിടെയിരുന്നാലും കൃഷ്ണനായി ബന്ധപ്പെട്ട ഒരു കഥയെങ്കിലും ഓർമ്മ വരും. എന്നാലും കൃഷ്ണനും രാമനും ഞങ്ങളെ മറന്നല്ലോ?
രാമകൃഷ്ണന്മാരെ ഞാനെത്ര തോളിലേറ്റി നടന്നു? എൻ്റെ മുതുകത്ത് കയറി അവരെത്ര ആനകളിച്ചു.? അവരുടെ കുസൃതികളുടെ പിന്നാലെ വിശ്രമമില്ലാതെ ഓടി തളർന്ന യശോദ ഈ അവഗണന എങ്ങനെ സഹിക്കും?
സങ്കടം കാരണം ഒന്നും പറയാനാവാതെ നന്ദഗോപർ വിങ്ങിപ്പൊട്ടി. വാതിലിന് പിന്നിൽ മറഞ്ഞു നിന്ന യശോദമ്മയുടെ വിതുമ്പലും ഉദ്ധവർ കേട്ടു.
ഉദ്ധവർ അവരെ ആശ്വസിപ്പിച്ചു.
” നിങ്ങളുടെ മന:ക്ലേശം കൃഷ്ണൻ മനസ്സിലാക്കി. അത് കൊണ്ടാണ് എന്നെ ഇങ്ങോട്ടയച്ചത്. ചിലർ പ്രിയരെന്നും മറ്റു ചിലർ അപ്രിയരെന്നും ഉള്ള ഭാവങ്ങൾ കൃഷ്ണനില്ല. ഭേദചിന്തയില്ലേയില്ല.
കൃഷ്ണൻ അങ്ങയുടെ സ്വന്തമെന്ന് അഭിമാനിക്കുന്നത് പൂർണ്ണമായും ശരിയാണോ? കൃഷ്ണൻ്റെ സ്നേഹം ലോകർക്ക് മുഴുവൻ സ്വന്തമല്ലേ? അത് നമ്മൾക്ക് പരസ്പരം പങ്കുവെക്കാൻ ഉള്ളതല്ലേ? ലോകം മുഴുവൻ കൃഷ്ണനെ തേടുന്നു. സ്വന്തം മകനെന്നും മിത്രമെന്നും പ്രിയനെന്നും രക്ഷകനെന്നും ഹൃദയം കൊണ്ട് കൃഷ്ണനെ കരുതുന്നവർ ഇവിടെ വേറെയും ഉണ്ട്.
കൃഷ്ണൻ എവിടേയും പോയിട്ടില്ല. സദാ നമ്മുടെ കൂടെയുണ്ട്. കൃഷ്ണൻ്റെ പരമാർത്ഥതത്വത്തെ വിസ്തരിച്ച് രാത്രി മുഴുവൻ അവർ കഴിച്ചു കൂട്ടി.
ബ്രാഹ്മമുഹൂർത്തമായപ്പോൾ ഗോപഗൃഹങ്ങളിലെല്ലാം വെളിച്ചം പരന്നു. അടിച്ചു തളിച്ച് അകിൽ ചന്ദനം തുടങ്ങിയ പരിമളങ്ങൾ പുകച്ചു. വാതിലിൻ മുന്നിൽ മുറ്റത്ത് കോലം വരച്ചു.പശുക്കളെ കറക്കുകയും തൈർ കടയുകയും ചെയ്തു. കൃഷ്ണനെ കുറിച്ചുള്ള കീർത്തനങ്ങൾ മുഴങ്ങി
നന്ദഗോപരഥത്തിൻ്റെ മുമ്പിൽ സ്വർണ്ണാലങ്കാരങ്ങൾ കൊണ്ട് വിളങ്ങുന്ന രഥം അപ്പോഴാണ് ഗോപികമാർ കണ്ടത്. കൃഷ്ണനെ പോലെ തോന്നിപ്പിക്കുന്ന മഞ്ഞപ്പട്ടുടുത്ത ഉദ്ധവരെ അവർ കണ്ടു.
” പണ്ടൊരു ക്രൂരൻ വന്നാണ് നമ്മുടെ കണ്ണനെ അപഹരിച്ചത്. ഇയാൾ എന്തിനാണാവോ വന്നത്?”
ഉദ്ധവരുടെ സമീപത്ത് വേറേയും ഗോപികമാർ നില്പുണ്ട്. കൃഷ്ണൻ്റെ സന്ദേശവുമായി മഥുരയിൽ നിന്നും വന്നയാളാണ്.
ഒരു ഗോപിക ഒരു പീഠം കൊണ്ടുവന്ന് ഉദ്ധവരെ ഇരുത്തി. പൂജാദ്രവ്യങ്ങൾ കൊണ്ട് വന്ന് കാല്ക്കൽ വെച്ച് വിനയത്തോടെ നമസ്ക്കരിച്ചു.
മറ്റൊരു ഗോപിക ചോദിച്ചു.
അങ്ങ് കണ്ണൻ്റെ അച്ഛനമ്മമാരെ സമാധാനിപ്പിക്കാൻ വന്നതാണോ? ഞങ്ങളെയെല്ലാം കണ്ണൻ മറന്നു. യദുപതിയെന്ന ഭാവത്തിലല്ലേ ഇപ്പോൾ ഇരിപ്പ്? വലിയ മനുഷ്യർ അച്ഛനമ്മമാരെ മറക്കാറില്ല. അത് കൊണ്ട് കണ്ണന് നന്ദഗോപരേയും യശോദമ്മയേയും സമാധാനിപ്പിച്ചാൽ മതിയല്ലോ?
ഞങ്ങളെയൊക്കെ ആർക്ക് വേണം? വണ്ടുകൾ പൂക്കൾ തോറും പാറി നടന്ന് തേൻ കുടിക്കും പിന്നെ ഉപേക്ഷിക്കും. പൂക്കളെ മറക്കും. അവ പിന്നെ ഉണങ്ങിയാലും ചീഞ്ഞാലും വണ്ടുകൾക്കെന്ത്?
അപ്പോൾ തേൻ കുടിച്ച് മദിച്ച ഒരു വണ്ട് അവരുടെ ഇടയ്ക്ക് വന്ന് വീണു. അതിൻ്റെ ശരീരമാകെ പൂമ്പൊടി നിറഞ്ഞ് മഞ്ഞച്ചിരുന്നു.
ഒരു ഗോപിക അപ്പോൾ പാടി.
ഹേ, ഭ്രമരമേ… വർണ്ണം കൊണ്ട് നീയും കൃഷ്ണ ബന്ധുവാണല്ലോ? നീയും നിൻ്റെ യജമാനനും കള്ളുകുടിയനും, കള്ളന് കഞ്ഞി വെച്ചവനുമാണോ? മദ്യപന്മാർ വഞ്ചിക്കാൻ മടിയില്ലാത്തവരാണ്. മറ്റാരെയും സ്നേഹിക്കുന്നില്ലെന്ന് പറഞ്ഞ് ഞങ്ങളെ വഞ്ചിച്ച കള്ള കൃഷ്ണൻ നിന്നോടെന്താണ് ചൊല്ലിയയച്ചത്?
മദോന്മത്തനായ വണ്ടേ, നിൻ്റെ സ്വാമി മധുപതിയാണ്. ഞങ്ങളുടെ ബുദ്ധിയെ ഭ്രമിപ്പിച്ചത് അവനാണ്. അവൻ്റെ അധരാമൃതം ബലമായി പാനം ചെയ്യിപ്പിച്ചാണ് ഇങ്ങനെയായത്. ഞങ്ങളിപ്പോൾ ധർമ്മാധർമ്മങ്ങൾ മറന്നു പോയി. ഇഹലോകത്തോ ഗതിയില്ല. ഇപ്പോൾ പരലോകത്തും ഗതിയില്ലാതായി.
കൃഷ്ണൻ്റെ വാക്കുകൾ ഞങ്ങൾ കുറേ കേട്ടു. ഇനിയൊന്നും കേൾക്കണ്ട. കേട്ടതൊക്കെ മതി.
ഭാഗവതം ദശമത്തിലെ 46-ാം അദ്ധ്യായത്തിന് ഭ്രമരഗീതം എന്നാണ് പേര്. കൂടുതൽ വർണ്ണിച്ച് ഇവനതിൻ്റെ സ്വാരസ്യം കളയുന്നില്ല.
നല്ലൊരു മനശ്ശാസ്ത്ര വിദഗ്ദ്ധനെ പോലെ പരിഭവങ്ങളെല്ലാം പെയ്ത് തീരട്ടെ എന്ന് കരുതി ഉദ്ധവർ മിണ്ടാതിരുന്നു. ആ ഭ്രമരഗീതം പെയ്ത് തോർന്നപ്പോൾ ഉദ്ധവർ പറഞ്ഞു.
സാധ്വികളേ, ഞാൻ കൃഷ്ണൻ്റെ അസാധാരണമിത്രമാണെന്ന് ധരിക്കുവിൻ. ഏത് രഹസ്യമായാലും കൃഷ്ണൻ എന്നോട് മാത്രമേ പറയൂ. പ്രിയൻ്റെ സന്ദേശത്തെ നിങ്ങളെ അറിയിക്കാൻ എന്നെ അയച്ചതാണ്. അത് കേട്ടോളൂ.
കൃഷ്ണസന്ദേശം ഉദ്ധവർ അവരെ കേൾപ്പിച്ചു.
“ഗോപികമാർ എന്നേയോ ഞാൻ ഗോപികമാരേയോ പിരിഞ്ഞിട്ടില്ല. ഞാൻ ജഗത്ത് മുഴുവൻ നിറഞ്ഞ് നില്ക്കുന്ന ചൈതന്യമാണ്. നിമിത്തകാരണ സ്വരൂപനായ ഞാൻ ജഗത്തിനെ സൃഷ്ടിക്കുന്നു. എന്നിൽ തന്നെ അതിനെ വസിപ്പിക്കുന്നു. മായാശക്തിയുടെ സഹായത്താൽ മര്യാദ തെറ്റാതെ നിലനിർത്തുന്നു. അവസാനം നശിപ്പിക്കുകയും ചെയ്യും.
ഞാൻ ചേരാത്തതൊന്നും ഇവിടെയില്ല. എന്നാൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, ദേവൻ, അസുരൻ, അന്ധൻ, മുടന്തൻ, ദാഹിക്കുന്നവൻ,വിശക്കുന്നവൻ എന്നിങ്ങനെയുള്ള അവസ്ഥകളോട് എനിക്കശേഷം ബന്ധമില്ല.
ഞാൻ തന്നെയാണ് നിങ്ങളുടെ ആത്മാവായി പരിലസിക്കുന്നത്. മനസ്സുമായി എനിക്ക് ചേർച്ചയില്ല. മനസ്സിനെ അടക്കിയാൽ ആത്മാവിൻ്റെ ജ്ഞാനസ്വരൂപാനന്ദം ലഭിക്കും.
അതു കൊണ്ട് എൻ്റെ വിരഹം നിങ്ങൾക്ക് സംഭവിച്ചിട്ടേയില്ലെന്ന് ചിന്തിച്ച് ഇരിക്കൂ. നിങ്ങളുടെ പരമപ്രേമം ഞാനറിയുന്നു. നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ നിങ്ങളെ കാണുന്നുണ്ട്. ഞാൻ നിങ്ങളുടെ ഹൃദയത്തിൽ വസിക്കുന്നുവെന്ന് ധരിക്കുവിൻ.
ഒരിക്കൽ കൂടി പറയാം. മനസ്സിൽ വന്ന് ഞാൻ ചേരില്ല. മനസ്സിനെ എന്നോട് ചേർക്കേണ്ടത് നിങ്ങളാണ്. എന്നെക്കുറിച്ചുള്ള നിരന്തരചിന്ത കൊണ്ട് നിങ്ങൾക്കെന്നെ പ്രാപിക്കാം”
പ്രിയതമൻ്റെ സന്ദേശവാക്യം കേട്ട് കൃഷ്ണൻ അവരോടൊപ്പമുണ്ടെന്ന സാക്ഷാൽക്കാരം ഗോപികമാർക്ക് ലഭിച്ചു.
“ഞങ്ങളെങ്ങനെയോ ആകട്ടെ. കൃഷ്ണൻ്റെ സുഖവൃത്താന്തമാണ് പരമസുഖപ്രദം.”
ഉദ്ധവർ കുറെ നാളുകൾ കൂടി വൃന്ദാവനത്തിൽ തങ്ങി. കണ്ണനെ മാത്രം വാക്കിലും നോക്കിലും ചിന്തയിലും പ്രവൃത്തിയിലും സന്നിവേശിച്ച ഗോപസ്ത്രീകളുടെ ഭക്തി കണ്ടപ്പോൾ ഉദ്ധവർക്ക് തോന്നി.
“ഗോപികമാരെ സാന്ത്വനിപ്പിക്കാനല്ല അവരിൽ നിന്നും ഏകാന്തഭക്തി എന്തെന്നറിയാനാണ് കൃഷ്ണൻ എന്നെ ഇങ്ങോട്ടയച്ചത് ”
ഉദ്ധവർ ചിന്തിച്ചു.
” ഗോപസ്ത്രീകളുടെ ഭക്തിയെ കുറിച്ചോർക്കുമ്പോൾ ഞാനെത്ര നിസ്സാരൻ. ഭയമല്ല. ഭഗവദ്പ്രേമമാണ് ഭക്തിയുടെ ഉദാത്തഭാവമെന്ന പാഠം അവരിൽ നിന്ന് തന്നെ പഠിക്കണം. ഗോപികമാരെ പാദനമസ്ക്കാരം ചെയ്യാനുള്ള അർഹത പോലും എനിക്കില്ല. അതുകൊണ്ട് ആ പാദധൂളികളെ നമസ്ക്കരിക്കാം”.
ഉദ്ധവർ ഭക്തിയാൽ ബാഷ്പം നിറഞ്ഞ നേത്രങ്ങളോടെ ആ വ്രജഭൂമിയിൽ വീണു കിടന്നുരുണ്ടു.
വന്ദേ നന്ദവ്രജസ്ത്രീണാം
പാദരേണുമഭീക്ഷ്ണശ:
യാസാം ഹരികഥോദ്ഗീതം
പുനാതി ഭുവനത്രയം
(10-47-63)
©✍️#SureshbabuVilayil