ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 41

സുരേഷ് ബാബു വിളയിൽ

പ്രണയത്തിൻ്റെ അർത്ഥമറിയാതെ വർത്തമാനകാലം ഉഴലുന്നു. എന്നാൽ ഭാഗവതം ആ സമസ്യയെ അത്ഭുതകരമായി മറികടക്കുന്നു.

ഒരിടത്ത് ഒരാൾ പ്രണയത്തിൻ്റെ പേരിൽ വർഷങ്ങളോളം കാമുകിയെ തടവിലിട്ടപ്പോൾ മറ്റൊരിടത്ത് പ്രണയം നിരസിച്ച ക്രോധത്തിൽ ഒരാൾ വീട്ടിൽ അതിക്രമിച്ച് ചെന്ന് അവളെ കുത്തിക്കൊല്ലുന്നു.

ഭാഗവതം പറയുന്നു.

പ്രണയത്തിൽ കാമമില്ല. അതിന് ഉടമഭാവമില്ല.അതാരേയും അടിമയാക്കാൻ മോഹിക്കുന്നില്ല. ഇണയുടെ അതിരില്ലാത്ത സ്വാതന്ത്ര്യമാണ് പ്രണയത്തിൻ്റെ ആത്മാവ്.

ശിവൻ്റെ മൂന്നാം തൃക്കണ്ണിലെ അഗ്നിയിൽ കാമൻ എരിഞ്ഞപ്പോൾ പാർവ്വതിക്ക് പരമേശ്വരൻ്റെ പ്രേമം സാധ്യമായി. രാസക്രീഡയിലൂടെ കൃഷ്ണനും ഗോപികമാരും കാമനെ ജയിച്ചു.

വൈവിദ്ധ്യമാർന്ന ഭാവങ്ങളുടെ സഞ്ചയമായ മനസ്സിലെ ധ്വനി, രസം, ഭാവം,വിഭാവം എന്നിവയെ ഭാരതീയആചാര്യന്മാര്‍ പണ്ട് മുതലേ വ്യാഖ്യാനിച്ചിരുന്നു.

ഇതിൽ രസമാണ് കലയുടേയും സാഹിത്യത്തിൻ്റേയും ജീവൻ. ഉപനിഷത്തുകൾ സർവ്വം ബ്രഹ്മമയം ജഗത് എന്ന പോലെ സർവ്വം രസമയം ജഗത് എന്നും ദർശിക്കുന്നു.രസോ വൈ സ: എന്ന് തൈത്തരീയോപനിഷത്ത് ലളിതമായി പറഞ്ഞു.രസാനുഭവം ആനന്ദമാണ്.ബ്രഹ്മസായൂജ്യവും ആനന്ദം തന്നെ. രസത്തിൽ നിന്ന് ആനന്ദത്തേയും ആനന്ദത്തിൽ നിന്ന് രസത്തേയും വേർതിരിക്കാൻ കഴിയില്ലെന്ന് നാട്യശാസ്ത്രം രചിച്ച ഭരതമുനി പറയുന്നു.

നവരസഭരിതമാണ് കൃഷ്ണകഥ.

രസരാജൻ ശൃംഗാരമാണ്. ഭഗവാൻ പലതായി മാറി സ്വരൂപാനന്ദത്തിൽ രമിക്കുന്നനതിനെ ശൃംഗാരകഥ എന്ന വ്യാജേന രാസപഞ്ചാദ്ധ്യായി എന്ന പേരിൽ ദശമം 29 മുതൽ 33 വരെ ഭാഗവതം വർണ്ണിക്കുന്നു. രാസക്രീഡയുടെ ഫലശ്രുതി കാമത്തെ ജയിക്കലാണ്.

ഭാഗവതത്തിലെ രാസലീലാഭാഗം വായിക്കുമ്പോൾ യഥാർത്ഥ രസം ആസ്വദിക്കണമെങ്കിൽ വക്താവ് ശ്രീശുകബ്രഹ്മർഷിയെ പോലുള്ള സ്വഭാവഗുണം ആർജിക്കണം. പിതാവും വൃദ്ധനുമായ വ്യാസരെ കണ്ടപ്പോൾ നാണം മറക്കാൻ വസ്ത്രം തേടിയ ദേവാംഗനമാർക്ക് യുവാവായ ശുകനെ കണ്ടപ്പോൾ ഒരു ഭാവഭേദവും ഉണ്ടായില്ല എന്ന കഥ ഓർക്കുക.കാണുന്നവൻ്റെ മനസ്സിലാണ് നഗ്നതയിലെ അശ്ലീലം.

മഹാവിഷ്ണു ഭൂമിയിൽ കൃഷ്ണനായി അവതരിച്ച കാലം മുതൽ കാമദേവൻ തക്കം പാർത്തിരുന്നു. കാർത്ത്യായനീ വ്രതമനുഷ്ഠിച്ച് വിവസ്ത്രകളായി യമുനാനദിയിൽ നീരാടിയ ഗോപികമാരുടെ ചേലകൾ ബാലനായ കൃഷ്ണൻ അപഹരിച്ചു.

ഏഴ് വയസ്സ് മാത്രം പ്രായമായ കൃഷ്ണൻ അവരുടെ നഗ്നമേനി കാണാനാണിത് ചെയ്തതെന്ന് കാമദേവൻ തെറ്റിദ്ധരിച്ചു. ബാണങ്ങളഞ്ചും പ്രയോഗിച്ചിട്ടും ഒരു ഭാവഭേദവും കൃഷ്ണനിൽ കണ്ടില്ല.എന്നാൽ ഗോപികമാർക്ക് മല്ലീശരനെ ചെറുക്കാനായില്ല. അവർ കാമാർത്തകളായി മാറി. മനസ്സ് കൊണ്ട് വരണമാല്യം ചാർത്തി അവർ കൃഷ്ണനെ പതിയായി വരിച്ചു.

കാർത്ത്യായനി മഹാമായേ
മഹായോഗിന്യധീശ്വരീ
നന്ദഗോപസുതം ദേവീ
പതീം മേ കുരുതേ നമ:
ഭക്തർ എപ്രകാരം എന്നെ അറിയുന്നുവോ അപ്രകാരം ഞാൻ അവരേയും അറിയുന്നു.
യേ യഥാം മാം പ്രപദ്യന്തേ
താം സ്തഥൈവ ഭജാമ്യഹം
മമ വർത്മാനുവർത്തന്തേ
മനുഷ്യാ: പാർത്ഥസർവ്വശ:
(ഭഗവദ് ഗീത.4 – 11)
ഭക്തനോടുള്ള ഭഗവാൻ്റെ രീതി ഇതാണ്.

പൗർണ്ണമിനാളിൽ ഗോപികമാരുടെ മനോരഥം സാധിപ്പിക്കാം എന്ന് കൃഷ്ണൻ പറഞ്ഞു. കൃഷ്ണനെ പരീക്ഷിക്കാൻ ഒരവസരം കൂടി കിട്ടിയതിൽ കാമദേവനും സന്തോഷിച്ചു.
ശരത്കാല പൗർണ്ണമിയിലെ ചന്ദ്രികാചർച്ചിതമായ ആ രാവിൽ യമുനാതീരത്തെ കാടുകളെല്ലാം പൂത്തുലഞ്ഞു.ഇളം കാറ്റും വെണ്ണിലാവും രാത്രിയെ കൂടുതൽ മനോഹരമാക്കി.ഉണ്ണിക്കണ്ണൻ മധുരമനോഹരമായ ഒരു രാഗം മുരളിയിൽ വായിച്ചു.

ആ ഗാനമാധുരിയിൽ ലയിച്ച ഗോപികമാർ എല്ലാം മറന്നോടി കൃഷ്ണസമീപമെത്തി. അടുപ്പത്ത് പാല് വെച്ചത് തൂവിപോയത് അറിയാത്തവരും, കുട്ടികളെ പാലൂട്ടി പാതിവഴിയിൽ നിർത്തിയവരും, പുറത്തിറങ്ങുമ്പോൾ ധരിക്കുന്ന മേൽവസ്ത്രമിടാൻ മറന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. വീട് വിട്ടിറങ്ങാൻ കഴിയാത്ത അപൂർവം ചിലർ മുരളീഗാനം കേട്ട് കണ്ണനെ ഭാവനയിൽ കണ്ട് എല്ലാം മറന്നിരുന്നു.

കൃഷ്ണനെ കാമുകഭാവത്തിലാണ് ഗോപികമാർ കരുതിയത്.

ദേഹബോധമില്ലാത്ത ബ്രഹ്മാനന്ദം കാമം കൊണ്ട് ഗോപികമാർ എങ്ങനെ അനുഭവിച്ചുവെന്ന് ശ്രോതാവായ പരീക്ഷിത്തിന് സംശയം തോന്നി.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു.
കാമം ക്രോധം ഭയം സ്നേഹ മൈക്യം സൗഹൃദമേവ ച
നിത്യം ഹരൗ വിദധതോ യാന്തി തന്മയത്വം ഹി തേ
(10-29-15)
ഇതൊരു മനശ്ശാസ്ത്രരഹസ്യമാണ്. കാമം, ക്രോധം, ഭയം, സ്നേഹം, ഐക്യം,സൗഹൃദം തുടങ്ങിയ വികാരങ്ങൾ ഈശ്വരനെന്ന സങ്കല്പത്തിൽ ഒരു വ്യക്തിയിൽ പ്രയോഗിച്ചാൽ ആ വികാരങ്ങൾ മാറി തന്മയീഭാവം വന്നു ചേരും.

കൃഷ്ണൻ ഈശ്വരനാണെന്ന ഭാവം ഗോപികമാരിൽ ദിനംപ്രതി വളർന്നു ഗോവർദ്ധനോദ്ധാരണം അതിനെ അരക്കിട്ടുറപ്പിച്ചു. കൃഷ്ണൻ്റെ അത്ഭുതകർമ്മങ്ങൾ ഓർമ്മിച്ചും പാടിയും നിത്യകർമ്മങ്ങളെല്ലാം ഭഗവാനുള്ള പൂജയായി മാറി. അങ്ങനെയുള്ള കൃഷ്ണനിൽ തന്മയീഭാവം വന്നില്ലെങ്കിലേ അത്ഭുതമുള്ളു.

തൻ്റെ സമീപം വന്നെത്തിയ ഗോപികമാരോട് കൃഷ്ണൻ പറഞ്ഞു.

” എൻ്റെ പ്രിയപ്പെട്ട സഖിമാരേ .. നിങ്ങൾക്ക് സ്വാഗതം. രാവിൽ വീട് വിട്ടിറങ്ങിയ നിങ്ങളേയും കാത്ത് ഭർത്താക്കന്മാരും,മക്കളും ബന്ധുക്കളും കാത്തിരിക്കുന്നു. അതു കൊണ്ട് നിങ്ങൾ മടങ്ങി പോകൂ ”

അത് കേട്ടപ്പോൾ മാത്രമാണ് വീടിനെ കുറിച്ച് ഗോപികമാർ ഓർത്തത്. എന്നാൽ അവരാരും മടങ്ങിപ്പോയില്ല. എത്ര ശ്രമിച്ചിട്ടും കണ്ണനെ വിട്ടു പോവാൻ മനസ്സ് അനുവദിക്കുന്നില്ല. കണ്ണനെ തൊട്ടും തലോടിയും മാറോടണച്ചും ഉമ്മ വെച്ചും അവരവിടെ തന്നെ നിന്നു. കൃഷ്ണന് തന്നോടാണ് ഏറ്റവും പ്രേമമെന്നും കൃഷ്ണനെ താനാർക്കും വിട്ടുകൊടുക്കില്ലെന്നും ഓരോ ഗോപികയും മനസ്സിൽ കരുതി.
കൃഷ്ണനത് മനസ്സിലാക്കി. ഇത് ശരിയല്ലല്ലോ? ഇത് സ്വാർത്ഥമല്ലേ?ഭഗവാൻ പെട്ടെന്ന് അവിടെ നിന്നും മറഞ്ഞു. അതോടെ ഗോപികമാർ ദുഃഖാർത്തകളായി.

അവിടെ കണ്ട ചെടികളോടും വള്ളികളോടും, പക്ഷികളാേടും, ആകാശത്തെ നക്ഷത്രങ്ങളൊടും ഗോപികമാർ ചോദിച്ചു.

“കണ്ണനെവിടെ. ഞങ്ങളുടെ ഉണ്ണിക്കണ്ണനെവിടെ? അവൻ ഞങ്ങളെ വഞ്ചിച്ച് കടന്നു കളഞ്ഞു. എവിടെയുണ്ടെങ്കിലും ഞങ്ങളോട് പറയണേ… ”

ഒരു ഗോപിക കണ്ണനെ പോലെ വേഷം കെട്ടി. മുരളിയൂതി. ചിലർ ഗീതങ്ങൾ പാടി. കണ്ണൻ്റെ കഥ പറഞ്ഞു. കാളിയമർദ്ദനമാടി. എന്നിട്ടും കൃഷ്ണൻ വന്നില്ല അപ്പോൾ അവരെല്ലാം വാവിട്ട് കരയാൻ തുടങ്ങി.

എവിടെ നിന്നോ മുരളി പൊഴിക്കുന്ന ദിവ്യഗാനം കേട്ടു. കണ്ണനവരുടെ മുമ്പിൽ എത്തി. സന്തോഷവായ് പോടെ അവർ വീണ്ടും കണ്ണനെ ലാളിച്ചു. ഒരുവൾ രോഷാകുലയായി കണ്ണനെ മുല്ലമാല കൊണ്ടടിച്ചു. എല്ലാവരും കണ്ണനെ തൊട്ട് ചുറ്റും കൂടി ഇരുന്നു. ഒരു ഗോപിക കണ്ണനോട് ചോദിച്ചു.

“കണ്ണാ, ഒരു കൂട്ടർ ഇങ്ങോട്ട് സ്നേഹിക്കുന്നവരെ മാത്രം തിരിച്ചും സ്നേഹിക്കുന്നു. എന്നാൽ രണ്ടാമത്തെ കൂട്ടർ തങ്ങളോട് സ്നേഹമില്ലെന്ന് മനസ്സിലായിട്ടും തിരിച്ച് സ്നേഹം കൊടുക്കുന്നു. മൂന്നാമത്തെ കൂട്ടർ ആരെയും സ്നേഹിക്കുന്നേയില്ല”

കൃഷ്ണൻ പുഞ്ചിരി തൂകി കൊണ്ട് ഗോപികമാരോട് പറഞ്ഞു.

എൻ്റെ സഖിമാരേ, പരസ്പരമുള്ള സ്നേഹം സ്വാർത്ഥം കൊണ്ടാണ്. നീ എൻ്റേതു മാത്രമാവണമെന്ന ഒരു സ്വാർത്ഥം അതിലുണ്ട്. സ്വാർത്ഥം നടക്കാഞ്ഞാൽ അതേ സ്നേഹം വിദ്വേഷമായി മാറും. ഇങ്ങോട്ടു സ്നേഹിക്കാത്തവരെ പോലും സ്നേഹിക്കുന്നവരെ നോക്കൂ. അവർ കരുണാമയരാണ്. ധർമ്മിഷ്ഠരാണ്.

ഇരുകൂട്ടരേയും സ്നേഹിക്കാത്ത നാല് തരക്കാരുണ്ട്. ആത്മാവിൽ ആനന്ദം കണ്ട ആത്മാരാമന്മാർ, മോഹങ്ങളെല്ലാം നേടിക്കഴിഞ്ഞ ആപ്തകാമന്മാർ. ഈ രണ്ടു കൂട്ടർക്കുംആരെ സ്നേഹിച്ചിട്ടും പ്രയോജനമില്ല. ഇവർ സത്യത്തെ ദർശിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു.

ആരെയും സ്നേഹിക്കാത്ത മൂന്നാമത്തെ കൂട്ടർ കൃതജ്ഞത എന്തെന്നറിയാത്ത മൂഢന്മാരാണ്.

നാലാമത്തെ കൂട്ടർ ഗുരുക്കന്മാരെ പോലും ദ്രോഹിക്കാൻ മടിക്കാത്ത നീചന്മാരാണ്.

എന്നാൽ ഞാൻ ചിലപ്പോൾ എന്നെ സ്നേഹിക്കുന്നവരോട് സ്നേഹമില്ലായ്മ നടിക്കാറുണ്ട്.

അതെന്തിനാണെന്നോ?പറയാം.

ദരിദ്രന് കിട്ടിയ പണം നഷ്ടപ്പെട്ടാൽ അവൻ ശേഷിച്ച കാലം മുഴുവൻ പണത്തെ കുറിച്ച് മാത്രംചിന്തിക്കും. അതുപോലെ എന്നെ നഷ്ടപ്പെട്ടാൽ ഭക്തന്മാരും എന്നെക്കുറിച്ച് മാത്രം ചിന്തിക്കില്ലേ? അതിൻ്റെ പേരിൽ നിങ്ങളെന്നെ കുറ്റക്കാരനാക്കരുത്.

വിപ്രലംഭശൃംഗാരത്തിൻ്റെ മാധുര്യം നുണഞ്ഞ് മഹാരാസകേളിക്ക് തുടക്കമായി. അന്യോന്യം കൈകൾ കോർത്തു പിടിച്ച് ഗോപികമാർ രാസോത്സവലഹരിയിലമർന്നു. യോഗേശ്വരനായ കൃഷ്ണൻ അനേകമായി മാറി. രണ്ട് ഗോപികമാർക്കിടയിൽ ഒരു കൃഷ്ണനെന്ന പോലെ എല്ലാ വർക്കും അനുഭവപ്പെട്ടു.

ദേവാംഗനമാർ മോഹിതരായി. നക്ഷത്രഗണങ്ങളോടൊപ്പം ചന്ദ്രനും അത്ഭുതപരതന്ത്രനായി. എത്ര ഗോപികമാരുണ്ടോ അത്രയും കൃഷ്ണന്മാരെ അവിടെ കണ്ടു.

ഇത്രയുമായപ്പോൾ കഥ കേൾക്കുന്ന പരീക്ഷിത്തിന് സംശയമുദിച്ചു. അദ്ദേഹം ചോദിച്ചു.

“മഹർഷേ, അധർമ്മം തുടച്ചു നീക്കാൻ അവതരിച്ച ഭഗവാൻ തന്നെ ധർമ്മ വിരുദ്ധമായി പരസ്ത്രീകളോടൊത്ത് ഇങ്ങനെ പെരുമാറിയത് ശരിയോ?

ഈശ്വരീയപ്രേമവും ലൗകികൻ്റെ പ്രേമവും രണ്ടെന്നറിയാത്തവർക്ക് തോന്നുന്ന അതേ സംശയമാണ് രാജാവിനും തോന്നിയത്.

ശ്രീശുകൻ പറഞ്ഞു.

രാജാവേ, ഈശ്വരന്മാർ ഇത്തരം ധർമ്മവ്യതിക്രമങ്ങളിൽ ചിലപ്പോഴെല്ലാം ഏർപ്പെടാറുണ്ട്. തേജോമയന്മാരായ അവർക്ക് അതുകൊണ്ടൊരു ദോഷവും സംഭവിക്കാറില്ല. അത്യന്തം മലിന വസ്തുവിനെ ഭുജിച്ചാൽ പോലും അഗ്നിക്ക് ദോഷം വരാറില്ലെന്ന് മാത്രമല്ല അതിൻ്റെ മലിനത മാറി പവിത്രമാവുകയും ചെയ്യുന്നു പശുവിൻ്റെ വിസർജ്യം അഗ്നിയിൽ ചുടുമ്പോൾ പവിത്രമായ ഭസ്മം കിട്ടുന്നത് പോലെ.

നൈതേത് സമാചരേജ്ജാതു
മനസാപി ഹ്യനീശ്വര:
വിനശ്യത്യാചരന്മൗഢ്യാദ്
യഥാരുദ്രോfബ്ധിജം വിഷം
(10-33-31)
ഈശ്വരനല്ലാത്തവൻ മനസ്സ് കൊണ്ട് പോലും ഇത്തരം സാഹസം ചെയ്യാൻപാടില്ല. ലൗകികർ ഇതിനെ പിന്തുടർന്നാൽ ശിവഭഗവാൻ്റെ കാളകൂടവിഷപാനം കണ്ട് മറ്റൊരുവൻ അത് ചെയ്ത ഗതിയാവും.

രാസലീലയിടയിട്ടുംഗോപികമാരുടെ ഭർത്താക്കന്മാർ ആരും കൃഷ്ണനെ നിന്ദിച്ചില്ല. ഭഗവാൻ്റെ മായയിൽ മോഹിതരായ ഗോപന്മാർ ആ രാത്രികളിലും അവരുടെ ഭാര്യമാർ സമീപത്ത് തന്നെ ശയിക്കുന്നതായി കണ്ടു.

ഇതിനെക്കുറിച്ച് സാഹിത്യകേസരി പണ്ഡിറ്റ് പി.ഗോപാലൻ നായർ പറയുന്നു.

” ലോകത്തിൽ ആചാരത്തെ തെറ്റിനടക്കുന്ന ചില കുബുദ്ധികൾ അവർ ചെയ്ത നിന്ദിതകർമ്മത്തെ ന്യായീകരിക്കാൻ ശ്രീകൃഷ്ണൻ ചെയ്തതുപോലെ തങ്ങളും ചെയ്തുവെന്ന് പറഞ്ഞാൽ അവർക്ക് ഈ വിധം പ്രാഭവം ഇല്ലാത്തതിനാൽ ഇന്ദ്രിയവശന്മാർ ആയ അവരുടെ വാക്കിനേയും പ്രവൃത്തിയേയും ഒരുത്തരും അംഗീകരിക്കരുത് ”

പൂർണ്ണകാമനാണ് ഭഗവാൻ എന്ന ഉപനിഷദ്തത്ത്വത്തെ രാസം ശരിവെക്കുന്നു. ഉപനിഷത്തിൻ്റെ ലാവണ്യശാസ്ത്രഭൂമികയിൽ ബിംബകല്പനയായി പലപ്പോഴും ശരീരവും ആത്മാവും വരുന്നുണ്ട്. രാസവും വരുന്നുണ്ട്.

ദൈവികാനുഭവത്തിൻ്റെ ഈ ബ്രഹ്മാനന്ദസോദരസാധ്യത രാസലീലയിലൂടെ വ്യാസരും ഭാഗവതത്തിൽ പ്രയോഗിച്ചു എന്ന് കരുതാം.

ഈ ഖണ്ഡം ഭക്തരുടെ മനസ്സിലെ ഭഗവാനുമൊത്തുള്ള ലീലയായി മാറട്ടെ എന്ന് പ്രാർത്ഥിക്കാം.
സർവ്വം രസമയം ജഗത്
സർവ്വം ബ്രഹ്മമയം ജഗത്
ഹരേ കൃഷ്ണ.
(ചിത്രം കടപ്പാട് Google)
©✍️#SureshbabuVilayil

4+

Leave a Reply

Your email address will not be published. Required fields are marked *