ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 4

സുരേഷ് ബാബു വിളയിൽ

ഏഴ് ദിവസം കൊണ്ട് വായിച്ച് അർത്ഥം പറയുന്ന ഭാഗവതസപ്താഹങ്ങൾ നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ അതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.

ഗംഗാതീരത്താണ് ആദ്യസപ്താഹം നടന്നത്. അതിന് നിമിത്തമായതോ, പരീക്ഷിത് രാജാവ്,തക്ഷകൻ എന്ന സർപ്പം കടിച്ച് ഏഴാംനാൾ മരിക്കും എന്ന മുനിശാപവും.വിവരമറിഞ്ഞ രാജാവ് കൊട്ടാരത്തിൽ നിന്നിറങ്ങി. അദ്ദേഹം ഗംഗയുടെ തെക്കെകരയിൽ, അഗ്രം കിഴക്കോട്ടാക്കി നിരത്തി വെച്ച കുശപ്പുല്ലുകളിൽ വടക്കോട്ട് മുഖവും തിരിച്ച് മരണത്തേയും കാത്ത് നിർഭയനായി ഇരുന്നു.

ധീരമായ ഈ പ്രായോപവേശനിശ്ചയം കേട്ടറിഞ്ഞ് അമാത്യൻമാരും,പ്രജകളും, കുറേ മുനിമാരും അവിടെയെത്തി. മുനിമാരോടായി രാജാവ് ഇങ്ങനെ ചോദിച്ചു .

” അല്ലയോ മുനിമാരേ, എല്ലാ തരത്തിലും മരണത്തെ സമീപിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ കളങ്കമില്ലാതെ അനുഷ്ഠിക്കേണ്ട കൃത്യം എന്താണ്? ചിന്തിച്ച് ഇതിനുള്ള സമാധാനം എന്നെ അറിയിച്ചാലും.”

അപ്പോഴാണ് വ്യാസപുത്രനായ ശ്രീശുകൻ യദൃച്ഛയാ അവിടേക്ക് വരുന്നത്. ആത്മാരാമനായ ശ്രീശുകബ്രഹ്മർഷിയെ കണ്ട് മുനിമാർ സന്തുഷ്ടചിത്തരായി. രാജാവിൻ്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാൻ ശുകനിലും യോഗ്യനായ ഒരാളില്ല.

ലോകം മുഴുവൻ ചുറ്റി, സത്യത്തെ അനുഭവവേദ്യമാക്കിയവനാണ് ശുകൻ.പതിനാറ് വയസ്സുകാരൻ്റെ രൂപഭംഗിയുളള ജ്ഞാനവൃദ്ധൻ. അവധൂതവേഷനായിട്ട് കൂടി സദാ സമയവും സ്ത്രീകളും കുട്ടികളും പിന്തുടരുന്നവൻ.

യദൃച്ഛാലാഭസന്തുഷ്ടൻ. സ്വരൂപമായ ബ്രഹ്മാനന്ദസുഖം നിരന്തരം അനുഭവിക്കുന്നവൻ, വായുമാത്രം ഭക്ഷിച്ച് ഒരു നൂറ്റാണ്ട് കാലം മഹാദേവനെ തപസ്സ് ചെയ്തപ്പോൾ വ്യാസർക്ക് കിട്ടിയ ഓമനപ്പുത്രൻ.
അച്ഛൻ തന്നെയായിരുന്നു ശുകൻ്റെ ആദ്യ ഗുരു, അധികാരം, പണം, പദവി, പ്രശസ്തി എന്നിവ കേവലം ലോകഭോഗങ്ങളാണെന്നും അതൊന്നും മഹത്ത്വത്തിന് ആധാരമല്ലെന്നും വ്യാസർ മകനെ പഠിപ്പിച്ചു.

” അറിവിലാണ് പരമ മഹത്വം.അത് നേടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് മഹാകർമ്മം.സ്വയം അനുശീലനം ചെയ്ത് ബോദ്ധ്യമാവാത്തതൊന്നും അറിവല്ല. തപം ചെയ്ത് വേണം അറിവ് നേടാൻ.”

സ്ത്രീപുരുഷഭേദഭാവന തെല്ലു മില്ലാതെ,ബ്രഹ്മമാത്രാസ്വരൂപനായി കുരുദേശങ്ങളിലും ജാംഗലദേശങ്ങളിലും ഹസ്തിനപുരത്തിലും ഭ്രാന്തൻ, മൂകൻ, ജഡൻ എന്നിവരെ പോലെ ശുകൻ അലഞ്ഞു തിരിഞ്ഞു.

എവിടെ ചെന്നാലും ഗോദോഹന നേരം (ഒരു പശുവിനെ കറക്കാൻ വേണ്ട സമയം) മാത്രമേ അവിടെ നില്ക്കൂ, അതിനിടയിൽ ജനകൻ്റെ രാജധാനിയിലും ചെന്നു. പ്രവൃത്തി മാർഗ്ഗവും നിവൃത്തിമാർഗ്ഗവും തമ്മിലുള്ള വ്യത്യാസം പഠിച്ചു. എന്നാൽ ഇവ രണ്ടിലും മെച്ചം നിഷ്ക്കാമകർമ്മമാണെന്ന് ഗുരുവിൻ്റെ ജീവിതം കണ്ട് തീർച്ചയാക്കി. ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം,വാനപ്രസ്ഥം എന്നീ ഘട്ടങ്ങൾ കൂടാതെ തന്നെ ജ്ഞാനിക്ക് സന്യാസാശ്രമം സ്വീകരിക്കാം എന്ന അറിവും അവിടെ നിന്ന് കിട്ടി.

എന്നാൽ ജ്ഞാനവൈരാഗ്യതന്ത്രം പഠിച്ചത് നാരദരിൽ നിന്നാണ്.

നാരദർ പറഞ്ഞു.
” മകനേ,സത്യം തന്നെയാണ് പരമ ശ്രേഷ്ഠം.എല്ലാത്തിലും തന്നേയും തന്നിൽ എല്ലാത്തിനേയും കാണാൻ കഴിഞ്ഞാൽ അതാണ് പരമസത്യദർശനം.”
ഈ പാഠം ഗ്രഹിച്ചതോടെ തൻ്റെ വിദ്യാഭ്യാസം തീർന്നെന്ന് ശുകൻ അറിഞ്ഞു. അച്ഛൻ്റെ ശമ്യാപ്രാസം എന്ന ആശ്രമത്തേയും ഉപേക്ഷിച്ച് ദേശാടനം പോകാൻ ശുകൻ തീരുമാനിച്ചു.

മകനോടുള്ള മമത കാരണം ആശ്രമം വിട്ട് പോകാനുള്ള അനുമതി വ്യാസർ നല്കിയില്ല. എന്നാൽ മകനാകട്ടെ തീരുമാനത്തിൽ ഉറച്ച് നിന്നു. ഒരു നാൾ ശമ്യാപ്രാസം വിട്ട് മകനിറങ്ങി. തിരിഞ്ഞു നോക്കാതെ നടന്നകന്ന മകനെ നോക്കി അച്ഛൻ പറഞ്ഞു.

” മകനേ,ശുകാ. തിരിച്ചു വരൂ. നിന്നെ ഞാൻ ഒരിക്കൽ കൂടി ഒന്ന് കൺകുളുർക്കെ കാണട്ടെ. ”

മകൻ നിന്നില്ല.വ്യാസരും മകനെ അനുഗമിച്ചു. ഗിരിശൃംഗങ്ങൾ കയറിയിറങ്ങി, മാനംമുട്ടുന്ന മഹാമേരു പർവ്വതവും താണ്ടി ആകാശത്തോളം പറന്നുയർന്ന ശുകനൊപ്പം വ്യാസരും കൂടി .
ദേവഗംഗയായ മന്ദാകിനിയിൽ നീരാടി നിന്ന അപ്സരകന്യകകൾ വ്യാസരെ കണ്ടപ്പോൾ നാണം പൂണ്ട് കയ്യിൽ കിട്ടിയ പുടവ വാരിച്ചുറ്റി നഗ്നത മറച്ചു. വൃദ്ധനായ തൻ്റെ മുന്നിൽ നാണം പൂണ്ട നിങ്ങൾ എനിക്ക് മുമ്പേ നടന്ന യുവാവായ ശുകനെ കണ്ടപ്പോൾ നാണം മറന്നതെന്തേ എന്ന് വ്യാസർ ചോദിച്ചു. അവർ പറഞ്ഞു.

“മഹർഷേ,അങ്ങയുടെ ഉള്ളിൽ ഒരു യുവാവിൻ്റെ വിഷയാസക്തി ഇപ്പോഴും നിലനില്ക്കുന്നു.എന്നാൽ അങ്ങയുടെ മകൻ സ്ത്രീപുരുഷഭേദം പോലും മറന്ന് ആത്മാരാമനായി വിരാജിക്കുന്നു.”
മകൻ കാമവിമുക്തനായി. തന്നിൽ കാമം ഇപ്പോഴും അവശേഷിക്കുന്നു വ്യാസർ ലജ്ജിച്ചു തലതാഴ്ത്തി.

ശുകനെ പിരിയാൻ വ്യാസർക്ക് കഴിഞ്ഞില്ല. ആ അച്ഛൻ തുടരെ തുടരെ മകനേ,മകനേ എന്ന് ശോകാർദ്രമായി വിളിച്ചു. ഇത്രക്ക് വാത്സല്യത്തോടെ ഒരച്ഛനും മകനെ വിളിച്ചിട്ടുണ്ടാവില്ല.
കാതരമായ ആ വിളി ദിഗന്തങ്ങൾ തട്ടി പ്രതിദ്ധ്വനിച്ചു. മകൻ്റെ വിരഹം കാരണമുണ്ടായ ദു:ഖം സഹിക്കാനാവാതെ വ്യാസർ വീണ്ടും വീണ്ടും വിളിച്ചപ്പോൾ ചുറ്റുമുള്ള വൃക്ഷലതാദികൾ അച്ഛാ…
അച്ഛാ… എന്ന് വിളി കേട്ടു .

ആത്മാരാമനായ ശുകൻ എല്ലാത്തിലും തന്നെയും, തന്നിൽ എല്ലാത്തിനേയും കാണാനുള്ള പ്രാപ്തി നേടി കഴിഞ്ഞിരുന്നു. വ്യഷ്ടിയും സമഷ്ടിയും ഒന്നായി ഭവിച്ച മകൻ വേദവിത്തായ അച്ഛൻ്റെ പുത്രസ്നേഹപാശത്തെ വിഛേദിക്കാൻ വഴിയൊരുക്കിയത് ഇങ്ങനെ.

അങ്ങനെയുള്ള ശ്രീശുകബ്രഹ്മർഷിയാണ് പരീക്ഷിത്തിന് മുന്നിൽ യദൃച്ഛയാ എത്തിപ്പെട്ടത്. ശുകനെ യഥാവിധി ഉപചരിച്ചിരുത്തി, സാഷ്ഠാംഗം നമസ്ക്കരിച്ച് പരീക്ഷിത്ത് ചോദ്യം ആവർത്തിച്ചു.
“മരണസന്ധിയെ പ്രാപിച്ച മനുഷ്യൻ അനുഷ്ഠിക്കേണ്ട കർത്തവ്യം എന്താണ്? അവൻ പ്രധാനമായും കേൾക്കേണ്ടതെന്ത്? ഓർമ്മിക്കേണ്ടതെന്ത്?”

മരണാസന്നനായ ഒരാൾ കാണും പോലെ പ്രേമാർദ്രമായി ആരും ജീവിതത്തെ നോക്കി കാണാൻ വഴിയില്ല. ഏഴു രാപ്പകലുകൾ മാത്രം അകലമുള്ള മരണതീരത്ത് നില്ക്കുന്നയാളുടെ മനസ്സിൽ ഈ ചോദ്യമല്ലാതെ മറ്റെന്ത് ചോദ്യമാണ് ഉദിക്കുക?

അതിനുള്ള ഉത്തരം ഭാഗവതധർമ്മം ആചരിക്കലാണ്. തൻ്റെ പിതാവിൽ നിന്നും കേട്ട് പഠിച്ച ശ്രീമദ് ഭാഗവതം എഴുദിനം കൊണ്ട് സപ്താഹമായി പരീക്ഷിത്തിന് ഉപദേശിക്കാം എന്ന് ശുകൻ കരുതി.
ആ ശുകബ്രഹ്മർഷിയെ മനസാ നമിച്ചു കൊണ്ട് സൂതൻ നൈമിശാരണ്യത്തിൽ വെച്ച് ശൗനകാദികളോട് ഭാഗവതം കഥ പറയാൻ തുടങ്ങി.

” യം പ്രവ്രജന്തമനുപേതമപേതകൃത്യം
ദ്വൈപായനോ വിരഹകാതര ആജുവാഹ
പുത്രേതി തന്മയതയാ തരവോfഭി നേദു –
സ്തം സർവ്വഭൂതഹൃദയം മുനി മാനതോfസ്മി”
(ഉപനീതകൃത്യങ്ങളെല്ലാം ഉപേക്ഷിച്ച് പുറപ്പെട്ട് പോയ,ഏതൊരാളുടെ വിയോഗത്താലാണോ,വ്യാസർ ദു:ഖിതനായി, പുത്രാ, പുത്രാ എന്ന് കാതരമായി വിളിച്ച് കരഞ്ഞത്, ശുകസ്വരൂപമായ വ്യക്ഷലതാദികളെല്ലാം ആ വിളി കേട്ട് പ്രത്യുത്തരം നല്കിയത്, അങ്ങനെയുള്ള സമസ്ത ജീവജാലങ്ങൾക്കും ഹൃദയമായി ഭവിച്ച ശുകമുനിയെ നമിക്കുന്നു.)
©@#SureshbabuVilayil

4+

5 thoughts on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 4

  1. ശുകമുനിയെ നമിക്കുന്നതോറൊപ്പം ഞാൻ vilayil ബാബുവിനെയും നമിക്കുന്നു.

    1+
    1. ഗുരുകാരുണ്യം മാത്രം.അങ്ങയുടെ അനുഗ്രഹത്തിന് പ്രാർത്ഥിക്കുന്നു.

      0
  2. 🙏🙏നാലു ഭാഗങ്ങളും വായിച്ചു. അടുത്തതിനായി കാത്തിരിക്കുന്നു.

    2+

Leave a Reply

Your email address will not be published. Required fields are marked *