
മനുഷ്യർ തമ്മിലുള്ള ഉച്ചനീചത്വവും ഭേദഭാവവും കൈവെടിയണമെന്ന സന്ദേശം ഭാഗവതത്തിലെ ഓരോ കഥകളിലും പൊതുവായി കാണാം.
എല്ലാത്തിലും സമത്വബുദ്ധിയും സമദർശനവുമുള്ള ഒരാൾക്കേ ബ്രഹ്മസായൂജ്യം നേടാൻ കഴിയൂ എന്നും ഭാഗവതം ആണയിടുന്നു.
വാർദ്ധക്യത്തിൽ രാജഭോഗങ്ങൾ ഉപേക്ഷിച്ച് ഏകാന്തഭക്തിയിൽ മുഴുകാൻ രാജാക്കന്മാർ കാട്ടിൽ പോകുന്നത് ഭാഗവതത്തിലെ സ്ഥിരം കാഴ്ചയാണ്.
തനിക്ക് ദുഃഖം മാത്രം മതിയെന്ന് പറഞ്ഞ് ഭഗവാനെ സ്തുതിച്ച കുന്തീദേവിയെ നാമാദ്യം കണ്ടു. ഇനി സ്വന്തം ദുഃഖം മാത്രമല്ല അന്യരുടേത് കൂടി ഏറ്റുവാങ്ങാൻ തയ്യാറെന്ന് പറയുന്ന രന്തീദേവനെ കാണാം.
പൂരുവംശത്തിൽ പിറന്ന രന്തീദേവൻ ദാനവീരനായ ചക്രവർത്തിയായിരുന്നു. വിശന്നു വരുന്നവർക്കെല്ലാം അദ്ദേഹം സുഭിക്ഷമായി ഭക്ഷണം നല്കി. ധനം നല്കി. നിരവധി യാഗങ്ങൾ ചെയ്തു.. ദാനങ്ങളുടെ അവസാനം അദ്ദേഹം ആകാശധനായി മാറി എന്നാണ് ഭാഗവതം പറയുന്നത്.
ആകാശത്തിൽ നിന്നും വീഴുന്നത് പോലെ കുടുംബത്തിന് പോലും എപ്പോഴെങ്കിലും എന്തെങ്കിലും ഭക്ഷണം കിട്ടിയാലായി എന്ന മട്ടിലായി ജീവിതം. അതിദാനം ചെയ്ത് ചക്രവർത്തി ദരിദ്രനായി എന്നർത്ഥം. 48 ദിവസം തുടർച്ചയായി കുടുംബത്തോടൊപ്പം പട്ടിണി കിടന്നു.
ഒരു ദിവസം എവിടെ നിന്നോ കുറച്ച് നെയ്യ്, പായസം,ഗോതമ്പക്കഞ്ഞി അല്പം വെള്ളം എന്നിവ കിട്ടി.ആ സന്തോഷം പങ്കുവെച്ച് കുടുംബാംഗങ്ങൾക്കൊപ്പം രാജാവ് ഭക്ഷണം കഴിക്കാനിരുന്നു.
പെട്ടെന്ന് പടിവാതിലിൽ ഒരു മുട്ട് കേട്ടു. ചെന്ന് നോക്കിയപ്പോൾ ഒരു ജ്ഞാനിയെ കണ്ടു.അതിഥിയെ ഭക്ഷണത്തിന് ക്ഷണിച്ചു.
ഭിക്ഷ കഴിച്ച് സംതൃപ്തിയോടെ ജ്ഞാനി മടങ്ങി.ശേഷിച്ച ഭക്ഷണം കഴിക്കാൻ അവർ വീണ്ടും ഇരുന്നു. അപ്പോൾ മറ്റൊരാൾ ഭിക്ഷയാചിച്ച് പടിപ്പുരയിൽ വന്ന് നില്ക്കുന്നു. ഉള്ളതിൽ പകുതി ഭക്ഷണം അയാൾക്കും കൊടുത്തു. അത് കഴിച്ച് വിശപ്പടങ്ങി അയാളും മടങ്ങി.
വീണ്ടും ഉണ്ണാൻ ഇരുന്നപ്പോഴേക്കും വിശന്ന് വലഞ്ഞ ഒരു വേടൻ കുറേ നായ്ക്കളുമായി അവിടെ എത്തി. ശേഷിച്ച ഭക്ഷണം മടിയ്ക്കാതെ സന്തോഷപൂർവ്വം രാജാവ് വേടനും നായ്ക്കൾക്കും നല്കി.
ഇനി അല്പം വെള്ളം മാത്രം ബാക്കിയുണ്ട്. അത് പങ്കിട്ട് കുടിക്കാം എന്ന് കരുതി. അപ്പോൾ പുറത്ത് നിന്നൊരു ഞെരക്കം കേട്ടു .ചുടലത്തീയിൻ്റെ കൊടുംചൂടിൽ വെന്തുരുകി വിശന്ന് തളർന്ന്, ദാഹിച്ച് തൊണ്ട വരണ്ട് മൃതപ്രാണനായി നില്ക്കുന്ന ശ്മശാനം കാവൽക്കാരൻ! ജീവൻ നിലനിർത്താനുള്ള ഒരിറ്റ് വെള്ളം. അതിന് വേണ്ടിയുള്ള ശബ്ദമായിരുന്നു കേട്ടത്.
രന്തീദേവൻ ചിന്തിച്ചു.
ന കാമയേfഹം ഗതിമീശ്വരാത് പരാം
അഷ്ടർദ്ധിയുക്താമപുനർഭവം വാ
ആർത്തിം പ്രപദ്യേfഖിലദേഹഭാജാ
മന്ത:സ്ഥിതോ യേന ഭവന്ത്വദുഖാ:
(9-21-12)
അഷ്ടൈശ്വര്യങ്ങളോടുകൂടിയ ഉൽകൃഷ്ടപദവിയോ മോക്ഷമോ എനിക്ക് വേണ്ട. എല്ലാവരുടെയും ഉള്ളിലിരുന്ന് അവരുടെ ദുഃഖം അനുഭവിക്കാനാണ് എനിക്ക് മോഹം. ഈശ്വരൻ എല്ലാ ദുഖങ്ങളും എനിക്ക് തന്നാൽ മറ്റുള്ളവർക്കെല്ലാം ദു:ഖം കൂടാതെ ഇരിക്കാം.
ജീവികളുടെ വിശപ്പ്, ദാഹം, ക്ഷീണം, ദീനഭാവം ശരീരക്ലേശം, വ്യാകുലത, ശോകം, വിഷാദം എന്നീ ഭാവങ്ങൾ എന്നിൽ അനുകമ്പ നിറയ്ക്കുന്നു. എൻ്റെ ജീവനത്തിന് കാരണമായ ഈ ജലം സമർപ്പിക്കുന്നത് കൊണ്ട് തീർച്ചയായും അവൻ രക്ഷപ്പെടും.
ഇങ്ങനെ ചിന്തിച്ച് ശേഷിച്ച ജലം ആ ശവദാഹകന് കൊടുത്തു. അയാൾ ജീവജലം കുടിച്ച് സംതൃപ്തനായി അവിടെ നിന്നും മടങ്ങി.
പെട്ടെന്ന് ഒരത്ഭുതം സംഭവിച്ചു. രന്തീദേവൻ്റെ ഭിക്ഷ കഴിച്ചവരെല്ലാം ദേവരൂപികളായി മാറി.
ദേവന്മാരുടെ പരീക്ഷണത്തിന് വിധേയനായതാണ് താനെന്ന സത്യം അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത്.
എല്ലാ ജീവികളുടെയും ഉള്ളിലിരുന്ന് അവരുടെ ദുഃഖം ഏറ്റു വാങ്ങി അവർക്കെല്ലാം ദുഖനിവൃത്തി വരുത്താമെന്ന് രന്തീദേവൻ കരുതി. എന്നാൽ ആകാശധനനാവാനാണ് ഈശ്വരേച്ഛ. എന്നിട്ടും താനിങ്ങനെ ചെയ്യുന്നു. രന്തീദേവന് അഭിമാനം തോന്നി. എല്ലാവരുടേയും രക്ഷ തൻ്റെ കയ്യിലാണെന്നൊരു ഭാവം വളർന്നു.
മായാപ്രഭാവം കൊണ്ടാണ് ഇത്തരം ചിന്തകൾ രൂപപ്പെടുന്നത്. ഇതോടെ സാത്വികമായ ഒരു അഹങ്കാരം വരും. രാജാവ് ദാനവീരനായിട്ടും ദരിദ്രനാവാൻ കാരണം ഇതായിരുന്നു.
ലോകത്തിൻ്റെ ദുഃഖങ്ങൾ ഇല്ലായ്മ ചെയ്യാൻ താനൊരൊറ്റയാൾ മതി എന്ന ധാരണ ശരിയല്ലെന്ന് ഭാഗവതം പറയുന്നു.
അഹങ്കാരം സാത്വികമായാലും തിന്മയാണ്.
ഈ കഥയിൽ സേവന പ്രവർത്തനം നടത്തുന്നവർക്കൊരു പാഠമുണ്ട്. രക്ഷകരെന്ന് സ്വയം കരുതി അന്യരുടെ ദു:ഖങ്ങൾക്ക് അറുതി വരുത്തുമ്പോൾ സാത്വികമായ അഹങ്കാരം വരാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കണം.
ഈ ചിന്തകൾ മനസ്സിലൂടെ കടന്നു പോയപ്പോൾ രന്തീദേവൻ്റെ മനസ്സ് കൂടുതൽ നിസ്സംഗമായി. അദ്ദേഹം ദേവന്മാരുടെ കാല്ക്കൽ വീണ് നമസ്ക്കരിച്ചു
എന്ത് വരം വേണം എന്ന ചോദ്യം കേട്ട് അദ്ദേഹം പ്രതികരിച്ചതേയില്ല. തനിക്ക് വേണ്ടത് തരാനുള്ള കഴിവ് ഒരു ദേവനും ഇല്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.
ലോകത്തെ രക്ഷിക്കുന്നത് ഭേദചിന്തയില്ലാത്ത ഏകനായ വാസുദേവനാണ്. ആ സത്തയുടെ മുന്നിൽ ദേവന്മാരുടെ വരത്തിനോ മറ്റുള്ളവരുടെ രക്ഷകഭാവത്തിനോ യാതൊരു പ്രസക്തിയുമില്ല,
ശ്രീശുകബ്രഹ്മർഷി രന്തീദേവൻ്റെ കഥ പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
ഈശ്വരാലംബനം ചിത്തം
കുർവ്വതോfനന്യരാധസ:
മായാ ഗുണമയീ രാജൻ!
സ്വപ്നവത് പ്രത്യലീയത.
( 9 -21-17)
അല്ലയോ പരീക്ഷിത്തേ, ഏകവും മറ്റൊന്നുമല്ലാത്ത വാസുദേവനിൽ ആശ്രയിച്ച രന്തീദേവൻ്റെ മനസ്സ്’ ഭേദഭാവങ്ങളുടെ മായയിൽ നിന്നും വേർപെട്ട് ,ഉണർന്നവൻ്റെ സ്വപ്നം പോലെ ആത്മാവിൽ ലയിച്ചു.
എല്ലാ കഥകളിലേയും പോലെ ഇവിടേയും ഭാഗവതത്തിൻ്റെ സന്ദേശം സർവ്വം ബ്രഹ്മമയം എന്ന ആശയം തന്നെ. ഭേദബുദ്ധിയിൽ നിന്നുള്ള മുക്തിയാണ് വേണ്ടത്. ദാനത്തിൽ പോലും ഭേദബുദ്ധി നന്നല്ല.
സർവ്വം ബ്രഹ്മമയം എന്ന സമദർശനത്തോടെ വേണം ദാനം ചെയ്യേണ്ടത്. ജഗദീശ്വരൻ തന്നത് കൈമാറാനുള്ള ഉപാധി മാത്രമായി അവനവനെ കരുതുന്നതാണ് ശ്രേഷ്ഠം.
പായസം നന്നായാൽ നല്ല പാചകക്കാരൻ ഒരിക്കലും അഹങ്കരിക്കാറില്ല. അത് പാകം ചെയ്ത ഉരുളിയോ ചട്ടുകമോ അടുപ്പോ അഹങ്കരിക്കുന്നത് പോലെയാണ് അതെന്ന് അയാൾക്കറിയാം.
എല്ലാം ചേർന്നാലും അദൃഷ്ടം എന്ന ദൈവികത കൂടി ചേർന്നാലേ എന്തും നന്നാവൂ.
(ചിത്രം കടപ്പാട് Google)
©✍️#SureshbabuVilayil See less