ശാപഗ്രസ്തനായ പരീക്ഷിത്തിനെ ശുകൻ ഏഴ് ദിനം കൊണ്ട് ശാപവും മരണവും ജീവിതവും പഠിപ്പിക്കുന്നു.
ആദ്യം ശാപപ്പെരുമഴ പെയ്ത ദക്ഷയാഗകഥ പറഞ്ഞു കൊടുത്തു. പിന്നീട് ദുർവാസാവിൻ്റെ ശാപം ദേവന്മാരെ വലച്ചതിനെ പറഞ്ഞു. ഏത് ശാപമേറ്റാലും ഭയമില്ലാത്ത ഭക്തന്മാരെ കുറിച്ച് പറഞ്ഞു. ഇനി തന്നെ സംഹരിക്കാൻ വന്നവന് അഭയം കൊടുത്ത അംബരീഷൻ്റെ കഥ പറയുന്നു.
മനുവിൻ്റെ പരമ്പരയിൽ പെട്ട നാഭാഗൻ്റെ മകനായി അംബരീഷൻ എന്നൊരു രാജാവുണ്ടായിരുന്നു. വിഷ്ണുഭക്തനായ അദ്ദേഹം “സർവ്വം ബ്രഹ്മമയം “എന്ന തത്ത്വം ചിന്തയിലും, വാക്കിലും,നോക്കിലും പ്രവൃത്തിയിലും കാത്ത് സൂക്ഷിച്ച ആളായിരുന്നു.
ഗൃഹേഷു ദാരേഷു സുതേഷു ബന്ധുഷു
ദ്വിപോത്തമസ്യന്ദനവാജിപത്തിഷു
അക്ഷയ്യരത്നാഭരണായുധാദിഷ്വനന്ത കോശേഷ്വകരോദസന്മതീം
(9-4-27)
അദ്ദേഹം ഭാര്യമാരിലും സന്താനങ്ങളിലും, ബന്ധുക്കളിലും,സൈനികശക്തിയിലും, ഭണ്ഡാരങ്ങളിലും ബുദ്ധി വെച്ചില്ല. അവയൊന്നിനും ഭഗവാനേക്കാൾ മൂല്യമില്ലെന്ന സത്യം മനസ്സിലുറപ്പിച്ചു.
അംബരീഷൻ്റെ ഏകാന്തഭക്തിയിൽ പ്രീതനായ വിഷ്ണു ശത്രുക്കളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ രാജാവറിയാതെ സുദർശനത്തെ നിയോഗിച്ചയച്ചു.
രാജാവും ഗുണശീലയായ പത്നിയും പതിവായി ദ്വാദശീവ്രതം നോറ്റിരുന്നു. ദശമിദിവസം ആഹാരം ഒരിക്കൽ കഴിച്ച് വ്രതം തുടങ്ങും. ഏകാദശിക്ക് ഉപവാസവും ദ്വാദശി കഴിയും മുമ്പ് പാരണ വീട്ടി അന്നും ഒരിക്കൽ മാത്രം ആഹാരം കഴിക്കും. ഇതായിരുന്നു ചിട്ട.
ഒരു നാൾ വ്രതപൂർത്തി കഴിഞ്ഞ സമയത്ത് ക്ഷിപ്രകോപിയായ മുനി ദുർവ്വാസാവ് അവിടെയെത്തി. രാജാവിന് സന്തോഷമായി.
അതിഥിപൂജ വ്രതത്തിൻ്റെ ഭാഗമാണ്. രാജാവ് മഹർഷിയെ ഭക്ഷണത്തിന് ക്ഷണിച്ചു.
ക്ഷണം സ്വീകരിച്ച് മഹർഷി നദിയിൽ കുളിക്കാൻ പോയി. പാരണാമുഹൂർത്തം കഴിയാറായി. മഹർഷി എത്തിയിട്ടില്ല. ഗുരുവിൻ്റെ നിർദ്ദേശപ്രകാരം അല്പം വെള്ളം കുടിച്ച് രാജാവ് വ്രതപാരണ നിർവ്വഹിച്ചു.
അപ്പോഴേക്കും ദുർവ്വാസാവെത്തി. കോപം കൊണ്ട് ജ്വലിച്ചു. ജലപാനം ഭക്ഷണമാണെന്നും അല്ലെന്നും ശാസ്ത്രവിധിയുണ്ട്. ഭക്ഷണത്തിന് ക്ഷണിച്ച് രാജാവ് ധർമ്മവിലോപം കാട്ടിയെന്ന് പറഞ്ഞ് ദുർവ്വാസാവ് ക്രുദ്ധനായി.
ജടയിൽ നിന്നും ഒരു രോമം പറിച്ച് നിലത്തിട്ടു. അതിൽ നിന്നും അഗ്നിജ്വാല പോലെ ഒരു രൂപം കയ്യിൽ വാളേന്തി രാജാവിൻ്റെ നേരെ പാഞ്ഞടുത്തു.
ബ്രഹ്മനിഷ്ഠനായ അംബരീഷൻ പതറാതെ അക്ഷോഭ്യനായി നിന്നു. വിഷ്ണു നിയോഗിച്ച വിഷ്ണുചക്രം പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ടു. ദുർവ്വാസാവ് അയച്ച കൃത്തികയെ നിമിഷനേരം കൊണ്ട് ചക്രം ഭസ്മമാക്കി.
പിന്നീട് വിഷ്ണുചക്രം നേരെ തിരിഞ്ഞത് ദുർവ്വാസാവിൻ്റെ നേരെയാണ്. സംഭീതനായ മുനി പത്ത് ദിക്കിലും പാഞ്ഞു. തൊട്ടുപിന്നാലെ ചക്രവും പാഞ്ഞു. സമുദ്രത്തിൽ മുങ്ങിയിട്ടും സ്വർഗ്ഗത്തിൽ ഒളിച്ചിട്ടും ചക്രത്തിൽ നിന്നും രക്ഷപ്പെടാൻ മഹർഷിക്ക് കഴിഞ്ഞില്ല.
മഹർഷി ഓടിത്തളർന്ന് ബ്രഹ്മാവിൻ്റെ അടുത്തെത്തി. താനടക്കമുള്ള ലോകപാലന്മാർ എല്ലാം വിഷ്ണുവിൻ്റെ കിങ്കരന്മാരാണെന്നും ചക്രത്തെ നേരിടാൻ കഴിയില്ലെന്നും പറഞ്ഞ് ബ്രഹ്മാവ് കൈമലർത്തി.
മുനി കൈലാസത്തിലേക്ക് ഓടി. ശിവനും കൈമലർത്തി.വിഷ്ണുചക്രത്തിൽ നിന്ന് രക്ഷനേടാൻ വിഷ്ണുവിനെ തന്നെ ശരണം പ്രാപിക്കാൻ ശിവൻ ഉപദേശിച്ചു.
മഹർഷി വൈകുണ്ഠത്തിലെത്തി, മഹാവിഷ്ണുവിൻ്റെ പാദങ്ങളിൽ സാഷ്ടാംഗം വീണു. ഭഗവാൻ പറഞ്ഞു.
അഹം ഭക്തപരാധീനോ
ഹ്യസ്വതന്ത്ര ഇവ ദ്വിജ!
സാധുഭിർഗ്രസ്തഹൃദയാേ
ഭക്തൈർഭക്തജനപ്രിയ:
(9 – 4 – 6 3)
” അല്ലയോ മഹർഷേ, ഞാൻ ഭക്തരുടെ ദാസനാണ്. അവരെന്നെ ഹൃദയത്തിൽ കെട്ടിയിട്ടു. ഭക്തന്മാർ അവരുടെ പ്രിയം പറഞ്ഞാൽ അനുസരിക്കുക എന്ന ദൗർബല്യം എനിക്കുണ്ട്. എല്ലാത്തിലും എന്നെ കാണുന്നവരിൽ നിന്നും വേറിട്ട് നില്ക്കാൻ എനിക്കാവില്ല.
അതുകൊണ്ട് അംബരീഷൻ്റെ അടുത്ത് തന്നെ ചെല്ലൂ. അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അങ്ങയെ രക്ഷിക്കാനാവില്ല”
ഗതികെട്ട ദുർവ്വാസാവ് അംബരീഷൻ്റെ അടുത്തെത്തി. കാല്ക്കൽ വീണ് ക്ഷമായാചനം ചെയ്തു. മുനിയെ കണ്ട് ലജ്ജിതനായ രാജാവ് എന്ത് ചെയ്യണം എന്നറിയാതെ നിന്നു. പിന്നെ “സർവ്വം ബ്രഹ്മമയം ” എന്ന തത്വമോർത്ത് വിഷ്ണുചക്രത്തെ വിഷ്ണുവായി കണ്ട് അപേക്ഷിച്ചു.
” അല്ലയോ ചക്രമേ, അങ്ങ് എന്നിൽ സംപ്രീതനെങ്കിൽ ദുർവ്വാസാവിനെ വിട്ടൊഴിയൂ”.
ആശ്ചര്യം! തത്സമയം തന്നെ ചക്രം പിന്മാറി.ദുർവ്വാസാവ് കൈകൂപ്പി കൊണ്ട് പറഞ്ഞു.
‘അഹോ അനന്തദാസാനാം
മഹത്വം ദൃഷ്ടമദ്യ മേ
കൃതാഗസോfപി യദ്രാജൻ
മംഗളാനി സമീഹസേ
(9-5-14)
ആശ്ചര്യം തന്നെ. അനാദ്യന്തമായ സത്യത്തെ ഭജിക്കുന്നവരുടെ മഹത്വം ഞാൻ കണ്ടു.കൊല്ലാൻ വന്നവനു കൂടി അഭയം നൽകുന്നു. മംഗളം നേരുന്നു.
സജ്ജനങ്ങൾക്ക് ദുഷ്ക്കരമായി ഒന്നുമില്ല. മഹാത്മാക്കൾക്ക് ത്യജിക്കാൻ കഴിയാത്തതായും ഒന്നുമില്ല. ഇത് ഭാഗവതത്തിൻ്റെ സാന്ത്വനപാഠമാണ്.
കേവലം ഒരു ജടയിഴയിൽനിന്നും ഘോരരൂപിയായ കൃത്തികയെ ജനിപ്പിക്കാനുള്ള സിദ്ധി തപസ്സ് ചെയ്ത് നേടിയ മഹർഷിക്ക് സ്വന്തം ക്രോധത്തെ ജയിക്കാൻ കഴിഞ്ഞില്ല.
സർവ്വം ബ്രഹ്മമയം എന്ന ഭാവന കൊണ്ട് മാത്രം ഹൃദയകമലത്തിൽ ഭഗവാനെ കുടിയിരുത്താൻ അംബരീഷന് കഴിഞ്ഞു. ശപിച്ച് മനുഷ്യനെ ഗതികെടുത്തുന്ന ദുർവ്വാസാവിനെ പോലുള്ളവരുടെ ശാപത്തിന് വിഷ്ണുഭക്തന്മാരെ സ്പർശിക്കാൻ കഴിയില്ലെന്ന് അംബരീഷ കഥ തെളിയിക്കുന്നു.
സാങ്കേതിക ഭക്തിയിൽ അഭിമിക്കുന്ന സിദ്ധന്മാർക്ക് തപസ്സും വിദ്യയും പലപ്പോഴും പതനകാരണമാകാറുണ്ട്.. അവിദ്യയിൽ നില്ക്കുന്നവർ കൂരിരുട്ടിലാണ്,എന്നാൽ വിദ്യയിൽ രമിക്കുന്നവർ അതിലും കൂരിരുട്ടിലാണ്. ഈശാവാസ്യോപനിഷത്തിൻ്റെ പ്രഖ്യാപനത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ദുർവ്വാസാവ്.
സ്വന്തം പ്രാണൻ രക്ഷിക്കാനായി ലോകം മുഴുവൻ,ദുർവ്വാസാവിന് ഓടേണ്ടി വന്നു. അവസാനം നാണം കെട്ട് താനാരെ കൊല്ലാനാണോ ശ്രമിച്ചത് അയാളെ തന്നെ ശരണം പ്രാപിക്കേണ്ട ഗതികേടും വന്നു.
അതേ സമയം കൊല്ലാനടുത്ത കൃത്തികയിൽ പോലും ബ്രഹ്മത്തെ കാണാൻ അംബരീഷന് കഴിഞ്ഞു. തൻ്റെ സമസ്തവും ഭഗവാനിൽ സമർപ്പണം ചെയ്യുമ്പോൾ ഭക്തൻ്റെ യോഗക്ഷേമം ഭഗവാൻ്റെ ഉത്തരവാദിത്വമാകുന്നു.
യോഗക്ഷേമം വഹാമ്യഹം എന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞത് വെറും വാക്കല്ല.
(ചിത്രം കടപ്പാട് Google)
©✍️#SureshbabuVilayil
അംബരീഷ ചരിത്വത്തിൽ നിന്നു അംബാരഷന്ടെ ഭക്തിയും ഏകാദശിവ്രതമഹൽപ്പിമ്യവും നമുക്ക് മനസ്സിലാവുന്നുണ്ട് എപ്പോഴും എന്നെ സ്മരിക്കുന്നവരുടെ രക്ഷ ഞാൻ ഏറ്റുഎടുക്കുമെന്ന ഭഗവാൻഡേ പ്രഖ്യാപനവും ഭക്തനു ധയ്ര്യം തരുന്നു.