എൻ്റേതെന്നും നിൻ്റേതെന്നുമുള്ള ചിന്ത ഹിരണ്യന്മാരെ സൃഷ്ടിക്കുന്നു. സ്വകാര്യസ്വത്തിന് ആധാരം ഇതാണ്. ഹിംസയുടെ കാതലാണ് ഈ വിചാരം.
യജ്ഞാനുഷ്ഠാനങ്ങളിൽ ഓരോ മന്ത്രത്തോടും കൂടെ അഗ്നയേ ഇദം ന മമ (ഇതെൻ്റേതല്ല )എന്ന് ഉരുക്കഴിക്കാറുണ്ട്. മഹത്തായ ഒരു സദ്ഭാവന ആചരണം കൊണ്ട് വളർന്ന് ഒരു സംസ്ക്കാരമായി രൂപപ്പെടാനാണിങ്ങനെ ചെയ്യുന്നത്.
പ്രാചീനഗോത്രപ്പാട്ടുകളിൽ ഞാൻ എന്ന വാക്കേയില്ല. നമ്മൾ എന്ന വാക്കാണ് അവർക്കിഷ്ടം. ഈ ഭൂമി എൻ്റേതാണ് എന്ന് പറയുന്നതിന് പകരം നമ്മൾ ഈ ഭൂമിയുടേതാണ് എന്നേ അവർ പറയൂ. അതാണ് അവർക്ക് വഴക്കം.
ഈ സത്യം മറന്ന ഹിരണ്യന്മാർ ഭൂമിയെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ പ്രകൃതിയുടെ താളം തെറ്റും. ഭൂമിയമ്മ കരയും. ഭഗവാൻ അവതരിക്കും.
വരാഹമായി വന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭഗവാൻ ഭൂമിയെ രക്ഷിച്ച കഥ നമ്മൾ കേട്ടു. ഇനി അനുജനായ ഹിരണ്യകശിപുവിന് എന്ത് സംഭവിച്ചു എന്ന് നോക്കാം.
ജ്യേഷ്ഠൻ്റെ മരണവിവരമറിഞ്ഞ ഹിരണ്യകശിപു കോപം കൊണ്ട് ജ്വലിച്ചു. അയാൾ വിഷ്ണുവിനെ ശത്രുവായി പ്രഖ്യാപിച്ചു.
വിഷ്ണുഭക്തന്മാരുടെ വസതികൾ ധ്യാനകേന്ദ്രങ്ങൾ,തീർത്ഥങ്ങൾ വ്രതസ്ഥാനങ്ങൾ എന്നിവ തീയിട്ട് നശിപ്പിക്കാൻ അനുചരന്മാരെ ശട്ടം കെട്ടി. ശത്രുവിനോട് പ്രതികാരം ചെയ്യാനുള്ള ശക്തിസംഭരിക്കാൻ അയാൾ മന്ദരപർവ്വതത്തിൻ്റെ താഴ് വരയിൽ ചെന്ന് കഠിനമായ തപസ്സ് ചെയ്തു. സംപ്രീതനായ ബ്രഹ്മാവ് അയാളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഇഷ്ടവരം ചോദിക്കാൻ ആവശ്യപ്പെട്ടു.
സൂത്രക്കാരനായ ഹിരണ്യകശിപു ചോദിച്ചത് ഉപാധികൾ വെച്ചുള്ള മരണമില്ലായ്മയായിരുന്നു.
“ബ്രഹ്മാവ് സൃഷ്ടിച്ചവരാരും കൊല്ലരുത്. അകത്ത് വെച്ചോ, പുറത്ത് വെച്ചോ, പകലോ രാത്രിയോ കൊല്ലരുത്. ആയുധം കൊണ്ട് കൊല്ലരുത്. ഭൂമിയിൽ വെച്ചോ ആകാശത്ത് വെച്ചോ കൊല്ലരുത്. മനുഷ്യരോ മൃഗങ്ങളോ കൊല്ലരുത്.”
ബ്രഹ്മാവ് വരങ്ങൾ കൊടുത്തു.
വരലബ്ധിയോടെ അമരനായ ഹിരണ്യകശിപു ലോകജേതാവായി. ലോകപാലന്മാരും സ്വർഗ്ഗവും അയാളുടെ കാല്ക്കീഴിലായി.
ഹിരണ്യാക്ഷൻ്റെ പഴയ കാലം മടങ്ങി വന്നതോടെ പ്രകൃതിയുടെ താളം വീണ്ടും തെറ്റി. ഭൂമിദേവി കരഞ്ഞു.
ഹിരണ്യകശിപുവിന് നാല് മക്കളുണ്ടായി. അതിൽ പ്രഹ്ളാദൻ “സർവ്വം ബ്രഹ്മമയം “എന്ന ബോധം ഉറപ്പ് വന്ന ജിതേന്ദ്രിയനായിരുന്നു.
ആസീന: പര്യടന്നശ്നൻ
ശയാന: പ്രപിബൻ ബ്രുവൻ
നാനുസന്ധത്ത ഏതാനി
ഗോവിന്ദ പരിരംഭിത:
(7-4-39)
ഇരിക്കുമ്പോഴും നടക്കുമ്പോഴും ഭക്ഷിക്കുമ്പോഴും കിടക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ആ ബാലൻ ഗോവിന്ദനെ അനുഭവിച്ചു.
എല്ലാം നാരായണമയമായി കണ്ടു. അവൻ ചിലപ്പോൾ പാടും. ചില സമയങ്ങളിൽ നൃത്തംചവിട്ടും. സദാ ബ്രഹ്മാനന്ദനിർവൃതിയിൽ കഴിഞ്ഞ പ്രഹ്ളാദൻ്റെ പോക്ക് ശരിയല്ലെന്ന് ഹിരണ്യകശിപുവിന് തോന്നി.
ഹിരണ്യകശിപു തൻ്റെ ഗുരുവായ ശുക്രൻ്റെ പുത്രന്മാരായ ശണ്ഡൻ അമർക്കൻ എന്നിവരെ പുത്രന് ശരിയായ വിദ്യ നല്ക്കുന്നതിന് നിയോഗിച്ചു. ഈ ഗുരുക്കന്മാർ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ബാലൻ്റെ സ്വഭാവം മാറിയില്ല.
ഒരു ദിവസം പുത്രനെ മടിയിൽ വെച്ച് ലാളിച്ച് നെറുകയിൽ തലോടി ഹിരണ്യകശിപു വാത്സല്യത്തോടെ ചോദിച്ചു.
“ഉണ്ണീ പ്രഹ്ളാദാ,ഇന്ന് നീ എന്താണ് പഠിച്ചത്?”
പ്രഹ്ളാദൻ പറഞ്ഞു.
” അച്ഛാ,സമ്പത്താണ് എല്ലാത്തിലും വലുത് എന്ന ചിന്ത ഒഴിവാക്കണം. ഒരു ഘട്ടം കഴിഞ്ഞാൽ കാട്ടിൽ പോയി ഭഗവദ് ഭജനം നടത്തണം. ധനത്തിലും വലുത് ഈശ്വരനാണ് ”
ഹിരണ്യകശിപുവിന് കോപം വന്നു അയാൾ ശണ്ഡാമർക്കന്മാരെ വിളിച്ചു വരുത്തി. തെറ്റായ പാഠങ്ങൾ കുട്ടിയെ പഠിപ്പിച്ചത് എന്തിനെന്ന് ചോദിച്ചു. എന്നാൽ അവർ ഇത്തരം തെറ്റുകളൊന്നും
പഠിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് കൈ മലർത്തി.
ഗുരുക്കന്മാർ പ്രഹ്ളാദനോട് എന്താണ് പഠിച്ചതെന്ന് ചോദിച്ചു.
പ്രഹ്ളാദൻ പറഞ്ഞു.
“ഞാൻ വേറെ നീ വേറെ എന്ന ഭേദചിന്ത ശരിയല്ല. നമ്മളെല്ലാം ഒരേ സത്തയുടെ വ്യത്യസ്ത പ്രതിഫലനങ്ങളാണ്. നാരായണൻ നമ്മളിലെല്ലാം വ്യാപിച്ച് നില്ക്കുന്നു.നാരായണനാമം സദാ ജപിക്കുക വ്യസനങ്ങൾ തീരാൻ അത് മാത്രം മതി. ക്രമേണ ബ്രഹ്മസായൂജ്യം നേടുകയും ചെയ്യാം.”
ശണ്ഡനും അമർക്കനും കിണഞ്ഞു ശ്രമിച്ചിട്ടും പ്രഹ്ളാദനെ വിഷ്ണുഭക്തിയിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല.
ഒരു ദിവസം ഹിരണ്യകശിപു ഗുരുകുലത്തിലെത്തി. പ്രഹ്ളാദനോട് ചോദിച്ചു.
“നീയിന്ന് പഠിച്ചതെന്താണ്? പറയൂ.”
“അച്ഛാ, ഈ പ്രപഞ്ചം മുഴുവനും വ്യാപിച്ചുകിടക്കുന്നത് ഏകമായ നാരായണസത്തയാണ്. വ്യാപനശീലമുള്ളതിനാൽ അതിനെ വിഷ്ണുവെന്ന് വിളിക്കുന്നു. ഭക്തിയ്ക്ക് ഒമ്പത് ഭാവങ്ങളുണ്ട്. അതിലേതെങ്കിലും ഒരു വഴിയിൽ കൂടി സഞ്ചരിച്ചാൽ നാരായണനെ സാക്ഷാൽക്കരിക്കാം.
ശ്രവണം കീർത്തനം വിഷ്ണു
സ്മരണം പാദസേവനം
അർച്ചനം വന്ദനം ദാസ്യം
സഖ്യമാത്മനിവേദനം.
( 7-5-23)
ക്രുദ്ധനായ ഹിരണ്യകശിപു ക്രോധം കൊണ്ട് ജ്വലിച്ചു പ്രഹ്ളാദനെ കൈ രണ്ടും കൂട്ടിപ്പിടിച്ച് അടിച്ചു. തറയിൽ കൂടി വലിച്ചു. ദ്വേഷ്യം ശ്രമിച്ചില്ല. അഞ്ച് വയസ്സ് മാത്രമുള്ള ആ ബാലനെ ദിഗ്ഗജങ്ങളെ കൊണ്ട് ചവിട്ടിച്ചു. തീയിലിട്ടു. മലമുകളിൽ നിന്നും താഴത്തെക്കെറിഞ്ഞു.
പ്രഹ്ളാദബാലന് ഒന്നും പറ്റിയില്ല. സ്വന്തം ഭക്തനെ സംരക്ഷിക്കുന്ന നാരായണവിസ്മയങ്ങൾ കണ്ടിട്ടും ഹിരണ്യകശിപുവിൻ്റെ മനസ്സ് മാറിയില്ല. അയാളുടെ മനസ്സിൽ വിദ്വേഷഭക്തി നാൾക്ക് നാൾ കൂടി വന്നു.
ഒരു ദിനം ഗുരുകുലത്തിൽ വെച്ച് സതീർത്ഥ്യർ പ്രഹ്ളാദനോട് ഗുരുക്കന്മാർ പഠിപ്പിക്കാത്ത ഈ സവിശേഷജ്ഞാനം എവിടെ നിന്ന് പഠിച്ചുവെന്ന് ചോദിച്ചു.
പ്രഹ്ളാദൻ പറഞ്ഞു.
“കൂട്ടുകാരേ, ഭഗവാനെ സംബന്ധിച്ച ജ്ഞാനം കുട്ടിക്കാലത്ത് തന്നെ കേട്ട് പഠിക്കണം.എനിക്കാ ഭാഗ്യം സിദ്ധിച്ചു. അച്ഛൻ തപസ്സിന് പോയപ്പോൾ ഞാൻ അമ്മയുടെ ഗർഭത്തിലായിരുന്നു. ഗർഭിണിയായ അമ്മയെ ദേവേന്ദ്രൻ ബലമായി പിടികൂടി സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോയി. ഭയചകിതയായി ഒരു കുരുവിപ്പക്ഷിയെ പോലെ കരഞ്ഞ എൻ്റെ അമ്മയുടെ ദീനവിലാപം കേട്ട് നാരദർ അവിടെ എത്തി.
ഇന്ദ്രൻ്റെ കയ്യിൽ നിന്നും മോചിപ്പിച്ച അമ്മയ്ക്ക് ആ മാമുനി സ്വന്തം ആശ്രമത്തിൽ അഭയം നല്കി. പലപ്പോഴായി നാരദർ അമ്മയ്ക്ക് നല്കിയ ജ്ഞാനോപദേശങ്ങൾ മുഴുവൻ ഗർഭത്തിലിരുന്ന് കേട്ട് ഞാൻ പഠിച്ചു “.
പ്രഹ്ളാദബാലൻ്റെ സത്സംഗത്തിൻ്റെ ഫലമായി കൂട്ടുകാരും നാരായണ നാമം ജപിക്കാൻ തുടങ്ങി. തൻ്റെ രാജ്യത്തിൽ മുഴങ്ങിയ നാരായണശബ്ദം ഹിരണ്യകശിപുവിനെ അസ്വസ്ഥനാക്കി.
ഹിരണ്യശത്രുവായ നാരായണൻ്റെ നാമം ആരും ജപിക്കരുതെന്ന് രാജാവ് കല്പിച്ചു. ഹിരണ്യൻ്റെ സാമാജ്യത്തിൽ ഹിരണ്യായ നമ: എന്ന നാമം മാത്രം മതിയെന്ന രാജകല്പന രാജഭടന്മാർ പെരുമ്പറ മുഴക്കി അറിയിച്ചു.
ഇതെല്ലാമായിട്ടും സ്ഥിതി മാറിയില്ല. പ്രഹ്ളാദൻ കൂട്ടുകാരോട് പറഞ്ഞു
” കൂട്ടുകാരേ, മനുഷ്യനായി ജനിച്ചാൽ ഒരേ ഒരു ലക്ഷ്യമേ ഉള്ളു നാരായണനിൽ ഏകാന്തഭക്തി . എല്ലാത്തിലും നാരായണനെ കാണുന്നതാണ് ഏകാന്തഭക്തി. അതായത് ലോകം മുഴുവൻ നാരായണമയം എന്ന് അനുഭവിക്കുക ”
എത്ര ശിക്ഷിച്ചിട്ടും പ്രഹ്ളാദബാലന് ഒരു മാറ്റവും വരാത്തത് കണ്ട ഗുരുക്കന്മാർ ഹിരണ്യകശിപുവിനെ വിവരമറിയിച്ചു..
അയാൾ ക്രുദ്ധനായി പ്രഹ്ളാദനെ വിളിപ്പിച്ചു.
” ഉണ്ണീ പ്രഹ്ളാദാ.. ആരുടെ ബലം കണ്ടാണ് നീ നെഗളിക്കുന്നത്?”
പ്രഹ്ളാദൻ പറഞ്ഞു.
അച്ഛാ. എനിക്ക് മാത്രമായിട്ടൊരു ബലമില്ല.അച്ഛനും എനിക്കും സമസ്തലോകത്തിനും വേണ്ട ബലം തരുന്നത് നാരായണനാണ്. ബ്രഹ്മാവ് മുതൽ ജീവബിന്ദുക്കളുടെയെല്ലാം മൂലകാരണമായ ബോധമായി നാരായണൻ എല്ലായിടത്തും നിറഞ്ഞിരിക്കുന്നു.
പുത്രവചനം കേട്ട് ഹിരണ്യകശിപു ക്രോധത്തോടെ ഉടവാൾ വലിച്ചൂരി.
“നിൻ്റെ അന്ത്യസമയമടുത്തു കഴിഞ്ഞു. അവസാനമായി ഒറ്റ ചോദ്യം.”
“സർവ്വവ്യാപിയായ നിൻ്റെ നാരായണൻ ഈ തൂണിലുണ്ടോ?”
കൈകൂപ്പി കൊണ്ട് പ്രഹ്ളാദൻ ഉണ്ടെന്ന് പറഞ്ഞു.
ഹിരണ്യകശിപു ആ വാളു കൊണ്ട് തൂണിൽ ആഞ്ഞുവെട്ടി. തൂണ് പിളർന്നു. അതിൽ നിന്നും ആ ബാലവചനം സത്യമാക്കിക്കൊണ്ട് ഭയാനകമായ അലർച്ചയോടെ നരനും സിംഹവും ചേർന്നൊരു രൂപം പുറത്തേക്ക് ചാടി.
മഹാവിഷ്ണുവിൻ്റെ നരസിംഹാവതാരമായിരുന്നു അത്. അതിനെ കുറിച്ച് നാളെ.
(ചിത്രത്തിന് കടപ്പാട് Google,)
©✍️#SureshbabuVilayil