
സ്വന്തം ശരീരസുഖം മാത്രം നോക്കി അതിൽ രമിച്ച് ജീവിക്കുന്നവൻ അസുരനാണ്. ഭൗതികത്തിലപ്പുറം ഒന്നും അവൻ്റെ വിഷയമല്ല. അവൻ തപസ്സ് ചെയ്യുന്നതു പോലും സുഖം നേടാനാണ്. എന്നാൽ അതിന് അപവാദമായ അസുരന്മാരും ഉണ്ട്. ഭഗവാന് ഭക്തരിൽ ദേവാസുരമനുഷ്യഭേദമില്ല. അവരിൽ മുഖ്യരാണ് വൃത്രാസുരനും, അസുരബാലനായ പ്രഹ്ളാദനും, മഹാബലിയും.
ദേവന്മാർ സർവ്വഗുണസമ്പന്നരാണെന്ന് ഭാഗവതം പറയുന്നില്ല. കാശ്യപപ്രജാപതിയ്ക്ക് ദിതി, അദിതി എന്നീ രണ്ട് ഭാര്യമാരിൽ പിറന്നവരാണ് ദേവാസുരന്മാർ.
സ്വന്തം ആധിപത്യത്തിന് ഭീഷണിയായി വരുന്നവരെയെല്ലാം മുളയിലെ നുള്ളാൻ എന്ത് ക്രൂരത കാട്ടാനും ദേവേന്ദ്രൻ മടിക്കാറില്ല. തപസ്സനുഷ്ഠിക്കുന്നവരെ എല്ലാം സംശയദൃഷ്ടിയോടെ മാത്രമേ അയാൾ വീക്ഷിക്കാറുള്ളു.
എന്നാൽ വൃത്രാസുരനെന്ന പേര് കേട്ടാൽ ഇന്ദ്രൻ്റെ കൈകൾ അറിയാതെ അഞ്ജലീബദ്ധമാകും. കാരണം മനസ്സിൻ്റെ സമനിലയെ കുറിച്ച് ഇന്ദ്രനെ പഠിപ്പിച്ചത് വൃത്രനാണ്.
ഭഗവദ് ഭക്തരിൽ അഗ്രഗണ്യയായ കുന്തീദേവിയെ പോലെ ഭക്തിയുടെ നിദർശനമായി ഭാഗവതം എടുത്ത് കാട്ടുന്ന ഉത്തമദൃഷ്ടാന്തമാണ് അസുരനായ വൃത്രൻ. സത്യത്തിൻ്റെ പാതയിൽ ചരിച്ച അസുരഭക്തൻ. നിർഭയൻ.
പൂർവ്വജന്മത്തിൽ വൃത്രൻ ചിത്രകേതു എന്ന വിദ്യാധരരാജാവായിരുന്നു. ഒരിക്കൽ അദ്ദേഹം വിമാനത്തിൽ സഞ്ചരിക്കുമ്പോൾ മുനിമാരാലും ഭൂതഗണങ്ങളാലും ചുറ്റപ്പെട്ട് ആലിംഗനബദ്ധരായി നില്ക്കുന്ന ശിവപാർവ്വതിമാരെ കണ്ടു. അദ്വൈതബോധം വേണ്ടത്ര ഉറയ്ക്കാത്തത് കൊണ്ട് ഉറക്കെ പൊട്ടിച്ചിരിച്ച് കൊണ്ട് ചിത്രകേതു മഹാദേവനെ അപഹസിച്ചു.
ശിവനൊന്നും പ്രതികരിച്ചില്ല.
എന്നാൽ ദേവിയ്ക്കത് തീരെ ഇഷ്ടപ്പെട്ടില്ല. അടുത്ത ജന്മം അസുരനായി ജനിക്കട്ടെ എന്നൊരു ശാപം ദേവി നല്കി.
ശാപവചനം കേട്ടപ്പോൾ ഒട്ടും പരിഭ്രാന്തനാവാതെ അയാൾ ദേവിയെ കുമ്പിട്ടു തൊഴുതു.
” അമ്മേ,ഞാനീ ശാപം സന്തോഷത്തോടെ സ്വീകരിക്കുന്നു. ഇതെൻ്റെ മനസ്സിന് സമനില വരുത്താൻ കിട്ടിയ സുവർണ്ണാവസരമാണ്. ”
ശിവൻ പാർവ്വതിയോട് പറഞ്ഞു.
” നോക്കൂ ദേവീ, നാരായണൻ്റെ യഥാർത്ഥ ഭക്തൻ വെല്ലുവിളികളെ അവസരമായാണ് എടുക്കുന്നത്. ശാപത്തെ അനുഗ്രഹമായി കാണുന്നു.”
ഇതേ ചിത്രകേതുവാണ് വൃത്രനായി ജനിച്ചത്. ഇനി ആ കഥ കേട്ടോളൂ.
ഒരിക്കൽ ദേവസഭാമണ്ഡലത്തിൽ വന്ന ഗുരുവായ ബൃഹസ്പദിയെ അഹങ്കാരം മൂത്ത് മദോന്മത്തനായ ഇന്ദ്രൻ വേണ്ടപോലെ ഉപചരിച്ചില്ല. അതോടെ ക്ഷുഭിനായ വ്യാഴം മറഞ്ഞു.
എവിടെയെല്ലാം തെരഞ്ഞിട്ടും ദേവേന്ദ്രന് ഗുരുവിനെ കാണാൻ കഴിഞ്ഞില്ല. തക്കം പാർത്തിരുന്ന അസുരന്മാർ ദേവലോകം കയ്യടക്കി.
ബ്രഹ്മാവിൻ്റെ നിർദ്ദേശപ്രകാരം ഇന്ദ്രൻ, ത്വഷ്ടാവിൻ്റെ മകൻ വിശ്വരൂപനെ ആചാര്യനായി വരിച്ചു. നാരായണകവചം എന്ന മന്ത്രം വിശ്വരൂപൻ ഇന്ദ്രന് ഉപദേശിച്ചു. മന്ത്രസിദ്ധി വരുത്തി ശക്തനായ ഇന്ദ്രൻ നഷ്ടപ്പെട്ട അധികാരങ്ങൾ വീണ്ടെടുത്തു.
അമ്മ വഴിയ്ക്ക് വിശ്വരൂപനും അസുരനായിരുന്നു. അതു കൊണ്ട് യാഗങ്ങളിൽ പകുതി ഹവിസ്സ് അസുരന്മാർക്കും നല്കി.
ഇതറിഞ്ഞ ഇന്ദ്രൻ വിശ്വരൂപനെ ശിരച്ഛേദം ചെയ്തു. ആചാര്യൻ്റെ കൊടുംഹത്യയുടെ വിവരമറിഞ്ഞ ത്വഷ്ടാവ് കോപാക്രാന്തനായി.
ഇന്ദ്രനെ കൊല്ലാൻ തക്ക ബലമുള്ള ഇന്ദ്രശത്രുവായ മകനെ കിട്ടാൻ ത്വഷ്ടാവ് യജ്ഞം തുടങ്ങി. അസുരനായി ജനിക്കാനുള്ള സാഹചര്യം ചിത്രകേതുവിന് അതോടെ രൂപപ്പെട്ടു. വൃത്രൻ ജനിച്ചു.
ദധീചിമഹർഷിയുടെ നട്ടെല്ല് യാചിച്ചു വാങ്ങി വിശ്വകർമ്മാവിനെ കൊണ്ട് ഇന്ദ്രൻ വജ്രായുധം പണിയിച്ചു.
വൃത്രൻ്റെ നേതൃത്വത്തിൽ ദൈത്യസൈന്യം ദേവലോകം വളഞ്ഞു.
ദേവേന്ദ്രൻ വജ്രായുധത്തിൻ്റെ കരുത്തിൽ ശക്തമായി തിരിച്ചടിച്ചു. സ്വന്തം അണികൾ മരണഭയം കൊണ്ട് പിന്തിരിഞ്ഞോടിയിട്ടും വൃത്രൻ പതറാതെ ഒറ്റയ്ക്ക് നിന്ന് ദേവസൈന്യത്തോട് പൊരുതി.
മരണഭയമില്ലാത്ത വൃത്രൻ്റെ ശൗര്യത്തിനും ഒറ്റയാൾ പോരാട്ടത്തിനും മുന്നിൽ ദേവന്മാർ പകച്ചു പോയി. അവരും തിരിഞ്ഞോടി. പടക്കളത്തിൽ ദേവേന്ദ്രനും വൃത്രാസുരനും മാത്രമായി.
ദേവേന്ദ്രനുമായി മുഖാമുഖം നില്ക്കുമ്പോഴും വൃത്രാസുരൻ്റെ മനസ്സ് നിറയെ ഭഗവാനായിരുന്നു. മനസ്സിൽ ഭഗവാൻ നിറയുമ്പോൾ മനസ്സ് സമനില കൈവരിക്കുന്നതും ഭയം ഓടി മറയുന്നതും വൃത്രൻ അനുഭവം കൊണ്ടറിഞ്ഞു.
വൃത്രൻ ഭഗവാനെ സ്തുതിച്ചു.
ന നാക പുഷ്ഠം ന ച പാരമേഷ്ഠ്യം
ന സാർവ്വഭൗമം ന രസാധിപത്യം
ന യോഗസിദ്ധീരപുനർഭവം വാ
സമംജസ ! ത്വാ വിരഹയ്യ കാംക്ഷേ
(6-11-25)
സ്വർഗ്ഗമോ ബ്രഹ്മലോകമോ ഒന്നും തന്നെ എനിക്ക് വേണ്ട. ഭഗവാനേ, ചക്രവർത്തി പദമോ പാതാളലോകത്തിൻ്റെ ആധിപത്യമോ വേണ്ട. യോഗസിദ്ധിയോ, ജനനവും മരണവും ഇല്ലാത്ത അവസ്ഥയോ വേണ്ട. എനിക്കങ്ങയുടെ സാമീപ്യം മാത്രം മതി.
ഭഗവാനെ ഇത് കാത്തിരിപ്പാണ്. ചിറകു മുളക്കാത്ത കുഞ്ഞുങ്ങൾ തള്ളക്കിളിയെ കാത്തിരിക്കുന്ന പോലെ, വിശക്കുന്ന ശിശുക്കൾ മുലപ്പാലിന് കൊതിക്കുന്നത് പോലെ, ഭർതൃവിരഹത്തിൽ ദു:ഖിക്കുന്ന ഭാര്യയുടെ കാത്തിരിപ്പ് പോലെ ഞാൻ ഭഗവാനെ കാത്തിരിക്കുന്നു. അങ്ങെന്താണ് ഇനിയും വരാത്തത്?
ഇങ്ങനെ ഭഗവദ് രൂപം മനസ്സിൽ ധ്യാനിച്ച് ഭഗവാനെ സ്തുതിച്ച് നിന്ന വൃത്രനെ എങ്ങനെ കൊല്ലണമെന്ന് അറിയാതെ ഇന്ദ്രൻ പരുങ്ങി.
വജ്റായുധം കൊണ്ട് വൃത്രൻ്റെ ഒരു കരം ഛേദിച്ചു.ഇന്ദ്രൻ്റെ കൈയിലെ വജ്രായുധത്തെ തെറിപ്പിക്കാൻ വൃത്രന് ഒറ്റക്കെ ധാരാളം മതിയായിരുന്നു.
നിലത്ത് വീണ ആയുധം കുനിഞ്ഞ് എടുക്കാനാവാതെ നിന്ന ഇന്ദ്രനോട് വൃത്രൻ പറഞ്ഞു..
”നിൻ്റെ കർമ്മം നീ ചെയ്യു. ഇന്ദ്രാ. വജ്റായുധം നിലത്ത് നിന്നെടുത്ത് അതെൻ്റെ നേരെ പ്രയോഗിക്കൂ.
ഇന്ദ്രൻ വജ്റം എടുത്തു.
” അല്ലയോ ദാനവാ അങ്ങ് മഹാൻ തന്നെ. അങ്ങയുടെ യുദ്ധവീര്യം എൻ്റെ കണ്ണു തുറപ്പിച്ചു. അങ്ങയെ ഞാൻ വണങ്ങുന്നു. എന്ത് സിദ്ധി കൊണ്ടാണ് അങ്ങ് മായയെ ജയിച്ചത്? എന്നോട് പറയൂ.”
വൃത്രൻ പറഞ്ഞു.
” ഒരു യന്ത്രപ്പാവയെ പോലെയാണ് ദേവേന്ദ്രാ, ഈ ലോകം. അത് ചലിപ്പിക്കുന്നത് ഏകനായ നാരായണനാണ്. പ്രപഞ്ചത്തിലെ സൃഷ്ടിസ്ഥിതിലയങ്ങൾക്കപ്പുറം നില്ക്കുന്നത് ഭഗവാൻ മാത്രമാണ്. ഓരോ പ്രപഞ്ചഘടകങ്ങളിലും അന്തര്യാമിയായി ഭഗവാനുണ്ട്. അതറിയാത്ത മൂഢന്മാർ ഞാൻ ജയിക്കുന്നു, തോല്ക്കുന്നു എന്നെല്ലാം ഭ്രമിക്കുന്നു.
കീർത്തിയിലും അകീർത്തിയിലും, ജയത്തിലും, പരാജയത്തിലും, സുഖത്തിലും,ദു:ഖത്തിലും, ജീവിതത്തിലും, മരണത്തിലും സമദൃഷ്ടിയുള്ളവർക്ക് ആ മായയെ ജയിക്കാം.മനസ്സിൻ്റെ സമനില കൈവരിക്കലാണ് പ്രധാനം”
വൃത്രൻ്റെ വാക്കുകൾ കേട്ട് ഇന്ദ്രൻ അദ്ദേഹത്തെ മനസാ പൂജിച്ചു.
“ഭഗവാനിൽ വിലയം പ്രാപിച്ച് ഭഗവാനാകാൻ വെമ്പി നില്ക്കുന്ന അങ്ങേക്ക് നമസ്ക്കാരം. എൻ്റെയീ സ്വർഗ്ഗം അങ്ങേക്ക് വെറും പൊട്ടക്കുളം എന്ന് ഞാനറിഞ്ഞു. അഹങ്കാരം കൊണ്ട് മതിമറന്ന അങ്ങെൻ്റെ കണ്ണ് തുറപ്പിച്ചു. ”
തുടർന്ന് ഇരുവരും പരസ്പരം ഏറ്റുമുട്ടി
ഇന്ദ്രൻ ഒരു പൂജാപുഷ്പം പോലെ ആ വക്ഷസ്സിൽ അർപ്പിച്ച വജ്രായുധം സ്വീകരിച്ച് വൃത്രൻ ബ്രഹ്മസായൂജ്യം നേടി. ദേവന്മാർ പെരുമ്പറ മുഴക്കിയും പുഷ്പവൃഷ്ടി നടത്തിയും ആ മഹാത്മാവിനെ ആദരിച്ചു .
(ചിത്രം കടപ്പാട് Google)
©@#SureshbabuVilayil.