
സിന്ധുദേശവും സൗവീരദേശവും വാഴുന്ന രഹുഗണൻ എന്ന രാജാവ് ആത്മവിദ്യ പഠിക്കാൻ കപിലമുനിയുടെ ആശ്രമത്തിലേക്ക് പോവുകയായിരുന്നു. പല്ലക്കിലാണ് യാത്ര.
പല്ലക്ക് വാഹകരിൽ ഒരാൾക്ക് വഴിമധ്യേ സുഖമില്ലാതായി.യാത്ര മുടങ്ങിയാലുള്ള രാജകോപം ഭയന്ന് പകരക്കാരനെ തേടി അവർ നടന്നു. അപ്പോഴാണ് തടിച്ചു കൊഴുത്ത ജഡഭരതനെ കണ്ടത്.
ആവശ്യം പറഞ്ഞപ്പോൾ ഭരതൻ എതിരൊന്നും പറഞ്ഞില്ല.അവരിൽ ഒരാളായി പല്ലക്കുംചുമന്ന് നടന്നു.
സർവ്വംബ്രഹ്മമയം എന്ന ഭാവന ഉറച്ചത് കൊണ്ട് ഭൂമിയിലിഴയുന്ന പുഴുക്കളേയും, ഉറുമ്പുകളേയും, പ്രാണികളേയും ഗൗനിച്ചാണ് നടപ്പ്. പ്രാണികൾ ചവിട്ടടിയിൽ പെടാതിരിക്കാൻ നല്ലവണ്ണം ശ്രദ്ധിച്ചു. ഇടയ്ക്കൊക്കെ ചാടിയും, കാൽ മാറി ചവിട്ടിയുമാണ് ജഡഭരതൻ നടന്നത്. ഇത് കാരണം പല്ലക്ക് വല്ലാതെ ഇളകി. പല്ലക്കിലിരിക്കുന്ന രാജാവ് അസ്വസ്ഥനായി.
രാജാവിന് പല്ലക്ക്ചുമട്ട്കാരോട് ദേഷ്യം വന്നു. ഒരു ചുമട്ടുകാരൻ പുതിയതാണെന്നും അയാൾക്ക് വേണ്ടത്ര പരിചയമില്ലെന്നും അതു കൊണ്ടുള്ള ശല്യമാണിതെന്നും അവർ രാജാവിനെ ബോധിപ്പിച്ചു.
പല്ലക്കിൻ്റെ ജാലകത്തിലൂടെ തലയിട്ട് നോക്കിയപ്പോൾ പുതിയ വാഹകനെ കണ്ടു.തടിച്ചുകൊഴുത്ത ദേഹം. ആ രൂപം കണ്ടപ്പോൾ രാജാവ് പരിഹാസത്തോടെ ചോദിച്ചു.
അവിടുന്ന് വല്ലാതെ ക്ഷീണിച്ചു പോയല്ലോ സ്നേഹിതാ…. എന്ത് ചെയ്യാം? മെലിഞ്ഞൊട്ടിയ ദേഹം, പോരാത്തതിന് കുറേ വയസ്സുമായി. കൂട്ടിനാളില്ലാതെ അങ്ങ് സ്വയം പല്ലക്ക് ചുമക്കുകയുമാണല്ലേ?”
ജഡഭരതൻ ഒന്നും മിണ്ടിയില്ല.
തൻ്റെ കൃത്യനിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയതുമില്ല. പഴയ രീതി അതുപോലെ തുടർന്നു. രാജാവ് ക്ഷുഭിതനായി.
” എന്താണൊന്നും മിണ്ടാത്തത്? ജീവനോടെയിരിക്കുന്ന ശവമാണോ നീ? അതോ ശവത്തിന് ജീവൻ വെച്ചതോ? മുതലാളിയെ അനുസരിക്കാതെ അതിക്രമം കാണിക്കുന്നോ? ജനങ്ങളെ നേർവഴി പഠിപ്പിക്കുന്ന യമനാണ് ഞാൻ. നിനക്ക് ഞാൻ തക്കതായ ശിക്ഷ തരുന്നുണ്ട്. ”
ഭരതനപ്പോൾ വളരെ സൗമ്യമായി ഇങ്ങനെ പ്രതികരിച്ചു.
രാജാവേ, അങ്ങ് പറഞ്ഞത് ശരിയാണ്. ദേഹമാണ് ഞാനെന്ന് കരുതുന്നവർക്ക് വണ്ണം, മെലിച്ചിൽ, ആധി, വ്യാധി, വിശപ്പ്, ദാഹം,കലി, ഇച്ഛ,ഉറക്കം, രതി, കോപം, ദു:ഖം, അഹങ്കാരം എന്നിവയൊക്കെ മഹാകാര്യം തന്നെ. ആത്മാവാണ് ഞാനെന്ന ബോധം ഉറച്ചവരെ അതൊന്നും ബാധിക്കില്ല.
സ്വത്ത്, മുതലാളി, തൊഴിലാളി, എന്നീ പദവികൾ സ്ഥിരമല്ല. അധികാരവും അങ്ങനെ തന്നെ. അത്തരം ബന്ധങ്ങൾക്ക് നിയമവും നിയോഗവും, അനുസരണയും വേണം. എനിക്കത് ബാധകമല്ല.
എന്നെ ശിക്ഷിച്ചു നന്നാക്കും എന്നാണോ അങ്ങ് പറഞ്ഞത്? നന്നായി. അരഞ്ഞ ലേഹ്യത്തെ വീണ്ടും അരച്ചിട്ടെന്ത് ഗുണമാണ് രാജാവേ ?
ഇത് കേട്ടതും ഈ ചുമട്ടുകാരൻ സാധാരണക്കാരനല്ലെന്ന് രാജാവിന് തോന്നി. അദ്ദേഹം പല്ലക്കിൽ നിന്നും ചാടിയിറങ്ങി. ജഡഭരതനെ സാഷ്ഠാംഗം നമസ്ക്കരിച്ചു.
” അങ്ങാരാണ്? ഞാൻ തേടി പോകുന്ന കപിലരോ? ദേഹത്തിലും ദേഹിയിലും പിറന്ന മനുഷ്യരുടെ വകഭേദത്തെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ തന്നെ അങ്ങയുടെ ജ്ഞാനത്തെ ഞാൻ തിരിച്ചറിഞ്ഞു.
ദേഹവും ദേഹിയും തമ്മിലുള്ള വകഭേദം ചിന്തിക്കുമ്പോൾ ഒരു സംശയം. അരി വെയ്ക്കുമ്പോൾ അടുപ്പിലെ ചൂട് കലത്തേയും ബാധിക്കുന്ന പോലെ ശരീരവുമായി ചേരുന്ന ആത്മാവിനെയും ദാഹവും വിശപ്പും ബാധിക്കില്ലേ? സമാധാനം തന്ന് അനുഗ്രഹിക്കണേ…
ഭരതൻ പറഞ്ഞു.
രാജാവേ,അങ്ങ് പൊരുളറിയാതെ പൊരുളറിയുന്നവനെ പോലെ സംസാരിക്കുന്നു. ജ്ഞാനികൾ മായാമയമായ ലൗകികത്തെ ഒരിക്കലും തത്വചിന്തയുമായി കൂട്ടിക്കുഴയ്ക്കാറില്ല.
അനന്തമായ പരബ്രഹ്മത്തിന് ദൃഷ്ടാന്തം പറയാൻ ഈ ജഗത്തിൽ മറ്റൊന്നില്ല. ഒരു പ്രത്യേകാംശം സമർത്ഥിക്കാനാണ് ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നത്. അടുപ്പും കലവും, വെള്ളവും, അരിവെപ്പും ഇവിടെ യോജിക്കില്ല.
അങ്ങ് യാഗങ്ങൾ കുറേ നടത്തി. ഏതെങ്കിലും യാഗശാലകളിൽ യഥാർത്ഥ ബ്രഹ്മതത്വങ്ങൾ ചർച്ച ചെയ്യുന്നത് അങ്ങ് കേട്ടിട്ടുണ്ടോ?
അവിടെ ഹോമകുണ്ഠത്തിനെത്ര താഴ്ച വേണം,എത്ര ഭാരം വിറക് വേണം, ഭക്ഷണം കഴിക്കാൻ എത്ര ആളുണ്ടാവും, ആരെയൊക്കെ ക്ഷണിക്കണം എന്നൊക്കെയുള്ള ലൗകികമല്ലേ ചർച്ച? പിന്നെ യാജ്ഞികനെങ്ങനെ പരമമായ സത്യത്തെ പിടി കിട്ടും?
സ്വപ്നം പോലെ തന്നെയാണ് ഗൃഹസ്ഥാശ്രമസുഖങ്ങളെന്ന് ബോദ്ധ്യപ്പെട്ട് അത് ത്യജിക്കാനുള്ള ഇച്ഛാശക്തിയുള്ളവൻ പരമമായ സത്യത്തെ ഗ്രഹിക്കും.
സ്വപ്നത്തിൽ കാണുന്നതെല്ലാം ഉണരുമ്പോൾ നഷ്ടപ്പെടുന്ന പോലെ ബോധോദയം വരുമ്പോൾ ലോകാനുഭവങ്ങളും സ്വപ്നം തന്നെയെന്ന് ബോദ്ധ്യപ്പെടും.
പ്രജ്ഞാനം ബ്രഹ്മാ എന്നൊരു മഹാ വാക്യം ഐതരേയോപനിഷത്തിൽ ഉണ്ട്. ബോധമാണ് ബ്രഹ്മം എന്നാണ് അതിനർത്ഥം.
ബൃഹദാരണ്യോപനിഷത്ത് അഹം ബ്രഹ്മാസ്മി എന്ന് പറയുന്നു.ഞാൻ ബ്രഹ്മമാകുന്നു എന്നർത്ഥം.
ഛാന്ദോഗ്യോപനിഷത്ത് തത്വമസി എന്നാണ് പറയുന്നത്. അത് നീ തന്നെ, നീയും ബ്രഹ്മം എന്നർത്ഥം.
മാണ്ഡൂക്യോപനിഷത്ത് അയമാത്മാ ബ്രഹ്മ എന്ന് പറയുന്നു. ജീവനുള്ളവയെല്ലാം ബ്രഹ്മം തന്നെ എന്നർത്ഥം.
ഈ നാലുവാക്യങ്ങളും കൂടിയാൽ പ്രപഞ്ചം മുഴുവൻ ബ്രഹ്മമാണ് എന്ന ആശയം കിട്ടും. ഈ സത്യം വെളിപ്പെടാത്തവർ മായാമോഹം കൊണ്ട് ബന്ധിതരാണ്.
മായാമോഹത്തിൽ പെടുന്നവർ യഥാർത്ഥലക്ഷ്യത്തെ അറിയുന്നില്ല. അവർ സ്വർണ്ണത്തെ ഗ്രഹിക്കാതെ ആഭരണത്തെ മാത്രം കാണുന്നു. മണ്ണിനെ കാണാതെ കുടത്തെ കാണുന്നു.
നെയ്ത്തിരി കത്തുമ്പോൾ തിരി കത്തുന്നു. നെയ്യ് തീർന്ന് തിരി പുകയുമ്പോളാണ് ചിലർ നെയ്യിനെ അറിയുന്നത്. ആ തിരിയും കരുതിയത് താൻ കത്തിയത് കൊണ്ട് പരിസരം മുഴുവനും വെളിച്ചമായി എന്ന്.
കത്തി തീർന്ന് ചാരമായ ശേഷം തിരി നെയ്യിനെ കുറിച്ചറിഞ്ഞിട്ടെന്ത് കാര്യം? കത്തുമ്പോൾ തന്നെ നെയ്യിനെ അറിഞ്ഞിരുന്നെങ്കിൽ ശോഭയോടെ ജ്വലിക്കാമായിരുന്നു. പുകഞ്ഞു തീരുമ്പോൾ ഇത്രയ്ക്ക് ദു:ഖിക്കേണ്ടി വരില്ലായിരുന്നു.
ആ തിരിയുടെ ഗർവ് പോലെയാണ് അങ്ങ് രാജാവാണെന്നും എന്നെ ശിക്ഷിക്കുമെന്നും ഉള്ള ഭള്ള്.
ഞാനും ഒരു രാജാവായിരുന്നു. ഈ രാജ്യത്തിന് ഭാരതം എന്ന പേര് വന്നത് ഞാൻ ഭരിച്ചതിന് ശേഷമാണ്. ഒരു മാൻകുട്ടിയിൽ സംഗമേറ്റത് കൊണ്ട് ഞാനൊരു മാനായി ജനിച്ചു. ഈ ജന്മത്തിൽ ആരുടേയും സംഗമേല്ക്കാതെ ഏകാന്തതയിൽ കഴിഞ്ഞു കൂടുന്നു.
ജ്ഞാനം വിശുദ്ധം പരമാർത്ഥമേകം അനന്തരം ത്വബഹിർബ്രഹ്മ സത്യം പ്രത്യക് പ്രശാന്തം ഭഗവച്ഛബ്ദസംജ്ഞം
യദ്വാസുദേവം കവയോ വദന്തി.
(5-12-11)
ഏകനായ ഭഗവാനാണ് സത്യം.ആ സത്യമാണ് ഭഗവത്സ്വരൂപമായ ശുദ്ധബോധം. ഈ ബോധത്തെ തന്നെയാണ് വാസുദേവൻ എന്ന് വിളിച്ച് ഭാവനാശാലികളായ കവികൾ പ്രതീകവല്ക്കരിക്കുന്നത്.
പ്രകൃതിയെ മാത്രമായി സത്യവസ്തുവെന്ന് വിളിക്കാൻ പറ്റില്ല.എന്നാൽ ഭഗവാനോട് കൂടിയ പ്രകൃതി സത്യമാണ്.
എല്ലാറ്റിലും വസിക്കുന്നവൻ വാസുദേവൻ. പ്രകൃതിയിലും അവൻ വസിക്കുന്നു. സർവ്വവും ഉള്ളിൽ വസിപ്പിക്കുന്നവൻ വാസുദേവൻ. അകവും,പുറവും ഇല്ലാതെ, അകത്തും പുറത്തും പ്രകൃതിയെ വേഷ്ടിക്കുന്ന സത്തയാണ് വാസുദേവൻ.
അല്ലയോ രാജാവേ.വാസുദേവനെ തപസ്സിൽ കൂടിയോ യാഗാദികൾ കൊണ്ടോ പ്രാപിക്കാൻ പറ്റില്ല. ബ്രഹ്മനിഷ്ഠരുടെ കാൽച്ചുവട്ടിൽ ഇരുന്ന് വിചാരം ചെയ്താൽ ക്രമേണ ആ പൊരുൾ തെളിയും..
ഗ്രാമ്യകഥാലാപങ്ങൾ വെടിഞ്ഞ് ഭഗവദ്കഥകൾ അനുദിനം കേൾക്കുക. പറയുക. നിരന്തരമായി സത്സംഗത്തിന് ശ്രമിക്കുക. അങ്ങനെ കാലക്രമേണ വാസുദേവനിൽ ശ്രദ്ധയുറയ്ക്കും.
ജ്ഞാനം ഒരു ഖഡ്ഗമാണ്.അത് കൊണ്ട് മായാമോഹങ്ങളെ അരിഞ്ഞു തള്ളി ഭഗവദ് സ്മരണയോടെ ഇരുന്നാൽ അങ്ങേക്കും ആത്മസാക്ഷാൽക്കാരം ലഭിക്കും.”
ഭരതമഹാരാജാവ് പറഞ്ഞ പ്രകാരം പ്രവർത്തിച്ചതിനാൽ യഥാകാലം രഹുഗണനും ബ്രഹ്മസായൂജ്യം നേടി.
(ചിത്രത്തിന് കടപ്പാട് Google)
©@#SureshbabuVilayil.
സർവം വിഷ്ണുമയം, എന്ന് ജ്ഞാനത്തിൽ കൂടി ബോധ്യം വരും വരെ നമ്മൾ ഈശ്വരചിന്ത/അധ്യാൽപ്മചിന്ത സംഗം(ഒട്ടൽ) കൂടാതെ വളർത്തി എടുക്കണം എന്ന് ഭാഗവതം ഉപദേശിക്കുന്നു.