ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 19

സുരേഷ് ബാബു വിളയിൽ

ആരൊക്കെ അവമതിച്ചാലും, ഉപേക്ഷിച്ചാലും ഭഗവാൻ ഭക്തനെ കൈവിടില്ല.

ന മേ ഭക്താ: പ്രണശൃതി (എൻ്റെ ഭക്തൻ നശിക്കില്ല).അത് ഭഗവാൻ്റെ വാക്കാണ്.

സങ്കടക്കടലിൽ നിന്ന് കൈപിടിച്ച് ഭക്തനെ ഉയർത്താനും, നെഞ്ചോട് ചേർത്ത് കൂടെ നിർത്താനും ഭഗവാനുണ്ട് കൂടെ.

ദക്ഷൻ അവഗണിച്ചപ്പോൾ മകൾ ദാക്ഷായണിയുടെ മനം നൊന്തു. പിതൃനാമം പേറുന്നതൊന്നും വേണ്ടെന്ന ദൃഢനിശ്ചയത്തിൽ ദേഹം ഉപേക്ഷിച്ചപ്പോഴും ശിവൻ കൈവിട്ടില്ല. സ്വന്തം ദേഹം നൽകി ഭഗവാൻ സതിയെ അനുഗ്രഹിച്ചു. വാമഭാഗത്ത് ചേർത്ത് നിർത്തി. അർദ്ധനാരീശ്വരനായി ശിവൻ മാറി. സതിയില്ലാതെ ശിവനില്ല.

അർഹതയുണ്ടായിട്ടും അവഗണിക്കപ്പെടുന്നവർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ മനസ്താപം ഭഗവാൻ കാണുന്നുണ്ട്. അതിനുള്ള ഉത്തമദൃഷ്ടാന്തമാണ് ഭാഗവതം പറയുന്ന ധ്രുവകഥ.

വൈവസ്വതമനുവിൻ്റെ മകനായ ഉത്താനപാദമഹാരാജാവിന് രണ്ട് ഭാര്യമാരുണ്ട്. സുരുചിയും സുനീതിയും. സുനീതിയുടെ മകൻ ധ്രുവൻ. സുരുചിയുടെ മകൻ ഉത്തമൻ.

രാജാവിന് സുരുചിയെയായിരുന്നു കൂടുതൽ ഇഷ്ടം. സുനീതിയും മകനും സദാ അവഗണനയുടെ നിഴലിൽ കഴിഞ്ഞു കൂടി.

ഒരു നാൾ കുട്ടികൾ കളിക്കുമ്പോൾ ഉത്തമൻ ഓടിച്ചെന്ന് രാജാവിൻ്റെ മടിയിൽ കയറിയിരുന്നു. സമീപത്ത് തന്നെ സുരുചിയും ഇരിക്കുന്നുണ്ട്. രാജാവ് ഉത്തമനെ മൂർദ്ധാവിൽ ഉമ്മവെച്ച് ലാളിച്ചു. അച്ഛൻ്റെ മടിത്തട്ടിലിരുന്ന് ആ വാത്സല്യം നുകരാൻ ധ്രുവനും മോഹിച്ചു. അച്ഛൻ്റെ മടിയിൽ കയറിയിരുന്ന ധ്രുവനെ സുരുചി ബലമായി പിടിച്ചു നിലത്തേക്ക് തള്ളിയിട്ടു.
എന്നിട്ട് പരിഹാസപൂർവ്വം പറഞ്ഞു.

“എടോ കുട്ടീ. മഹാരാജാവിൻ്റെ മടിത്തട്ട് മോഹിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു? എൻ്റെ വയറ്റിൽ പിറക്കാത്തവന് അതിനുള്ള യോഗമില്ല. ഉള്ള നേരം ഭഗവാനെ ഭജിച്ച് അടുത്ത ജന്മത്തിലെങ്കിലും ഈ വയറ്റിൽ പിറക്കാനുള്ള ഭാഗ്യം നേടിക്കോ.”

ചെറിയമ്മയുടെ പരിഹാസം കൂരമ്പു പോലെ ആ കുട്ടിയുടെ ഹൃദയത്തിൽ കൊണ്ടു. വെറും അഞ്ചുവയസ്സേ അവനുള്ളു. അപമാനിതനായ അവൻ അവിടെ നിന്നും ഓടി. ഉറക്കെ നിലവിളിച്ച് കൊണ്ട് പെറ്റമ്മയുടെ സമീപത്തെത്തി.

സുനീതി മകനെ വാരിയെടുത്ത് മടിയിലിരുത്തി മൂർദ്ധാവിൽ ഉമ്മ വെച്ചു. തലമുടിയിൽ തഴുകി. മകൻ കരഞ്ഞ കാരണം കേട്ടപ്പോൾ ആ മാതൃഹൃദയം വിങ്ങിപ്പൊട്ടി. തെല്ലുനേരം ഗാഢചിന്തയിലാണ്ട ശേഷം സുനീതിയമ്മ പറഞ്ഞു.

” എൻ്റെ കുഞ്ഞേ, അന്യരിൽ കുറ്റം കാണാതിരിക്കൂ. അന്യരെ ദുഃഖിപ്പിച്ചാൽ സ്വയം ദു:ഖിക്കാൻ ഇടവരും. സുരുചി പറഞ്ഞത് ശരിയാണ്. ഭാഗ്യമില്ലാത്ത എൻ്റെ വയറ്റിലല്ലേ നീ പിറന്നത്? അവർ നല്ലൊരുപദേശവും തന്നു. അതനുസരിച്ച് പ്രവർത്തിക്കൂ. ഭഗവാനെ ഭജിക്കൂ. നമ്മുടെ ദുഃഖം മാറ്റാൻ ഭഗവാനല്ലാതെ മറ്റാർക്കും കഴിയില്ല.”

അമ്മ പറഞ്ഞ വാക്കുകൾ കേട്ട് ആ ബാലൻ കൊട്ടാരം വിട്ടിറങ്ങി. ഭഗവാനെ ഭജിച്ച് കാട്ടിൽ കഴിയുന്ന ഋഷിമാരെ കുറിച്ച് കേട്ടിട്ടുണ്ട്. അതു കൊണ്ട് ഭഗവാൻ കാട്ടിലുണ്ടെന്ന് ധ്രുവൻ കരുതി.
കാട്ടിലേക്കുള്ള വഴിയിൽ വെച്ച് നാരദരെ കണ്ടുമുട്ടി. നാരദർ കുട്ടിയുടെ ശിരസ്സിൽ കൈവെച്ച് അനുഗ്രഹിച്ചു.

“കുഞ്ഞേ, കളിച്ചു നടക്കേണ്ട ഈ പ്രായത്തിൽ അപമാനത്തെ കുറിച്ച് എന്തിന് ചിന്തിക്കുന്നു? ഇതെല്ലാം ഈശ്വരനിശ്ചിതമെന്ന് കരുതി വീട്ടിലെക്ക് തിരിച്ചു പോകൂ.”

ധ്രുവൻ നാരദരോട് ചോദിച്ചു.

” ഭഗവാന് മാത്രമെ എന്നെ സഹായിക്കാനാവൂ എന്നാണല്ലോ എൻ്റെ അമ്മ പറഞ്ഞത്. അതു കൊണ്ട് ഭഗവാനെ കണ്ടല്ലാതെ ഞാൻ തിരിച്ചു പോവില്ല.”

“എൻ്റെ കുഞ്ഞേ…നിൻ്റെ അമ്മ പറഞ്ഞത് ശരിയാണ്. ദുഃഖമോചനം ഭഗവാന് മാത്രമേ കഴിയൂ. പക്ഷെ ഭഗവത്പ്രസാദം നേടുന്നത് നീ കരുതുന്നത് പോലെ എളുപ്പമല്ല. വേഗം തന്നെ മടങ്ങി പോകൂ.”

എന്തൊക്കെ പറഞ്ഞിട്ടും ധ്രുവൻ സ്വന്തം നിശ്ചയത്തിൽ ഉറച്ച് നിന്നു

ആ ബാലൻ്റെ ഇച്ഛാശക്തിക്ക് മുന്നിൽ നാരദർ തോറ്റു

നാരദർ പറഞ്ഞു.
” കുഞ്ഞേ,ദുഃഖമോചനത്തിനുള്ള മാർഗ്ഗം നിൻ്റെ അമ്മ പറഞ്ഞത് തന്നെ. യമുനാതടത്തിൽ മധുവനം എന്നൊരിടമുണ്ട്. അവിടെ ചെന്ന് ഭഗവാങ്കൽ മാത്രം മനസ്സുറപ്പിച്ച് തപസ്സ് ചെയ്യു. “ഓം നമോ ഭഗവതേ വാസുദേവായ ” എന്ന മന്ത്രം നിരന്തരം ഉരുവിടൂ. ഭഗവാൻ നിൻ്റെ അഭീഷ്ടങ്ങൾ സാധിപ്പിച്ചതരും.”

ധ്രുവൻ ഭഗവാങ്കൽ മനസ്സർപ്പിച്ച് ഘോരമായ തപസ്സിലാണ്ടു.വെറും അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ബാലൻ്റെ തപസ്സ് കണ്ട് ദേവന്മാർ ഉൽക്കണ്ഠാകുലരായി. അവർ മഹാവിഷ്ണുവിനെ വിവരം ധരിപ്പിച്ചു.

മഹാവിഷ്ണു ഗരുഡാരൂഢനായി മധുവനത്തിലെത്തി. ചിത്തത്തിൽ വിളങ്ങി നിന്ന ഭഗവദ്രൂപം പെട്ടെന്ന് മറഞ്ഞപ്പോൾ ധ്രുവൻ കണ്ണു തുറന്നു. ഉള്ളിൽ തെളിഞ്ഞ അതേ രൂപം പുറത്തു നില്ക്കുന്നത് കണ്ട് വിസ്മയം പൂണ്ടു.

കണ്ണുകൾ നിറഞ്ഞു. ധ്രുവൻ ആ പാദങ്ങളിൽ നമസ്ക്കരിച്ചു. ഒന്നും മിണ്ടാൻ കഴിയുന്നില്ല. കുഞ്ഞു ധ്രുവൻ്റെ ഭക്തി കണ്ട് ഭഗവാൻ വാത്സല്യം പൊഴിച്ചു. അരുമയോടെ ആ കവിൾത്തടത്തിൽ വേദമയമായ ശംഖ് കൊണ്ട് മൃദുവായൊന്ന് സ്പർശിച്ചു.

അതോടെ ശ്രുതിസാരം മുഴുവൻ ധ്രുവന് സ്വന്തമായി. വേദാർത്ഥനിറവിൽ ധ്രുവൻ ഭഗവാനെ സ്തുതിച്ചു.
യോfന്ത: പ്രവിശ്യ മമ വാചമിമാം പ്രസുപ്താം
സംജീവയത്യഖിലശക്തിധര: സ്വധാമ്നാ
അന്യാംശ്ചഹസ്തചരണശ്രവണത്വഗാ
ദീൻ
പ്രാണാന്നമോ ഭഗവതേ പുരുഷായ തുഭ്യം
(4-9 – 6)
ബോധ സ്വരൂപനായി എൻ്റെ ഉള്ളിൽ കുടികൊള്ളുന്ന ഭഗവാനേ, അങ്ങേക്ക് നമസ്ക്കാരം. എൻ്റെ ഉള്ളിൽ പ്രവേശിച്ച് അവിടെ ഉറങ്ങിക്കിടന്ന വാക്കിനെ തട്ടിയുണർത്തിയത് അവിടുന്നാണ്. എല്ലാ പ്രപഞ്ചശക്തികൾക്കും ഉറവിടമായ സർവ്വശക്തനാണ് അങ്ങ്.കരചരണശ്രവണാദി കർമ്മ ജ്ഞാനേന്ദ്രിയങ്ങളെല്ലാം പ്രവർത്തിപ്പിക്കുന്നത് അങ്ങാണ്.
അങ്ങ് തന്നെ മായയെ പ്രകടമാക്കി ഈ ജഗത്തിനെ സൃഷ്ടിച്ചു. നാമരൂപങ്ങളിൽ പ്രവേശിച്ച് അവയെ രക്ഷിച്ച് വീണ്ടും ലയിപ്പിക്കുന്നു.
ഒരപേക്ഷ മാത്രമേ എനിക്കുള്ളു. ഇടമുറിയാത്ത ഭഗവദ്ഭക്തി തന്നെന്നെ അനുഗ്രഹിക്കണേ. ആനന്ദസ്വരൂപമായ ആ അഖണ്ഡ ബോധത്തെ ഞാൻ ശരണം പ്രാപിക്കുന്നു.

ഭഗവാൻ പറഞ്ഞു.
” കുമാരാ, ഞാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്നു. നിന്നെ രാജാവാക്കി വാഴിച്ച ശേഷം നിൻ്റെ പിതാവ് വാനപ്രസ്ഥനാകും. നിൻ്റെ അനുജനായ ഉത്തമൻ നായാട്ടിൽ കൊല്ലപ്പെടും. അവനെ തേടി യെത്തുന്ന സുരുചി കാട്ടുതീയിലും പെടും. നീ ചിരകാലം ചക്രവർത്തി പദം അലങ്കരിക്കും. അന്ത്യവേളയിൽ എന്നെ സ്മരിച്ചു കൊണ്ട് ദേഹം ഉപേക്ഷിക്കും.

നിന്നെ ഞാൻ ഏറ്റവും ഉയർന്ന പദത്തിൽ എത്തിക്കും.ആ പദം നിൻ്റെ പേരിൽ ധ്രുവമണ്ഡലമെന്ന് എക്കാലത്തും പ്രസിദ്ധമാകും.”

ധ്രുവൻ ചക്രവർത്തിയായി ചിരകാലം ഭൂമുഖം വാണു. മരണശേഷം ധ്രുവനക്ഷത്രമായി ഭഗവദ്ഭക്തിയുടെ നേർസാക്ഷ്യമായി ഉയരങ്ങളിൽ വിളങ്ങുന്നു.

ഈ കഥയുടെ പിന്നിലെ തത്ത്വം കൂടി പറയാം. ഉത്താനപാദന് മാത്രമല്ല നമുക്കും ഉണ്ട് രണ്ടു ഭാര്യമാർ. രുചിയും നീതിയും. നല്ല നീതി പറഞ്ഞു തരുന്ന മനസ്സാക്ഷി എന്ന ഭാര്യയെ നമുക്കാർക്കും ഇഷ്ടമല്ല. എന്നാൽ നമ്മുടെ രുചി മാത്രം നോക്കി സേവ പറയുന്ന മനസ്സെന്ന ഭാര്യയെ ഇഷ്ടവുമാണ്.

മനസ്സ് ഇന്ദ്രിയങ്ങളുടെയും ശരീരത്തിൻ്റേയും രുചിയുടെ പിന്നാലെയാണ്. സ്വന്തം ശരീരസുഖം നോക്കിയാൽ മതി. അന്യനെന്ത് സംഭവിക്കും എന്നത് മനസ്സിൻ്റെ വിഷയമേയല്ല.
മനസ്സ് പറയും പോലെ ജീവിക്കാൻ തുടങ്ങിയാൽ മനുഷ്യൻ നശിക്കും. അതുകൊണ്ട് ഇടയ്ക്കെങ്കിലും മനസ്സാക്ഷിയുടെ ശബ്ദം കേൾക്കണം.

സുരുചി പറയുന്നു.
എല്ലാ ഭോഗങ്ങളും എനിക്കുള്ളതാണ്. എന്നെ സ്നേഹിക്കൂ.എന്നെ മാത്രം. അപരൻ്റെ ദുഖം എനിക്ക് വിഷയമല്ല.

എന്നാൽ സുനീതി പറയുന്നു.
” നിൻ്റെ പ്രവൃത്തി ആരേയും ദു:ഖിപ്പിക്കുന്നതാവരുത്. അങ്ങനെയായാൽ നിനക്കും ദുഖിക്കേണ്ടി വരും ”
നമുക്ക് സുനീതിയുടെ പക്ഷം ചേരാം. ഭഗവദ് പ്രീതി നേടി ധ്രുവനക്ഷത്രമാകാം.
(ചിത്രത്തിന് കടപ്പാട് Google)
©@#SureshbabuVilayil.

5+

2 thoughts on “ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 19

  1. ധ്രുവചരിതം നമ്മെ നിശ്ചയദാർഢ്യം പഠിപ്പിക്കുന്നു, ഭക്തി ഉണ്ടാകാൻ പഠിപ്പിക്കുന്നു, മനസ്സ് പറയുന്നത് പോലെ പ്രവർത്തിക്കുമ്പോൾ മനസ്സാക്ഷി ഉപദേശിക്കുന്നതും ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം അപകടം സംഭവിക്കാൻ സാധ്യത ഉണ്ടെന്നും പഠിപ്പിക്കുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *