വ്യാസമഹർഷി സരസ്വതീനദിയുടെ തീരത്തുള്ള ശമ്യാപ്രാസം എന്ന ആശ്രമത്തിൽ പ്രഭാതത്തിലെ സന്ധ്യാവന്ദനവും കഴിഞ്ഞ് ഇരിക്കുകയാണ്. എന്തൊക്കെയോ വല്ലായ്മകൾ മനസ്സിലേക്ക് കയറി വന്നു.
വ്യാസർ ചിന്തിച്ചു.
” ലോകരുടെ നന്മക്കായി ഞാൻ വേദത്തെ നാലായി പകുത്തു. അഞ്ചാം വേദമെന്ന് കേളി കേട്ട മഹാഭാരതം എഴുതി.പതിനെട്ട് പുരാണങ്ങൾ ചമച്ചു. എന്നിട്ടും ആത്മസംതൃപ്തിയുടെ പ്രകാശം തെളിയുന്നില്ലല്ലോ? എന്താവാം ഇതിന് കാരണം?
എല്ലാമുണ്ടായിട്ടും എന്തോ കുറവ്. ഇതൊരു വിചിത്രവ്യസനം തന്നെ.
മഹത്മാക്കളുടെ വ്യസനം പോലും ലോകത്തിന് അനുഗ്രഹമാണ്. അതിന് ദൃഷ്ടാന്തമെന്നവണ്ണം ആ നിമിഷം നാരദമഹർഷി അവിടെ വന്നെത്തി.
ഉപചാരങ്ങൾ സ്വീകരിച്ച ശേഷം നാരദമഹർഷി വ്യാസരോട് ചോദിച്ചു.
“വ്യാസരേ, അങ്ങെഴുതിയ മഹാഭാരതം വേദാർത്ഥങ്ങളെ സ്പഷ്ടമായി പ്രകാശിപ്പിക്കുന്നു. സാധാരണക്കാർ പോലും അത് കേട്ട് തത്വങ്ങൾ ഗ്രഹിക്കുന്നു. ദിനംപ്രതി ആ ഗ്രന്ഥത്തിന് സ്വീകാര്യതയേറുന്നത് വിസ്മയകരം തന്നെ. എന്നിട്ടും അങ്ങെന്താണ് ഖിന്നനായിരിക്കുന്നത്?അങ്ങയുടെ മുഖപ്രസാദം എവിടെ പോയി ? എന്താണ് വ്യസനം? പറയൂ.എന്നോട് പറയൂ.. ”
വ്യാസർ പറഞ്ഞു.
മഹർഷേ, മേന്മകൾ പലതും ഉണ്ടായിട്ടും സന്തോഷമില്ലാതെ ഉള്ള് നീറി കഴിയുകയാണ് ഞാൻ. എന്തോ കുറവ് എന്നെ വല്ലാതെ അലട്ടുന്നു. അതെന്താണെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.
ലോകം മുഴുവൻ ചുറ്റിത്തിരിയുന്ന അങ്ങേക്കറിയാത്ത ഒരു രഹസ്യം പോലുമില്ല.അങ്ങത് കണ്ടെത്തി എൻ്റെ ദു:ഖനിവൃത്തി വരുത്തിയാലും.
നാരദർ പറഞ്ഞു.
“വ്യാസരേ, അങ്ങ് നേരിടുന്ന ഈ വിചിത്രവ്യസനത്തിന് കാരണമുണ്ട്. ധർമാർത്ഥകാമമോക്ഷങ്ങളെ കുറിച്ച് അങ്ങ് മഹാഭാരതത്തിൽ വിശദമായി ചർച്ചചെയ്തു.
എന്നാൽ അതിലൊന്നും തന്നെ ഭഗവദ് സ്വരൂപത്തെ വർണ്ണിച്ചിട്ടില്ല. അതൊരു കുറവ് തന്നെയാണ്.
ഭഗവൽമഹത്വം കീർത്തിക്കാത്ത വാക്കുകൾ കാക്കകൾ കുളിക്കുന്ന പൊട്ടക്കുളമാണ്.ഭക്തഹംസങ്ങൾക്ക് നീന്തിത്തുടിക്കാൻ അത് പോര. എത്ര വലിയ വാഗ്വിലാസമായാലും അവർ തിരിഞ്ഞുനോക്കുക പോലും ചെയ്യില്ല.
അല്പം തെറ്റുപറ്റിയാൽ പോലും ഭഗവത് മഹത്വം പ്രഖ്യാപിക്കുന്ന വാക്കുകൾ കേട്ടാൽ ഭക്തന്മാർ സ്വീകരിക്കും.അവ ജനമനസ്സുകളെ ശുദ്ധീകരിക്കും.
ബോധസ്വരൂപനായ ഭഗവാൻ്റെ മഹത്വത്തെ മാറ്റി വെച്ച് അങ്ങ് എഴുതുമ്പോൾ ബോധസത്യത്തിൽ മിന്നി മറയുന്ന നാമരൂപങ്ങൾക്ക് പ്രാധാന്യം കൈവരും.
സാമാന്യരിൽ അത് ഭേദബുദ്ധി സൃഷ്ടിക്കും, സ്വർണ്ണത്തെ കാണാതെ അവർ ആഭരണത്തെ കാണാൻ തുടങ്ങും.മണ്ണിനെ കാണാതെ കുടത്തെ കാണും. മനസ്സപ്പോൾ കാറ്റിലകപ്പെട്ട വഞ്ചി പോലെ ഉലയും.
ധർമ്മമായാലും അധർമ്മമായാലും കർമ്മം മനുഷ്യന് ബന്ധനം തന്നെ. ബന്ധകാരണമായ ഈ കർമ്മത്തെ നിത്യേന നിയമേന ധർമ്മമായി അനുഷ്ഠിക്കണം എന്ന് പഠിപ്പിക്കുന്നത് എക്കാലത്തും ശരിയാവണമെന്നില്ല.
കാരണം ഏതു കർമ്മത്തിലും സംഗം വരുന്നത് ആരുടേയും കുറ്റമല്ല. കർമ്മത്തോടുള്ള ഒട്ടൽ മനസ്സിൻ്റെ സ്വഭാവമാണ്.
ജീവിതാന്ത്യത്തിൽ ധർമ്മകർമ്മം പോലും വാസനാമയമായി തീർന്ന് കടുത്ത സംഗത്തെയുളവാക്കും. മരണവേളയിൽ പോലും അതിനെ പൊട്ടിച്ചെറിയാൻ കഴിയാതാവും. അത് ജീവിതം ദുസ്സഹമാക്കും.
ഇതിനൊരേയൊരു പോംവഴിയേയുള്ളു. സർവ്വം ബ്രഹ്മമയം എന്ന് വസ്തുസ്ഥിതി നിരൂപണം അനുഭവിച്ച് അറിയുക മാത്രം.
ഈ വാസ്തവം അങ്ങേക്കറിയാം. പക്ഷെ മഹാഭാരതം പഠിക്കുന്നവർക്കെല്ലാം അറിയുമോ?
വ്യാസർ പറഞ്ഞതാണല്ലോ എന്ന് കരുതി അവരീ കർമ്മങ്ങൾ കാലദേശഭേദമന്യേ ആചരിച്ചാൽ പാമരം നഷ്ടപ്പെട്ട നടുക്കടലിലെ വഞ്ചി പോലെ കുഴപ്പത്തിലാവും.
നൈഷ്ക്കർമ്യമപ്യച്യുതഭാവവർജിതം
ന ശോഭതേ ജ്ഞാനമലം നിരഞ്ജനം
കുത: പുന: ശശ്വദഭദ്രമീശ്വരേ
ന ചാർപ്പിതം കർമ്മ യദപ്യ കാരണം
(1-5-12)
ഭക്തിയോടെ ചെയ്യുന്ന കർമ്മങ്ങൾക്കേ പ്രയോജനമുള്ളു. കാമ്യകാംക്ഷയില്ലാതെ ചെയ്യുന്നതാണെങ്കിൽ കൂടി ഈശ്വരങ്കൽ സമർപ്പിക്കാത്ത കർമ്മങ്ങൾക്ക് ഫലമില്ല. അവ ശൂന്യമാണ്.
പ്രവൃത്തിയും നിവൃത്തിയും രണ്ടാണ്. മഹാഭാരതത്തിൽ ധർമ്മത്തിൻ്റെ പ്രവൃത്തിമാർഗ്ഗത്തെ അങ്ങ് വിസ്തരിച്ചു. ഇനി നിവൃത്തിയെ കുറിച്ചും പറയണം.
“യതോ ധർമ്മ സ്തതോ ജയ: ” എന്നതാണല്ലോ മഹാഭാരതത്തിൻ്റെ മുദ്രാവാക്യം. ഭഗവാനേക്കാൾ പ്രാധാന്യം അങ്ങ് ധർമ്മത്തിന് കൊടുത്തപ്പോൾ ആ ബൃഹദ്രൂപം തിരിച്ചറിയാൻ സാധാരണക്കാർക്ക് കഴിഞ്ഞില്ല.
വില്ലിൽ തൊടുത്ത് വിട്ട അമ്പിൻ്റെ ലക്ഷ്യപ്രാപ്തിയിലാണ് വില്ലാളിയുടെ സംതൃപ്തി. അങ്ങേക്കത് ലഭിച്ചിട്ടില്ല. അങ്ങയുടെ ഖിന്നതക്ക് കാരണം അതാണ്.
അത് കൊണ്ട് ഭഗവദ് മഹത്വത്തെ വർണ്ണിക്കുന്ന പുതിയൊരു ഗ്രന്ഥം കൂടി അങ്ങ് രചിക്കൂ.അങ്ങയുടെ വ്യസനത്തിന് ശമനമുണ്ടാകും. ”
ബ്രഹ്മാവിൽ നിന്നും ലഭിച്ച ചതുശ്ലോകീഭാഗവതം നാരദർ വ്യാസർക്ക് കൈമാറി. ആ നാലു ശ്ലോകങ്ങളുടെ വിപുലീകരണമാണ് ശ്രീമദ് ഭാഗവതം.
കളങ്കമില്ലാത്ത ധർമ്മവും നിവൃത്തിമാർഗ്ഗവും ഇതിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.സർവ്വം ബ്രഹ്മമയം എന്ന ബോധസത്യം നിരവധി കഥകളിലൂടെ ഉദ്ഘോഷിക്കുന്നു. ഭഗവദ്പൂജയായി ചെയ്യുന്ന കർമ്മമാണ് ഭാഗവതത്തിൻ്റെ ധർമ്മം.ഭഗവാനിൽ സമർപ്പിതമായ മനസ്സിനെയാണ് ഭാഗവതം അർത്ഥിക്കുന്നത്.
അത് മനുഷ്യനെ ഈശ്വരനോട് അടുപ്പിക്കുന്നു. ഭക്തനെ ഭഗവാനാക്കുന്നു. അതോടെ എല്ലാ ദുഃഖത്തിൽ നിന്നും മനുഷ്യനു മോചനം കിട്ടുന്നു. ബ്രഹ്മസത്യം തെളിഞ്ഞു കിട്ടുന്നു.
മഹാത്മാക്കൾ വ്യസനിച്ചാലും ലോകർക്ക് അനുഗ്രഹമാണ്. ആ വിചിത്രവ്യസനം കൊണ്ട് നമുക്ക് കിട്ടിയ വരദാനമാണ് ഭാഗവതം.
(ചിത്രം കടപ്പാട് Google)
©@#SureshbabuVilayil.