പാലാഴിയിൽ ശയിക്കുന്ന അഖണ്ഡബോധാത്മകനും കാര്യകാരണമുക്തനുമായ സാക്ഷാൽ ആദിനാരായണൻ്റെ നാഭീപത്മത്തിൽ നിന്ന് ബ്രഹ്മാവ് ഉയിർ കൊണ്ടു.
ചുറ്റുപാടും നോക്കിയപ്പോൾ കണ്ണത്താപ്പുറം വരെ മൂടിയ വെള്ളം മാത്രം കണ്ട് ബ്രഹ്മാവ് ചിന്താകുലനായി.തൻ്റെ നിയോഗം സൃഷ്ടിയാണെന്ന് ഓർമ്മ വന്നു. എന്നാൽ അതെങ്ങനെ എന്നറിയാതെ കുഴങ്ങി.
അപ്പോൾ തപ, തപ എന്നീ രണ്ടക്ഷരങ്ങൾ ഹൃദയത്തിൽ മുഴങ്ങി. അർത്ഥബോധം കൈവന്ന ബ്രഹ്മാവ് തപസ്സ് ചെയ്യാൻ തുടങ്ങി.
തപോനിഷ്ഠനായ ബ്രഹ്മാവിൻ്റെ മുന്നിൽ ആദിനാരായണൻ വിഷ്ണുവായി, മഞ്ഞപ്പട്ടുടുത്ത്, ചതുർബാഹുവായി, കിരീടകുണ്ഡലങ്ങളോട് കൂടി പ്രത്യക്ഷപ്പെട്ടു. ഭഗവദ് രൂപം കണ്ട് ആശ്ചര്യപ്പെട്ട് ആനന്ദമഗ്നനായ ബ്രഹ്മാവ് കൈകൂപ്പി സ്തുതിച്ചു.
” അല്ലയോ ഭഗവാനേ,
ബോധസ്വരൂപനായ അങ്ങ് എൻ്റെ മുന്നിൽ സരൂപനായി പ്രത്യക്ഷപ്പെട്ടു. എൻ്റെ ഭാഗ്യം. ആത്മപ്രകാശമായി എന്നിൽ വിളങ്ങുന്ന അരൂപിയായ അങ്ങയുടെ സ്വരൂപം അത്ഭുതകരം തന്നെ.
ബാഹ്യവസ്തുക്കളൊന്നു പോലും എടുക്കാതെ സ്വശരീരം കൊണ്ട് സ്രവിപ്പിക്കുന്ന പശ കൊണ്ട് വല കെട്ടുന്ന ഊർണ്ണനാഭി (ചിലന്തി)യെ പോലെ അങ്ങീ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. ആ രഹസ്യം എന്നോട് വെളിപ്പെടുത്തിയാലും.”
മായയെ അവലംബിച്ച് താൻ പലതായി മാറിയ സൃഷ്ടിയുടെ രഹസ്യം നിറച്ച ആ വിസ്മയച്ചെപ്പ് ഭഗവാൻ ബ്രഹ്മാവിന് മുന്നിൽ തുറന്നു വെച്ചു.
അഹമേവാസമേവാഗ്രേ
നാന്യദ്യത് സദ സത്പരം
പശ്ചാദഹം യദേതച്ച
യോfവശിഷ്യേത സാേfസ്മ്യഹം
( 2 – 9 – 32)
ആദിയിൽ ഞാനുണ്ട്. സൃഷ്ടിക്ക് മുമ്പും ഞാനുണ്ടായിരുന്നു. കാര്യകാരണങ്ങളിൽ നിന്ന് മുക്തമായത് ഏതാണോ അതും ഞാനാണ്.
നാമരൂപങ്ങൾ വേർതിരിയുന്നതിന് മുമ്പും ബോധരൂപനായ ഞാൻ ഉണ്ടായിരുന്നു. പ്രളയാനന്തരം അവശേഷിക്കുന്നതെന്താണോ അതും ഞാനാണ്.
ഋതേർfഥം യത് പ്രതീയേത
ന പ്രതീയേത ചാത്മനി
തദ് വിദ്യാദാത്മനോ മായാം
യഥാffഭാസോ യഥാ തമ:
(2-9-33)
ബോധരൂപനായ പരമാത്മാവിൽ ഉണ്ടെന്നും പിന്നെ ഇല്ലെന്നും തോന്നുന്ന നാമരൂപങ്ങൾ മായാപ്രകടനം മാത്രമാണ്.
വെളിച്ചത്തിൽ വസ്തുവിന് നിഴൽ ഉണ്ടാകുന്നു. വെളിച്ചം പോയാൽ ഉള്ള നിഴൽ ഇല്ലാതാകുകയും ചെയ്യും. സർവ്വത്ര ഇരുട്ടായാൽ ഉണ്ടായ നിഴലും ഇല്ലാതാവും.
വെളിച്ചവും ഇരുട്ടും മാറി മാറി വരുമ്പോഴും അവിടെയുള്ള വസ്തുക്കൾക്ക് മാറ്റം വരുന്നില്ല എന്ന് മുതിർന്നവർക്കറിയാം. കുഞ്ഞുങ്ങൾക്കറിയില്ല.
വെളിച്ചം കെട്ടാൽ, മധുരം നുണയുന്ന കുഞ്ഞുങ്ങൾ മധുരം നിറച്ച പാത്രം പോയ്പോയല്ലോ എന്നും പറഞ്ഞ് കരയും പോലെ നമ്മളും ചില വിരഹങ്ങളുടെ മായാവിഭ്രമത്തിൽ പെട്ട് കരയാറുണ്ട്. വിളക്ക് വീണ്ടും തെളിച്ചപ്പോൾ മധുരപാത്രം തിരിച്ചുവന്നെന്ന് പറഞ്ഞ് ആഹ്ളാദിക്കുന്ന അതേ കുഞ്ഞുങ്ങളെ പോലെ സമാഗമങ്ങളിൽ നമ്മളും സന്തോഷിക്കും.
വിരഹവും സമാഗമവും പോലെ ജഗത്തിൻ്റെ സൃഷ്ടിയും സംഹാരവും മായാവിഭ്രമങ്ങൾ മാത്രമാണ്.
ജഗത്ത് തന്നെ വാസ്തവത്തിൽ ഇല്ലാത്തതാണ്. എന്നാൽ അതുണ്ടെന്ന് തോന്നിപ്പിക്കുന്നത് മായയുണ്ടാക്കുന്ന ഭ്രമത്താലാണ്.
ജ്ഞാനത്തിൻ്റെ വിളക്ക് കൊളുത്തുമ്പോൾ സത്യം തെളിയുകയും മായ അകലുകയും ചെയ്യും.
യഥാ മഹാന്തി ഭൂതാനി
ഭൂതേഷ്യച്ചാവ ചേഷനു
പ്രവിഷ്ടാന്യ പ്രവിഷ്ടനി
തഥാ തേഷു നതേഷ്വഹം.
( 2 – 9 – 34)
ആകാശം,വായു അഗ്നി,ജലം,ഭൂമി എന്നീ മഹാഭൂതങ്ങൾ ഉയർന്നും താണുമുള്ള പ്രപഞ്ചഘടകങ്ങളിൽ ഇഴുകിച്ചേർന്ന് നില്ക്കുന്നത് പോലെ അഖണ്ഡബോധരൂപനായ ഞാൻ അവയിൽ പ്രവേശിച്ച് നില്ക്കുന്നു. അതേ സമയം സ്വതന്ത്രനായി നിലകൊള്ളുകയും ചെയ്യുന്നു.
ഓരോ വസ്തുവിലും സ്വാത്മമായ അറിവായി ഞാനുണ്ടെന്നർത്ഥം. ഒഴുകാനും,പരക്കാനും, വീഴാനും അലിയാനും, പാത്രരൂപത്തിൻ്റെ യഥാനിറവിനുള്ള അറിവായും ഞാൻ വെള്ളത്തിലുണ്ട്.
നീറിപ്പിടിക്കാനും, ജ്വലിക്കാനും, വെളിച്ചം പകരാനും പടരാനും, പൊള്ളിക്കാനും, ദഹിപ്പിക്കാനും ഉള്ള അറിവായി ഞാൻ തീയിലുണ്ട്.
ഓരോ പദാർത്ഥത്തിൻ്റേയും സ്വഭാവമായി ഞാനതിൽ പ്രവേശിക്കുന്നു. എന്നാൽ ഞാനതൊന്നുമല്ലാതെ സ്വതന്ത്രനായി വർത്തിക്കുകയും ചെയ്യുന്നു.
ഏതാവദേവ ജിജ്ഞാസ്യം
തത്വജിജ്ഞാസുനാത്മന:
അന്വയവ്യതിരേകാഭ്യാം
യത് സ്യാത് സർവ്വത്ര സർവ്വദാ
(2-9-36)
ബ്രഹ്മാവേ, എൻ്റെ നിജസ്ഥിതി അറിയാൻ നീ ഇച്ഛിക്കുന്നുവെങ്കിൽ എല്ലായിടത്തും എപ്പോഴും ലീനമായ ആ അറിവിനെ ഉൾക്കൊണ്ടാൽ മതി.
അതിനെ അന്വയയുക്തി കൊണ്ടും വ്യതിരേകയുക്തി കൊണ്ടും ചിന്തിക്കാം.
ഏതുണ്ടെങ്കിൽ ജഗത്തുണ്ട് എന്ന് നോക്കുന്നത് അന്വയയുക്തി. ഏതില്ലെങ്കിൽ ജഗത്തില്ല എന്നത് വ്യതിരേകയുക്തി.
ബോധമുണ്ടെങ്കിൽ ജഗത്തുണ്ട്. ബോധമില്ലെങ്കിൽ ജഗത്തില്ല. അതു കൊണ്ട് ഉള്ളത് ബോധം മാത്രമാണ്. ആ ബോധമാണ് ഭഗവാൻ. ബോധസ്വരൂപനാണ് ഭഗവാൻ എന്നതാണ് പരമമായ ജ്ഞാനം. അപ്പോൾ എല്ലായിടത്തും എല്ലായ്പ്പോഴും നിറഞ്ഞ ബോധം ഭഗവാനാണ്.
പലതായി കാണപ്പെടുന്ന ഒറ്റയായ ആ ബോധത്തിന് നമുക്ക് തിരിച്ചറിയാനുള്ള സൗകര്യത്തിനു വേണ്ടി പല പേരുകളുണ്ട്.
അതു കൊണ്ട് കാണുന്നതൊക്കെ ബോധത്തിൻ്റെ നാമരൂപങ്ങൾ മാത്രം.
ഏതന്മതം സമാതിഷ്ഠ
പരമേണ സമാധിനാ
ഭവാൻ കല്പ വികല്പേഷു
നവിമുഹ്യതി കർഹിചിത്
(2-9-36)
ഈ നാലുശ്ലോകങ്ങളിൽ വെളിപ്പെടുത്തിയ സത്യം ഒരിക്കലും മറക്കാതെ ഭാവന ചെയ്ത് ഉറപ്പിച്ചാൽ നിനക്ക് സൃഷ്ടി പ്രക്രിയ നടത്താം. ഒന്നിലും അഹമില്ലാതെ, ബദ്ധനാവാതെ ഇരിക്കാം. അടുത്ത ജന്മത്തിലും ഇത് തുടരാം.
ഭഗവാൻ ബ്രഹ്മാവിന് ഉപദേശിച്ച ആ സൃഷ്ടിരഹസ്യം, നാലേ നാല് ശ്ലോകങ്ങളെ കൊണ്ട് ഭാഗവതം ഭക്തർക്ക് മുമ്പിൽ പരസ്യമാക്കി.
ചതുശ്ലോകീ ഭാഗവതം എന്ന പേരിൽ പ്രസിദ്ധമായ ആ ഖണ്ഡം ബ്രഹ്മാവ് മാനസപുത്രനായ നാരദരെ പഠിപ്പിച്ചു. വിചിത്രവ്യസനം തീരാൻ നാരദമഹർഷി അത് വ്യാസരെ ഉപദേശിച്ചു.
വ്യാസർ അത് പുത്രനായ ശുകന് നല്കി.അതിനെ സപ്താഹമായി ഏഴു ദിവസം കൊണ്ട് ശ്രീശുകബ്രഹ്മർഷി പരീക്ഷിത് മഹാരാജാവിന് ഉപദേശിച്ച് അദ്ദേഹത്തെ മരണത്തിനപ്പുറം കടത്തി.
അന്ന് സപ്താഹശാലയിൽ ശ്രോതാവായി ഇരുന്ന സൂതൻ അത് ശൗനകാദികൾക്കും ഉപദേശിച്ചു. ഇതാണ് ഭാഗവത പരമ്പര.
വ്യാസർ അനുഭവിച്ച ആ വിചിത്രവ്യസനത്തെ കുറിച്ച് നാളെ.
©@#SureshbabuVilayil.
ഈശ്വരൻ ബോധമൂർത്തി ആണെന്ന് ഭാഗവതം നമുക്ക് പറഞ്ഞു തരുന്നു, നമുക്ക് ആത്മബോധം വളർത്താൻ അത് സഹായിക്കട്ടെ