ഭാഗവത പാരായണം വൈശാഖ മാസത്തിൽ – 12

സുരേഷ് ബാബു വിളയിൽ

രാജധാനിയിൽ തിരിച്ചെത്തിയ പരീക്ഷിത്ത് ചിന്താമുകനായി കുറേ നേരം ഇരുന്നു. അപരാധമൊന്നും ചെയ്യാത്ത ആ മുനിയോട് താൻ ചെയ്ത നിന്ദ്യകർമ്മം ഓർത്ത് രാജാവിന് പശ്ചാത്താപം തോന്നി. ഇത്രയും വലിയ കൊടുംപാപത്തിന് ദൈവശിക്ഷ ഉറപ്പാണ്. ആ പാപത്തിൻ്റെ ബാക്കി വരും തലമുറകൾ കൂടി അനുഭവിക്കാൻ ഇടവരരുതേ എന്നദ്ദേഹം ഭഗവാനോട് പ്രാർത്ഥിച്ചു.

ഈ സമയത്ത് മുനികുമാരൻ്റെ ശാപം രാജാവിനെ അറിയിക്കാൻ ശമീകമുനിയുടെ നിർദ്ദേശപ്രകാരം ശിഷ്യന്മാർ കൊട്ടാരത്തിലെത്തി. ശാപവിവരം കേട്ടപ്പോൾ രാജാവിന് സങ്കടമല്ല സന്തോഷമാണ് തോന്നിയത്. താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ തക്ക സമയത്ത് തന്നെ കിട്ടിയല്ലോ എന്നദ്ദേഹം ആശ്വസിച്ചു.

ഉടൻ തന്നെ രാജാവ് മന്ത്രിമാരേയും രാജ്യവാസികളേയും വിളിച്ചു കൂട്ടി. മുനിശാപത്തെക്കുറിച്ച് അവരെ അറിയിച്ചു. ശ്രീകൃഷ്ണഭഗവാൻ്റെ പാദപത്മം ധ്യാനിച്ച്, പ്രായോപവേശം ചെയ്ത് ദേഹം ഉപേക്ഷിക്കാനാണ് തൻ്റെ നിശ്ചയമെന്ന് രാജാവ് പറഞ്ഞു. അതിനു മുന്നോടിയായി പുത്രനായ ജനമേജയനെ രാജാവായി അഭിഷേകം ചെയ്തു.

കൊട്ടാരം വിട്ടിറങ്ങിയ രാജാവ് ഗംഗാനദിയുടെ തെക്കെ കരയിൽ കിഴക്കോട്ടഗ്രം തിരിച്ച കുശപ്പുല്ലിൽ വടക്കോട്ട് നോക്കി ഇരുന്നു. ജന്മാന്തരപുണ്യത്തിൻ്റെ നിറവ് പോലെ, വ്യാസപുത്രനും ശിഷ്യനുമായ സാക്ഷാൽ ശുകൻ അവിടെ വന്നെത്തി.

ശുകൻ പറഞ്ഞു.
“അങ്ങ് ഭാഗ്യവാനാണ് രാജാവേ… ഖട്വാംഗൻ എന്ന രാജാവ് വെറും രണ്ട് നാഴിക നേരം കൊണ്ടാണ് മുക്തി നേടിയത്. എന്നാൽ അങ്ങേക്ക് ദീർഘങ്ങളായ ഏഴ് നാളുകളുടെ അവധിയുണ്ട്.

മരണം ഏത് നിമിഷവും ആരെ തേടിയും വരാം. അങ്ങൊഴിച്ച് ഇവിടെ ഇരിക്കുന്നവരിൽ ആർക്കും ഇനിയുള്ള ഏഴ് നിമിഷം പോലും ജീവിക്കും എന്നതിൽ ഉറപ്പില്ല. അങ്ങേക്ക് ഏഴ് ദിവസം ആയുസ്സുണ്ട്. ഏഴാം നാൾ മാത്രമേ അങ്ങ് തക്ഷകദംശനമേറ്റ് മരിക്കൂ..

” ജനിച്ചതെല്ലാം മരിക്കും. മരിക്കാൻ ആർക്കും കഴിയും. അതിന് പ്രത്യേകം പാഠങ്ങൾ ഒന്നും വേണ്ട. എന്നാൽ മരണത്തിന് കീഴടങ്ങാതെ അമരത്വം നേടാനുള്ള വിദ്യയുണ്ട്. അതാണ് പഠിക്കേണ്ടത് ”
പരീക്ഷിത്ത് ശുകനോട് ചോദിച്ചു.

” മഹർഷേ, ഒരു മരണാസന്നൻ അനുഷ്ഠിക്കേണ്ട കൃത്യങ്ങൾ ഏതൊക്കെയാണ്? അവൻ എന്ത് കേൾക്കണം? ആരെ സ്മരിക്കണം? അവൻ എന്തെല്ലാം ചെയ്തു കൂടാ? ഇതെല്ലാം വിശദമായി എനിക്ക് പറഞ്ഞു തന്നാലും.”

പരീക്ഷിത്തിൻ്റെ ഉചിതമായ ചോദ്യത്തെ അഭിനന്ദിച്ചു കൊണ്ട് ശ്രീശുകബ്രഹ്മർഷി ഇങ്ങനെ പറഞ്ഞു.

” മരിച്ചു പോയാൽ ഉപകാരപ്പെടില്ല എന്നറിഞ്ഞിട്ടും ഗൃഹസ്ഥരായ മനുഷ്യർ പണം,പേര്, പ്രശസ്തി, അധികാരം, പെരുമ എന്നിവയുടെ പിന്നാലെ ഓടുന്നു. അച്ഛനമ്മമാർ, ഭാര്യ, മക്കൾ എന്നീ പ്രിയപ്പെട്ടവർ കണ്മുമ്പിൽ മരിച്ചു വീണിട്ടും അവരീ ഓട്ടം നിർത്തുന്നില്ല. മരിച്ചവർ പോയ അതേവഴിയിലൂടെ ഇവരും ഓടുകയാണ്.

അവനവൻ്റെ ഉള്ളിൽ ബോധമായി വിളങ്ങുന്ന ഈശ്വരനെ അറിയാൻ ഭൂരിപക്ഷം പേരും ശ്രമിക്കുന്നില്ല.

എല്ലാ പ്രപഞ്ചഘടകങ്ങളിലും ബോധസ്വരൂപനായി സ്ഥിതി ചെയ്യുന്ന അതേ ഈശ്വരൻ തൻ്റെയുള്ളിലും ഉണ്ടെന്നും അതിനെയാണ് താനും പ്രാപിക്കേണ്ടതെന്നും പലരും അറിയുന്നില്ല.
ഏതാവാൻ സാംഖ്യയോഗാഭ്യാം
സ്വധർമ്മ പരിനിഷ്ഠയാ
ജന്മലാഭ: പര: പുംസാം
അന്തേ നാരായണസ്മൃതി
(2-1-6)
മരണമെത്തുന്ന അന്ത്യനിമിഷത്തിൽ നാരായണനെയാണ് സ്മരിക്കേണ്ടത്.
” അന്തേ നാരായണ സ്മൃതി.”

ആരാണീ നാരായണൻ? നാരം എന്നാൽ ജ്ഞാനം. നാരത്തിൽ അയനം ചെയ്യുന്നവൻ അഥവാ ജീവിക്കുന്നവൻ നാരായണൻ. ജ്ഞാനം കൊണ്ട് അറിയേണ്ടവൻ നാരായണൻ എന്നർത്ഥം.
നാരായണൻ വർത്തിക്കുന്നത് അനിമിഷക്ഷേത്രത്തിലാണ്. അനിമിഷക്ഷേത്രം വർത്തമാന നിമിഷമാണ്. ഒരിക്കലും ലഭിക്കാത്ത കഴിഞ്ഞു പോയ നിമിഷത്തെ ഓർത്ത് കരയുന്നവന് ഒരു കാലത്തും അനിമിഷനായ നാരായണനെ കാണാൻ കഴിയില്ല. ഭാവിയുടെ ഉൽക്കണ്ഠകളിൽ പെട്ടുഴലുന്നവനും നാരായണനെ കാണാനാവില്ല.

കൈവിട്ട നിമിഷത്തിൻ്റെ നഷ്ടബോധത്തിൽ കരയുന്നവനും വരാനിരിക്കുന്ന നിമിഷത്തെ ഓർത്ത് ആശങ്കപ്പെടുന്നവനും നരനാണ്. നാരായണനല്ല.
നരൻ എപ്പോഴും പണം,കീർത്തി, അധികാരം ,പദവി എന്നിവയുടെ പിറകെ പോകുന്നത് കൊണ്ട് നാരായണനെ കാണുന്നില്ല.

നിമിഷം തോറും അനിമിഷനായി സഞ്ചരിക്കുന്നവനാണ് നാരായണൻ. അനിമിഷക്ഷേത്രമാണ് നാരായണൻ്റെ വസതി. ബ്രഹ്മാവ് നല്കിയ ചക്രത്തിൻ്റെ രൂപത്തിലുള്ള കാലം വീണുടഞ്ഞത് അവിടെയാണ്.

വർത്തമാനനിമിഷത്തിൽ വർത്തിക്കുമ്പോൾ ഓരോ നരനും നാരായണനായി മാറുന്നു. ആ നാരായണന് ഭൂതകാലത്തിൻ്റെ വിഴുപ്പുഭാണ്ഡങ്ങളോ, ഭാവിയുടെ അപ്പൂപ്പൻതാടികളേയോ തലയിൽ ചുമക്കേണ്ട ആവശ്യമില്ല. നാരായണഭാവത്തിലിരിക്കുന്ന നരനും അങ്ങനെ തന്നെ.

അവൻ സദാ ആനന്ദത്തിൽ ജീവിക്കുന്നു. യാതൊരു സങ്കടവും അവനെ വേട്ടയാടുന്നില്ല.കാരണം അവന് ഉച്ചനീചത്വങ്ങളില്ല. വർണഭേദമില്ല. പണ്ഡിതപാമരഭേദമോ, കുബേരകുചേല ഭേദമോ, സ്വാമിദാസവ്യത്യാസങ്ങളോ ഇല്ല.

ഈ സമനില അഭ്യസിക്കാൻ മനുഷ്യൻ മനസ്സിലെ അദ്വൈതബോധത്തെ ഉണർത്തണം. അത് സ്വജീവിതത്തിൽ പകർത്തണം. സ്വധർമ്മാനുഷ്ഠാനമായി അതിനെ ആചരിക്കണം. അതാണ് യോഗം.
പ്രകൃത്യാ നമുക്ക് കിട്ടിയ കർമ്മം ഏതായാലും അത് പ്രതിഫലേച്ഛ കൂടാതെ ചെയ്താൽ യോഗമാക്കി മാറ്റാം. അതിന് വർത്തമാനത്തിൽ വർത്തിച്ചാൽ മാത്രം മതി.

പ്രതിഫലം പ്രതീക്ഷിക്കാതെ നാം ചെയ്യുന്ന സേവാപ്രവർത്തനങ്ങൾ തരുന്ന സംതൃപ്തിയും ആത്മപ്രകാശവും കൂലിക്ക് വേലചെയ്യുമ്പോൾ കിട്ടുന്നില്ല എന്നത് അനുഭവമല്ലേ?.ഒന്നിലും ഒട്ടലില്ലാതെ കർമ്മവിമുക്തനാവാൻ ഇത്തരം നാരായണസേവ കൊണ്ട് കഴിയും. സർവ്വം ബ്രഹ്മമയം എന്ന അനുഭവം അതോടെ തെളിയും.

ഒരാൾ ജനിക്കുന്ന നിമിഷം തന്നെ അയാളുടെ മരണവും ജനിക്കുന്നു. മരണം കണ്മുന്നിലുണ്ടെന്ന് അറിഞ്ഞിട്ടും അയാൾ അതിനെ കുറിച്ച് ബോധവാനല്ല. മരണത്തെ നേരിടാൻ ആരും തയ്യാറില്ല. അതിനെ മറക്കാൻ ശ്രമിച്ച് ആശ്വാസം കണ്ടെത്തുന്നു.പിന്നെ തീർത്തും മറക്കുന്നു.

അതിനിടയിലെപ്പോഴോ മരണം വന്ന് കൈകളിൽ പിടിക്കുമ്പോൾ അതിനെ രംഗബോധമില്ലാത്ത കോമാളിയെന്ന് വിളിച്ച് പരിഹസിക്കുന്നു. എത്രമാത്രം ലജ്ജാവഹമാണിത്. മരണത്തെ പോലെ ഇത്രയും രംഗബോധമുള്ള കഥാപാത്രം മറ്റെവിടേയും ഇല്ല.

മരണം കീഴടക്കുന്നതിന് പകരം മരണത്തെ കീഴടക്കുന്നതിലാണ് ധീരത. അറിഞ്ഞു മരിക്കുന്നവർ ജനിമൃതിചക്രങ്ങളിൽ പെടാതെ അമരത്വം നേടുന്നു. അവരാണ് സുകൃതികൾ.
നരൻ നശ്വരനാണ്. നരനായാൽ സംസാരചക്രത്തിൽ പെട്ടുഴലാം. നാരായണനായാൽ അമരത്വം നേടാം. ഏത് വേണമെന്ന് നരന് നിശ്ചയിക്കാം.

ഭാഗവതം ഉറപ്പിച്ചു പറയുന്നു.
” അന്തേ നാരായണസ്മൃതി ” .
അത് സാധിക്കുന്ന നരജൻമം ധന്യം.
©@#SureshbabuVilayil

2+

Leave a Reply

Your email address will not be published. Required fields are marked *