അനുവാചകൻ്റെ ഉള്ളിൽ തെളിഞ്ഞ ഭാവപ്രകാശത്തെ പ്രതീകകല്പനകൊണ്ട് അഭിവ്യഞ്ജിപ്പിക്കുകയും അതിനെ വീണ്ടും പ്രതിഫലിപ്പിച്ച് ഹൃദയംഗമമാക്കുകയും ചെയ്യുന്ന നിരവധി സന്ദർഭങ്ങൾ ഭാഗവതത്തിൽ കാണാം. അവയിൽ മനോഹരമായ ഒരു ദൃശ്യമാണ് പരീക്ഷിത്തും കലിയും തമ്മിലുള്ള നേർക്കാഴ്ച.
പരീക്ഷിത്തിൻ്റെ രാജവാഴ്ചയിൽ ഐശ്വര്യം കളിയാടി. ദ്വിഗ്വിജയങ്ങൾ നടന്നു. അത്തരമൊരു വിജയാഘോഷത്തിനിടയിൽ കൊട്ടാരത്തിലേക്കുള്ള വഴിമധ്യേ വിചിത്രമായൊരു കാഴ്ച്ചക്ക് രാജാവ് സാക്ഷ്യം വഹിച്ചു.
ഇരുമ്പിൻ്റെ കൂമ്പൻ തൊപ്പിയും തലയിൽ വെച്ച് ,രാജവേഷം ധരിച്ച, ദീർഘകായനായൊരാൾ ഒരു കാളയേയും,പശുവിനേയും ഇരുമ്പ്ദണ്ഡ് കൊണ്ട് പ്രഹരിക്കുന്നു. കാളയുടെ മൂന്നു കാലുകളും അടിയേറ്റ് തകർന്നിട്ടുണ്ട്. കാള ഉച്ചത്തിൽ അമറുകയും ഭയപ്പാടിൽ മൂത്രമൊഴിക്കുകയും ഒറ്റക്കാലിൽ നിവർന്ന് നില്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തകരാതെ ശേഷിച്ച കാലിന് നേരേയും അവൻ ദണ്ഡോങ്ങിയപ്പോൾ രാജാവ് തടഞ്ഞു.
രാജാവിനെ കണ്ടതും അയാളാ ക്രൂരകൃത്യത്തിൽ നിന്നും പിന്മാറി. സമീപത്ത് നിന്ന പശു ദീനയായി നിന്ന് കണ്ണീരൊഴുക്കി നന്ദിയോടെ രാജാവിനെ നോക്കി.
ഘനഗംഭീരമായ ശബ്ദത്തിൽ രാജാവ് ചോദിച്ചു.
” ആരാണ് നീ? അർജുനപൗത്രനായ പരീക്ഷിത്തിൻ്റെ സാമ്രാജ്യത്തിൽ പ്രവേശിച്ച് മിണ്ടാപ്രാണികളെ ദ്രോഹിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു? നിന്നെ ഞാൻ ശിക്ഷിക്കുന്നുണ്ട്.”
പൊട്ടിച്ചിരിച്ച് കൊണ്ട് അപരിചിതൻ പറഞ്ഞു.
“രാജാവേ,നീ ഈ രാജ്യത്തിൻ്റെ രാജാവാകാം. പക്ഷെ ഞാൻ ഈ യുഗത്തിൻ്റെ രാജാവാണ്. എന്നെ ശിക്ഷിക്കാൻ നിനക്കവകാശമില്ല. കലി എന്നാണെൻ്റെ പേര്.”
രാജാവിന് കാര്യം മനസ്സിലായി. കലിയെ കുറിച്ചുള്ള സൂചനകൾ ജ്ഞാനികളിൽ നിന്നും ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ അവനെ നേരിൽ കാണുന്നതിപ്പോഴാണ്.
” അവൻ കലിയെങ്കിൽ കാലൊടിഞ്ഞ കാള തീർച്ചയായും ധർമ്മമാണ്. പശു ഭൂമീദേവിയും.”
രാജാവ് നിരൂപിച്ചു.
തപസ്സ്,ദയ,ശൗചം,സത്യം എന്നീ നാല് കാലുകളിലാണ് ധർമ്മം നില്ക്കുന്നത്. ധർമ്മത്തിൻ്റെ സത്യമൊഴിച്ചുള്ള മൂന്ന് കാലുകളും കലി തച്ചു തകർത്തു. സത്യമെന്ന ഒറ്റക്കാലിൽ മാത്രം സഞ്ചരിക്കാനേ ഇനി ധർമ്മത്തിനാവൂ. നോക്കൂ.. സത്യത്തെ തകർക്കാൻ ഇനിയും കലിയ്ക്കായിട്ടില്ല.
കലിയുടെ പ്രവർത്തി കൊണ്ട് ധർമ്മക്ഷയം വന്നാൽ ദുഷ്ടന്മാർ പെരുകും. ഭൂഭാരം വർദ്ധിക്കും. അതാണ് പശുരൂപത്തിലുള്ള ഭൂമീദേവിയുടെ സങ്കടം.
കലിയെ സംഹരിക്കാൻ രാജാവ് വാളെടുത്തു. രാജാവുമായുണ്ടായ ദ്വന്ദയുദ്ധത്തിൽ അധികനേരം പിടിച്ചുനില്ക്കാൻ കലിയ്ക്കായില്ല. കലി രാജാവിൻ്റെ കാല്ക്കൽ വീണ് അഭയം തേടി. ദീനവത്സലനായ രാജാവ് ഈ ഭൂമിയിൽ നിന്നും ഉടനടി കടന്നു പോകണമെന്ന് കലിയോട് കല്പിച്ചു.
ഈ യുഗം ഈശ്വരനിശ്ചിതമായി തനിക്കുള്ളതാണെന്നും ഇവിടെയല്ലാതെ തനിക്കിരിക്കാൻ വേറെ സ്ഥലമില്ലെന്നും കലി പറഞ്ഞു.
രാജാവപ്പോൾ നാല് സ്ഥാനങ്ങൾ കലിയ്ക്കു നല്കി. ചൂത്കളി, മദ്യപാനം, സ്ത്രീകളുമായുള്ള അവിഹിതവേഴ്ച, അറവ് ശാല എന്നീ നാലു സ്ഥലങ്ങൾ കല്പിച്ചു കൊടുത്തു. ആര് ഭരിച്ചാലും ഇവിടെയെല്ലാം കലി തന്നെ ഇപ്പോഴും രാജാവ്.
ചൂതുകളികേന്ദ്രങ്ങളിൽ അസത്യമായും, മദ്യപരിൽ മദമായും,സ്ത്രീസേവാരതരിൽ അത്യാസക്തിയായും, അറവ്ശാലകളിൽ ക്രോധമായും കലി വസിക്കുന്നു. നാലു ഗുണങ്ങളേയും ഒരേ പോലെ പ്രകാശിപ്പിച്ച് ജീവിക്കാൻ ഒരു സ്ഥലം കൂടി വേണമെന്ന് കലി അപേക്ഷിച്ചു.
പുനശ്ച യാചമാനായ
ജാതരൂപമദാത് പ്രഭു:
തതോfനൃതം മദം കാമം
രജോ വൈരം ച പഞ്ചമം
(1-17 -39)
അസത്യവചനം, അഹങ്കാരം, അത്യന്താസക്തി, ഹിംസ എന്ന നാലും കൂടാതെ അഞ്ചാമതായി വൈരം കൂടി ഉത്ഭവിക്കുന്ന സ്വർണ്ണം എന്ന ലോഹം കലിയുടെ അഞ്ചാമത്തെ ഇരിപ്പിടമായി രാജ്യവ് അനുവദിച്ചു. സ്വർണ്ണം കൂടി വസതിയായി കിട്ടിയതോടെ രാജാവിൻ്റെ സ്വർണ്ണക്കിരീടത്തിലും കലിക്ക് പ്രവേശനം സിദ്ധിച്ചു. പരീക്ഷിത്തിനേയും കലി ബാധിച്ചു എന്നർത്ഥം.
ഭാഗവതം പറയുന്നു.
” അത് കൊണ്ട് മനുഷ്യരേ.. നിങ്ങൾ സത്യത്തെ പ്രാപിക്കാനിച്ഛിക്കുന്നു എങ്കിൽ കലിയുടെ വസതികൾ അഞ്ചും ഉപേക്ഷിക്കണം.”
സൂതൻ തുടർന്നു.
ഒരു നാൾ പരീക്ഷിത്ത് നായാട്ടിന് പുറപ്പെട്ടു. മൃഗങ്ങളെ പിന്തുടർന്ന് ക്ഷീണിതനായ രാജാവ് ദാഹം കൊണ്ട് വലഞ്ഞു. അടുത്തെങ്ങും ജലാശയം കാണാൻ കഴിയാതെ സമീപത്തുള്ള ആശ്രമത്തിലേക്ക് നടന്നു.
ശമീകൻ എന്ന മുനിയുടെ ആശ്രമമായിരുന്നു അത്.
കണ്ണടച്ച് ധ്യാനനിമഗ്നനായി ഇരിക്കുകയായിരുന്ന ആ മുനിവര്യൻ രാജാവിനെ കണ്ടില്ല.. ദാഹിച്ച് തൊണ്ട വരണ്ട രാജാവ് വെള്ളത്തിന് യാചിച്ചു. എന്നാൽ ഇന്ദ്രിയങ്ങളേയും, പ്രാണനേയും, മനസ്സിനേയും അടക്കി തുരീയഭാവത്തിലിരിക്കുന്ന മുനി അത് കേട്ടില്ല.
മുനി തന്നെ അപമാനിച്ചതായി രാജാവിന് തോന്നി. ഇരിപ്പിടമോ കുടിവെളളമോ തരാൻ തയാറാവാഞ്ഞ ആ മുനി തന്നെ അപമാനിച്ചതായി രാജാവിന് തോന്നി. അദ്ദേഹത്തിന് കലശലായ ക്രോധം വന്നു. വിദ്വേഷം നിറഞ്ഞ മനസ്സോടെ രാജാവ് സമീപത്ത് കിടന്ന ചത്ത പാമ്പിനെ വില്ലിൻ്റെ അഗ്രം കൊണ്ട് പൊക്കിയെടുത്ത് മുനിയുടെ കഴുത്തിൽ ചാർത്തി.
പൂജാദ്രവ്യങ്ങൾ ശേഖരിക്കാൻ പോയ മുനികുമാരൻ കൂട്ടുകാരിൽ നിന്നും ഈ വിവരം അറിഞ്ഞു.
“കഷ്ടം കഷ്ടം.ബലിച്ചോറും തിന്ന് തടിച്ചുകൊഴുത്ത കാക്കകളും,
വീടിനു കാവൽ നില്ക്കുന്ന തടിച്ച നായ്ക്കളും ചെയ്യും പോലെ നീചമായ ഇത്തരം പ്രവർത്തികൾ രാജാക്കന്മാരും ചെയ്താലോ? ഇത്തരക്കാരെ ഞങ്ങൾ ആ കൂട്ടത്തിലേ കാണുന്നുള്ളു. ” .
ക്രോധമൂർത്തിയായി മാറിയ ആ മുനികുമാരൻ ഇങ്ങനെ ശപിച്ചു.
ഇതിലങ്ഘിതമര്യാദം
തക്ഷക: സപ്തമേfഹനി
ദംക്ഷൃതി സ്മ കുലാങ്ഗാരം
ചോദിതോ മേ തതദ്രുഹം
(1-18-37)
(ചത്ത പാമ്പിനെ കഴുത്തിലിട്ട് മര്യാദയെ അതിക്രമിച്ചവനും എൻ്റെ പിതാവിനെ ദ്രോഹിച്ചവനുമായ ആ പരീക്ഷിത്തിനെ എൻ്റെ സങ്കല്പത്താൽ പ്രേരിതനായ തക്ഷകൻ ഇന്ന് തൊട്ട് ഏഴാം നാൾ ദംശിക്കും.സംശയമില്ല)
ശമീകമുനി ധ്യാനത്തിൽ നിന്നുണർന്നപ്പോൾ വാവിട്ട് കരഞ്ഞ് കൊണ്ട് തൻ്റെ സമീപം നില്ക്കുന്ന കുമാരനെയാണ് കണ്ടത്. പിതാവിൻ്റെ കഴുത്തിലെ പാമ്പിൻ ജഢത്തെ കാട്ടിക്കൊടുത്തപ്പോൾ യാതൊരു ഭാവഭേദവും കൂടാതെ മുനി അതെടുത്ത് പുറത്തേക്കിട്ടു.
അതു വരെ നടന്ന കാര്യങ്ങളെല്ലാം കുമാരൻ പറഞ്ഞത് കേട്ട മുനി മകനെ ശാസിച്ചു.
“കഷ്ടംതന്നെ ഉണ്ണീ,എന്തൊരു വിവരക്കേടാണ് നീ പ്രവർത്തിച്ചത്? പ്രജകളെയെല്ലാം കാത്ത് രക്ഷിക്കുന്ന രാജാവിനെയാണ് നീ ശിക്ഷിച്ചത്. ദാഹം കൊണ്ട് വലഞ്ഞ രാജാവിന് തൊണ്ട നനയ്ക്കാൻ ഇത്തിരി വെള്ളം കൊടുക്കാൻ പോലും നമുക്കായില്ലല്ലോ. ഇപ്പോൾ അദ്ദേഹം നിൻ്റെ ശാപത്തിനും കൂടി വിധേയനായി ” .
തിരസ്കൃതാ വിപ്രലബ്ധാ:
ശപ്താ: ക്ഷിപ്താ ഹതാപി വാ
നാസ്യ തത് പ്രതികുർവ്വന്തി
തത്ഭക്താ: പ്രഭവോfപി ഹി.
(1-18- 48)
ആരെങ്കിലും അപമാനിച്ചാലും, തിരസ്ക്കരിച്ചാലും,ചതിച്ചാലും, ശപിച്ചാലും,ഉപദ്രവിച്ചാലും, നിന്ദിച്ചാലും ഭഗവദ് ഭക്തന്മാർ ആരോടും പ്രതികാരം ചെയ്യാറില്ല.അവർക്കതിന് കഴിവില്ലാഞ്ഞിട്ടല്ല. അതൊന്നും അവരുടെ ആത്മാവിനെ സ്പർശിക്കുന്നേയില്ല
മരുഭൂമിയിലെ കാനൽജലത്തിന് ഒരു മണൽത്തരിയെ പോലും നനയ്ക്കാൻ കഴിവില്ല. അതു പോലെ ഏകനായ ആത്മാവിൽ വർത്തിക്കുന്ന സത്യദർശികളെ സ്പർശിക്കാൻ ദ്വന്ദങ്ങൾക്കും കഴിവില്ല.
ആത്മാവിൽ സത്യദർശനം നേടിയവർക്ക് സ്വർണ്ണവും മൺകട്ടയും ഒരു പോലെ,പ്രിയവും അപ്രിയവും ഒരുപോലെ. നിന്ദയും സ്തുതിയും ഒരു പോലെ. മാനവും അപമാനവും ഒരുപോലെ. ശത്രുവും മിത്രവും തമ്മിൽ ഭേദമില്ല. അവർക്കെല്ലാം ബ്രഹ്മമയം.
സർവ്വം ബ്രഹ്മമയം ജഗത് .
(ചിത്രത്തിന് കടപ്പാട് Google)
©@#SureshbabuVilayil