ധർമപുത്രരുടെ ഭരണത്തിൽ രാജ്യം സമ്പദ്സമൃദ്ധമായി.എങ്ങും ഐശ്വര്യം കളിയാടി. എല്ലാവരും സന്തോഷിച്ചു. പക്ഷെ കൃഷ്ണൻ കൂടെയില്ലല്ലോ? അതൊരു വലിയ കുറവായി പാണ്ഡവർക്ക് തോന്നി, കൂട്ടുകാരൻ്റെ ക്ഷേമമന്വേഷിക്കാൻ അർജുനൻ ദ്വാരകയിലേക്ക് പുറപ്പെട്ടു.
ഏഴു മാസങ്ങൾ കഴിഞ്ഞിട്ടും അർജുനൻ തിരിച്ചു വന്നില്ല. ധർമ്മപുത്രർ വിഷണ്ണനായി. ദുസ്വപ്നങ്ങൾ കണ്ട് രാത്രിയിൽ ഞെട്ടിയുണർന്നു. ഉറക്കമില്ലാതായി. ഭയാനകങ്ങളായ ദുർനിമിത്തങ്ങൾ കണ്ട് തുടങ്ങി. അദ്ദേഹം ചിന്താകുലനായി.നാരദരുടെ ഉപദേശങ്ങൾ ഓരോന്നായി ഓർത്തെടുത്ത് മനസ്താപമകറ്റി. എന്തായാലും ദ്വാരകയിലെ വിവരമന്വേഷിക്കാൻ ഭീമസേനനെ പറഞ്ഞയക്കാമെന്ന് കരുതി.
അപ്പാഴേക്കും അർജുനനെത്തി. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ, ചോരയിറ്റുന്ന ദേഹം,ഗാണ്ഡീവം താങ്ങാൻ വയ്യാതെ തളർന്ന കൈകൾ, വിളറിവെളുത്ത മുഖം. അനുജനെ ഈ നിലയിൽ കണ്ടപ്പോൾ യുധിഷ്ഠിരന് കണ്ണീരടക്കാൻ കഴിഞ്ഞില്ല. വാവിട്ട് കരഞ്ഞ് അർജുനൻ ജ്യേഷ്ഠൻ്റെ കാല്ക്കൽ വീണുരുണ്ടു. ജ്യേഷ്ഠൻ പാർത്ഥനെ അടുത്തിരുത്തി. കരച്ചിലടക്കാനാവാതെ,പാർത്ഥൻ ഒന്നും മിണ്ടാതെയിരുന്നു.
കാര്യമറിയാതെ,അത്യന്ത്യം വിഷണ്ണനായ ധർമ്മപുത്രർ കൃഷ്ണൻ്റേയും ബന്ധുക്കളുടേയും പേര് ചൊല്ലി കുശലം ചോദിച്ചു.
അർജുനൻ ദു:ഖമമർത്തി കണ്ണീർ തുടച്ചു.പിന്നെ ഇങ്ങനെ പറഞ്ഞു.
“ബന്ധുവായും രക്ഷകനായും, കളിക്കൂട്ടുകാരനായും ലോകത്തെ മുഴുവൻ മോഹിപ്പിച്ച ആ ശ്യാമകൃഷ്ണൻ നമ്മെയെല്ലാം വഞ്ചിച്ചു ഏട്ടാ…ആ താമരക്കണ്ണൻ നമ്മെയെല്ലാം ദു:ഖത്തിലാഴ്ത്തി ഇഹലോകവാസം വെടിഞ്ഞു.”
പാർത്ഥാ, സഖേ, കുരുനന്ദനാ, എന്നെല്ലാം സ്നേഹമസൃണമായി വിളിച്ച് ആത്മതത്വം ഉപദേശിച്ച് എന്നെ പ്രബുദ്ധനാക്കിയ പ്രിയപ്പെട്ട ആ ചങ്ങാതി, ഓർമ്മ വെച്ച നാൾ മുതൽ പിരിയാതിരുന്നവൻ. അവൻ എന്നെയും വിട്ടു പോയല്ലോ…എൻ്റെ ഹൃദയം തന്നെ നഷ്ടപ്പെട്ടു. ഞാൻ അനാഥനായി..
പാർത്ഥൻ തുടർന്നു.
” ദ്വാരകയിൽ അവശേഷിച്ച സ്ത്രീകളേയും കുഞ്ഞുങ്ങളെയും കൂട്ടി ഇങ്ങോട്ട് പോരുമ്പോൾ വഴിമധ്യേ ചില കാലിമേയ്ക്കുന്ന പയ്യന്മാർ എന്നോട് ഏറ്റുമുട്ടി. എൻ്റെ ശക്തിയെല്ലാം ചോർന്നു. ദുർബലരായ ആ ബാലന്മാരോട് ചെറുത്ത് നില്ക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.
കുരുക്ഷേത്രയുദ്ധത്തിൽ കണ്ണനോടിച്ച എൻ്റെ രഥം. അതേ കുതിരകൾ, പെയ്തൊഴിയാത്ത അതേ അമ്പുറ, ദ്വാരകയിലെ സ്ത്രീകളെ എൻ്റെ കണ്മുമ്പിൽ വെച്ച് ആ ദുഷ്ടന്മാർ പിടിച്ചു കൊണ്ടുപോയി. പരമശിവൻ നല്കിയ ഗാണ്ഡീവം എൻ്റെ കൈയിലിരുന്നു വിറച്ചതല്ലാതെ ചെറിയൊരു പ്രതിരോധം പോലും തീർക്കാൻ എനിക്കായില്ല.
എവിടെ കണ്ടാലും രാജാക്കന്മാർ വരെ കുമ്പിട്ട് കൈ കൂപ്പുന്ന വില്ലാളിവീരനായ സവ്യസാചി കുറേ കാലിച്ചെറുക്കന്മാരോട് തോറ്റു. കൃഷ്ണൻ പോയതോടെ എൻ്റെ സർവ്വശക്തിയും ചോർന്നു. അങ്ങ് കുശലമന്വേഷിച്ച നമ്മുടെ ബന്ധുക്കളെല്ലാം മുനിശാപത്തിൽ വെന്തെരിഞ്ഞ് ചാമ്പലായി. യാദവമാർ മദ്യം കുടിച്ച് അന്യോന്യം ഏറ്റുമുട്ടി. പരിചയമില്ലാത്തവരെ പോലെ തമ്മിൽ തമ്മിൽ പോരടിച്ച് ചത്ത് വീണു.
പ്രായേണൈതത് ഭഗവത
ഈശ്വരസ്യ വിചേഷ്ടിതം
മിഥോ നിഘ്നന്തി ഭൂതാനി
ഭാവയന്തി ച യന്മിഥ:
(1 -15-24)
(ജനങ്ങൾ ഇങ്ങനെ പരസ്പരം സ്നേഹിച്ച് സുഖമടയുന്നതും, അതെല്ലാം മറന്ന് അന്യോന്യം പോരടിച്ച് നശിക്കുന്നതും മിക്കവാറും ലോകത്തെ സൃഷ്ടിച്ച് രക്ഷിച്ച് സംഹരിക്കുന്ന ഈശ്വരൻ്റെ വിചിത്രലീല തന്നെയാണ് എന്ന് ഞാനറിയുന്നു).”
വലിയ മത്സ്യങ്ങൾ ചെറിയ മത്സ്യങ്ങളെ വിഴുങ്ങുമ്പോലെ ബലവാന്മാർ ദുർബ്ബലമാരെ നശിപ്പിക്കുന്നു. വലിയ ബലവാന്മാർ തമ്മിൽ തല്ലി നശിക്കുന്നു. ഇതാണ് ലോകഗതി.അതിപ്പോൾ എനിക്കും മനസ്സിലായി.
ഗാന്ധാരി വലിയമ്മ പറഞ്ഞതാണ് സത്യം .കൃഷ്ണൻ മറ്റുള്ളവരെ കൊല്ലിച്ചു. ഭൂമിഭാരം തീർക്കാൻ യദുക്കളേയും തമ്മിൽ തമ്മിൽ യുദ്ധം ചെയ്യിപ്പിച്ചു. യാദവകുലവും ഇല്ലാതായി. ഈശ്വരൻ്റെ വിചിത്ര ലീല ആശ്ചര്യകരം തന്നെ.
ഇങ്ങനെ ചിന്തിച്ചപ്പോൾ ഇരുളടഞ്ഞ മനസ്സിൽ ഒരു തെളിച്ചം വന്ന പോലെ പാർത്ഥന് തോന്നി.
“ഇതാണല്ലോ ഭഗവാനേ ഞാൻ മറന്നു പോയത്. പടക്കളത്തിൽ തളർന്ന് വീണ എന്നെ ഉണർത്താൻ വേണ്ടി അങ്ങ് നല്കിയ അദ്വൈത വർഷിണിയായ ആ ഗീതാമൃതം.
ഗീത കേട്ടതിൻ്റെ തെളിച്ചം പാർത്ഥന് വീണ്ടും കൈവന്നു. കാലം കൊണ്ടും കർമ്മം കൊണ്ടും അവിദ്യകൊണ്ടും മറഞ്ഞ് കിടന്ന അദ്വൈതജ്ഞാനത്തിന് ഒരു കനൽതരി മതി. വീണ്ടും പടർന്നു പിടിക്കാനും ജ്വലിക്കാനും അറിവില്ലായ്മയുടെ ഇരുട്ടകറ്റാനും .
യയാഹരദ് ഭുവോ ഭാരം
താം തനും വിജഹാവജ:
കണ്ടകം കണ്ടകേനൈവ
ദ്വയം ചാപീശിതു: സമം.
(1-15-34)
ജനനവും മരണവുമില്ലാത്ത നിത്യാനന്ദസ്വരൂപനായ ഭഗവാൻ ഭൂമിഭാരത്തെ തീർക്കുവാൻ സ്വീകരിച്ച ശരീരത്തെ കാര്യനിവൃത്തി കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു. കാലിൽ തറച്ച മുള്ളിനെ മറ്റൊരു മുള്ളിനെ കൊണ്ടെടുത്ത് രണ്ടും വലിച്ചെറിയുന്നത് പോലെ ഈ സ്വരൂപത്തേയും ഭഗവാൻ വലിച്ചെറിഞ്ഞു.
ഈശ്വരന് ജനനവും മരണവും ഒരുപോലെയാണ്. ജനിക്കുന്നത് കൊണ്ട് സന്തോഷമോ മരിക്കുന്നത് കൊണ്ട് ദു:ഖമോ ഇല്ല. ലോകാനുഗ്രഹത്തിന് വേണ്ടി ചെയ്യുന്ന ലീല മാത്രം.
ഒരു നടൻഅരങ്ങിൽ വേഷം കെട്ടി കാണികളെ വൈവിധ്യമാർന്ന ഭാവതലങ്ങളിലൂടെ സഞ്ചരിപ്പിച്ച് അവസാനം തൻ്റെ വേഷഭൂഷകളെ അണിയറയിൽ ഉപേക്ഷിക്കുന്നത് പോലെ,ഭഗവാൻ ലോകാനുഗ്രഹത്തിന് വേണ്ടി മൽസ്യാദി അവതാരവേഷങ്ങൾ കെട്ടുന്നു. കാര്യനിവൃത്തിക്ക് ശേഷം ആ രൂപം ഉപേക്ഷിക്കുന്നു.ഇതിലൊന്നും ദു:ഖിക്കേണ്ടതില്ല.
കൃഷ്ണൻ എവിടേയും പോയിട്ടില്ല. പ്രപഞ്ചം മുഴുവൻ വ്യാപിച്ചു നില്ക്കുകയും പ്രപഞ്ചത്തെ മുഴുവൻ തന്നിൽ നിറയ്ക്കുകയും ചെയ്യുന്ന വാസുദേവനായ കൃഷ്ണൻ എവിടെ പോകാനാണ്?
പാർത്ഥൻ പറഞ്ഞത് കേട്ട് യുധിഷ്ഠിരനും, ഭീമനും നകുലസഹദേവന്മാരും ദ്രൗപദിയും ഉൾത്താപമടക്കി ശാന്തതയെ പ്രാപിച്ചു.
യുധിഷ്ഠിരൻ രാജാവല്ലേ? അദ്ദേഹം വേറെ ചിലത് കൂടി മനസ്സിലാക്കി.
“ഭഗവാൻ അവതാരവേഷം അഴിച്ച് വെച്ച് അരങ്ങൊഴിഞ്ഞപ്പോൾ യുഗത്തിൻ്റെ സാമ്രാട്ടായ കലിയുടെ പ്രവേശത്തിന് കളമൊരുങ്ങി. വരും നാളുകളിൽ രാഷ്ട്രത്തിലും സമൂഹത്തിലും, സഭകളിലും, വീടുകളിൽ പോലും കലിയുടെ കടന്നുകയറ്റം സംഭവിക്കും. ജനങ്ങൾ കള്ളം,കാപട്യം, ഹിംസ തുടങ്ങിയ അധർമ്മങ്ങൾ ചെയ്തു തുടങ്ങിയത് അതിൻ്റെ സൂചനയാണ്.
ഇതെല്ലാം ചിന്തിച്ചപ്പോൾ,പെട്ടെന്ന് ധർമ്മപുത്രരുടെ മനസ്സിൽ ലോകവിഷയങ്ങളോട് വിരക്തി ജനിച്ചു. തന്നോളം പ്രാപ്തനായ പൗത്രൻ പരീക്ഷിത്തിനെ രാജ്യഭരണം ഏല്പിക്കാനുള്ള നേരം ഇതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
പരീക്ഷിത്തിൻ്റെ പട്ടാഭിഷേകം കഴിഞ്ഞു.എല്ലാവർക്കും സന്തോഷമായി. അധികം വൈകാതെ ധർമ്മപുത്രർ പട്ടുവസ്ത്രം ഉപേക്ഷിച്ചു. മരവുരിയുടുത്തു. ഒരു ജലപാത്രം പോലും കൈയിൽ കരുതാതെ അദ്ദേഹം കൊട്ടാരത്തിൽ നിന്നിറങ്ങി. അവധൂതനായി, മൗനിയായി ,പാറിപ്പറന്ന തലമുടിയുമായി,ജഡനോ ഉന്മത്തനോ, പിശാചോ എന്ന് തോന്നുമാറ് ഒന്നും കാണാതെ ഒരു പൊട്ടനെ പോലെ ഒന്നും കേൾക്കാതെ മുമ്പുള്ളവരൊക്കെ നടന്ന് പോയ അതേ വടക്ക് ദിക്കും നോക്കി യാത്രയായി. ഏതിനെ പ്രാപിച്ചാൽ ഇനിയൊരു തിരിച്ചുവരവില്ലയോ ആ ബ്രഹ്മത്തെ മാത്രം ഹൃദയത്തിൽ പ്രതിഷ്ഠിച്ചു.
ജീവിതത്തിൻ്റെ പരമ ലക്ഷ്യം ബ്രഹ്മ പ്രാപ്തിയാണ്. അതറിയുന്ന അനുജന്മാരും അദ്ദേഹത്തെ അനുഗമിച്ചു. ബ്രഹ്മപദം ധ്യാനിച്ച് അവരും ജ്യേഷ്ഠനെ പിന്തുടർന്നു. ഭാര്യയായ ദ്രൗപദിയും അവരോടൊപ്പം സഞ്ചരിച്ചു.
ഭഗവദ് ഭക്തന്മാരായ പാണ്ഡവരുടെ ഈ മഹാപ്രസ്ഥാനം ശ്രദ്ധയോടെ മനനം ചെയ്താൽ ജീവിതം ധന്യമാക്കാനുള്ള കരുത്ത് നേടാമെന്ന് ഭാഗവതം പറയുന്നു.
©@#SureshbabuVilayil
ബാബു വിളയിൽ ന്ടെ പ്രബുദ്ധത നിറഞ്ഞ പാരായണം മനസ്സിനെ അഗാധമായി സ്പർശിക്കുന്നുണ്ട്, എവിടെ എങ്ങനെ അവസാനിപ്പിക്കണം എന്ന് ചിന്തിക്കേണ്ട സമയമായി, വൈരാഗ്യം വേണ്ടത്ര വളരട്ടേ എന്ന് പ്രാർത്ഥഇച്ചു നിറുത്തുന്നു, നന്ദി, നമസ്കാരം