കൊറോണക്കാലത്തെ ചില വേറിട്ട ചിന്തകൾ നമ്മളുമായി പങ്കുവെക്കുകയാണ് താഴെയുള്ള ലേഖങ്ങളിൽ .
കൊറോണച്ചിന്തകൾ
നിഖിത പ്രദീപ്, Std.lll, കാസറഗോഡ്
ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 ആണ് ഞാൻ. എന്റെ ജനനം 2019 -നവംബർ 17 -ന് ചൈനയിലെ വുഹാൻ എന്ന നഗരത്തിലായിരുന്നു. എനിക്ക് മനുഷ്യ ശരീരത്തിൽ താമസിക്കാനാണ് ഏറെ ഇഷ്ടം. അതുകൊണ്ട് തന്നെ എനിക്ക് എല്ലാ രാജ്യങ്ങളിലും എത്താൻ കഴിഞ്ഞു. ഞാനിപ്പോൾ ലോകം മുഴുവൻ അറിയപ്പെടുന്ന സൂപ്പർ സ്റ്റാറാണ്. ഇപ്പോൾ ഞാൻ കാരണം ഇറ്റലി, സ്പെയിൻ, ലണ്ടൻ, അമേരിക്ക, ചൈന,തുടങ്ങിയ വികസിത വിദേശ രാജ്യങ്ങൾ എല്ലാം തന്നെ കണ്ണിൽ പോലും കാണാൻ കഴിയാത്ത എനിക്കു മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. എന്നാലും എന്നെ തുരത്താൻ എല്ലാവരും ആഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.എന്നെ പേടിച്ച് ഇപ്പോൾ ആരും പുറത്തുപോലും ഇറങ്ങാറില്ല. അതുകൊണ്ട് ഞാൻ ആകെ വിഷമത്തിൽ ആണ്. ഞാൻ ഒരാളുടെ ശരീരത്തിൽ കയറിയാൽ പതിനാല് ദിവസത്തിനുള്ളിൽ അയാൾക്ക് പണി കിട്ടും. എന്നെ കണ്ടുപിടിച്ച ഡോക്ടർ ഞാൻ കാരണം മരിച്ചു പോയി. എല്ലാ ആരോഗ്യ പ്രവർത്തകരും എന്നെ തുരത്തിയോടിക്കാൻ ശ്രമിക്കുന്നു. മാസ്കുകളും, സോപ്പും, മറ്റ് സാനിറ്റൈസറുകളും ഒക്കെയാണ് ഇപ്പോൾ എന്റെ ശത്രുക്കൾ. അതുകൊണ്ട് ഞാൻ വളരെ അധികം പേടിച്ചിരിക്കുകയാണ്.അധികകാലം എനിക്കിവിടെ നിലനിൽപ്പുണ്ടാവില്ല എന്ന് ഇപ്പോൾ ഒരു തോന്നൽ….
എന്തുതന്നെ ആയാലും ഈ മനുഷ്യരെ വിട്ടു പോകാൻ എനിക്ക് തോന്നുന്നേയില്ല.
വിഷുക്കാലം എന്നും സന്തോഷത്തിന്റേതാണ്. കണിയൊരുക്കലും കണികാണലും പടക്കം പൊട്ടിക്കലും ക്ഷേത്ര ദർശനവും കൈനീട്ടവുമൊക്കെയായി നല്ല ഓർമ്മകളാണ് എന്നും വിഷു ദിനങ്ങൾ സമ്മാനിച്ചിട്ടുള്ളത്. എന്നാൽ ഈ വിഷുക്കാലത്ത് വളരെയധികം പരിമിതികളിൽ കൂടിയാണ് നമ്മൾ കടന്നു പോവുന്നത്.ഈ കൊറോണക്കാലത്തെ വിഷു എങ്ങനെ മികച്ചതാക്കാം എന്ന് ചിന്തിച്ചപ്പോൾ നമ്മളെ കൊണ്ടാവും വിധം വിഷു സദ്യയൊരുക്കി ഒരു പത്തു പേർക്കെങ്കിലും കൊടുക്കാം എന്ന ആശയം മനസ്സിലുറപ്പിച്ചു. പണത്തേക്കാൾ അന്നത്തിന്റെ വില തിരിച്ചറിഞ്ഞ നാളുകൾ കൂടിയാണിത്. നമ്മുടെ പറമ്പുകളിൽ ധാരാളമായി കണ്ടു വരുന്ന ചക്ക, മാങ്ങ, കായ, ചേന, ചേമ്പ് മുതലായവ കൊണ്ടുള്ള വിഭവങ്ങൾ പലതും വീണ്ടും നമ്മുടെ തീന്മേശകളിൽ നിറഞ്ഞു തുടങ്ങിയെന്നത് വളരെ സന്തോഷം തരുന്ന കാഴ്ചയാണ്. കൃഷി, സ്ഥലപരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടും ചെയ്യാമെന്ന് നമുക്കീയവസരത്തിലോർക്കാം, അതിനായി പരിശ്രമിക്കാം. നമ്മുടെ സർഗ്ഗ ഭാവനകൾ, എഴുത്ത്, വായന, ചിത്ര രചന, നൃത്തം, സംഗീതം തുടങ്ങിയവയെല്ലാം പരിശീലിക്കാനും നമുക്കീ സമയം ഫലപ്രദമായി വിനിയോഗിക്കാം. ലോകത്തിനു മുഴുവൻ മാതൃകയാക്കാവുന്ന വിധം കേരളത്തെ ഉയർത്തിയ ആരോഗ്യ പ്രവർത്തകരെ ഈ അവസരത്തിൽ നമിക്കുന്നു. ഇതു പോലുള്ള ലോക്ക് ഡൗണുകൾ ഭാവി ജീവിതത്തെയോർത്തുള്ള ആശങ്കകൾക്കിടയിലും നമുക്ക് സ്വയം മനസിലാക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ ഒപ്പമുണ്ടാവുന്ന നല്ല സൗഹൃദങ്ങളേയും മറ്റും തിരിച്ചറിയാനുമുള്ള ഒരവസരമാണ്. അത് പോലെ ഭൂമിക്കും വായു ജല മലിനീകരണങ്ങൾ കുറയുന്നത് കാരണം ഒരു പുത്തനുണർവ് കൈ വരുമെന്ന് പ്രത്യാശിക്കാം. ഈ സമയവും കടന്നു പോവുമെന്ന ശുഭ ചിന്തയിൽ നമുക്ക് ലോക നന്മക്കായി ഒരുമിച്ചു പ്രാർത്ഥിക്കാം, ‘ലോകാ സമസ്താ സുഖിനോ ഭവന്തു ‘.
കേരളം ഒന്നാമതാണത്രെ!!!
- ഇന്ത്യയിൽ ആദ്യമായി ‘കോവിഡ് 19’ സ്ഥിരീകരിച്ചത് കേരളത്തിൽ.
- ഒരാഴ്ച മുമ്പ് വരെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ കേരളം ഒന്നാമതായിരുന്നു.
- ഏറ്റവും കൂടുതൽ പേർ കോവിഡ് രോഗവുമായി വിദേശത്തുനിന്ന് വന്നിറങ്ങിയത് കേരളത്തിൽ.
- സാധാരണ അസുഖങ്ങൾക്ക് പോലും ചികിത്സ നിഷേധിച്ചുകൊണ്ട് അതിർത്തി മണ്ണിട്ടടക്കപ്പെട്ട ഏക സംസ്ഥാനം കേരളം.
- ചികിത്സ നിഷേധിച്ചതിനാൽ ഏറ്റവും കൂടുതൽ പേർ (11 പേർ) മരിക്കാനിടയായ സംസ്ഥാനം കേരളം.
- മദ്യം ലഭിക്കാത്തതിനാൽ ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്ത സംസ്ഥാനം കേരളം.
- കോവിഡ് വ്യാപനം തടഞ്ഞുനിർത്തുന്നതിൽ രാജ്യത്തെന്നല്ല, ലോകത്തുതന്നെ ഒന്നാമത് കേരളം.
- ഏറ്റവും കൂടുതൽ ശതമാനം പേർ കോവിഡിൽനിന്നും രോഗമുക്തി നേടിയത് കേരളത്തിൽ.
- കോവിഡ് മൂലം ഏറ്റവും കുറവ് മരണസംഖ്യ കേരളത്തിൽ.
- കോവിഡ് രോഗബാധിതർക്കായി ഏറ്റവും കൂടുതൽ ‘ഐസൊലേഷൻ വാർഡുകൾ’ സജ്ജമാക്കിയ സംസ്ഥാനം കേരളം.
- കോവിഡിൽ നിന്നും രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയ ആൾ ചികിത്സ നേടിയത് കേരളത്തിൽനിന്ന്.
- കോവിഡ് രോഗനിർണയത്തിനായി ആദ്യമായി ‘റാപ്പിഡ് ടെസ്റ്റ്’ നടത്താൻ പോകുന്നത് കേരളത്തിൽ.
- കോവിഡ് രോഗ പ്രതിരോധത്തിനായി ആദ്യമായി ‘പ്ലാസ്മാ ചികിത്സ’ നടത്താൻ പോകുന്നത് കേരളത്തിൽ.
- വെറും നാലു ദിവസംകൊണ്ട് ഒരു ആസ്പത്രി മുഴുവനായും ‘കോവിഡ് ആസ്പത്രി’ ആക്കി മാറ്റി എടുത്തത് കേരളത്തിൽ.
- കോവിഡ് രോഗ നിർണ്ണയത്തിനായി ‘വിസക്ക്’ (വാക്ക് ഇൻ സാമ്പിൾ കിയോസ്ക്) ആദ്യമായി രൂപകല്പന ചെയ്തത് കേരളത്തിൽ.
ഇത്രയുമായപ്പോൾ ഒരു ചെറുകഥയാണ് ഓർമ്മ വന്നത്. ഒരു വില്ലേജിലുള്ളവർ എല്ലാവരും കൂടി, മഴ ലഭിക്കാൻവേണ്ടി കൂട്ട പ്രാർത്ഥന നടത്താൻ തീരുമാനിച്ചു. പ്രാർത്ഥനക്കുവേണ്ടി തെരഞ്ഞെടുത്ത ദിവസം എല്ലാവരും ഒരു സ്ഥലത്ത് ഒത്തുകൂടി. പക്ഷേ ഒരു കുട്ടി മാത്രമാണ് അവിടേക്ക് കുടയുമായി വന്നത്. ഇതാണ് വിശ്വാസം (faith).
എ പി പത്മനാഭൻ
9633397076
To go to other pages, pl click the link below
- പ്രശസ്തരുടെ ദിനങ്ങൾ
- അഭിവന്ദ്യരുടെ അഭിരുചികൾ
- കുട്ടികളുടെ കുസൃതികൾ
- യുവതയുടെ കലാവിരുന്നുകൾ
- ചിത്ര കലാവിരുന്നുകൾ
- കോവിഡ് ദിന ഛായാഗ്രഹണം
- മാലച്ചന്തം
- കരവിരുതുകൾ
- കോവിഡ് ദിന പാഠങ്ങൾ
- കോവിഡ് കവിതകൾ
- കോവിഡ് കഥകൾ