– സുരേഷ് ബാബു, വിളയിൽ
കുട്ടിക്കാലത്തെ ആഘോഷങ്ങളിൽ ആൺകുട്ടികൾക്കിഷ്ടമില്ലാത്തതും ഏറ്റവും ദു:ഖനിർഭരവുമായ ആഘോഷം ഏതെന്ന് ചോദിച്ചാൽ തറവാട്ടിലുള്ളവരെല്ലാം ഒറ്റ സ്വരത്തിൽ പറയും .
“അതിനെന്താ സംശം? തിരുവാതിര ന്നെ”
അതുവരെ സവിശേഷമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും അനുഭവിച്ചുകൊണ്ടിരുന്ന ഞങ്ങളെ, അച്ഛനടക്കമുള്ള ആണുങ്ങളെല്ലാം പെണ്ണ്ങ്ങളുടെ കൂടെ ചേർന്ന് നിഷ്ക്കരുണം ബഹിഷ്ക്കരിക്കുന്ന ഒരേ ഒരാഘോഷം. അതായിരുന്നു തിരുവാതിര.
പെങ്ങന്മാരുടെയൊക്കെ അന്നത്തെ പവറ് കാണുമ്പം ദ്വേഷ്യം വരും. നേരത്തെയെണീറ്റ് കുളിച്ച് വാലിട്ട് കണ്ണഴുതി പൊട്ടും തൊട്ട് സുഗന്ധം പൂശി അണിഞ്ഞൊരുങ്ങി അവരങ്ങനെ നടക്കും. ചിലരൊക്കെ സ്വർണമാലയിടും. കാതില് കൊടക്കട്ക്കനിടും. തൊടിയിലിട്ട ഊഞ്ഞാലിൽ കേറി കാലും നീട്ടി വെച്ചാടും. എത്ര കെഞ്ചി പറഞ്ഞാലും ഇറങ്ങി തരില്ല. ഊഴം കാത്ത് കാത്ത് അവസാനം കേറിയിരുന്നിട്ടേ ഉണ്ടാവു. അപ്പോഴേക്കും അയൽ വീട്ടിലെ ഏട്ത്തിമാരെത്തും. ഉടനടി അവർക്കൊഴിഞ്ഞു കൊടുക്കണം. അല്ലെങ്കില് വിവരറിയും.
പെണ്ണ്ങ്ങക്കാണത്രെ തിരുവാതിര. അന്ന് എല്ലാറ്റിനും മുൻഗണന അവർക്കാണ്. തറവാട്ടിലെ അലിഖിത നിയമം .
ഓപ്പള്മാര്ക്കൊക്കെ ഞങ്ങളെ നുള്ളാനും പിച്ചാനുമുള്ള സുവർണാവസരമാണ് അന്ന്. മുത്തശ്ശിമാരൊന്നും അന്നത്തെ ദിവസം പെങ്കിടാങ്ങളെ ദേഷ്യപ്പെടില്ല. അതിന്റെ മുഴുവൻ ദുര്യോഗങ്ങളും ഞങ്ങളാങ്കുട്ടികള് അനുഭവിച്ചു തീർക്കണം. ഉച്ചക്ക് നാക്കിലയിട്ട് ആദ്യം ഊണു കഴിക്കുന്നതും പെണ്ണ്ങ്ങളാണ്. ഉണ്ട് നോയമ്പാണത്രെ. നോയമ്പെന്നാൽ ഭക്ഷണം കഴിക്കാതിരിക്കലാണ്. ഇവിടെ ഉണ്ണുന്ന നോയ്മ്പ്. ദേഷ്യം വരും.
അശ്വതി നാള് തൊട്ട് നേരം പുലരും മുമ്പെഴുന്നേറ്റ് ചൂട്ടും മിന്നിച്ച് അമ്മക്കും വല്യമ്മക്കും പെണ്മക്കളെയും കൂട്ടി ഒരു പോക്കുണ്ട്. ഷാരത്തെ കുളത്തിൽ തുടിച്ചു പാട്ട് പാടി കുളിക്കാൻ പോവാണ്. എത്ര കേണപേക്ഷിച്ചാലും ഞങ്ങളെയാരെയും ഒപ്പം കൂട്ടില്ല. ഒരു പെണ്ണായിരുന്നെങ്കിലെത്ര നന്നായിരുന്നുവെന്നു തോന്നി പോവും..
ഉറക്കൊഴിച്ചിലിന് കൂടി അവർക്ക് ഞങ്ങടെ സഹായം വേണ്ട. തൊട്ടതിനും പിടിച്ചതിനും എല്ലാം അച്ചാലും മുച്ചാലും ഓടിപ്പിക്കുന്ന മേത്തലമ്മായി പോലും മൈൻറ് ചെയ്യാത്ത ഒരേ ഒരാഘോഷം തിരുവാതിരയാണ്. പാതിരാത്രിയായാൽ ഇവറ്റകളെല്ലാരും കൂടി ഒരാൺ തുണ കൂടിയില്ലാതെ പാതിരാപൂവിറുക്കാൻ പോകും. അത് തലമുടിയിൽ ചൂടിയാലേ തിരുവാതിര നൊയമ്പ് സഫലാകൂ.. വെളിച്ചാവുന്നത് വരെ പിന്നെ തിരുവാതിര കളിയാണ്.
ഹാഫ് പാവാടക്കാര് മുഴുവൻഫുൾ പാവാടയിടും. ഫുൾ പാവാടക്കാര് ദാവണി ചുറ്റും. സാരിക്കാര് വേഷ്ടി മുണ്ടുടുക്കും. എന്ന്ട്ട് നമ്മടെ മുമ്പ്ക്കൂടങ്ങനെ ഉലാത്തുമ്പം ഞങ്ങക്ക് സഹികെടും. ഇവള്മാരെ പേടിപ്പിക്കാൻ രാത്രി സമയം അച്ഛന്റെ കുപ്പായമിട്ട് ഉമിക്കരികൊണ്ട് താടിയും വെച്ച് തലേക്കെട്ടും കെട്ടി വടിയും കുത്തി കയറി ചെല്ലും. ഒറക്കെ തൊള്ളയിടും. ഒറ്റയൊന്നിനും അപ്പഴും പേടില്യ. മ്മളെ ബാബ്വല്ലേ അത് എന്ന് ചോദിച്ച് കണ്ണ് കാണാത്ത മുത്തശ്ശിമാര് വരെ കളിയാക്കും. പെങ്കുട്ട്യള് കൂക്കിയാർക്കും. വല്ലാത്തൊരു കൂട്ടം തന്നെ.
കൂവ പായസവും കായ വറത്തതും പണിക്കാര്ക്ക് കൊടുക്കണ പോലെ പുറത്തക്ക് കൊണ്ടത്തരും. അത് തിണ്ടിമ്പിലിരുന്ന് കഴിക്കും.
കല്യാണം കഴിഞ്ഞപ്പോൾ ഭാര്യയും പിന്നെ മകളും ഈ ദുഷ്ടക്കൂട്ടത്തിന്റെ കൂടെ കൂടി.
ഇന്ന് തിരുവാതിരയാണ്. രാവിലെ തന്നെ കുളിച്ച് കുറിയിട്ട് അമ്പലത്തില് പോയി വന്ന അമ്മയെ കണ്ടപ്പോൾ പഴയ ഒർമ്മകളോടിയെത്തി. അടുത്തകാലത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കൊച്ചിനഗരത്തിൽ നടന്ന പെണ്ണ്ങ്ങളുടെ നൈറ്റ് വാക്കിംഗിന്റെ കഥ അയൽക്കാരിയും ഈ ദുഷ്ടക്കൂട്ടങ്ങളുടെയെല്ലാം ഇഷ്ടക്കാരിയുമായ Dhanya.k.Vilayil ഫേസ്ബുക്കിൽ പോസ്റ്റിയ കാര്യം ഓർമ്മ വന്നെങ്കിലും മന:പൂർവ്വം പറഞ്ഞില്ല. അമ്മക്കൊക്കെ എന്ത് നൈറ്റ് വാക്കിംഗ്! ആയ കാലത്ത് മിഡ്നൈറ്റ് വാക്കിംഗ് നടത്തിയ കൂട്ടരാണ്.
എന്തായാലും മ്മടെ അമ്മേം പെങ്ങന്മാരും ഭാര്യേം മക്കളും അല്ലേ. കലിപ്പടക്കാം. സന്ധിയാകാം.
ലോകത്തിലെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും തിരുവാതിര ആശംസകൾ.
നല്ല എഴുത്ത്. അഭിനന്ദനങ്ങള്
ബാബു , ഇതൊക്കെ നമ്ക്ക് വേണ്ടീട്ടാണല്ലോ എന്ന ചിന്ത വന്നാൽ കലിപ്പടങ്ങും, മനസ്സ് ആർദ്രമാവും.
ഏവർക്കും തിരുവാതിര ആശംസകൾ
എല്ലാവർക്കും തിരുവാതിര ആശംസകൾ.
സുരേഷ് ബാബു ,you have written it well.
ബാലമനസ്സിലെ ചില തിരുവാതിര ചിന്തകൾ വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും തിരുവാതിര ആശംസകൾ