നാളെ തിരുവാതിരയല്ലെ. എല്ലാവർക്കും വിശിഷ്യാ എല്ലാ മഹിളകൾക്കും തിരുവാതിര ആശംസകൾ!
ജഗന്മതാപിതാക്കളായ ശ്രീപാർവതിയും ശ്രീപരമേശ്വരനും എല്ലാവരെയും അനുഗ്രഹിക്കട്ടെ.
പോയ കാലത്തെ തിരുവാതിരയാഘോഷത്തിന്റെ സ്മൃതി ഉൾക്കൊണ്ടുകൊണ്ട് കുറിച്ച വരികൾ വായിക്കുക. പുതു തലമുറക്ക് ഒരു അറിവുമാകുമെന്നു പ്രതീക്ഷിക്കുന്നു.
-കാട്ടുശ്ശേരി പിഷാരത്ത് മുരളീധരൻ
സ്ത്രീജനങ്ങൾക്കു പ്രാധാന്യമുൾക്കൊണ്ടു
കേരളക്കര കൊണ്ടാടുമുത്സവം
നാളെയല്ലേ തിരുവാതിരാ ദിനം
ആതിരാദർശനപുണ്യദം ദിനം
നോൽമ്പെടുക്കണം പ്രാർത്ഥിക്കയും വേണം
പാർവതീ പരമേശ്വര പ്രീതിക്കായ്
പോകണം ശിവക്ഷേത്രത്തിൽ കാലേനാം
ഏകണം പ്രണാമം ശിവസന്നിധൗ
പാർവതീ ദേവിയെയും പരിചൊടു
സാദരം കൂപ്പി നന്നായ് നമിക്കണം
അമ്മയച്ഛന്മാരെല്ലാ പ്രപഞ്ചത്തി-
ന്നെന്നുമേ ഗൗരീശ്രീമഹാദേവനും
രാത്രിയിൽ തിരുവാതിരാ നക്ഷത്ര-
നേരത്തു പാതിരാപ്പൂവു ചൂടണം
കൂട്ടുകാരൊത്തു ക്ഷേത്രക്കുളമതിൽ
പാട്ടുപാടി തുടിച്ചു കുളിക്കണം
നല്ല വേഷ്ടിയും മുണ്ടും ധരിക്കണം
നല്ല രീതിയിൽ വാർകൂന്തൽ ചീകണം
വെക്കണം തുളസിക്കതിർ പിന്നെയോ
നല്ല സൗരഭ്യസൂനവും വേണിയിൽ
നെറ്റിയിൽ നല്ലിലക്കുറിയും തൊട്ടി-
ട്ടൊട്ടു കുങ്കുമം മദ്ധ്യെയണിയണം
മംഗല്യസ്ത്രീകളാകുകിൽ ഭംഗിയിൽ
സിന്ദൂര രേഖയിങ്കലും ചാർത്തണം
കാതിലാഭരണം ധരിച്ചീടണം
കൈവളമാലയെന്നിവയും വേണം
കൂട്ടുകാരികളൊത്തു ക്ഷേത്രത്തിൽ പോയ്
ആർദ്രാദർശനം ചാലെ ചെയ്തീടണം
സേവിക്ക തീർത്ഥം ശ്രീപരമേശന്റെ
സേവചെയ്യണം ദേവിയുമാ മുമ്പിൽ
വേണിയിൽ ദേവപാദത്തിലർച്ചിതം
പൂവു ചൂടണം ദേവപ്രസാദമായ്
പാദം പാദാന്തരേണ വെച്ചീടണം
ദേവീ ദേവന്മാർക്കുള്ള പ്രദക്ഷിണം
വേഗം തന്നെ ഗൃഹത്തിൽ തിരിച്ചെത്തി
കാണണം സ്നേഹമോടെ പതിയെയും
കൂവയിൽ ശർക്കര ചേർത്തൊരുക്കിയ
പായസം വിശേഷേണ കഴിക്കണം
പപ്പടം കൂടെ ഭക്ഷിക്കയുമാവാം
നാടൻ വാഴപ്പഴവും വിശേഷമാം.
ഉച്ചഭക്ഷണം ഗോതമ്പിനാലൊരു
ഉത്തമമായ കഞ്ഞിയകാമല്ലോ
കൂട്ടിനായിപ്പുഴുക്കുമൊരുക്കണം
കാച്ചിലിന്റെ കിഴങ്ങുമതിൽ വേണം
വെറ്റില മുറുക്കീടണം കൂട്ടത്തി-
ലിത്തിരി പതിദേവനം നല്കണം
ഉച്ചക്കു തിരുവാതിരയും കളി-
ച്ചുൽസാഹത്തോടെയൂഞ്ഞാലുമാടണം
ദേവ ദേവ! പ്രസാദിക്കവേണമേ
പ്രീതിപൂർവ്വമെന്നുമുള്ളതാം പ്രാർത്ഥന
പൂർണ്ണമായും ദിനത്തിലുണ്ടാകണം
നേടണം ശിവപാർവത്യനുഗ്രഹം
ഓം നമ: ശിവായ
പാർവതീപതയേ നമ:
ശ്രീഗൗരൈ നമ:
09-01-2020