കുറുക്കുവഴിക്കൂട്ട്

-ചെറുകര വിജയൻ

 

നാലു മണിക്ക് വക്കണോ? നാലരക്കായാലുംമതി. കാലത്ത് അലാം കേട്ടുണർന്നുറങ്ങുവാൻ നല്ല സുഖമാണ്. അതല്ലെങ്കിലും അങ്ങനയാ……വളരെ നേരത്തെ ഏണീക്കണ്ട കാരൃങ്ങളുണ്ടെങ്കിൽ ഉറക്കം മുറുക്കിപ്പിടിക്കും.ഒഴിവുദിനമെങ്കിലോ നേരത്തേ ഒഴിയുന്നൊരുറക്കം. ശീലങ്ങളല്ലെ എല്ലാം.

രാത്രി വൈകിയാണെങ്കിലും കുടുംബവുമായി കാരൃങ്ങളാലോചിച്ചതു പോലെ പുലർച്ചെ ആറുമണിക്ക് മുച്ചക്റ വാഹനം മുറ്റത്തെത്തി. കഷ്ടി ഒരു മണിക്കൂർ യാത്ര.അവിടെ എത്തിയാൽ ഞാൻ സേവനമനുഷ്ടിച്ച വിദ്യാലയത്തിലെൻെറ പിൻഗാമിയും സുമുഖനും സഹകരണ മനസ്സുമുളള സുഹൃത്ത് ‘വിളിച്ചാൽ’മതിയെന്ന് പറഞ്ഞിട്ടുണ്ട്. ആർത്തിയോടെ അകത്തേക്ക് കണ്ണുംനട്ട് ദീപസ്തംഭത്തിനു അടുത്ത് തന്നെ ഞങ്ങളുണ്ടെന്നറിയിച്ചു. മന്ദസ്മിതവുമായി അമാന്തിക്കാതെ സുഹൃത്തെത്തി.ഞാനെല്ലാം–എല്ലാവർക്കും വേണ്ടി–തുറന്നു പറഞ്ഞു.’ എത്ര കാലായീ കൺനിറയെ കണ്ണനെ കൺമുന്നിൽ കണ്ടിട്ട്…പലപ്പോഴും നിറകാഴ്ച്ച തെന്നിമാറി ഒളിഞ്ഞു നടത്തും ഈ കള്ളകൃഷ്ണൻ.

ഇക്കുറിയെങ്കിലും’!!’നോക്കാം,നമുക്ക് നോക്കാം’,കാണാനും കാണിക്കാനും-ഇരിക്കാനും ഇരുത്താനുമൊക്കെ അവിടുന്നും വിചാരിക്കണമല്ലോ ! വിഷമിക്കേണ്ട !’ഭാഗ്യം’ നമുക്കു കൂടെയുണ്ടാകും. പ്രാർത്ഥിക്കാം!നമുക്കതല്ലേ സാധിക്കൂ… ബാക്കിയെല്ലാം….’സുഹൃത്ത് ആശ്വാസിപ്പിച്ചു.

സുഹൃത്തിന്റെ താവളം അടുത്തുതന്നെ യാണ്. തോൾ സഞ്ചിയും പാദുകങ്ങളുമൊക്കെ തൽക്കാലത്തവിടെ മാറ്റി വച്ച്‌-പരിചയവുംചായയും സാധിച്ച് കണ്ണനെ മനസ്സിൽ നിരൂപിച്ച് അഞ്ജലി കൂപ്പി അകത്തേക്ക്………  ഓടിച്ചെന്ന് ഒന്ന് രണ്ടു പടി കയറി തിരിച്ചെത്തിയ കൂട്ടുകാരൻ പറഞ്ഞു. അൽപം കഴിഞ്ഞ്ഞേ നടക്കൂ, പന്തീരടി പൂജ കഴിയണത്രെ. വരിയിൽ നിന്ന് വാടാതെ വേഗത്തിൽ അകത്ത് കയറാൻ ധ്രൃതിയും അഹവും കാണിച്ചതിനുള്ള ശിക്ഷയാകാം….. അതെ ശിക്ഷതന്നെ ! കുടുംബ സമേതം ഏറ്റുവാങ്ങി .

ശിക്ഷിച്ച അതേ അനന്തപത്മനാഭൻ തലോടി തുണച്ചു. ‘തൊഴാനാണോ, എങ്കിൽ മൂവർ എൻെറ കൂടെ പോന്നോളൂ ‘. ഒരു മാന്യനായ സമപ്രായക്കാരൻ അവസരം അനുവദിച്ചു. ചെറിയ വരിയിലവസാനം ചെന്ന് ചേർന്നുനിന്നു . നാലാമനായ സുഹൃത്ത് അവിടുത്തെ നിത്യ സന്ദർശകനും അന്തേവാസിയായതിനാലും ‘പോയി വരൂ , ഞാനപ്പുറത്ത് കാണും ‘ എന്ന് പറഞ്ഞു മാറി നിന്നു. കൂടെക്കൂടാൻ അനുമതി നൽകിയ മാന്യനോട് കുശലങ്ങൾ നടത്തി. അനന്തപുരിയിൽ നിന്നും ഭാര്യയേം കൂട്ടി വർഷംതോറും ഓണമവിട്ടത്തിന് ദർശനം നടത്തുന്ന ഒരു നല്ല മനസ്സ്. ‘സാധാരണ രണ്ടു മൂന്നു പേർക്കുകൂടി ഞങ്ങൾ പ്രവേശനാനുമതി നേടാറുണ്ട് . ആർക്കെങ്കിലും സഹായമായാലോ എന്ന് കരുതി , ഇത്തവണ നിങ്ങൾക്കതുപകരിച്ചു . അത്രമാത്രം ‘. അദ്ദേഹമെല്ലാം വ്യക്തമാക്കി. വളരെ സന്തോഷം തോന്നി. പിൻഗാമി സൂചിപ്പിച്ച ‘ഭാഗ്യം’ അനന്തപദ്മനാഭനിലൂടെ…… പലതും മനസ്സിൽ നിരൂപിച്ച് കൂട്ടി. നിന്ന വരി നീങ്ങി നീങ്ങി തിരുമുമ്പിലെത്താറായി. ” ഹന്ത! ഭാഗ്യം ജനാനാം” രചിക്കപ്പെട്ട ഇടം കുടുംബത്തിന് ഓർമപ്പെടുത്തി. തിരക്കിനിടയിലും ഏകാഗ്രത പാകപ്പെടുത്തിയെടുത്ത മഹാനായ ‘നാരായണീയ’ കർത്താവിനെ സ്മരിക്കാതെ – നമിക്കാതെ വയ്യ. ഒരായിരം പ്രണാമങ്ങൾ……

പതുങ്ങി പതുങ്ങി , ചാഞ്ഞും ചെരിഞ്ഞും നീണ്ടും നിവർന്നും തിരുമുമ്പിലെത്തി. ഇന്നത്തോളമുള്ള നന്ദിയും നാളത്തെ നാന്ദിക്കുള്ള പ്രാർത്ഥനയും അർപ്പിച്ചു. കൈകൂപ്പി കണ്ണടച്ച് അൽപനേരം…ചിരിതൂകും കണ്ണനെ മനസ്സിൽ നിറച്ച്….. ” ലോകാ : സമസ്താ : സുഖിനോ ഭവന്തു ” . “സർവ്വേ ഭവന്തു സുഖിന : , സർവ്വേ സന്തു നിരാമയാ : , സർവ്വേ ഭദ്രാണി പശ്യന്തു , മാ കശ്ചിത് ദു:ഖഭാഗ് ഭവേത് ” —– പ്രദക്ഷിണങ്ങൾ പൂർണമാക്കി . തിരുമനസ്സുകൾ നൽകിയ പ്രസാദം നിറകണ്ണുകളോടെ സ്വീകരിച്ചണിഞ്ഞ് അയ്യപ്പനേയും ഭഗവതിയേം വണങ്ങി പുറത്തേക്ക്…….

മനസ്സുപോലെ വയറും നിറഞ്ഞാലേ നാളേകളുള്ളൂ. ‘കിഴക്ക് രാമകൃഷ്ണനും പടിഞ്ഞാറ് സൗപർണികയും താരതമ്യേന നല്ലതെന്നു പറയാം . കിഴക്കെപ്പോഴും തിരക്ക് , പടിഞ്ഞാറ് അൽപം കുറവുണ്ട് . ഇഷ്ടം പോലെ ..എവിടെയുമാകാം ‘. സുഹൃത്ത് വിശദമാക്കി. കിഴക്ക് നോക്കി പടിഞ്ഞാട്ടു തിരിഞ്ഞു. പരിചിതമായ രാമകൃഷ്ണനെ മാറ്റി അപരിചിതമായ സൗപർണികയിൽ പ്രഭാതഭക്ഷണം. ശാലയാകെ ഒന്നു കണ്ണോടിച്ചപ്പോളതാ……..! അനന്തപത്മനാഭനെന്ന് തത്കാലത്തേക്ക് ഞാനെന്റെ മനസ്സിൽ നാമകരണം ചെയ്ത മാന്യനായ — സമപ്രായക്കാരൻ – പത്നീസമേതനായി അരികെത്തന്നെ! മന്ദസ്മിതത്തിൽ നന്ദി പ്രകാശിപ്പിച്ചു. പിൻപിൻഗാമിയായ സുഹൃത്തിനോട് യാത്രയും നന്ദിയും പറഞ്ഞ് മടക്കയാത്ര…..

ചക്രധാരിയെ ആവോളം മനസ്സാൽ പുണർന്ന് മുച്ചക്രവാഹനത്തിൽ മൂവരും മതിമറന്നിരുന്നു.

എപ്പോഴുമെപ്പോഴും……,

എന്നുമെന്നും………..,

എല്ലാവർക്കും…………,

സഹയാത്രികരായ് അനന്തപദ്മനാഭൻമാർ തുണയായിടേണമെന്ന പ്രാർത്ഥന മാത്രം…..

 

0

Leave a Reply

Your email address will not be published. Required fields are marked *