ഗുരുവായൂർ ശാഖ വാർഷിക പൊതുയോഗം 2024-25

ഗുരുവായൂർ ശാഖയുടെ 2024-25ലെ വാർഷിക പൊതുയോഗം കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ 27-03-25നു 11 AMനു ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് കൂടി.

ശാഖാ സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കുമാരിമാർ സമീര, സഞ്ജന പ്രാർത്ഥനയോടെ ഭദ്രദീപം കൊളുത്തി യോഗം സമാരംഭിച്ചു.

തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലയളവിൽ അന്തരിച്ച അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

അദ്ധ്യക്ഷ ഭാഷണത്തിൽ കേന്ദ്ര പ്രസിഡണ്ട് സമാജ പ്രവർത്തനങ്ങൾ എപ്രകാരമാവണമെന്നും അതിന് സമാജാംഗങ്ങളുടെ കൂട്ടായ സഹകരണം വേണമെന്നും ഊന്നിപ്പറഞ്ഞു. പൊതുവെ സമാജ യോഗങ്ങളിലെ ഹാജർ നില കുറയുന്ന പ്രവണതക്ക് ഒരു മാറ്റം ആവശ്യമാണെന്നും കഴകരംഗത്ത് പുതുതായി ഉരുത്തിരിഞ്ഞ പ്രശ്നങ്ങളെപ്പറ്റിയും കേന്ദ്രത്തിന്റെ ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങളെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചു.

തുടർന്ന് സംസാരിച്ച ജന. സെക്രട്ടറി ഗുരുവായൂർ ശാഖാ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. ശാഖയുടെ നല്ല പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ചു.

പിന്നീട് സംസാരിച്ച പിൽഗ്രിമേജ് ട്രസ്റ്റ് സെക്രട്ടറി ശ്രീ കെ പി രവി ഗുരുവായൂർ ശാഖയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെ ശ്‌ളാഖിച്ചു. ഗസ്റ്റ് ഹൌസ് നടത്തിപ്പിലും അവരുടെ സഹകരണത്തിന് നന്ദി പറഞ്ഞതോടൊപ്പം ഗസ്റ്റ് ഹൌസ് വരുമാന വർദ്ധനവിലും ശാഖയുടെ പിന്തുണ അഭ്യർത്ഥിച്ചു.

ശാഖാ പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മി ശാഖയുടെ പ്രവർത്തനങ്ങളുടെ ഏകദേശ രൂപം അവതരിപ്പിച്ചു. ശാഖയുടെ ഇന്നത്തെ സാമ്പത്തിക നിലയിലും സംതൃപ്തി രേഖപ്പെടുത്തി. ഇതിനായി കൂടെ നിന്ന് പ്രവർത്തിച്ച സെക്രട്ടറി, ഖജാൻജി, മറ്റു കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞു.

സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ ശാഖാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. ഖജാൻജി ശ്രീമതി പി രാജലക്ഷ്മി കണക്ക് അവതരിപ്പിച്ചതും യോഗം അംഗീകരിച്ചു.

തുടർന്ന് ശ്രീ ടി പി നാരായണ പിഷാരോടി, മോഹന കൃഷ്ണൻ, ദീപ രാധിക, ഐ പി ഉണ്ണികൃഷ്ണൻ തുടങ്ങി അംഗങ്ങൾ ആശംസാ പ്രസംഗങ്ങൾ നടത്തി.

തുടർന്ന് കഴക പ്രവൃത്തി ചെയ്യുന്ന വിവിധ അംഗങ്ങളെ മൊമെന്റോ നൽകി സമുചിതമായി ആദരിച്ചു. അവർ തങ്ങളുടെ സന്തോഷം പങ്കുവെച്ചു.

തുടർന്ന് ഗുരുവായൂർ ശാഖയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള, 2025-2027, ഭരണസമിതിയെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് – ശ്രീമതി ഐ പി വിജയലക്ഷ്മി
വൈസ് പ്രസിഡണ്ട് – ശ്രീമതി സിന്ധു അച്ചുണ്ണി
സെക്രട്ടറി – ശ്രീമതി ഇ പി നളിനി
ജോ. സെക്രട്ടറി – ശ്രീമതി പാർവ്വതി ശശി
ഖജാൻജി – ശ്രീമതി രാധിക മോഹനൻ

സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ ഏവർക്കും നന്ദി രേഖപ്പെടുത്തി. പുതിയ ഭരണസമിതിക്ക് എല്ലാ വിധ ഭാവുകങ്ങളും ആശംസിച്ചു ഏകദേശം രണ്ടര മണിയോടെ യോഗം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *