ആദരവ് 2025 – തൃശൂർ ശാഖ കഴകക്കാരെ ആദരിച്ചു


16-02-2025 ഞായറാഴ്ച്ച പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് കുലത്തൊഴിലായ കഴക പ്രവർത്തി ചെയ്ത് ജീവിക്കുന്ന സമുദായാംഗങ്ങളെ ആദരിച്ചു. ആദരവ് 2025 എന്ന് പേരിട്ട ആദരണ പരിപാടി ഉദ്‌ഘാടനം ചെയ്തത് പ്രശസ്ത മേള വിദ്വാനായ പത്മശ്രീ ശ്രീ പെരുവനം കുട്ടൻ മാരാരാണ്. സിനിമാതാരം കുമാരി ശ്രവണ മുഖ്യാതിഥിയായിരുന്നു.


ശ്രീബാല, ശ്രീഭദ്ര എന്നീ ബാലികമാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ആദരവ് 2025 പരിപാടിയിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ കെ പി ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു.

നീണ്ട കാലത്തെ നമ്മുടെ വലിയൊരു സ്വപ്നമാണ് ഇന്ന് ഇവിടെ സഫലമാകുന്നത് എന്ന് സ്വാഗത വാക്കുകളിൽ ശ്രീ ഹരികൃഷ്ണൻ പറഞ്ഞു. കുലത്തൊഴിലായ കഴക പ്രവർത്തിയെ ജീവിത മാർഗ്ഗമാക്കി മാതൃക സൃഷ്ടിച്ച നമ്മുടെ കുടുംബാംഗങ്ങളെ ആദരിക്കുക, അതിലൂടെ നമ്മുടെ സമുദായം തന്നെ ആദരിക്കപ്പെടുക എന്ന സ്വപ്നം ഇവിടെ സാക്ഷാൽക്കരിക്കപ്പെടുകയാണ്. പിഷാരോടി സമാജത്തിന്റെ തന്നെ ചരിത്രത്തിൽ ആദ്യമാണ് ഒരു ശാഖയുടെ നേതൃത്വത്തിൽ ഇത്രയേറെ കഴകക്കാരെ ആദരിക്കുന്നുവെന്നത്.കഴകം എന്ന വാക്കിനർത്ഥം ഭരണം അല്ലെങ്കിൽ ഭരണസമിതി എന്നാണ്.ഓരോ ക്ഷേത്രത്തിന്റെയും ദൈനം ദിന ചടങ്ങുകളെ പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും വ്യക്തമായി ധാരണയുള്ളത് അവിടത്തെ കാരായ്മ കഴകക്കാർക്കാണ്. പണ്ട് കാലത്ത് കഴകക്കാർക്കും അവരുടെയൊപ്പം ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കും മാത്രമാണ് ക്ഷേത്ര പരിസരത്തു തന്നെ താമസിക്കുവാൻ സ്ഥലങ്ങൾ ലഭിച്ചിട്ടുള്ളത്.തന്ത്രിക്കോ ശാന്തിക്കാർക്കോ പോലും ധാരണയില്ലാത്ത ക്ഷേത്ര കാര്യങ്ങൾ വ്യക്തമായി അറിയുന്ന കഴകക്കാർക്ക് പക്ഷെ അവരുടെ മൂല്യം തിരിച്ചറിയാൻ സാധിച്ചില്ല. ഫലം, ഭരണ സംവിധാനത്തിൽ നിന്നും അവർ പുറത്തായി. ദേവസ്വം ബോർഡുകളുടെ തസ്തിക രൂപീകരണത്തിൽ കഴകക്കാർ വെറും സ്വീപ്പർമാരായി. നമ്മൾ നമ്മുടെ സ്വത്വം മറന്നു പോയി.ക്ഷേത്ര ഭരണത്തിൽ നമ്മുടെ പ്രാധാന്യമറിഞ്ഞു നമുക്ക് ലഭിച്ച ക്ഷേത്ര സ്വത്തുക്കൾ എല്ലാം നാം നഷ്ടപ്പെടുത്തി. കാലക്രമത്തിൽ നമ്മൾ നിർധനരും നിസ്സഹായരുമായി. അതിനൊരു പരിഹാരം കൂടി കാണുക എന്ന ഉദ്ദേശം കൂടി ഈ ആദരവ് 2025 ന്റെ പിറകിൽ ഉണ്ട്. കഴക പ്രവർത്തിയുടെ വിശാല സാധ്യതകളെ കുറിച്ച് ഒരു ബോധവൽക്കരണ പ്രോഗ്രാം അനിവാര്യമാണ്. ക്ഷേത്രങ്ങളിലെ ഓരോ അടിയന്തിര പ്രവർത്തികളുടെയും പ്രധാന്യത്തെ കുറിച്ച് സമൂഹം ബോധവാന്മാരാണ്. താന്ത്രികരുടെയും ശാന്തിക്കാരുടെയും മേളക്കാരുടെയുമെല്ലാം മൂല്യം സമൂഹത്തിനു നന്നായി അറിയാം. എന്നാൽ കഴക പ്രവർത്തിയെ പറ്റി വലിയ ധാരണയില്ല. അത് നൽകാൻ നമ്മൾ ശ്രമിച്ചില്ല എന്നതാണ് വാസ്തവം. അതിനൊരു മാറ്റമുണ്ടാക്കേണ്ടിയിരിക്കുന്നു. ആ ശ്രമം നമുക്ക് ഇവിടെ നിന്ന് ആരംഭിക്കേണ്ടതുണ്ട് എന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു.
ഉദ്ഘാടന ഭാഷണത്തിൽ പത്മശ്രീ ശ്രീ പെരുവനം കുട്ടൻമാരാർ ക്ഷേത്ര കഴക പ്രവർത്തി എന്നത് സത്യത്തിൽ ആത്മ സമർപ്പണമാണ് എന്ന് സൂചിപ്പിച്ചു. ക്ഷേത്രത്തിൽ കഴക പ്രവർത്തിയായാലും വാദ്യ അടിയന്തിരമായാലും അവ അനുവർത്തിക്കുന്നവർ തികച്ചും ആത്മാർത്ഥമായിട്ടാണ് ആ ചുമതലകൾ നിറവേറ്റുന്നത്. അവിടെ നമ്മുടെ മുന്നിൽ ഏതെങ്കിലും പ്രതിഫലേച്ഛകളോ സ്ഥാനമാനങ്ങളോ പരിഗണനീയമല്ല.മാത്രവുമല്ല മാലകെട്ട് പോലുള്ള കഴക പ്രവർത്തികൾ ശുദ്ധമായ കല തന്നെയാണ്.വിഗ്രഹത്തിൽ ചാർത്തുന്ന വലിയ ഉണ്ട മാലയായാലും ചെറിയ തിരുമുടി മാലയായാലും ചെത്തിയും തുളസിയും മറ്റു അനുവദനീയമായ നിറങ്ങളിലുള്ള പൂക്കളും കൃത്യമായ വലിപ്പത്തിലും നിറ ഭേദങ്ങളിലും സമ രൂപത്തിൽ ചേർത്ത് നിർമ്മിക്കുക എന്നത് തികച്ചും ഭാവനാ സമ്പന്നമായ കലയുടെ നേർക്കാഴ്ചയാണ്. അതുകൊണ്ട് തന്നെ അവ വളരെ എളുപ്പത്തിൽ തീർത്ത് ഭക്തിയോടൊപ്പം മനോഹരവുമായ ദൃശ്യ വിരുന്നു കൂടി നൽകുന്ന കഴക പ്രവർത്തിക്കാർ മുന്നേ പറഞ്ഞത് പോലെ യഥാർത്ഥ കലോപാസകൻ തന്നെയാണ്. കഴകക്കാരെ സംബന്ധിച്ചേടത്തോളം അവർ കെട്ടുന്ന മാലകളുടെ പൂർണ്ണത എന്നത് അവരുടെ ആത്മ സംതൃപ്‍തിയാണ്.അവിടെ അവർ സ്വയം ആസ്വദിക്കുകയാണ്. മാലകൾ കാണുന്നവരുടെ ആസ്വാദനങ്ങൾ അവരെ ഒട്ടും ബാധിക്കുന്നില്ല.അങ്ങനെ ഭാവനാ പൂർണ്ണരായ, ശുദ്ധമായ കലോപാസകരായ കഴക പ്രവർത്തിക്കാരെ ആദരിക്കാൻ പിഷാരോടി സമാജം മുന്നോട്ട് വന്നതിനു സമാജത്തെ അഭിനന്ദിക്കുന്നതോടൊപ്പം അതിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നതിനു വേണ്ടി എന്നെ ചുമതലപ്പെടുത്തിയതിനു നന്ദിയും അറിയിക്കുന്നു. കുലത്തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞു അതിനെ നെഞ്ചോട് ചേർത്ത് ജീവിക്കുന്നവർ സത്യത്തിൽ സമ്പന്നമായ നമ്മുടെ സംസ്കാരം കൂടിയാണ് വളർത്തുന്നത്.ആറ്റൂർ കൃഷ്ണ പിഷാരോടിയെ പോലുള്ള മഹാന്മാർ ജനിച്ച സമുദായമാണിത്. ഇന്ന് വാദ്യ കലാ രംഗത്ത് ധാരാളം മിടുക്കരായ പിഷാരടിമാർ ഉണ്ട്. ഇപ്പോൾ വാദ്യ കല അഭ്യസിക്കാൻ വളരെയധികം പെൺകുട്ടികളും വരുന്നുണ്ട്. തീർച്ചയായും പിഷാരോടി സമുദായത്തിലെ പെൺകുട്ടികൾക്കും വാദ്യ കലാഭ്യാസ രംഗത്തേക്ക് സ്വാഗതം. പിഷാരോടി സമാജം അക്കാര്യത്തിലും ശ്രദ്ധിക്കണമെന്നും ശ്രീ പെരുവനം കുട്ടൻമാരാർ പറഞ്ഞു.

കഴക പ്രവർത്തിയുടെ പ്രാധാന്യത്തെ കുറിച്ച് മുഖ്യാതിഥി കുമാരി ശ്രവണയും സംസാരിച്ചു. സമാജത്തിന്റെ കലാ വേദികളിൽ കുട്ടിക്കാലം തൊട്ടെ പങ്കെടുത്തു വളർന്നവളാണ് ഞാൻ. അച്ഛൻ നല്ലൊരു കഴകക്കാരൻ കൂടി ആയിരുന്നു. ലോകമറിയുന്ന വലിയ വാദ്യ കലാകാരനായ പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ ഒപ്പം ഈ വേദിയിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഇന്ന് ഇവിടെ ആദരിക്കപ്പെടുന്നവർക്കെല്ലാം എന്റെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ ആശംസാ പ്രസംഗത്തിൽ താനും പഴുവിൽ ക്ഷേത്രത്തിൽ ഒരുപാട് വർഷം കഴക പ്രവർത്തി നടത്തിയതിന്റെ അനുഭവങ്ങൾ വികാരാധീനനായി സദസ്സിനോട് പങ്ക് വെച്ചു. ശാഖ വൈസ് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയും കഴക പ്രവർത്തിയിൽ സ്വന്തം അമ്മ അനുഷ്ഠിച്ചിരുന്ന ആത്മാർത്ഥമായ സേവനങ്ങളും അതിൽ അവർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകളും വിവരിച്ചു.നന്നേ കുട്ടിക്കാലത്ത് ചെമ്പൂക്കാവ് ക്ഷേത്രത്തിൽ കഴക പ്രവർത്തി നടത്തി അതിൽ നിന്നും കിട്ടിയ വരുമാനം കൊണ്ടായിരുന്നു എന്റെ അമ്മ എന്നെ വളർത്തിയെടുത്തത്. ഇന്ന് പിഷാരോടിമാർ ഒരുപാട് പേർ വളരെ ഉന്നത സ്ഥാനങ്ങളിലും ജീവിത സാഹചര്യങ്ങളിലും ഉണ്ട്. പക്ഷെ അവരുടെയെല്ലാം മുൻ തലമുറക്കാർ പലരും കഴക പ്രവർത്തിയെ ആശ്രയിച്ചവരാണ്. ഇന്നും ബുദ്ധിമുട്ടുകൾ സഹിച്ച് അതേ പോലുള്ള കഴക പ്രവർത്തി ചെയ്യുന്നവരാണ് ഇവിടെ ഉള്ളത്. കുലത്തൊഴിലായ കഴക പ്രവർത്തിയെ ജീവിത മാർഗ്ഗമായി തെരഞ്ഞെടുത്തിട്ടുള്ളവരെ ആദരിക്കണം എന്നത് നമ്മുടെ ലക്ഷ്യമാണെങ്കിലും അത് ഉടനെ നടപ്പിലാക്കാൻ പഴുവിൽ പിഷാരത്തുള്ള ശ്രീ രാജന്റെ നിർദ്ദേശം ഏറെ സഹായം ചെയ്തിട്ടുണ്ട് എന്ന് പറയേണ്ടതുണ്ട്. ശ്രീ രാജന്റെ അഭിപ്രായം അതിന്റെ പൂർണമായ ഗൗരവത്തിൽ തന്നെ എടുത്ത് പെട്ടെന്ന് തന്നെ നടപ്പിലാക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഈ സന്ദർഭത്തിൽ ചില കാര്യങ്ങൾ ഓർക്കേണ്ടതുണ്ട്. സർക്കാർ രേഖകളിൽ പിഷാരോടി എന്ന ഒരു സമുദായം കൂടി ഉണ്ടെന്ന്. ഈയിടെയാണ് സർക്കാർ രേഖാമൂലം അംഗീകരിച്ചത്. അത് പോലെ മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കമുള്ളവർക്ക് പത്ത് ശതമാനം അംഗീകാരം ലഭിച്ചതും അടുത്ത കാലത്താണ്. ഈ നേട്ടമെല്ലാം നമ്മുടെ കൂടി പരിശ്രമം മൂലം ലഭിച്ചതാണ്.

മുപ്പത്തി അഞ്ചോളം കഴക പ്രവർത്തിക്കാരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ശ്രീ പെരുവനം കുട്ടൻമാരാരെ വൈസ് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയും കുമാരി ശ്രവണയെ തുളസീദളം ചീഫ് എഡിറ്റർ ശ്രീമതി എ സരസ്വതിയും ആദരിച്ചു.

ശാഖ സെക്രട്ടറി ശ്രീ എ ജയദേവൻ ഏവർക്കും നന്ദി പറഞ്ഞു.

ശാഖ ആദരിച്ച കഴകക്കാർ

  1. ഗംഗാ രാമകൃഷ്ണൻ, ആനായത്ത് പിഷാരം, തൃശൂർ
  2. രാമചന്ദ്രൻ, പടിഞ്ഞാറെ പിഷാരം, മുളകുന്നത്ത്കാവ്,
  3. കെ കെ വിജയലക്ഷ്മി, മുക്കോട്ടിൽ കിഴക്കേ പിഷാരം,
  4. എ പി ജയദേവൻ, മാങ്ങാട്ടുകര പിഷാരം,
  5. കൃഷ്ണകുമാർ, തെക്കേ പിഷാരം, പെരുവനം.
  6. അംബിക കൃഷ്ണകുമാർ, ആറേശ്വരം പിഷാരം.
  7. മിനി ഓമനക്കുട്ടൻ, കുട്ടമശ്ശേരി പിഷാരം,
  8. രാധ കെ ജി, ഒളരിക്കര പിഷാരം.
  9. സരള രാധാകൃഷ്ണൻ, അഞ്ചേരി പിഷാരം.
  10. ഉഷ നന്ദകുമാർ,അഞ്ചേരി പിഷാരം.
  11. വത്സല രാജൻ, കിഴക്കേ പിഷാരം,പഴുവിൽ.
  12. മാലതി പിഷാരസ്യാർ, തെക്കേ പിഷാരം, പഴുവിൽ.
  13. വേണുഗോപാൽ, കിഴക്കേ പിഷാരം, പഴുവിൽ.
  14. രാമൻകുട്ടി പിഷാരോടി, പരയ്ക്കാട് പിഷാരം.
  15. വേണുഗോപാൽ, കാരമുക്ക് പിഷാരം.
  16. രജീഷ, കാരമുക്ക് പിഷാരം, ചിയ്യാരം.
  17. രാജേശ്വരി, കൊരങ്ങനാത്ത് പിഷാരം.
  18. ശ്രീകാന്ത് പിഷാരോടി, തെക്കേ പിഷാരം, മുളകുന്നത്ത്കാവ്.
  19. ശോഭ പിഷാരസ്യാർ,പടിഞ്ഞാറേ പിഷാരം,മുളകുന്നത്ത്കാവ് പിഷാരം.
  20. രുഗ്മിണി പിഷാരസ്യാർ,പടിഞ്ഞാറേ പിഷാരം,മുളകുന്നത്ത്കാവ്.
  21. രാമചന്ദ്രൻ,പടിഞ്ഞാറേ പിഷാരം, മുളകുന്നത്ത്കാവ്.
  22. ശ്രീകുമാർ, കിഴക്കേ പിഷാരം, മുളകുന്നത്ത്കാവ്.
  23. ആതിര, ആനായത്ത് പിഷാരം,വെളപ്പായ
  24. രജിത പ്രകാശ്,ആനായത്ത് പിഷാരം, വെളപ്പായ.
  25. ആശ കൃഷ്ണകുമാർ, മുക്കോട്ടിൽ പിഷാരം, കൂട്ടാല, അരിമ്പൂർ.
  26. രാംകുമാർ, വടക്കേ പിഷാരം, പെരുവനം
  27. ഹരിദാസ് എം പി, കാരമുക്കിൽ പിഷാരം, പുലക്കാട്ടുകര,
  28. ആർ രാമനാഥ്, രാമപുരം പിഷാരം.
  29. ഇന്ദിര കെ പി,കിഴക്കേ പിഷാരം, കോളങ്ങാട്ടുകര
  30. പ്രകാശ്, പടിഞ്ഞാറെ പിഷാരം, മുളകുന്നത്ത്കാവ്.
  31. രാജൻ പിഷാരോടി,ആനായത്ത് പിഷാരം.
  32. വിജയൻ, കാരമുക്ക്.
5+

2 thoughts on “ആദരവ് 2025 – തൃശൂർ ശാഖ കഴകക്കാരെ ആദരിച്ചു

  1. അനുമോദനം ഏറ്റുവാങ്ങിയ കഴകക്കാർക്കും സംഘാടകരായ ത്രിശ്ശൂർ ശാഖക്കും അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *