കൊടകര ശാഖയുടെ 2025 ലെ ആദ്യ യോഗം 19-01-25നു ഒമ്പതുങ്ങൽ പിഷാരത്ത് ശ്രീ കെ.പി. ഗിരിജന്റെ ഭവനത്തിൽ മുൻ ശാഖ പ്രസിഡൻറ് സിപിരാമചന്ദ്ര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മൂന്നു മണിക്ക് യോഗ നടപടികൾ ആരംഭിച്ചു. ഗൃഹ നാഥന്റെ പേരകുട്ടികളായ ആദിദേവ് , ദേവതീർത്ഥ എന്നിവർ ഈശ്വര പ്രാർത്ഥന ഗീതം ആലപിച്ചു. കഴിഞ്ഞ മാസങ്ങളിൽ നമ്മെ വിട്ടുപിരിഞ്ഞ സാഹിത്യ കുലപതി M T .വാസുദേവൻ നായർ, ഭാവഗായകൻ പി ജയചന്ദ്രൻ, ‘കൊടകര ശാഖ പ്രസിഡന്റ് ഉഷ യുടെ ഭർത്താവ് കൂടിയായ ശാഖയിലെ സജീവ അംഗം ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീധരൻ എന്നിവർക്കും, യോഗദിവസം രാവിലെ പരേതയായ കൊടുങ്ങ പിഷാരത്ത് കൃഷ്ണകുമാറിന്റെ പത്നി ഇന്ദിര എന്നിവർക്കും, മറ്റു സമുദായ അംഗങ്ങളുടേയും ആത്മശാന്തിക്കായി മൗനം ആചരിച്ചു. ഗൃഹനാഥൻ കെ പി ഗിരിജൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വിശിഷ്ട സാന്നിധ്യം ആയി യോഗത്തിൽ എത്തിച്ചേർന്ന മുൻ പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടി, മുൻ ജനറൽ സെക്രട്ടറി കെ പി ഹരികൃഷ്ണൻ എന്നിവരെ യോഗത്തിലേക്ക് പ്രത്യേകമായി സ്വാഗതം ചെയ്തു.
മുൻ കേന്ദ്ര പ്രസിഡണ്ട് രാമചന്ദ്ര പിഷാരടി തുളസീദളം കലാസാംസ്കാരിക വേദിക്ക് സംഗീത നാടക അക്കാദമിയുടെ അംഗീകാരം കിട്ടിയതായി അറിയിച്ചു. ഇത് യുവാക്കൾക്കു വളരെയധികം പ്രയോജനം ചെയ്യുന്ന കാര്യമാണെന്നും സംഗീത നാടക അക്കാദമിയുടെ അംഗീകാരംകിട്ടിയത് മൂന്നുവർഷത്തോളം നീണ്ടുനിന്ന പ്രയത്നത്തിന്റെ ഫലമായിട്ടാണെന്നും യോഗത്തെ അറിയിച്ചു. അതിനുശേഷം സംസാരിച്ച കെ പി ഹരികൃഷ്ണൻ യുവതലമുറയുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും അതിലേക്ക് കൊടകര ശാഖയിൽ നിന്ന് പറ്റാവുന്ന അത്രയും ആളുകളെ പങ്കെടുപ്പിക്കണമെന്നും പറഞ്ഞു. സംഗീത നാടക അക്കാദമിയുടെ അംഗീകാരം ഉണ്ടെങ്കിൽ സമാജത്തിലെ കുട്ടികൾക്ക് ഉയർന്ന തലങ്ങളിൽ കലാപരമായി വിദ്യാഭ്യാസം നേടാൻ ആവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തുളസീദളം കലാ സാംസ്കാരിക വേദി കൊടകര ശാഖയുടെ കോഡിനേറ്ററായി ടി പി രാമചന്ദ്രനെ തിരഞ്ഞെടുത്തു.സമാജം അംഗങ്ങൾ കേന്ദ്ര പ്രതിനിധികളുമായി തങ്ങളുടെ സംശയങ്ങൾ തീർക്കുകയും കൊടകര ശാഖയിൽ നിന്ന് പരമാവധി യുവാക്കളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നുംപറഞ്ഞു. സെക്രട്ടറി രമ്യ രാധാകൃഷ്ണൻ ഡിസംബർ 2024 ലെ റിപ്പോർട്ടും, എം പി വിജയൻ കണക്കുകളും അവതരിപ്പിച്ചത് യോഗം ഭേദഗതികളില്ലാതെ അംഗീകരിച്ചു.
ഗൃഹനാഥന്റെ ചെറു മകൻ ആദിദേവ്, ജനുവരി ലക്കം തുളസീദളത്തിൽ “പത്മിനി രാമകൃഷ്ണൻ എഴുതിയ ഗുരുവായൂർ ഏകാദശി ദർശനം പുണ്യദർശനം “എന്ന കവിത ഈണത്തിൽ ചൊല്ലുകയും സദസ്സ് ഹർഷാരവത്തോടെ സ്വീകരിക്കുകയും ചെയ്തു. ആദിദേവിനെ എല്ലാവരും അഭിനന്ദിച്ചു.
ജനുവരി മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിനോദയാത്ര ചില സാങ്കേതിക കാരണങ്ങളാൽ നടക്കാതെ വരികയും അത് ഫെബ്രുവരി 16ന് പോകാം എന്ന് തീരുമാനിക്കുകയും ചെയ്തു. ശാഖയുടെ 2025 ലെ വാർഷികപൊതുയോഗം ഏപ്രിൽ 20 ന് നടത്താൻ തീരുമാനിച്ചു.
ഒരു ശാഖ അംഗത്തിന് ചികിത്സാ സഹായം നൽകാൻ അപേക്ഷ ലഭിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി മരണം സംഭവിച്ചതിനാൽ മരണാനന്തര സഹായമായി നൽകുന്നതിനു ഏകകണ്ഠമായി തീരുമാനിച്ചു.
Dr M P രാജൻ നടത്തിയ ക്വിസ് മത്സരത്തിൽ എല്ലാവരും സജീവമായി പങ്കെടുക്കുകയും ആദിദേവ് പീയുഷ് ടീം ഒന്നാം സ്ഥാനവും, ശ്രീലത വിജയൻ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കെ പി ശശി യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും നന്ദി പറയുകയും, യോഗം നടത്താൻ സൗകര്യമൊരുക്കിത്തന്ന കെ പി ഗിരിജനും കുടുംബത്തിനും പ്രത്യേകം നന്ദിയും പറഞ്ഞു. തുളസീദളം കലാസാംസ്കാരിക വേദിയെ കുറിച്ച് സംസാരിക്കുവാനായി എത്തിയ രാമചന്ദ്ര പിഷാരോടിക്കും കെ പി ഹരികൃഷ്ണനും പ്രത്യേകം നന്ദി അറിയിച്ചു.കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷന് ശേഷം കൃത്യം 5 :15 ന് യോഗം അവസാനിച്ചു.