തൃശൂർ ശാഖയുടെ ജനുവരി മാസ യോഗം 18-01-2025ന് കലാനിലയം ശ്രീ അനിൽകുമാറിന്റെ പൂങ്കുന്നത്തുള്ള ഹരിത അപ്പാർട്മെന്റിൽ വെച്ച് വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കുമാരിമാർ ശ്രീ ബാല, ശ്രീ ഭദ്ര എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം എട്ടാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി.ഡിസംബറിൽ ഈ ലോകം വിട്ടു പോയ സമുദായാംഗങ്ങൾക്കൊപ്പം മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും അഭിമാനമായ എം. ടി വാസുദേവൻ നായർ, ഭാവ ഗായകൻ പി ജയചന്ദ്രൻ എന്നിവരുടെയും ദു:ഖ സ്മരണകളിൽ അനുശോചനം രേഖപ്പെടുത്തി. ഗൃഹ നാഥൻ ശ്രീ അനിൽകുമാർ ഏവർക്കും സ്വാഗതമാശംസിച്ചു.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ എ. രാമചന്ദ്ര പിഷാരോടി ഈയിടെ രൂപീകൃതമായ തുളസീദളം കലാ സാംസ്ക്കാരിക സമിതിയുടെ ഇതു വരെ നടന്ന പ്രവർത്തനങ്ങൾ വിവരിച്ചു. മറ്റു വിവിധ ശാഖകളിലെയും അംഗങ്ങളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് കഴിയുന്നതും ഏപ്രിൽ മാസത്തിൽ സമിതിയുടെ മഹാ സമ്മേളനം നടത്തണമെന്നും അതിലേക്ക് മുഖ്യ അതിഥിയായി ശ്രീ രമേശ് പിഷാരോടിയെ ക്ഷമിക്കണമെന്നുള്ള ലക്ഷ്യമിട്ടുകൊണ്ട് പദ്ധതി ആവിഷ്ക്കരിച്ചതായി അദ്ദേഹം യോഗത്തെ അറിയിച്ചു.കഴിഞ്ഞ മാസത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ശ്രീ എ പി ജയദേവനും കണക്കുകൾ ശ്രീ ആർ പി രഘുനന്ദനനും അവതരിപ്പിച്ചത് കയ്യടികളോടെ പാസാക്കി. വരിസംഖ്യ പിരിവ് ഏകദേശം പൂർത്തിയായതായി ശ്രീ രഘുനന്ദനൻ അറിയിച്ചു.
തുടർന്ന് ജനറൽ സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ മേയ് 25 ന് കേന്ദ്ര വാർഷികം നടത്താൻ ഉദ്ദേശിക്കുന്നതായി യോഗത്തെ അറിയിച്ചു.ഗുരുവായൂർ ഗസ്റ്റ് ഹൌസ് കാലത്തിന്നനുസൃതമായിവളരെ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇപ്പോൾ ധാരാളം പേർ മുറികൾ ബുക്ക് ചെയ്യാൻ എത്തുന്നുണ്ടെന്നും സാമ്പത്തികമായി വളരെ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ശ്രീ ഗോപകുമാർ അറിയിച്ചു.
തുളസീദളം കലാ സാംസ്ക്കാരിക സമിതിയെ പറ്റി ശ്രീ ഗോവിന്ദ പിഷാരോടിയുടെ സംശയങ്ങൾക്ക് തുളസീദളം കലാ സാംസ്കാരിക സമിതി സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ മറുപടി പറഞ്ഞു. സമിതിയുടെ ആത്യന്തികമായ ലക്ഷ്യം യുവതലമുറയുടെ വിവിധ കഴിവുകളെയും അഭിരുചികളെയും പ്രോത്സാഹിപ്പിക്കുക, അവരിൽ നേതൃത്വ പാടവം വളർത്തുക, അരങ്ങുകൾ നൽകുക തുടങ്ങിയവയാണ്. അതിനു വേണ്ടി യുവജനങ്ങളെയും കുട്ടികളെയും ചേർത്ത് കുമാരി അനാമിക പ്രസിഡണ്ടായും കുമാരി ഗൗരി ഗോപി സെക്രട്ടറി ആയും ഒരു താൽക്കാലിക ഭരണ സമിതി രൂപീകരിച്ചു കഴിഞ്ഞു. അവരുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും സമിതി സെക്രട്ടറി അറിയിച്ചു.
തുടർന്ന് എം ടി വാസുദേവൻ നായരുമായി ബന്ധപ്പെട്ട് വ്യക്തിപരമായി ഉണ്ടായ ഊഷ്മളമായ അനുഭവത്തെ പറ്റി ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി വിശദീകരിച്ചു.ശേഷം നടന്ന പൊതു ചർച്ചയിൽ ചർച്ചയിൽ ശ്രീ സി പി അച്യുതൻ. ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി, ശ്രീ ആർ പി രഘുനന്ദനൻ, ശ്രീ ഗോപൻ പഴുവിൽ തുടങ്ങിയവർ പങ്കെടുത്തു.
ശാഖ വർഷം തോറും നടത്തി വരുന്ന വിനോദ യാത്ര ഫെബ്രുവരി 27 ന് കൂർഗ്ഗിലേക്ക് പോകുന്നതിനായി തീരുമാനമായി. തൃശൂർ ശാഖയുടെ പരിധിയിൽ കഴക പ്രവർത്തി നടത്തി ഉപജീവനം കഴിക്കുന്നവരെ ഫെബ്രുവരി 16 ഞായറാഴ്ച്ച രാവിലെ 10 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടക്കുന്ന ശാഖാ യോഗത്തിൽ വെച്ച് സമുചിതമായി ആദരിക്കാൻ തീരുമാനമായി. തുളസീദളം കലാ സാംസ്കാരിക സമിതിയിലേക്ക് 100 പേരെയെങ്കിലും ആജീവനാന്ത അംഗങ്ങളായി ചേർക്കാൻ തീരുമാനമായി.സമിതിയെ പറ്റിയും സമിതിയുടെ ലക്ഷ്യങ്ങളെ പറ്റിയും വിശദീകരിക്കാൻ എല്ലാ ശാഖകളുടെയും പ്രതിമാസ യോഗങ്ങളിൽ പങ്കെടുക്കാനും തീരുമാനമായി. ഗുരുവായൂർ ഗസ്റ്റ് ഹൗസിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതിനാൽ മുൻ കാലങ്ങളിൽ ഗസ്റ്റ് ഹൗസിന് സാമ്പത്തികമായി നിക്ഷേപങ്ങൾ നൽകി സഹായിച്ചിട്ടുള്ളവർക്ക് അവരുടെ തുകകൾക്കനുസൃതമായി ന്യായമായ പലിശ നൽകണമെന്ന് കേന്ദ്ര ഭരണ സമിതിയോട് അപേക്ഷിക്കാൻ തീരുമാനിച്ചു. ശ്രീ സി പി അച്ചുതന്റെ നന്ദിയോടെ യോഗം 5.30 ന് അവസാനിച്ചു.
സെക്രട്ടറി