ശാഖയുടെ ഒക്ടോബർ യോഗം 20 ഞായറാഴ്ച്ച രാവിലെ ശ്രീമതി ഉഷ ചന്ദ്രന്റെ ഭവനം, ചെമ്പൂക്കാവ് ഉഷസ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ഉഷ ചന്ദ്രന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ഇക്കഴിഞ്ഞ രണ്ട് മാസക്കാലയളവിൽ ഈ ലോകം വിട്ടുപോയ എല്ലാ സമുദായാംഗങ്ങളുടെ വിയോഗത്തിൽ മൗന പ്രാർത്ഥന നടത്തി. ശ്രീ ജി പി നാരായണൻ കുട്ടി, ശ്രീമതി എ പി സരസ്വതി എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം അഞ്ചാം ദശകം എല്ലാവരും ചേർന്ന് ചൊല്ലി. ശ്രീമതി ഗീത ഗോപി സ്വാഗതമാശംസിച്ചു. സെക്രട്ടറി ശ്രീ എ പി ജയദേവൻ റിപ്പോർട്ടും ശ്രീ ആർ പി രഘുനന്ദനൻ കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി.അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഓണാഘോഷം വളരെ ഗംഭീരമായി ആഘോഷിക്കാൻ നമുക്ക് കഴിഞ്ഞുവെന്നും അതിന് പിന്നിൽ പ്രവർത്തിച്ചവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അതിന് ശേഷം വളർക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പും വിജയമായിയെന്നും അറിയിച്ചു. സെപ്റ്റംബർ 29 ന് നടന്ന തുളസീദള സാഹിത്യ പുരസ്‌ക്കാര വിതരണം, വിദ്യാഭ്യാസ പുരസ്‌ക്കാര വിതരണം, 3 വിഭാഗങ്ങളുടെയും പൊതുയോഗങ്ങൾ എന്നിവയെല്ലാം ശ്രദ്ധേയമായെന്നും അറിയിച്ചു. നമ്മുടെ ശാഖയിൽ സാമ്പത്തികമായി വളരെയേറെ ദുരിതമനുഭവിക്കുന്ന 2 കുടുംബങ്ങൾക്ക് സഹായം ചെയ്യേണ്ടതുണ്ട്. പിരിവ് നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട് എന്നും പ്രസിഡണ്ട് യോഗത്തെ അറിയിച്ചു. എത്രയും പെട്ടെന്ന് തന്നെ നമുക്ക് ഒരു സർഗ്ഗോത്സവം നടത്തേണ്ടതിനെ പറ്റിയും ചിന്തിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
ഓണാഘോഷം, മെഡിക്കൽ ക്യാമ്പ് എന്നിവയുടെ വിജയത്തെ ക്കുറിച്ച് വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടിയും വിശദമായി സംസാരിച്ചു. ഓണാഘോഷത്തിന് നേതൃത്വം നൽകിയ ശ്രീ കെ പി ഹരികൃഷ്ണൻ, ശ്രീമതി ജ്യോതി ബാബു എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു. മുളകുന്നത്ത്കാവ് പിഷാരംകാരുടെ ആത്മാർത്ഥ സഹകരണങ്ങൾ ആഘോഷം ഗംഭീരമാക്കാൻ വളരെ സഹായകമായി. സെക്രട്ടറി ശ്രീ വിനോദ് കൃഷ്ണന്റെയും അഞ്ചേരി മോഹനന്റെയും നേതൃത്വത്തിൽ വളർക്കാവ് ദേവസ്വം ഭാരവാഹികളുടെ സഹകരണത്തോടെ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പും നല്ല വിജയമായിരുന്നു. എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ചു രോഗികൾ കുറവായിരുന്നു. അടുത്ത വർഷം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമ്പോൾ കുറെ കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഓണാഘോഷം കഴിഞ്ഞതോടെ യുവ ജനങ്ങൾക്ക് ഏറെ താല്പര്യമായിട്ടുണ്ട്. അതിനാൽ അധികം താമസിയാതെ തന്നെ നമുക്ക് ഒരു സർഗ്ഗോത്സവം നടത്താവുന്നതാണ് എന്നും അഭിപ്രായപ്പെട്ടു. ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് നമ്മൾ ഈയിടെ രണ്ട് പേരുടെ അപേക്ഷകൾ കണക്കിലെടുത്ത് പരമാവധി സഹായം ചെയ്തു എന്നും ഇപ്പോഴും അതു തുടരുന്നു എന്നും ശ്രീ രാമചന്ദ്ര പിഷാരോടി അറിയിച്ചു. അതിൽ ഒരാൾ ഈ ലോകം വിട്ടുപോയി. മറ്റേയാൾ ഇപ്പോഴും ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നു. അവരുടെ ചികിത്സയിലേക്ക് സംഭാവന ചെയ്ത ശ്രീമതി സുശീല പിഷാരസ്യാർ (25000 രൂപ), മുൻ ഐ എഫ് എസ് അംബാസിഡർ (റിട്ട.)ശ്രീ കെ പി ബാലകൃഷ്ണൻ (20000 രൂപ) എന്നിവരെ നന്ദിയോടെ പരമാർശിച്ചു. ശ്രീ മോഹന കൃഷ്ണൻ മുഖാന്തിരം ഹോസ്പിറ്റൽ അധികൃതർ 7000 രൂപ ഇളവ് കൊടുത്തതിന് ശ്രീ മോഹനകൃഷ്ണനോട് നന്ദി അറിയിച്ചു. ചികിത്സാ സഹായം കൂടാതെ മറ്റു സാമ്പത്തിക സഹായങ്ങൾക്കുള്ള അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അവയിൽ ആലോചിച്ച് തീരുമാനമെടുക്കുന്നതാണ്. വല്ലച്ചിറ സ്ഥലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും അതിൽ നമ്മൾ എടുക്കേണ്ട തീരുമാനത്തെ കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗുരുവായൂർ ഗസ്റ്റ് ഹൌസ് ഇപ്പോൾ ടാക്സ് കൊടുക്കത്ത വിധം ലാഭത്തിൽ ആണ് പോകുന്നതെന്നും അവിടെ ഈയിടെ സംഘടിപ്പിച്ച അംഗങ്ങളുടെ യോഗം ശ്രദ്ധേയമായി എന്നും വന്ന കുടുംബങ്ങൾക്കെല്ലാം സമ്മാനം നൽകി എന്നും അറിയിക്കാൻ സന്തോഷമുണ്ട് എന്നും ശ്രീ രാമചന്ദ്ര പിഷാരോടി അറിയിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ തന്റെ ഭാഷണത്തിൽ സമാജം പ്രവർത്തനങ്ങൾ വളരെ ഗംഭീരമായി തന്നെ മുന്നോട്ട് പോകുന്നു എന്ന് അഭിമാനത്തോടെ തന്നെ പറയാൻ സന്തോഷമുണ്ടെന്ന് അറിയിച്ചു.നമ്മുടെ ചിര കാല അഭിലാഷമായിരുന്ന തുളസീദളം പ്രഥമ സാഹിത്യ പുരസ്‌ക്കാരം പ്രശസ്ത സാഹിത്യകാരനായ ശ്രീ സി രാധാകൃഷ്ണന് സമർപ്പിക്കാൻ കഴിഞ്ഞു എന്നതാണ് അവയിൽ ആദ്യമായി സൂചിപ്പിക്കേണ്ടത്. 136 പേർ അന്ന് പങ്കെടുത്തിരുന്നു. അത് പോലെ തന്നെ വിദ്യാഭ്യാസ പുരസ്‌ക്കാര വിതരണവും ഒരു ആഘോഷം തന്നെയായി മാറി. ഇതിനെല്ലാം പിറകിൽ നിന്ന് ചന്ദ്രേട്ടൻ നിശബ്ദമായി നൽകിയ വലിയ സഹായവും സഹകരണവുമാണ് ഈ വൻ വിജയത്തിന്റെ പ്രധാന കാരണം എന്ന് പറയാതെ വയ്യ .തൃശൂർ ശാഖയുടെ ഈ വർഷത്തെ ഓണാഘോഷപ്പരിപാടികൾ യുവജനങ്ങളുടെ നിർല്ലോഭമായ സഹകരണങ്ങൾ മൂലം നിത്യ സ്മരണീയമായി. യുവജനങ്ങളുടെ ഈ സഹകരണ കൂട്ടായ്മയെ ബന്ധപ്പെടുത്തിക്കൊണ്ട് തന്നെ അധികം താമസിയാതെ വീണ്ടും ഒരു സർഗ്ഗോത്സവം സംഘടിപ്പിക്കേണ്ടതുണ്ട്. അതിന് തൃശൂർ ശാഖ തന്നെ മുൻകൈ എടുക്കണം.കഴിഞ്ഞ വർഷം വളരെ വിജയകരമായി നടന്ന ജ്യോതിർഗമയ വീണ്ടും ഈ വർഷം നടത്തേണ്ട സമയമായി. വല്ലച്ചിറ ട്രസ്റ്റ് പ്രവർത്തനങ്ങളെ പറ്റിയും ശ്രീ ഗോപകുമാർ പരമാർശിച്ചു.അവിടത്തെ സ്ഥലം എന്ത് ചെയ്യണമെന്ന് നമ്മൾ എല്ലാവരും ചേർന്നുള്ള ചർച്ചയിൽ തീരുമാനമെടുക്കണം എന്നും അഭിപ്രായപ്പെട്ടു.
തുടർന്ന് ശ്രീ പി കരുണാകരപിഷാരോടിയെ (ചെന്നൈ) ശ്രീ എ രാമചന്ദ്ര പിഷാരോടി സദസ്സിന് പരിചയപ്പെടുത്തി. ചുരുങ്ങിയ വാചകങ്ങളിൽ ശ്രീ കരുണാകര പിഷാരോടി ശാഖക്ക് നന്ദിയും ആശംസകളും പറഞ്ഞു.യോഗത്തിൽ വെച്ച് പുതുതായി ഉണ്ടാക്കിയ ശാഖ ചികിത്സാ സഹായ ഫണ്ടിലേക്ക് ശ്രീ കരുണാകര പിഷാരോടി 10000 രൂപ സംഭാവന നൽകി. കൂടാതെ ശ്രീ ആർ ശ്രീധരൻ (5000), ശ്രീ ജി പി നാരായണൻ കുട്ടി (5000), ശ്രീ വിനോദ് കൃഷ്ണൻ (2000) എന്നിവരും സംഭാവന ചെയ്തു.
ഗുരുവായൂർ ഗസ്റ്റ് ഹൌസ് ട്രഷറർ ശ്രീ എ. പി ഗോപി ഗസ്റ്റ് ഹൌസ് പ്രവർത്തനങ്ങൾ വളരെ നന്നായി പോകുന്നുണ്ട്. എന്നാലും ഭാരവാഹികൾ തമ്മിലുള്ള ചെറിയ പ്രശ്നങ്ങൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അതു ചർച്ചയിലൂടെ പരിഹരിക്കണമെന്നും അഭിപ്രായപ്പെട്ടു.
സെപ്റ്റംബർ 29ന് തൃശൂർ ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ വെച്ച് നടന്ന തുളസീദളം സാഹിത്യ പുരസ്‌ക്കാര വിജയത്തെ പറ്റിയും അതിൽ ചന്ദ്രേട്ടൻ ചെയ്തു തന്ന വലിയ സഹായത്തെ പറ്റിയും തുളസീദളം പത്രാധിപർ ശ്രീ ഗോപൻ പഴുവിൽ നന്ദിയോടെ സ്മരിച്ചു.
ശ്രീ രവികുമാർ പിഷാരോടിയുടെ നന്ദിയോടെ യോഗം 1 മണിക്ക് അവസാനിച്ചു.
അടുത്ത യോഗം നവംബർ 17 ഞായറാഴ്ച്ച ഉച്ച തിരിഞ്ഞ് 3.30 ന് ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാറിന്റെ തൃശൂർ കാനാട്ടുകര പിഷാരം ഭവനത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.
അഡ്രസ്സ് കെ പി ഗോപകുമാർ,
പിഷാരം, 23/274 പന്തളത്ത് ലൈൻ, കാനാട്ടുകര, തൃശൂർ
ഫോൺ 04872385983,9447085983
സെക്രട്ടറി
തൃശൂർ ശാഖ ഓൺലൈൻ മീറ്റിംഗ്
20-10-2024 ന് നടന്ന തൃശൂർ ശാഖ യോഗത്തിൽ വിട്ടുപോയ ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതിലേക്കായി 24-10-2024 ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഓൺലൈൻ ആയി ചേർന്ന അടിയന്തിര യോഗത്തിൽ മൗന പ്രാർത്ഥനക്ക് ശേഷം വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി ഏവർക്കും സ്വാഗതം പറഞ്ഞു. ഒരു സമുദായത്തിന്റെ പേരിലും കേരള സംഗീത നാടക അക്കാദമിയിൽ സംഘടനകൾ രെജിസ്റ്റർ ചെയ്യാൻ നിർവ്വാഹമില്ലാത്തതിനാൽ സ്വതന്ത്രമായ ഒരു കലാ സാംസ്‌കാരിക സമിതിയെപ്പറ്റി നാം ചിന്തിക്കേണ്ടതുണ്ട് ,വർഷങ്ങളായി കഴക പ്രവർത്തി മാത്രം എടുത്ത് ഉപജീവനം നടത്തുന്ന അംഗങ്ങളെ ആദരിക്കൽ, വിവാഹ ജീവിതത്തിൽ 50 വർഷം പൂർത്തിയായ ദമ്പതികളെ ആദരിക്കൽ തുടങ്ങിയവ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് അറിയിച്ചു.
ആത്മ ഫൗണ്ടേഷനും സരോജ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലും സംയുക്തമായി Family Harmony in Life എന്ന പേരിൽ സവർണ്ണ സമുദായത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ ദാമ്പത്യ പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനായി ഡിസംബർ 25 ന് ദമ്പതികളെ പങ്കെടുപ്പിച്ചു കൊണ്ട് വിദഗ്ദരായ കൗൺസിലേഴ്സിന്റെ ക്ലാസ്സോടുകൂടി ഒരു സെമിനാർ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഇതിനകം യോഗക്ഷേമ സഭ, ബ്രാഹ്‌മണ സഭ തുടങ്ങി വിവിധ സംഘടനകൾ ഇതിനകം ചേർന്ന് കഴിഞ്ഞിട്ടുണ്ടെന്നും അതിൽ ചേരുന്നത് വളരെ നല്ലതാണ് എന്നും അറിയിച്ചു. പരമാവധി പത്ത് ദമ്പതികൾക്ക് മാത്രമാണ് അവസരം ലഭിക്കുന്നതെന്നും അറിയിച്ചു.
തുടർന്ന് ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. ചർച്ചയിൽ സർവ്വശ്രീ കെ പി ഹരികൃഷ്ണൻ, കെ പി ഗോപകുമാർ, ആർ പി രഘുനന്ദനൻ, സി പി അച്യുതൻ, എ പി ജയദേവൻ, കലാ നിലയം അനിൽകുമാർ,വിനോദ് കൃഷ്ണൻ, ഗോപൻ പഴുവിൽ എന്നിവർ പങ്കെടുത്തു.
തുടർച്ചയായി 25 വർഷം കഴക പ്രവർത്തി മാത്രം ചെയ്ത് ഉപജീവനം കഴിക്കുന്ന അംഗങ്ങളെ ആദരിക്കാൻ തീരുമാനമെടുത്തു.
വിവാഹ ജീവിതത്തിൽ 50 വർഷത്തിനും അതിനു മേലെയും പൂർത്തിയാക്കിയ ദമ്പതികളെ ആദരിക്കാൻ തീരുമാനിച്ചു.
Family Harmony in Life എന്ന സെമിനാറിൽ ശാഖയിൽ നിന്നും 5 ദമ്പതികളെ പങ്കെടുപ്പിക്കാൻ തീരുമാനമായി.
സ്വതന്ത്ര അമേച്ചർ കലാ സമിതി രൂപീകരണം കൂടുതൽ വിവരങ്ങൾക്കും ചർച്ചകൾക്കും ശേഷം പിന്നീട് നടത്താമെന്ന് തീരുമാനിച്ചു.
ശ്രീ ആർ. പി രഘുനന്ദനന്റെ നന്ദിയോടെ യോഗം സമാപിച്ചു.