കർക്കടകം മുപ്പത് – സേതുബന്ധനം

വേണു വീട്ടീക്കുന്നു്
14.08.2024

സീതാന്വേഷണ ദൗത്യം കഴിഞ്ഞു രാമസവിധത്തിൽ തിരിച്ചെത്തിയ ഹനൂമാൻ സീതയെ കണ്ട വിവരങ്ങളും പുറമെ ലങ്കാരാജ്യത്തിൻ്റെ അവസ്ഥയും രാവണൻ്റെ സൈന്യബലവും അങ്ങിനെ ഒരു ദൂതനെ കൊണ്ടു മനസ്സിലാക്കി കൊടുക്കാൻ പറ്റുന്ന കാര്യങ്ങളൊക്കെ വ്യക്തമാക്കി കൊടുക്കുന്നു.

കടൽ കടന്ന് ലങ്കയിലെത്തുക എന്നതായിരുന്നു അടുത്ത കടമ്പ. രാമചന്ദ്രൻ ജലത്തിന്നധിപനായ വരുണ ഭഗവാനെ ധ്യാനിച്ച് വിവരം അറിയിക്കുന്നു. മറുപടിയൊന്നും ലഭിക്കാത്തതിനാൽ വില്ലു കുലച്ച് ആഗ്നേയാ സ്ത്രത്തിൻ്റെ സഹായത്താൽ കടൽവറ്റിക്കാൻ തീരുമാനിക്കുന്നു. വരുണൻ പേടിച്ച് രാമചന്ദ്രനു മുന്നിൽ പ്രത്യക്ഷനാവുന്നു.

വാനരപ്പടക്ക് കടൽ കടക്കാനായി സേതുബന്ധനം നടത്താൻ അനുവാദം കൊടുക്കുന്നു.

എങ്ങിനെ വേണമെന്ന സംശയത്തിനു മറുപടിയായി ബന്ധനത്തിനുപയോഗിക്കുന്ന സാമഗ്രികളൊക്കെ രാമ നാമാങ്കിതങ്ങളായാൽ അവയൊക്കെത്തന്നെയും കടലിൽ താണുപോകാതെയും, തിരമാലകളാൽ വേർപെട്ടു പോകാതെയും താൻ സംരക്ഷിച്ചു കൊള്ളാം എന്ന് രാമചന്ദ്രന് വരുണൻ വാക്കു കൊടുക്കുന്നു.

നളൻ എന്ന വാനരപ്രമുഖൻ്റ നേതൃത്വത്തിൽ പാറകളും മരങ്ങളുമൊക്കെ കൊണ്ടുവന്നു സമുദ്രത്തിൽ ചിറകെട്ടാനാരംഭിച്ചു.

വിശ്വകർമ്മാവിൻ്റെ മകനായിരുന്നു നളൻ. അതു കൊണ്ടു തന്നെ വിശ്വ ശില്പ ക്രിയാതല്പരനും ആയിരുന്നു. ഈ രഞ്ചുയോജന വിസ്താരവും നൂറു യോജന നീളവുമായാണ് രാമസേതു നിർമ്മാണം നടന്നത്.

കവി, ശ്രീരാമചന്ദ്രനെ കൊണ്ട് ഇപ്രകാരം പറയിക്കുന്നു.

” യാതൊരു മർത്യനിവിടെ വന്നാദരാൽ
സേതു ബന്ധം കണ്ടു രാമേശ്വരനേയും
ഭക്ത്യാ ഭജിയ്ക്കുന്നിതപ്പോളവൻ ബ്രഹ്മ –
ഹത്യാദി പാപങ്ങളോടു വേർപെട്ടതി-
ശുദ്ധനായ് വന്നു കൂടും മമാനുഗ്രഹാൽ.
മുക്തിയും വന്നീടുമില്ലൊരു സംശയം.
സേതുബന്ധത്തിങ്കൽ മജ്ജനവും ചെയ്തു
ഭൂതേശനാക്കിയ രാമേശ്വരനെയും
കണ്ടു വണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്
കുണ്ഠത കൈവിട്ടു വാരാണസി പുക്കു
ഗംഗയിൽ സ്നാനവും ചെയ്തു ജിത ശ്രമം
ഗംഗാസലിലവും കൊണ്ടു വന്നാദരാൽ
രാമേശ്വരന്നഭിഷേകവും ചെയ്തഥ
ശ്രീമത് സമുദ്രേ കളഞ്ഞു തദ്ഭാരവും
മജ്ജനം ചെയ്യുന്ന മർത്യനെന്നോടു സാ-
യൂജ്യം വരുമതിനില്ലൊരു സംശയം .”

ശ്രീരാമചന്ദ്രൻ്റെ സാന്നിദ്ധ്യത്തിൽ അഞ്ചുനാൾ കൊണ്ട് നൂറു യോജന പാലം പണി കഴിഞ്ഞു.

ഹനൂമാൻ്റെ കണ്ഠമേറി രാമനും അംഗദൻ്റെ കണ്ഠമേറി ലക്ഷ്മണനും ലങ്കാപുരിയിൽ പ്രവേശിച്ചു.

സ്കൂളിൽ പഠിക്കുവാനാരംഭിച്ച കാലത്തെങ്ങോ, മനസ്സിൽ കയറി മായാതെ കിടക്കുന്ന, ഒരു സചിത്ര ലേഖനമുണ്ട് സേതു ബന്ധനത്തെക്കുറിച്ച്. രാമചന്ദ്രൻ ഒരു അണ്ണാറക്കണ്ണനെ മടിയിൽ വച്ച് പുറം തലോടിക്കൊണ്ടിരിക്കുന്ന ചിത്രം.

“അണ്ണാറക്കണ്ണനും തന്നാലായത് ” എന്ന തലക്കെട്ടോടുകൂടി അന്ന് ചെറുപ്പത്തിൽ മനസ്സിലാക്കിയതാണ്. അണ്ണാറക്കണ്ണൻ്റെ ഭംഗിക്കു നിദാനമായ പുറത്തുള്ള മൂന്നു വരകൾ, സേതുബന്ധന സമയത്ത്, ഒരു ചെറിയ ജീവിയായ അണ്ണാറക്കണ്ണൻ പോലും ചിറ നിർമ്മാണത്തിനു സഹായിയായെത്തിയതിനു സന്തോഷസൂചകമായി ശ്രീരാമചന്ദ്രൻ്റെ തലോടലുകൾ ഏറ്റുവാങ്ങിയപ്പോഴണവയുണ്ടായതെന്നു്.

അന്നത്തെ കൂട്ടായ അദ്ധ്വാനഫലമായാണ് അത്തരമൊരു മഹത്തായ കാര്യം നടന്നതെന്നും, ചെയ്യാനുള്ള കാര്യങ്ങൾ വലിപ്പച്ചെറുപ്പങ്ങൾ മറന്ന് ഒത്തൊരുമയോടെ ചെയ്യുകയാണെങ്കിൽ എത്ര വലിയ ലക്ഷ്യവും നിഷ്പ്രയാസം കയ്യടക്കിയെടുക്കാമെന്നുമുള്ള ഒരു ഗുണപാഠം പഠിപ്പിക്കുകയായിരുന്നു അത്തരമൊരു പാഠഭാഗം അന്നത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുണ്ടായ കാരണം എന്നതുകൂടി സൂചിപ്പിക്കട്ടെ.

ഇന്ന് വിദ്യാലയങ്ങളിലെ ഏതെങ്കിലുമൊരു മംഗളകർമ്മത്തിൻ്റെ ഉദ്ഘാടന വേദിയിൽ ഒരു നിലവിളക്കു കൊളുത്തിയാൽ പോലും അതിനെ വർഗ്ഗീയതയാക്കി ചിത്രീകരിച്ചു പർവ്വതീകരിക്കാനും സമൂഹ മദ്ധ്യത്തിൽ പ്രചരിപ്പിക്കാനും കാണിക്കുന്ന തത്രപ്പാടുകൾക്ക് ആരാണുത്തരവാദി?

ചിന്തിക്കേണ്ടതല്ലേ?

കേരളത്തിലെ അനുഷ്ഠാന കലകളിലൊന്നായ (ചിലയിടത്ത് നാടൻ കലകളായി മാത്രം) കുമ്മാട്ടിയെ കുറിച്ചു പഠിപ്പിക്കുമ്പോൾ അനുബന്ധമായി കൂടെ ചേർത്തിരിക്കുന്ന കാവുകളിലെ അനുഷ്ഠാനങ്ങളിലെ നിലവിളക്ക്, കാളവേല തുടങ്ങിയ പദങ്ങൾ പോലും ഒരു ചെറിയ ക്ലാസിലെ അഹൈന്ദവനായ കുട്ടിയുടെ മനസ്സിൽ ജാതീയ ചിന്തകളുയർത്തുന്നുവെങ്കിൽ, നാമിന്നെവിടെ വരെയാണെത്തിനിൽക്കുന്നതെന്ന് ഗൗരവതരമായി ചിന്തിക്കേണ്ടതല്ലേ?

“മഹാനായ ഖലീഫ ഉമ്മർ ‘ എന്ന ഒരു പാഠം പഠിച്ചതുകൊണ്ട് എൻ്റെ ചെറുപ്പത്തിൽ എനിക്ക് ചിന്താഗതികൾക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്നതുകൂടി അടിക്കുറിപ്പായി ചേർക്കുന്നു.

രാത്രികാലങ്ങളിൽ ജനങ്ങളുടെ ക്ഷേമമന്വേഷിക്കാൻ ഖലീഫ കുതിരപ്പുറത്ത് നാടുചുറ്റുന്നതും, ഒരു നേരത്തെ അന്നം കൊടുക്കാൻ ശേഷിയില്ലാത്ത ഒരു വീട്ടമ്മ മക്കളെ സമാധാനിപ്പിക്കാനായി ഒരു കലത്തിൽ വെള്ളം തിളപ്പിച്ചു കൊണ്ടിരിക്കുന്നത് ഖലീഫ കാണാനിടവരുന്നതും അവർക്ക് വേണ്ട സഹായങ്ങളെത്തിച്ചു കൊടുക്കുന്നതും വായിച്ചപ്പോൾ അന്നത്തെ ഭരണാധികാരികളുടെ പ്രജാക്ഷേമ തല്പരതയെക്കുറിച്ചു മനസ്സിലാക്കുക എന്നതിൽ കവിഞ്ഞ്, അതിനുള്ളിൽ ഒരു മതവിഭാഗത്തിനെ പ്രീണിപ്പിക്കുവാനാണെന്ന് ആർക്കും തോന്നിയിട്ടില്ല.

സമൂഹത്തിലെ ഇടുങ്ങിയ ചിന്തകൾക്ക് മാറ്റം വരുത്തുവാനും, ഏവരെയും ഒന്നിപ്പിക്കുവാനും, ക്ഷണഭംഗുരമായ മർത്ത്യ ജീവിതത്തിൻ്റെ ചില സന്ദർഭങ്ങളിലെ നിസ്സഹായതകളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുമായി പ്രകൃതി തന്നെ ഇടയ്ക്കിടക്ക് അവസരമുണ്ടാക്കി കൊണ്ടിരിക്കുന്നു. വേദകാലത്ത് പ്രകൃതി ശക്തികളെ ആരാധിച്ചിരുന്ന ആദിമ മനുഷ്യരെക്കുറിച്ചു ചിന്തിക്കുന്നവരെ പോലും പുച്ഛിക്കുന്ന ആധുനിക സമൂഹം എത്ര തന്നെ കിണഞ്ഞു ശ്രമിച്ചിട്ടും സ്വസഹോദരരെ മണ്ണിനടിയിൽ നിന്ന് പൂർണ്ണമായി തിരഞ്ഞെടുക്കാനാവാത്ത കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുമ്പോഴും നാളത്തെ പൗരന്മാരായി വളർന്നു വരേണ്ട കുരുന്നു മനസ്സുകളിൽ, മതവികാരത്തെ കുത്തിനിറച്ച്, ഊറ്റം കൊള്ളിച്ചുകൊണ്ടുള്ള മതപഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഇപ്പോഴും യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നില്ലെന്നതും ചിന്തിക്കേണ്ടതല്ലേ?

എന്തായാലും ഈ രാമായണമാസാവസാനത്തിലും ‘ലോകാ: സമസ്താ സുഖിനോ ഭവന്തു: ” എന്ന ശാന്തി മന്ത്രത്തിലുറച്ചു വിശ്വസിക്കാനും പ്രവർത്തിക്കാനും നമുക്കു സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

ദുഷിച്ച വികാരങ്ങൾ കടന്നു കയറാതിരിക്കത്തക്ക ബലമുള്ള ഒരു രാമസേതു ഓരോരുത്തരുടേയും ചിന്താ സാഗരത്തിൽ ബന്ധനം ചെയ്യപ്പെടട്ടേയെന്നും പ്രാർത്ഥിക്കുന്നു.

കായേന വാചാ മനസേന്ദ്രിയൈർവ്വാ ബുദ്ധ്യാത്മനാ വാ പ്രകൃതേസ്സ്വഭാവാൽ കരോമി യദ്യൽ സകലം പരസ്മൈ നാരായണായേതി സമർപ്പയാമി

 

3+

Leave a Reply

Your email address will not be published. Required fields are marked *