വേണു വീട്ടീക്കുന്നു്
12.08.2024.
“ഏകോദരസോദരര്‍ നാമേവരു,മെല്ലാജീവികളും
ലോകപടത്തില്‍ത്തമ്മിലിണങ്ങിടുമോതപ്രോതങ്ങള്‍
അടുത്തുനില്‌പോരനുജരെ നോക്കാനക്ഷികളില്ലാത്തോര്‍
ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?”
മഹാകവി ഉള്ളൂരിൻ്റെ പ്രേമസംഗീതത്തിലെ വരികൾ. ഇന്നത്തെ കാലത്തിന് ഏറ്റവും അനുയോജ്യം. കാരണം രാമരാജ്യ സങ്കല്പം ത്രേതായുഗത്തിൽ അവസാനിച്ചു. ദ്വാപരയുഗ മായപ്പോഴേക്കും സഹോദരർ തമ്മിൽ മണ്ണിനും പെണ്ണിനും വേണ്ടി കലഹങ്ങളും യുദ്ധങ്ങളുമൊക്കെ ആയി തുടങ്ങി. കലിയുഗത്തിലാകട്ടെ, കലിയുടെ ആധിപത്യം കാരണം പാരസ്പര്യമെന്നത് വെറും പുറംമോടിയായി മാറിയിരിക്കുന്നു. സമൂഹമധ്യത്തിൽ ആളാവാനുള്ള കേവലാഭിനയമായി മാത്രം ബന്ധങ്ങൾ അധ:പതിച്ചു പോകുന്നിടത്തു നിന്നു വേണം നാം രാമയണത്തിലെ സഹോദരരെ നോക്കി കാണേണ്ടത്. പ്രധാനമായി നാലു വർഗ്ഗങ്ങളിൽ നമുക്ക് സഹോദരബന്ധം കാണുവാനാകും.
ആദ്യമായി നായക കഥാപാത്രമായ രാമൻ തന്നെയാകട്ടെ. ശ്രീരാമ ലക്ഷ്മണ, ഭരത. ശത്രുഘ്നൻമാരുടെ പരസ്പര സ്നേഹവും ആദരവും അവർ കഥയിൽ വരുന്ന ഓരോ സന്ദർഭങ്ങളിലും നിഴലിച്ചു വരുന്നത് ആദിമദ്ധ്യാന്തം തെളിഞ്ഞു കാണാനാവും.
പുത്രകാമേഷ്ടിയാൽ പ്രസാദിതമായ പായസം വിഭജിച്ചു മൂന്നു രാജ്ഞി മാർ( ദശരഥ പത്നിമാർ) ഭുജിച്ചതിന് അനുസാര്യമായി സഹോദരർ തമ്മിലുള്ള ബന്ധത്തിനും ദൃഢതയേറുന്നു. രാമനു ലക്ഷ്മണനില്ലാതെ സ്വതന്ത്രമായൊരു നിലനില്പില്ലയെന്നു തോന്നി പ്പിക്കത്തക്ക ഒരു ബന്ധം അവർ തമ്മിലുണ്ടെന്നു പെട്ടെന്നു തന്നെ മനസ്സിലാക്കാനാവും.
അതുപോലെ തന്നെ ഭരത ശത്രുഘ്നൻമാരും. വേർപിരിയാനാവാത്ത വിധം പരസ്പര ബന്ധിതരായി കഥാഗാത്രത്തിലുടനീളം കാണാവുന്നതും കേൾക്കാറുള്ളതും ആണ്.
അടുത്തത് വാനര സഹോദരങ്ങളായ ബാലി സുഗ്രീവന്മാരുടെ കഥ. വളരെ വിചിത്രമായ ഒരു ജനനകഥയിലൂടെയാണു നാം ബാലിസുഗ്രീവന്മാരെ കേൾക്കുക അഥവാ കാണുക.
ഇന്ദ്രൻ്റെ നൃത്ത സദസ്സിൽ പ്രവേശനം വളരെ നിയന്ത്രിതമായിട്ടായിരുന്നു. പെണ്ണുങ്ങൾക്കു മാത്രമാണ് പ്രവേശനം എന്നതാണ് പ്രഥമ പരിഗണന. ഒരിക്കൽ സൂര്യ തേരാളിയായ അരുണൻ ദേവസുന്ദരിമാരുടെ നൃത്തം കാണുവാൻ ആഗ്രഹമുദിച്ച് സ്ത്രീ വേഷം പൂണ്ട് ഇന്ദ്ര സദസ്സിലെത്തിയെന്നും ഇന്ദ്രൻ അവളെക്കണ്ടപ്പോൾ മോഹമുദിച്ചു എന്നും അങ്ങിനെ ബാലി പിറന്നു എന്നും ഒരു കഥ പറയപ്പെടുന്നു. അങ്ങിനെ ദേവേന്ദ്രൻ അച്ഛനായും അരുണൻ അമ്മയായുമാണ് (അരുണൻ സ്ത്രീ അല്ലാത്തതു കൊണ്ട് അമ്മയെന്നറിയപ്പെടുന്നില്ല.) ബാലിയുടെ ജനനമത്രേ.
അന്നത്തെക്കാലത്ത് തൊഴിൽ നിയമങ്ങളൊക്കെ ഏതു രീതിയിലായിരുന്നാലും തൊഴിലാളി സ്വാതന്ത്ര്യമൊക്കെ പരിമിതമായിരുന്നു. അതു കൊണ്ടു തന്നെ ഒരു ദിവസം താനറിയാതെ തൻ്റെ തേരാളിയെവിടെ പോയെന്ന ചോദ്യം സൂര്യൻ്റെ ഭാഗത്തുനിന്നുണ്ടാവുകയും, ഉണ്ടായതെല്ലാം അരുണൻ പറഞ്ഞപ്പോൾ അരുണൻ്റെ സ്ത്രീവേഷമൊന്നു കാണണമെന്ന് സൂര്യനും മോഹമുണ്ടായത്രേ.
അങ്ങിനെ വീണ്ടും സ്ത്രീ വേഷം പൂണ്ട അരുണനിൽ സൂര്യനു ജനിച്ച പുത്രനാണ് സുഗ്രീവനെന്നുമാണ് ഇവരുടെ ജനനകഥകൾ.
എന്തായാലും ഇവരും സഹോദരരായിരുന്നു. ഇരുവരും ഒന്നിച്ചു വരുന്നതു കണ്ടാൽ ആരും ഭയം കൊണ്ടടുക്കുമായിരുന്നില്ല. ഒരിക്കൽ മായാവി എന്ന അസുരൻ ബാലിയെ യുദ്ധത്തിനു വിളിക്കുകയും ബാലി യുദ്ധസന്നദ്ധനായി പുറപ്പെട്ടപ്പോൾ സുഗ്രീവനും കൂടെ പോയെന്നും ഇരുവരും കൂടി വരുന്നതു കണ്ടപ്പോൾ ഭീതിപൂണ്ട മായാവി ഓടി ചെന്ന് ഒരു ഗുഹയിലോടി കയറി ഒളിച്ചുവെന്നും, പിന്തുടർന്നു ചെന്ന ബാലി സുഗ്രീവനെ ഗുഹാമുഖത്തു കാവൽ നിർത്തി ഗുഹക്കകത്തു കയറിയെന്നും ഏതാണ്ട് ഒരു വർഷത്തോളം യുദ്ധം നീണ്ടുവെന്നും, ഗുഹാമുഖത്തേക്ക് ചോര ഒലിച്ചു വരുന്നതു കണ്ട സുഗ്രീവൻ ബാലി കൊല്ലപ്പെട്ടുവെന്നു കരുതി മായാവി പുറഞ്ഞു വരാതിരിക്കാൻ ഒരു വലിയ പാറയുരുട്ടി ഗുഹാമുഖം അടച്ച് കിഷ്കിന്ധയിലെത്തി വ്യസന സമേതം സ്വയം രാജാവായി അഭിഷിക്തനായി രാജ്യഭാരം സ്വയമേറ്റെടുത്തെന്നും പറയുന്നു. അതോടെ ഈ സാഹോദര്യം ശത്രുതയിലേക്ക് വഴിമാറുന്നു. തെററിദ്ധാരണ ഒന്നു മാത്രമായിരുന്നു ഇവരുടെ ഭ്രാതൃസ്നേഹത്തിനെ ശൈഥില്യപ്പെടുത്തിയത്.
അടുത്തതാണ് സമ്പാതിയും ജടായുവും. ചടയമംഗലത്തിൻ്റേയും ജടായു പാറയുടേയും കഥ കർക്കടകം പതിനാറിനു ഞാൻ സൂചിപ്പിച്ചിരുന്നു.
ജടായു സമ്പാതിയുടെ അനുജനായിരുന്നു.പക്ഷി വർഗ്ഗത്തിൽ കഴുക കുലത്തിൽ ജനിച്ച ഈ ജ്യേഷ്ഠാനുജന്മാരിരുവരും സ്വന്തം ശക്തിയിൽ അമിതാഭിമാനം ഉള്ളവരായിരുന്നു.അതു കൊണ്ടു തന്നെ പലപ്പോഴും ഇവർ തമ്മിൽ ചെറിയ ചെറിയ മത്സരങ്ങൾ പതിവായിരുന്നു.
ഒരിക്കൽ ആർക്കാണ് ഏറ്റവും ഉയർന്നു പറക്കാനാവുക എന്നൊരു മത്സരം ഇവർ തമ്മിലുണ്ടായി. രണ്ടു പേരും മത്സരിച്ചു പറന്ന് ഉയർന്നുയർന്നു പോയി. എന്നാൽ കുറേയുയർന്നു കഴിഞ്ഞപ്പോൾ ജടായു ക്ഷീണിക്കുന്നതായി മനസ്സിലാക്കിയ സമ്പാതി, ജടായുവിനെ സൂര്യാതപത്തിൽ നിന്നു രക്ഷിക്കാനായി ജടായുവിൻ്റെ മുകളിൽ ചിറകുവിരിച്ച് തണലു നൽകാൻ സ്വയം പ്രേരിതനായി. അനുജനോടുള്ള വാത്സല്യം തന്നെയായിരുന്നു കാരണം.
എന്നാൽ സൂര്യതേജസ്സിൽ സ്വന്തം ചിറകുകൾ കത്തിക്കരിയുകയും പക്ഷങ്ങൾ കത്തിനശിച്ച പക്ഷീന്ദ്രൻ ഭൂമിയിൽ വീഴുകയും ചെയ്യുന്നു. പിന്നീട് ഹനൂമാനോട് ലങ്കാപുരിയേയും രാവണനേയുമൊക്കെ വ്യക്തമാക്കി കൊടുത്ത ശേഷമാണ് വീണ്ടും ചിറകുമുളച്ച് പറക്കാനാവുന്നത്. ഇവിടെയും സഹോദര സ്നേഹ മാഹാത്മ്യം നാമറിയുന്നുണ്ട്.
അടുത്തത് രാവണ കുംഭകർണ്ണ വിഭീഷണാദികൾ. മൂവരും ഭക്തരായിരുന്നു. വരലബ്ധിയ്ക്കു ശേഷം രാവണന് അഹങ്കാരവും, വിഭീഷണന് ഭക്തിയും കുംഭകർണ്ണന് ഉറക്കവും വർദ്ധിച്ചു. രാവണന്ന് നന്മ ഉപദേശിക്കാൻ ശ്രമിച്ച വിഭീഷണനെ യുദ്ധത്തിനു മുമ്പ് തന്നെ എതിർപക്ഷത്തേക്ക് പോവുകയാണെന്നറിഞ്ഞിട്ടു പോലും രാവണൻ വിട്ടയക്കുന്നു.
യുദ്ധത്തിൽ അനേകം സ്വജനങ്ങൾ നഷ്ടപ്പെട്ട രാവണൻ ഗത്യന്തരമില്ലാതാണ് അനുജനായ കുംഭകർണ്ണൻ്റെ ഉറക്ക ഭംഗം വരുത്തി വിവരങ്ങൾ പറയുന്നത്. കുംഭകർണ്ണൻ രാവണനു നല്ലതു പറഞ്ഞു കൊടുക്കാൻ ശ്രമിക്കുന്നു. പക്ഷേ ന്യായ മാർഗ്ഗത്തിലേക്ക് രാവണൻ വരുന്നില്ല എന്നറിഞ്ഞിട്ടും, യുദ്ധം തുടരുന്നത് തൻ്റെയും ജ്യേഷ്ഠൻ്റെയും മരണകാരണമാവുമെന്ന ബോധ്യമുണ്ടായിട്ടും ജ്യേഷ്ഠനെതിരെ പ്രവർത്തിക്കില്ലെന്ന ദൃഢനിശ്ചയത്തോടെ ആസന്നമായ മരണത്തെ ധൈര്യപൂർവ്വം സ്വീകരിക്കുന്നു.
ഇവരുടെ പരസ്പര ബഹുമാനവും സ്നേഹ ബന്ധവും നമുക്ക് വിശകലനം ചെയ്ത് നോക്കി കാണാവുന്നതാണ്.
ഇങ്ങനെ വ്യത്യസ്ഥങ്ങളായ നാലുതരം സ്നേഹ ബന്ധങ്ങൾ ദൃഷ്ടാന്തങ്ങളായി കാണിച്ചു തന്നു കൊണ്ട് വാത്മീകി സമൂഹത്തോട് പറയാനുദ്ദേശിക്കുന്നത് നമുക്ക് ഏതു തരത്തിലുള്ള ബന്ധമാണ് അഭികാമ്യമെങ്കിൽ അതു സ്വീകരിക്കുക എന്നതാണ്.
ഇതു പോലെ മാതാപിതാക്കളോട് ,ഭർത്താവിനോട് ഭാര്യയോട് എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ ബന്ധങ്ങളെ എങ്ങനെയൊക്കെയാണെന്നു സമൂഹത്തിനു മുന്നിൽ ദൃഷ്ടാന്തവത്ക്കരിക്കുന്ന, പ്രായോഗിക ജീവിതത്തിലേക്കുള്ള സന്ദേശങ്ങളും ഉപദേശങ്ങളും കൊണ്ട് സമ്പന്നമാണ് രാമായണം.
ഇത്രയധികം സമ്പന്നമായ രാമായണ കഥാപാത്രങ്ങളേയും അവരുടെ പരസ്പര ബന്ധങളേയും നമുക്ക് ഉദാഹരണമായി സ്വീകരിക്കത്തക്ക വിധത്തിൽ വ്യക്തമായ വാങ്ങ്മയ ചിത്രങ്ങളിലൂടെ നമുക്ക് വരച്ചുകാണിച്ചു തന്ന വാത്മീകിയേയും തുഞ്ചത്താചാര്യനേയും നമുക്ക് മനസ്സുകൊണ്ട് നമസ്കരിക്കാം.
” കൂജന്തം രാമരാമേതി
മധുരം മധുരാക്ഷരം ‘
ആരുഹ്യകവിതാ ശാഖാം
വന്ദേ വാത്മീകി കോകിലം.
സാനന്ദരൂപം സകല പ്രബോധം
ആനന്ദദാനാമൃത പാരിജാതം
മനുഷ്യ പദ്മേഷു രവിസ്വരൂപം
പ്രണൗമി തുഞ്ചത്തെഴു മാര്യ പാദം. “
തുടരും…