കർക്കടകം ഇരുപത്തിയഞ്ച് – കുംഭകർണ്ണൻ

വേണു. വീട്ടീക്കുന്ന്
09.08. 2024

“നന്നു നന്നെത്രയും നല്ലതേ നല്ലു കേൾ
നല്ലതും തീയതും താനറിയാതവൻ
നല്ലതറിഞ്ഞു ചൊല്ലുന്നവർ ചൊല്ലുകൾ
നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന-
തല്ലാതവർക്കുണ്ടോ നല്ലതുണ്ടാകുന്നു?”

ഒരു അനുജൻ ജ്യേഷ്ഠസഹോദരനു നല്കുന്ന സദുപദേശത്തിൻ്റെ സാരാംശങ്ങളായ ചില വരികളാണിവ.

രാക്ഷസ കുലനായകനും രക്ഷോരക്ഷകനും രാക്ഷസ രാജ്യമായ ലങ്കയെ ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഉത്തുംഗ നിലയിൽ എത്തിച്ചവനുമായ രാവണൻ തന്നെ രാക്ഷസ കുലാന്തകനായി മാറിക്കൊണ്ടിരിക്കുന്നതു കണ്ട്, വിഷമപൂർവ്വം അനുജനായ കുംഭകർണ്ണൻ ജ്യേഷ്ഠനായ രാവണനെ ഉപദേശിച്ചു നേർവഴിയിൽ കൊണ്ടുവരാൻ നോക്കുന്നു

സത്യത്തിൽ കുംഭകർണ്ണനും രാവണനും നന്നായി അറിയാമായിരുന്നു രാമൻ്റെ നിജസ്ഥിതികൾ .

എന്നാലും കുംഭകർണ്ണൻ രാവണനോട് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നതു നോക്കൂ.

” മാനുഷനല്ല രാമൻ പുരുഷോത്തമൻ
നാനാ ജഗന്മയൻ നാരായണൻ പരൻ.
സീതയാകുന്നതു യോഗമായാദേവി
ചേതസി നീ ധരിച്ചീടുകെന്നിങ്ങനെ.”

രാമൻ്റെ ഗുണഗണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുകൊണ്ടു മാത്രമാണ് കുംഭകർണ്ണൻ രാവണനെ യുദ്ധത്തിൽ നിന്നു പിന്തിരിപ്പിക്കാനൊരുങ്ങുന്നത്.

വിശ്രവസിൻ്റെയും കൈകസിയുടേയും രണ്ടാമത്തെ പുത്രനാണ് കുംഭകർണൻ. കുംഭാകാരങ്ങളായ കർണങ്ങളോട് കൂടിയവനായതുകൊണ്ട് കുംഭകർണൻ. രാവണൻ സഹോദരന്മാരെ രണ്ടു പേരെയും കൂട്ടിയാണ് കഠിന തപം ചെയ്യന്നത്. മനുഷ്യരല്ലാതെ മറ്റാരാലും വധിയ്ക്കപ്പെടില്ലെന്ന വര ലബ്ധിയോടെ രാവണന് അഹങ്കാരം വർദ്ധിയ്ക്കുന്നു.

കുംഭകർണ്ണൻ നിർദ്ദേവത്വം ചോദിക്കാൻ ഉദ്ദേശിച്ച് നാക്കിൽ പിഴ വന്ന് നിദ്രാവത്വം ഏറ്റുവാങ്ങുന്നു.

സ്വതവേ അതികായനും അമിത ബലവാനും ആയിരുന്ന കുംഭകർണ്ണന് നിർദ്ദേവത്വം വരമായി നല്കിയാൽ തങ്ങൾ ആപത്തിലാവുമെന്ന വ്യക്തമായ ധാരണയുള്ളതുകൊണ്ടാണ് ദേവന്മാർ സരസ്വതീദേവിയോട് കുംഭകർണൻ്റെ നാവിൽ കുടിയിരുന്ന് അക്ഷര പിശകു വരുത്തിക്കുവാൻ അപേക്ഷിക്കുന്നത്.

നിദ്രാവത്വം ലഭിച്ച ഉടനെ കുംഭകർണൻ ഉറക്കത്തിലാഴുന്നു. രാവണൻ്റെ അപേക്ഷ പ്രകാരം ബ്രഹ്മദേവൻ ആറു മാസം ഉറക്കവും ആറു മാസം ഉണർന്നിരിക്കാനുമായി വരം തിരുത്തുന്നു.

ഉറക്കമുണരുമ്പോൾ അതികഠിനമായ വിശപ്പുള്ളവനായി തീരുമെന്നതുകൊണ്ട് മുന്നിൽ കണ്ടതും. കണ്ടവരേയും എല്ലാം കുംഭകർണ്ണൻ ഭക്ഷിക്കുമായിരുന്നു.

അതുകൊണ്ടുതന്നെ ഉറങ്ങുന്ന കുംഭകർണനെ ഉണർത്താൻ ആർക്കും ധൈര്യം ഉണ്ടാവാറില്ല.
എന്നാൽ യുദ്ധം തുടങ്ങി ബന്ധുക്കളും സേനകളുമൊക്കെ നശിച്ചു തുടങ്ങിയപ്പോഴാണ് രാവണൻ ഗത്യന്തരമില്ലാതെ കുംഭകർണ്ണനെ ഉറക്കമുണർത്താൻ ഉത്തരവിടുന്നത്.

ബ്രഹ്മദേവൻ്റെ വരം യഥാർത്ഥത്തിൽ കുംഭകർണൻ്റെ ജീവിതം നശിപ്പിക്കുകയാണുണ്ടായത്. കാരണം ഉണ്ണാനും ഉറങ്ങാനും മാത്രമുള്ളതായി മാറി അദ്ദേഹത്തിൻ്റെ ജീവിതം. ശരീരപുഷ്ടിക്കനുസരിച്ച ബുദ്ധിയുണ്ടായിരുന്നു കുംഭകർണന്. പക്ഷേ ഉറക്കം കാരണം അതു ലങ്കക്കോ, ലങ്കാധിപനോ ഉപയുക്തമായില്ല എന്നു മാത്രം.

ശാപസമാനമായ വരലബ്ധി അക്ഷരാർത്ഥത്തിൽ കുംഭകർണ്ണൻ്റെ ജീവിതരീതികൾ ആകെ മാറ്റിമറിക്കുന്നതു കാണാം.
ഉണ്ണുക, ഉറങ്ങുക, വീണ്ടും ഉണ്ണുക ഉറങ്ങുക.’ വീണ്ടും ഉണ്ണുക ഉറങ്ങുക. വീണ്ടും ഉണ്ണുക ഉറങ്ങുക. ഇതു തന്നെയായി പതിവ്.

അതു കൊണ്ടു തന്നെ അതീവ സത് ബുദ്ധിയായിരുന്ന അദ്ദേഹം ദുർബുദ്ധിയായി വളർന്നു വരുന്നത് നമുക്ക് കാണാൻ സാധിക്കും.

തൻ്റെ ഹിതോപദേശങ്ങൾക്ക് രാവണൻ വഴങ്ങുന്നില്ലെന്നറിഞ്ഞ കുംഭകർണ്ണൻ യുദ്ധത്തിനൊരുങ്ങുന്നു. അവിടെ അനിയനായ വിഭീഷണനെത്തുന്നു. വിഭീഷണനോട് രാമനെ സേവിച്ചു നിർവൃതിയടയുവാനും രക്ഷോനായകനായി തീർന്ന് രാക്ഷസ വംശത്തെ രക്ഷിച്ചു നില നിർത്തി കൊണ്ടുപോവാനും അനുഗ്രഹിക്കുന്നുണ്ട്.

ജ്യേഷ്ഠൻ്റെ ആജ്ഞാനുസാരിയായി, ഉറപ്പായ മരണം സ്വയം വരിക്കുവാൻ കുംഭകർണൻ തയ്യാറായിക്കൊണ്ട് യുദ്ധമുഖത്തേക്കു നടന്നു പോകുന്ന രംഗം തെല്ലൊരു നെഞ്ചിടിപ്പോടെയല്ലാതെ വായിച്ചു സമർപ്പിക്കുക ദുഷ്കരം തന്നെ.

ഇന്നത്തെ നമ്മുടെ നാടിൻ്റെ അവസ്ഥ ഒന്നു നോക്കു. ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തി ചേരാൻ സാധിക്കാതെ, അലസതയോടു കുടി മയക്കുമരുന്നുകൾക്കു മുമ്പിൽ ജീവിതം ഹോമിക്കുന്നവർ എത്രയെന്നതിന്നൊരു കണക്കൊന്നുമില്ലാതായിരിക്കുന്നു.

പകുതി വേവിച്ചതും കരിച്ചതും പൊരിച്ചതുമായ പക്ഷിമൃഗാദികളെ തിന്നുന്നതിൽ ആർത്തിപൂണ്ടു നടക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു.

പകൽ ഉറക്കവും രാത്രി ഉണർവും ആയി സ്വയം മാറുമ്പോൾ, ജീവിത ശൈലിയിൽ മാറ്റം വരുമ്പോൾ, നമ്മുടെ യുവതയും രാത്രിഞ്ചരരായി, രാക്ഷസരായി മാറിക്കൊണ്ടിരിക്കുന്നു.
പൈശാചികമായ ആസുരികത വളരുന്നതിന്നുള്ള പ്രധാന കാരണവും ഭക്ഷണ സംസ്കാരത്തിലുണ്ടായ വൻ മാറ്റങ്ങളാണെന്നു തന്നെ പറയേണ്ടി വരും. സന്മാർഗ്ഗബോധവും സത് ബുദ്ധിയും നശിച്ച്, സ്വയം അധ:പതിച്ചു കൊണ്ടിരിക്കുന്ന യുവതക്ക്, രാവണാഹങ്കാരം പിടിപെട്ടതു തന്നെയാണെന്നതിനും സംശയിക്കേണ്ടതില്ല. അവിടെ അർദ്ധ സുഷുപ്തിക്കാരുടെ മാത്രമല്ല, പൂർണ്ണ ഉണർവോടെ ഇരിക്കുന്നവരുടേയും ഉപദേശങ്ങൾ വിലപ്പോവില്ല എന്നതും പകൽ പോലെ തന്നെ സ്പഷ്ടമാണ്.

അതു കൊണ്ട് ഈ സാംസ്കാരികാപചയത്തിൽ നിന്ന് കരകയറാൻ, നമ്മുടെ യുവതലമുറയെ നേർവഴിക്കു നയിക്കുവാൻ നമുക്കൊത്തൊരുമിച്ചു പ്രാർത്ഥിക്കാം.

” സീതാപതേ! രാമ! രാജേന്ദ്ര! രാഘവ “
ശ്രീധര! ശ്രീനിധേ! ശ്രിപുരുഷോത്തമ!
ശ്രീരാമ! ദേവദേവേശ! ജഗന്നാഥ!
നാരായണാ ഖിലാ ധാരാ നമോസ്തുതേ! “

തുടരും…

2+

Leave a Reply

Your email address will not be published. Required fields are marked *