വേണു. വീട്ടീക്കുന്ന്
05.08. 2024
“ധർമ്മിഷ്ടനെന്നു ഭവാനെ ലോകത്തിങ്കൽ
നിർമ്മലന്മാർ പറയുന്നു രഘുപതേ!
ധർമ്മമെന്തോന്നു ലഭിച്ചതിതുകൊണ്ടു
നിർമ്മൂലമിങ്ങനെ കാട്ടാളനെപ്പോലെ
വാനരത്തെച്ചതിചെയ്തു കൊന്നിട്ടൊരു
മാനമുണ്ടായതെന്തെന്നു പറക നീ.”
രാമബാണം നെഞ്ചിലേറ്റ് ആസന്നമരണനായി കിടക്കുന്ന ബാലി ശ്രീരാമചന്ദ്രനോട് ധർമ്മത്തെ കുറിച്ചു ചോദിയ്ക്കുന്ന ഭാഗമാണിത്.
ശ്രീരാമചന്ദ്രൻ സർവ്വ ഗുണങ്ങളും തികഞ്ഞ മനുഷ്യ ശ്രേഷ്ഠനായാണ് അവതാരം ചെയ്തിട്ടുള്ളത്. കൃത്യമായ അവതാരോദ്ദേശ്യങ്ങളുമായാണ് വിഷ്ണു ഭഗവാൻ ഓരോ തവണയും അവതാരം ചെയ്യുന്നത്.
“ധർമ്മ സംസ്ഥാപനാർത്ഥായ
സംഭവാമി യുഗേ യുഗേ “
എന്നാണ് ഭഗവാൻ പറയുന്നത്. അല്ലാതെ കേവലം ഒരു രാവണനിഗ്രഹമെന്ന ലക്ഷ്യത്തിനു വേണ്ടി മാത്രമല്ല ഭഗവാൻ രാമചന്ദ്രനായി അവതരിച്ചത്.
രാമചന്ദ്രനെപ്പോലെ ഉത്കൃഷ്ടനായ ഒരു നായകൻ്റെ ചരിത്ര കഥയിൽ അത്രത്തോളം പ്രഗദ്ഭരായ പ്രതിനായകന്മാരും ഉണ്ടായല്ലേ പറ്റൂ. അതു കൊണ്ടായിരിയ്ക്കണം രാവണനെ ഇത്ര വ്യക്തിപ്രഭാവത്തോടെ ആദികവി സൃഷ്ടിച്ചത്.
കിഷ്കിന്ധയിലെ വാനര രാജാവായിരുന്നു ബാലി. വീരശൂരപരാക്രമിയായിരുന്നു ബാലി. ഇന്ദ്രപുത്രനായിരുന്നു ബാലി. പണ്ഡിതനും ധർമ്മനിഷ്ഠനും ആശ്രിതവത്സലനുമായിരുന്നു ബാലി. അതിലെല്ലാമുപരി ആരാലും അജയ്യനായിരുന്നു ബാലി.
ബാലി അജയ്യനായി തീർന്നത് ഒരു വര ബലത്താലാണ്. സ്വതവേ തന്നെ ആയിരം ആനകളുടെ ശക്തിയുള്ള ബാലിയ്ക്ക് ഒരിയ്ക്കൽ ബ്രഹ്മാവിൽ നിന്ന് ഒരു വരം ലഭിച്ചു.ബാലിയോട് നേരിട്ട് യുദ്ധം ചെയ്യുന്ന എതിരാളിയുടെ പകുതി ശക്തി ബാലിയ്ക്കു ലഭിയ്ക്കുമെന്നതായിരുന്നു ബ്രഹ്മദേവൻ നൽകിയവരം.
അതോടു കൂടി ബാലി ആരാലും തോല്പിയ്ക്കപ്പെടാതെ, അജയ്യനായി വിജയശ്രീലാളിതനായി കിഷ്ക്കിന്ധയിലെ വാനര രാജാവായി സസുഖം ജീവിച്ചു പോന്നു. സഹായത്തിനായി അനുജനായ സുഗ്രീവനുമുണ്ടായിരുന്നു.
ഒരിയ്ക്കൽ മായാവി എന്നൊരു അസുരൻ തൻ്റെ കായബലത്തിലുള്ള അമിത വിശ്വാസവും അഹങ്കാരവും കൊണ്ട് കാണുന്നവരോടൊക്കെ യുദ്ധത്തിനാഹ്വാനം ചെയ്ത് മദിച്ചു നടന്നിരുന്നു. വരുണ നോടും ഹിമവാനോടുമെല്ലാം വെല്ലുവിളി നടത്തിയപ്പോൾ അവർ പറഞ്ഞതനുസരിച്ച് വെല്ലുവിളിയുമായി ബാലിയുടെ അടുത്തെത്തുന്നു.
മായാവിയുടെ വെല്ലുവിളി സ്വീകരിച്ച് ബാലി യുദ്ധത്തിന്നെത്തുന്നു.കൂടെ സുഗ്രീവനും. ഇരുവരും കൂടി വരുന്നതു കണ്ട് മായാവി പേടിച്ച് ഓടി ഒരു ഗുഹയിൽ പ്രവേശിയ്ക്കുന്നു. പിന്നാലെ ഗുഹയിൽ കയറിയ ബാലി ഗുഹാമുഖത്ത് സുഗ്രീവനെ കാവൽ നിർത്തുന്നു.ഏറെ കാലം കഴിഞ്ഞിട്ടും ആരും പുറത്തു വരുന്നതു കാണാതിരുന്നതുകൊണ്ടും ഗുഹയിൽ നിന്ന് രക്തം ഒലിച്ചു വരുന്നതു കണ്ടതുകൊണ്ടും, ബാലി മരിച്ചു എന്നു തെറ്റിദ്ധരിച്ചു വിഷമത്തോടെ സുഗ്രീവൻ വലിയൊരു പാറ ഉരുട്ടി ഗുഹാമുഖം അടച്ച് കിഷ്ക്കിന്ധയിലെത്തി രാജ്യഭാരം ഏല്ക്കുന്നു.
കുറച്ചു കാലം കഴിഞ്ഞപ്പോൾ ബാലി ഗുഹയിൽ നിന്നിറങ്ങി കിഷ്കിന്ധയിലെത്തി സുഗ്രീവനെ അവിടെ നിന്നോടിയ്ക്കുന്നു. സുഗ്രീവ പത്നിയായ രുമയെ കൊട്ടാരത്തിൽത്തന്നെ തടഞ്ഞുവയ്ക്കുന്നു.
ചെറിയ ഒരു തെറ്റിദ്ധാരണ മൂലം ഇങ്ങനെ ദുഷ്ക്കർമ്മങ്ങൾ ചെയ്തുവെന്നതായിരുന്നു ബാലി ചെയ്ത ഏറ്റവും വലിയ അധർമ്മം.
മനുഷ്യരൊഴിച്ച് ആരാലും വധിയ്ക്കപ്പെടില്ല എന്ന വരലബ്ധിയുള്ള രാവണൻ പോലും ബാലിയോട് പരാജയപ്പെടുകയും ബാലിയുടെ വാലിൽ കുടുങ്ങി സപ്ത സാഗര തീർത്ഥങ്ങളിൽ ബാലിയോടൊപ്പം മുങ്ങിക്കുളിയ്ക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. പിന്നീട് ബാലിയും രാവണനും മിത്രങ്ങളാവുന്നു.
അത്രയധികം ബലവാനായ ബാലിയെ മറഞ്ഞിരുന്ന് ഒളിയമ്പെയ്തു കൊന്നു എന്നതാണ് ശ്രീരാമനിൽ ആരോപിതമാകുന്ന ഒരേയൊരു അധർമ്മം.
എന്നാൽ രാമൻ അതിനെയൊക്കെ വ്യക്തമായ ന്യായവാദങ്ങളോടെ നിശിതമായി ഖണ്ഡിയ്ക്കുന്നുണ്ട്.
തുഞ്ചത്താചാര്യൻ ബാലി സുഗ്രീവ യുദ്ധത്തെ വിവരിയ്ക്കുന്ന ഭാഗമൊക്കെ വളരെ മനോഹരവും ഹൃദ്യവുമാണ്.
ബാണമേറ്റുവീണു കിടക്കുന്ന ബാലിആദ്യമാദ്യം രാമനെ പലതരത്തിൽ കുറ്റം പറയുന്നുണ്ടെങ്കിലും ശ്രീരാമചന്ദ്രൻ്റെ ന്യായവാദങ്ങളുടെ യുക്തി ഉൾക്കൊള്ളുകയും സുഗ്രീവനെ ‘രാജാവായി അഭിഷേകം ചെയ്യാൻ പറയുകയും തൻ്റെ കഴുത്തിലുള്ള വിശിഷ്ടമായ ഹാരം സുഗ്രീവനു കൈമാറുകയും ചെയ്യുന്നുണ്ട്.
ബാലിയുടെ പത്നി താര, സുഗ്രീവൻ്റെ രണ്ടാമത്തെ യുദ്ധാഹ്വാനം കേട്ടപ്പോൾത്തന്നെ അപകടസൂചനകൾ നല്കുന്നതായി കാണാം.എന്നാൽ അവിടെയെല്ലാം തൻ്റെ ശക്തിയിൽ ആത്മാഭിമാനം കൊള്ളുന്ന ബാലിയുടെ മറുപടി ശ്രേഷ്ഠതരം എന്നു മാത്രമേ പറയാനാവൂ. അത്രയേറെ വിഷ്ണു ഭക്തൻ തന്നെയായിരുന്നു ബാലി.
തൻ്റെ ഭക്തരെ ഒരിയ്ക്കലും കഷ്ടപ്പെടുത്താൻ ആഗ്രഹിയ്ക്കാത്ത, ഭക്തർ അധർമ്മം പ്രവർത്തിയ്ക്കുന്നതു കാണുവാൻ ഇഷ്ടപ്പെടാത്ത വിഷ്ണു ഭഗവാൻ ബാലിയ്ക്ക് നേരിട്ട് മോക്ഷം കൊടുത്ത് സായുജ്യമടയാനുള്ള അവസരം ഒരുക്കിക്കൊടുക്കുക തന്നെയാണ് രാമസായകത്തിലൂടെ ചെയ്യുന്നത്.
ഈ ജീവിത മഹാസമുദ്രത്തിൽ, ഏതെങ്കിലും തരത്തിലുള്ള കൈപ്പിഴകൾ വരാതിരിയ്ക്കുന്നതിന് നമുക്കും പ്രാർത്ഥിയ്ക്കാം .
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
തുടരും…