വേണു വീട്ടീക്കുന്ന്
04.08.2024
“ദേവ ഗന്ധർവ്വ സുരോരഗാദ്യന്മാരി –
ലേവരാലും ഞാനവധ്യനായീടണം
എന്നു വേണ്ടാ നരന്മാരാലൊഴിഞ്ഞെനി –
യ്ക്കന്യരാൽ മൃത്യു വരാതെയിരിയ്ക്കണം”
ഉത്തരരാമായണത്തിലേതാണു വരികൾ. ബ്രഹ്മാവിനോട് രാവണൻ വരം ചോദിക്കുന്നതാണു സന്ദർഭം.
ധീരനായിരുന്നു രാവണൻ.ശക്തനായിരുന്നു രാവണൻ. അതിബുദ്ധിമാനായിരുന്നു രാവണൻ. രക്ഷോകുലത്തിനെ ഐശ്വര്യത്തിൻ്റെ ഉച്ചകോടിയിലെത്തിച്ച, രക്ഷോനായകനായിരുന്നു രാവണൻ.
അഹങ്കാരവും അത്യാഗ്രഹവും മാറ്റി നിർത്തുവാൻ രാവണനു സാധിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ദേവേന്ദ്രന് ഇന്ദ്രപദവി പോലും നഷ്ടമായേനെ.
വിശ്രവസ് എന്ന മുനിയ്ക്ക് കൈകസി എന്ന രാക്ഷസിയിൽ പിറന്ന പുത്രനായിരുന്നു രാവണൻ. അതു കൊണ്ടു തന്നെ ജന്മം കൊണ്ട് രാവണൻ ബ്രാഹ്മണനായിരുന്നു എന്നു വേണം പറയാൻ. പക്ഷേ പ്രവൃത്തികൾ മുഴുവൻ രാക്ഷസീയമായിരുന്നു.
രാവണൻ പണ്ഡിതനായിരുന്നു, ശിവഭക്തനായിരുന്നു, കലാകാരനായിരുന്നു, അതിനൊക്കെ പുറമെ വീരനുമായിരുന്നു.
രാവണൻ്റെ ഈ നേട്ടങ്ങളുടെ പിന്നിൽ വിശ്വസനീയവും രസകരവുമായ ഒരു കഥയുണ്ട്.
അച്ഛനായ വിശ്രവസിൻ്റെ മറ്റൊരു പുത്രനായ വൈശ്രവണൻ്റെ സമ്പത്തും പ്രതാപവും കണ്ട് തനിക്കും അങ്ങിനെയായി തീരണമെന്നുള്ള അടങ്ങാത്ത ആഗ്രഹമാണ് തപസ്സു ചെയ്ത് ശക്തിയാർജിക്കാൻ രാവണനെ പ്രേരിപ്പിച്ചത്.
ഒരിയ്ക്കൽ അമ്മയായ കൈകസിയുടെ മടിയിൽ കിടന്നുറങ്ങുകയായിരുന്നു രാവണൻ. ഇടക്കെപ്പൊഴോ മുഖത്തു ജലകണങ്ങൾ വന്നുവീണപ്പോൾ രാവണൻ ഉണരുകയും എന്താണതെന്നു നോക്കിയപ്പോൾ അമ്മ കരയുന്നതു കാണുകയും ചെയ്തു.
അമ്മയുടെ വിഷമത്തിനുള്ള കാരണമന്വേഷിച്ചപ്പോൾ, മുകളിൽ പുഷ്പകവിമാനത്തിൽ പറന്നു പോകുന്ന വൈശ്രവണനെകാണുകയും, ആ പോയത് തൻ്റെ ജ്യേഷ്ഠനാണെന്നു അമ്മയിൽ നിന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.
തങ്ങളുടെ കഷ്ടപ്പാടുകൾ തീർക്കാൻ ബ്രഹ്മാവിനെ തപസ്സു ചെയ്തു പ്രീതിപ്പെടുത്തുവാൻ രാവണൻ തീരുമാനിക്കുന്നു.
ബ്രഹ്മാവാകട്ടെ രാവണൻ്റെ ആവശ്യം മുൻകൂട്ടി മനസ്സിലാക്കുന്നു. എത്ര തന്നെ കാഠിന്യമേറിയ
തപോ,മുറകൾ രാവണൻ കൈക്കൊണ്ടിട്ടും ബ്രഹ്മാവ് പ്രത്യക്ഷപ്പെടാൻ കൂട്ടാക്കുന്നില്ല. വാശിയേറിയ രാവണൻ തൻ്റെ തലകളോരോന്നായി വാളുകൊണ്ട് വെട്ടിയെടുത്ത് ഹോമകുണ്ഠത്തിലിട്ട് ഹോമിച്ചു കൊണ്ട് തപസ്സിൻ്റെ കാഠിന്യം കൂട്ടിക്കൊണ്ടേയിരിക്കുന്നു. പത്താമത്തെ തലയും വെട്ടാനായി കൈ കൊണ്ട് മുടി മുകളിലേക്കായ് തൂക്കി പിടിച്ച് വെട്ടാനൊരുങ്ങിയപ്പോഴേക്ക് ഗത്യന്തരമില്ലാതെ ബ്രഹ്മാവ് പ്രത്യക്ഷപ്പെടുന്നു.
ബ്രഹ്മാവിൽ നിന്നു വരദാനം സ്വീകരിക്കുന്ന രാവണനെയല്ല, തൻ്റെ നിശ്ചയദാർഢ്യത്തിനു പിന്നിൽ ബ്രഹ്മാവിനെ ബലമായി പിടിച്ചു നിർത്തി,തനിക്കാവശ്യമുള്ളവരങ്ങൾ ബലമായിത്തന്നെ പിടിച്ചു വാങ്ങുന്നതായ ഒരു രാവണനെയാണ് നമുക്കിവിടെ കാണാനാവുന്നത്.
രാവണൻ്റെ അഹങ്കാരത്തിൻ്റെ ചെറിയൊരംശം വരപ്രാപ്തിയിലും നിഴലിക്കുന്നു. മനുഷ്യനൊഴിച്ചുള്ള മറ്റുള്ള ഒരു ജീവജാതികളെ കൊണ്ടും തനിക്കു മരണം സംഭവിക്കരുതെന്ന രാവണാവശ്യത്തെ അതേപടി അനുവദിച്ചു കൊടുക്കേണ്ടി വരുന്ന ബ്രഹ്മാവിൻ്റെ ദയനീയത തന്നെയാണവിടെ കാണാനാവുന്നത്.
രാവണൻ്റെ കൂടെ രണ്ടു ഭ്രാതാക്കളും തപസ്സു ചെയ്തിരുന്നു. സരസ്വതീദേവി നാവിൽ കയറിക്കൂടി കുംഭകർണ്ണനെക്കൊണ്ട് ‘നിദ്രാവത്വം’ ആവശ്യപ്പെടുത്തിക്കുന്നതും, വിഭീഷണനക്കൊണ്ട് ‘ നീതിന്യായ ഭക്തി ഐശ്വര്യങ്ങൾ നിറഞ്ഞ ഒരു ജീവിതമാവശ്യപ്പെടാൻ തോന്നിക്കുന്നതും രാവണ ശക്തിക്കു മുന്നിൽ ഒരു വലിയ പ്രശ്നം തന്നെയാണു സൃഷ്ടിക്കുന്നത്.
രാമായണാവലംബിയായ കഥകൾ രചിച്ച് രാവണനെ സർവ്വപ്രതാപങ്ങളോടും കൂടി പൊതുജനമധ്യത്തിൽ പർവ്വതീകരിച്ചു കാണിച്ചതിൽ ഏറ്റവുമധികം താല്പര്യം കാണിച്ചിട്ടുള്ളത് രാമായണ നാടകത്രയങ്ങളുടെ കർത്താവായ ശ്രീമാൻ സി.എൻ.ശ്രീകണ്ഠൻ നായരാണെന്നു തന്നെ പറയേണ്ടി വരും.
ലങ്കാലക്ഷ്മി എന്ന തൻ്റെ നാടകത്തിലൂടെ ശ്രീകണ്ഠൻ നായർ രാവണനെ സ്ത്രീജിതനല്ലാത്ത ശ്രീജിതനാക്കി നമുക്കു മുന്നിലേക്കു കൊണ്ടു വരുമ്പോൾ, ആ കഥാപാത്രത്തെ മുഴുവൻ ഗൗരവത്തോടെയും ഉൾക്കൊണ്ടു കൊണ്ട് കാണികളിലേക്കെത്തിക്കുവാൻ തക്ക അഭിനയ പാടവമുള്ള പി.കെ.വാസുദേവൻ നായരെന്ന അതുല്യപ്രതിഭാശാലിയായിരുന്ന ഒരു അഭിനേതാവും കൈരളിക്കുണ്ടായിരുന്നുവെന്നതും അഭിമാനാർഹം തന്നെ.
ലോകത്തുള്ള മൂല്യമേറിയതും ഭംഗിയുള്ളതും ഐശ്വര്യദായകവുമായ സർവ്വവും ലങ്കയിൽ വേണമെന്ന രാവണൻ്റെ അടങ്ങാത്ത മോഹം നടപ്പിൽ വരുത്തുക തന്നെയാണ് രാവണൻ ചെയ്തത്. സൂര്യചന്ദ്രന്മാരടക്കമുള്ള പ്രകൃതി ശക്തിയുമായി ബന്ധപ്പെട്ട സർവ്വ ദേവതകളെ പോലും തൻ്റെ വരുതിക്കു നിർത്താൻ രാവണന്നു സാധിച്ചു.
സി. എൻ്റെ രാവണന്ന് അപ്രാപ്യമായി സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നത് കാമധേനുവും കല്പവൃക്ഷവും മാത്രമായിരുന്നുവത്രേ. കാരണം ഇവ രണ്ടും ബലാൽ പിടിച്ചു കൊണ്ടുവന്നിട്ടു കാര്യമില്ലെന്നും അവയുടെ ഇഷ്ടപ്രകാരം വന്നാൽ മാത്രമേ ഉദ്ദിഷ്ട കാര്യലബ്ധിയുണ്ടാവുകയുള്ളൂ എന്നുമറിയാവുന്ന രാവണൻ അതിനായി ശാഠ്യം പിടിക്കുന്നില്ല.
എന്നാൽ അവയുടെ മുന്നിൽ കാണിച്ച ഔചിത്യം സീതാപഹരണ സമയത്ത് കാണിച്ചില്ല എന്നതു തന്നെയായിരുന്നു രാവണപരാജയത്തിൻ്റെ മുഖ്യ ഹേതു.
എന്തൊക്കെയായാലും മനുഷ്യനെ തൃണവൽഗണിച്ചു കൊണ്ടുള്ള വരപ്രാപ്തി തന്നെയാണ് ലങ്കേശനായ രാവണൻ്റെ അധ:പതനത്തിന് നിതാന്തമായി തീർന്നതെന്ന വാസ്തവം അനുസ്മരിച്ചു കൊണ്ട് ,അത്തരം അഹങ്കാരങ്ങളും ദുഷ്ചിന്തകളും നമ്മുടെ ജീവിതത്തിലേക്കു കടന്നു വരാതിരിക്കാനും, അഥവാ അല്പമെങ്കിലും വന്നു ചേർന്നിട്ടുണ്ടെങ്കിൽ ഒഴിഞ്ഞു പോകാനുമായി നമുക്കൊന്നിച്ചു പ്രാർത്ഥിക്കാം.
“” ശ്രീ രാമ രാമ രാമ
ശ്രീരാമചന്ദ്രാ ജയ
ശ്രീരാമ രാമ രാമ
ശ്രീരാമഭദ്രാ ജയ ‘
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമ: “
തുടരും…