കർക്കടകം പത്ത് – രാമനാമ മാഹാത്മ്യം

വേണു വീട്ടീക്കുന്ന്
25.07.2024

‘കൂജന്തം രാമ രാമേതി
മധുരം മധുരാക്ഷരം
ആരുഹ്യകവിതാ ശാഖാം
വന്ദേ വാത്മീകി കോകിലം’

മലയാളമെന്നൊരു ഭാഷയുണ്ടെന്നു ലോകത്തിനോട് ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന മഹനീയമായ മഹത് ഗ്രന്ഥം തന്നെയാണ് തുഞ്ചത്താചാര്യൻ്റെ അദ്ധ്യാത്മാരാമായണം. രാമായണ മാസാചരണം തുടങ്ങിയതോടെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വില്പന നടക്കുന്ന പുസ്തകങ്ങളിലൊന്നായി അദ്ധ്യാത്മാ രാമായണം മാറിയിരിക്കുന്നു എന്ന അറിവ് മലയാളത്തിനും മലയാളിക്കും അഭിമാനകരം തന്നെയാണ്.

ഉത്തമനായ, പ്രജാ തല്പരനായ, സർവ്വ ഗുണങ്ങളും തികഞ്ഞ ഒരു സാധാരണക്കാരനായ മര്യാദാ പുരുഷോത്തമനായ, രഘുവംശതിലകനായ ശ്രീരാമചന്ദ്രൻ്റെ ചരിത്രമുൾക്കൊള്ളുന്ന ഇതിഹാസ ഗ്രന്ഥമായ വാത്മീകി രാമായണത്തെ അടിമുടി മാറ്റം വരുത്തി ഒരവതാര പുരുഷനായി ശ്രീരാമചന്ദ്രനെ ചിത്രീകരിക്കാനും സ്തുതിഗീതങ്ങൾ കൊണ്ടും നാമജപങ്ങൾ കൊണ്ടും വായനക്കാരേയും കേൾവിക്കാരേയും ഭക്തി സമുദ്രത്തിൽ ആറാടിപ്പിക്കാനും എഴുത്തച്ഛൻ്റെ രചനാപാടവവും വാഗ്വിലാസവും വർണ്ണനാതീതമാണെന്നേ പറയാനാവൂ.

അവസരലബ്ധിക്കനുസരിച്ച് നാമജപത്തിന്നും ഭഗവത് വർണ്ണനകൾക്കും യാതൊരു ലോപവുമില്ലാതെ തിരമാലകളുടെ അലയടി പോലെ തുഞ്ചത്താചാര്യൻ്റെ പദസഞ്ചയങ്ങളുടെ അനർഗ്ഗള പ്രവാഹം മാനവ സമൂഹത്തിൻ്റെ നാസ്തികത്വത്തെ പൂർണ്ണമായും ആസ്തികത്വമാക്കത്തക്ക വൈഭവമേറിയതാണെന്നതിൽ എതിരഭിപ്രായമുണ്ടാവാനിടയില്ല.

അദ്ധ്യാത്മാ രാമായണത്തെ പറ്റി വള്ളത്തോൾ തോണിയാത്ര കവിതയിൽ ഇങ്ങനെ വർണ്ണിക്കുന്നു.

“കാവ്യം സുഗേയം കഥ രാഘവീയം
കർത്താവു തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയസ്വരത്തിൽ
ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം.”

വിഷ്ണു സഹസ്രനാമത്തിൻ്റെ ഫലശ്രുതിയിൽ സാക്ഷാൽ ശ്രീ പരമേശ്വരൻ പാർവ്വതീദേവിയോട് ഇപ്രകാരം പറയുന്നു.

” ശ്രീ രാമ രാമരാമേതി
രമേരാമേ മനോരമേ
സഹസ്രനാമ തത്തുല്യം
രാമനാമ വരാനനേ,

ഭർത്താവിൻ്റെ ഉപദേശപ്രകാരം ഉമാദേവി സർവ്വഥാ രാമ നാമം ജപിച്ചു കൊണ്ടിരിക്കുന്നു.

സ്വഗർഭത്തിൽ വിഷ്ണു വന്നവതാരം ചെയ്തതാണെന്ന് ആദ്യ മറിഞ്ഞ കൗസല്യാസ്തുതിയിൽ നിന്നു തുടങ്ങുന്ന സ്തുതിഗീതങ്ങൾ പിന്നീടുള്ള കഥാഭാഗങ്ങളിൽ പല സന്ദർഭങ്ങളിലും, ശാപമോക്ഷം ലഭിക്കുന്നവരുടേതായിട്ടും, രാമമാഹാത്മ്യം മനസ്സിലാക്കുന്നവരുടേതായിട്ടുമൊക്കെ ഇടക്കിടക്ക് കടന്നു വരുന്നതു കൊണ്ട് ഭക്തർക്ക് രാമനാമ ജപപുണ്യം ഇടയ്ക്കിടക്ക് ലഭിച്ചു കൊണ്ടേയിരിക്കുന്നു.
കൗസല്യാ സ്തുതിയിലെ ഭഗവദ് വിശേഷണ പദപ്രയോഗങ്ങൾ ഒരു ശില്പി കല്ലുകൾ ചെത്തിമിനുക്കി വലിയൊരു സ്തൂപം നിർമ്മിക്കുന്നതു പോലെ ഭക്തർക്ക് അനുഭവവേദ്യമാകും.

“പരമൻ പരാപരൻ പരബ്രഹ്‌മാഖ്യൻ പരൻ
പരമാത്മാവു പരൻപുരുഷൻ പരിപൂർണ്ണൻ
അച്യുതനന്തനവ്യക്തനവ്യയനേകൻ
നിശ്ചലൻ നിരുപമൻ നിർവാണപ്രദൻ നിത്യൻ
നിർമ്മലൻ നിരാമയൻ നിർവികാരാത്മാ ദേവൻ
നിർമ്മമൻ നിരാകുലൻ നിരഹങ്കാരമൂർത്തി
നിഷ്‌കളൻ നിരഞ്ജനൻ നീതിമാൻ നിഷ്‌കൽമഷൻ
നിർഗ്ഗുണൻ നിഗമാന്തവാക്യാർത്ഥവേദ്യൻ നാഥൻ
നിഷ്‌ക്രിയൻ നിരാകാരൻ നിർജ്ജരനിഷേവിതൻ
നിഷ്‌കാമൻ നിയമിനാം ഹൃദയനിലയനൻ
അദ്വയനജനമൃതാനന്ദൻ നാരായണൻ
വിദ്വന്മാനസപത്മമധുപൻ മധുവൈരി
സത്യജ്ഞാനാത്നാ സമസ്തേശ്വരൻ സനാതനൻ
സത്വസഞ്ചയജീവൻ സനകാദിഭിസ്സേവ്യൻ
തത്വാർത്ഥബോധരൂപൻ സകലജഗന്മയൻ
സത്താമാത്രകനല്ലോ നിന്തിരുവടി നൂനം.”

എഴുത്തച്ഛൻ്റെ തൂലികയിൽ നിന്ന് ഉദ്ഭവിച്ച ഓരോ പദങ്ങളും അന്വയിക്കാനും അർത്ഥം വിശദീകരിക്കാനും നിന്നാൽ എത്ര കാലമെടുക്കും അതിനെന്നു ചിന്തിക്കാൻ പോലും അസാധ്യം.

പിന്നീട് ഓരോ അവസരങ്ങളിലും ഭാഷാപിതാവിൻ്റെ ഇത്തരം വാഗ്വിലാസ ചാതുരി ഓരോ കാണ്ഡങ്ങളിലും , ആവർത്തന വിരസതക്കു പകരം ആവർത്തിച്ചാവർത്തിച്ച് പാരായണം ചെയ്യുവാനുള്ള താല്പര്യം ജനിക്കും വിധം തന്നെ സംവിധാനം ചെയ്തിരിക്കുന്നത് സഹൃദയഹൃദയാഹ്ലാദകരമായിത്തന്നെയാണ് അനുഭവവേദ്യമാകുന്നത്.

വൈഷ്ണവമന്ത്രമായ ഓം നമോ നാരായണായയിൽ നിന്നുള്ള ‘ര’ കാരവും ശൈവ മന്ത്രോച്ചാരണമായ നമ:ശിവായയിൽ നിന്നുള്ള ‘മ’ കാരവും ചേർത്ത സമഞ്ജസമായ ‘രാമ’ മന്ത്രം ഉരുവിട്ട് കാടനായ രത്നാകരൻ ജീവിത മുക്തി കൈവരിച്ച് വാത്മീകി മഹർഷിയായിത്തീരുകയും ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട രാമായണ രചനയ്ക്കധിപനായിത്തീരുകയും ചെയ്തത് രാമമന്ത്ര മാഹാത്മ്യമൊന്നു കൊണ്ടു മാത്രമാണെന്നു വരുകിൽ, ഈ കലികാലത്ത് ജീവിത കല്മഷങ്ങളിൽ നിന്നുള്ള ഒരു മുക്തി ലഭിക്കുവാൻ ഉതകുന്നതാണെന്നാൽ, എന്തുകൊണ്ട് നമുക്കും ഭക്തി മുക്തി മോക്ഷപ്രദമായ രാമമന്ത്രജപയജ്ഞത്തിനാൽ ശിഷ്ടകാലം ജീവിതം മുന്നോട്ടു കൊണ്ടുപോയിക്കൂടാ?

ഈ രാമായണ പുണ്യ കർക്കടകത്തിൽത്തന്നെ നമുക്കും ശ്രീരാമചന്ദ്ര പ്രഭുവിൻ്റെ കാലടികളിൽ സാഷ്ടാംഗം അർപ്പണം ചെയ്യാം.

രാമായ രാമചന്ദ്രായ
രാമഭദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായ പതയേ നമ:

 

തുടരും..

1+

Leave a Reply

Your email address will not be published. Required fields are marked *