കർക്കടകം ഏഴ്. കലികാല മഹിമ

പൂന്താനം

വേണു വീട്ടീക്കുന്ന്
22.07.2024

“അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീഗുരവേ നമ”

അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി കണ്ണുകൾ തുറപ്പിക്കുന്നവനാണ് ഗുരു .

അജ്ഞാനാന്ധകാരത്തിൽ പെട്ട് സത്യവും മിഥ്യയും തിരിച്ചറിയാതെ പോകുന്നവർക്ക് നേർവഴി കാണിച്ചു കൊടുക്കുന്നയാളാണ് ഭാരതത്തിന്റെ ഗുരുസങ്കല്പം.

പരമ്പരാഗതമായി കണ്ടും കേട്ടും അനുഭവിച്ചും ജീവിച്ചു പോന്ന സാമൂഹികാചാരങ്ങളെ ഓരോന്നായി കീറി മുറിച്ച് വിശകലനം ചെയ്ത്, അനാചാരങ്ങളായി മുദ്രകുത്തി, സമൂഹത്തിൽ നിന്നു പടിയടച്ചു പിണ്ഡം വെക്കുന്നതിനുള്ള ഒരു ത്വര നവീന മാധ്യമങ്ങളിൽ ധാരാളമായിത്തന്നെ കാണാനാവും.

“താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താനനുഭവിച്ചീടുകെന്നേ വരൂ “

എന്ന് രാമായണം ഉദ്ഘോഷിക്കുമ്പോൾ കലികാലത്തെ കുറിച്ചും കലികാല മഹിമയെ കുറിച്ചുമെല്ലാം വിശദീകരിച്ചു കൊണ്ട് പൂന്താനം പറയുന്നതിങ്ങിനെയാണ്.

“തങ്ങള്‍ ചെയ്തോരു കര്‍മ്മങ്ങള്‍ തന്‍ഫലം.
ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍.”

ജീവിതത്തെ പ്രാരാബ്ധമായി സാധാരണ പറഞ്ഞു കേൾക്കാറുള്ളതാണ്. ഒരാൾ അകാലത്തിൽ ജീവൻ മുക്തനായാൽ അയാളുടെ പ്രാരബ്ധം തീർന്നു എന്നു പറഞ്ഞു കേൾക്കുന്നതു സാധാരണമാണ്. പുറമേനിന്നു നോക്കി കാണുന്നവൻ്റെ അഭിപ്രായമാണിത്. എന്നാൽ അയാളെ ആശ്രയിച്ചു ജീവിതം കഴിക്കുന്നവരെ സംബന്ധിച്ച് അവസ്ഥ എന്തായിരിക്കും?

പ്രാരാബ്ധ കർമ്മം മാറ്റാൻ കഴിയില്ല. സഞ്ചിത കർമ്മം ആത്മീയ ആചാരങ്ങൾ വഴി മാറ്റാം. സത്സംഗം എല്ലാ നിഷേധാത്മക കർമ്മങ്ങളുടെയും വിത്ത് കത്തിക്കുന്നു.

നിങ്ങൾ ഒരാളെ പ്രശംസിക്കുമ്പോൾ, നിങ്ങൾ അവരുടെ നല്ല കർമ്മം ഏറ്റെടുക്കുന്നു. നിങ്ങൾ ഒരാളെ കുറ്റപ്പെടുത്തുമ്പോൾ അവരുടെ മോശം കർമ്മം നിങ്ങൾ ഏറ്റെടുക്കുന്നു.

“ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.”

എന്നു് പൂന്താനം പറയുമ്പോൾ, നിർമ്മിത ബുദ്ധി വരെ എത്തി നില്ക്കുന്ന ആധുനിക സമൂഹം അംഗീകരിക്കുമോ അതോ നിരാകരിക്കുമോ?

അഥവാ നിരാകരിക്കുകയാണെങ്കിൽ അവൻ്റെ ഭാവിയെക്കുറിച്ച് കൃത്യമായി അവന് പ്രവചിക്കാനാവുമോ?

ഇങ്ങനെ ചിന്തകൾ മുന്നോട്ടു നയിക്കുമ്പോൾ “വിധി വൈപരീത്യം ” എന്ന ഒരു വാക്കിനു ജീവിതത്തിൽ സ്ഥാനമുണ്ടോ?

വിധിക്കനുസൃതമായി ജീവിതം മുന്നോട്ടു പോവുക തന്നെയല്ലേ സംഭവിക്കുന്നത്?

പൂന്താനം സ്വയം സമാധാനിക്കുന്നത് നോക്കൂ.

“കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.”

ഇങ്ങനെ തൻ്റെ അനുഭവങ്ങളും ചിന്തകളും പങ്കുവച്ച് പൂന്താനം വർത്തമാനജീവിതത്തിലേക്കെത്തുന്നു.

കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാലു യുഗങ്ങളിൽ വെച്ച് ഏറ്റവും നല്ലത് കലിയുഗമാണെന്നു പൂന്താനം പറയുന്നു. നാമജപം കൊണ്ടു് കർമ്മഫലങ്ങളെല്ലാം അനുഭവിച്ച് തീർക്കാനാവുമെന്നും, അതിന് ഏറ്റവും അനുയോജ്യമായത് ഭാരതത്തിൽ തന്നെ വന്നു പിറക്കുകയാണെന്നും കവി അഭിപ്രായപ്പെടുന്നു.

യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാന്‍.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീര്‍ത്തനമെന്നീയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും “

കലികാല മഹിമയെ കുറിച്ച് ഇത്രയൊക്കെ വാഴ്ത്തി പാടാൻ പൂന്താനത്തെ പ്രേരിപ്പിക്കുന്നത് അകമഴിഞ്ഞ കൃഷ്ണഭക്തി തന്നെയാണ്.

“ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്‌?
മിത്രങ്ങള്‍ നമുക്കെത്ര ശിവ! ശിവ!
വിഷ്‌ണുഭക്തന്മാര‍ല്ലേ ഭുവനത്തില്‍?”

എന്നു പറയുന്ന പൂന്താനം സ്വാർത്ഥത വെടിഞ്ഞുള്ള ഉത്തമമായ സത്സംഗത്തെത്തന്നെയാണ് ഉദാത്തവത്ക്കരിക്കുന്നതും സത്സംഗങ്ങൾക്കായി പ്രേരിപ്പിക്കുന്നതും.

രാമനാമ ജപമൊന്നു കൊണ്ടു മാത്രം സ്വാർത്ഥമായ കാട്ടാളത്തത്തെ മാറ്റി, സന്മാർഗ്ഗോപദേശകനായ മഹാകവിയായി മാറിയ രത്നാകര വാത്മീകീ പരകായപ്രവേശത്തിനു വഴിയുരുത്തിരിഞ്ഞുവെങ്കിൽ, എന്തുകൊണ്ട് നമുക്കും ആ വഴി ചിന്തിച്ചുകൂടാ?

രാമായണ പാരായണവും രാമായണാചരണവും പഞ്ഞ കർക്കടകത്തേയും കള്ളകർക്കടകത്തേയും പുണ്യമാസമായി മാറ്റിത്തീർക്കാൻ ഉതകുന്നുവെങ്കിൽ നമുക്കുമായിക്കൂടേ നാമജപം കൊണ്ട് ജന്മ മോക്ഷം വരുത്തുകയെന്നത്?

“സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.”

എന്നള്ളപൂന്താന ഭക്തി കൈക്കൊണ്ട് നമുക്കും നിഷ്കാമഭക്തി കൈക്കൊണ്ട് ജപിയ്ക്കാം പ്രാർത്ഥിയ്ക്കാം…..

” ശ്രീ രാമ രാമ രാമ
ശ്രീരാമചന്ദ്രാ ജയ
ശ്രീരാമ രാമ രാമ
ശ്രീരാമഭദ്രാജയ
ശ്രീരാമ രാമ രാമ
സീതാഭിരാമജയ
ശ്രീരാമ രാമ രാമ
ലോകാഭിരാമാ ജയ.”

തുടരും…

0

Leave a Reply

Your email address will not be published. Required fields are marked *