കർക്കടകം ആറ്, ഗുരുപൂർണ്ണിമ


വേണു വീട്ടീക്കുന്ന്
21.07.2024

ഗുരുർബ്രഹ്‌മാ , ഗുരുർവിഷ്ണു, ഗുരുർദേവോ മഹേശ്വരാ
ഗുരുർസാക്ഷാത് പരബ്രഹ്മ തസ്മൈശ്രീ ഗുരവേ നമഃ “

ആഷാഢമാസത്തിലെ പൗർണമി നാളിലാണ് വ്യാസ പൗർണമി അഥവാ ഗുരുപൂർണിമ ആചരിക്കപ്പെടുന്നത്, ആഘോഷിക്കപ്പെടുന്നത്. മാതാപിതാക്കൾ കഴിഞ്ഞാൽ, ഗുരുവിനാണ്, നാമോരോരുത്തരുടേയും വ്യക്തിത്വ വികാസത്തിന് ഉത്തരവാദിത്വം തുല്യം ചാർത്തി കൊടുക്കപ്പെട്ടിരിക്കുന്നത്.

സനാതന ധർമ്മം വിവക്ഷിക്കുന്നു.

“മാതൃദേവോ ഭവ:
പിതൃദേവോ ഭവ:
ആചാര്യ ദേവോ ഭവ:
അതിഥി ദേവോ ഭവ: “

മാതാപിതാക്കൾക്കും ആചാര്യനും (ഗുരുവിനും) ഒരു പോലെ ആദരവും ബഹുമാനവും കൊടുത്തിരുന്ന ഹൈന്ദവ ധർമ്മ കഥകൾ അനവധിയാണ്.
ഗുരുകുല വിദ്യാഭ്യാസ കാലഘട്ടത്തിലെ ഗുരുശിഷ്യബന്ധമല്ല ആധുനിക ഗുരുശിഷ്യബന്ധം.
പരിഷ്ക്കാരങ്ങളും സൗകര്യങ്ങളും കൂടിയപ്പോൾ, പട്ടിണിയും പരിവട്ടവും ഒഴിഞ്ഞ് ഐശ്വര്യപൂർണ്ണമായ ഒരു ജീവിത കാലഘട്ടം അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ, നാം നമ്മെത്തന്നെ മറന്നു തുടങ്ങിയിരിക്കുന്നു.

“അച്ഛനാരെന്നറിയാതെ അമ്മമാർ മാറി
അമ്മയാരെന്നറിയാതെ ആങ്ങളമാറി
പെങ്ങൾ ആരെന്നറിയാതെ പൊരുളുകൾ മാറി
മാറിമാറി മറിഞ്ഞ കാലം മാഞ്ഞു മറയായി “

നവീന മാനവ സമൂഹത്തെ കണ്ടറിഞ്ഞ്, അനുഭവിച്ചറിഞ്ഞ് ഉറക്കെ കരയുന്ന, കാര്യങ്ങൾ വിളിച്ചു പറയുന്ന മുരുകൻ കാട്ടാക്കട നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെ ചിത്രീകരിച്ചവരികളാണിവ.

വേദേതിഹാസ കർത്താവായ കൃഷ്ണദ്വൈപായനനായ, വേദവ്യാസനെത്തന്നെയാണ്, ദക്ഷിണാമൂർത്തിയായ ശ്രീ മഹാദേവനു ശേഷം സനാതന ധർമ്മം ഗുരുവായംഗീകരിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെയാണ് വ്യാസപൂർണ്ണിമ ഗുരുപൂർണ്ണിമയായി മാറുന്നത്.

ഗുരുപൂജ തന്നെയാണ് ഗുരുപൂർണ്ണിമയുടെ പ്രഥമ കർത്തവ്യം. അതു കൊണ്ടു തന്നെ ഗുരുദക്ഷിണ ഗുരുപൂർണ്ണിമയുടെ ഒരു പ്രധാന ചടങ്ങാണ്.

ഓരോ ശിഷ്യനും അവൻ്റെ ചുറ്റുപാടുകൾക്കനുസരിച്ച് കഴിവിന്നൊത്തവണ്ണം മഹനീയമായതെന്തും ഗുരുവിന് ദക്ഷിണയായി സമർപ്പിക്കാവുന്ന ഒരു സുന്ദര മനോഹര ഭൂതകാലം ഭാരതത്തിനുണ്ടായിരുന്നു.
ശിഷ്യനെ കൂടെ താമസിപ്പിച്ച്, പലതരം പരീക്ഷണങ്ങളിലൂടെ അവൻ്റെ കഴിവുകൾ മനസ്സിലാക്കി, അവനു ജീവിതവിജയം വരിക്കാനുതകുന്ന തരത്തിലുള്ള വിദ്യകൾ അഭ്യസിപ്പിച്ച് ഉത്തമ പൗരനാക്കി സമൂഹത്തിനു തിരിച്ചു നല്കുക എന്ന മഹത്തരമായ കർത്തവ്യം തന്നെയാണ് ഓരോ ഗുരുനാഥൻമാരും ചെയ്തു കൊണ്ടിരുന്നത്.

മാനവ സമൂഹം നേടിയെടുത്ത അറിവുകളെ വൈലോപ്പിള്ളി പന്തങ്ങളായി അറിയുന്നു.

“അറിവിന്‍ തിരികള്‍ കൊളുത്തീ, കലകള്‍ –
ക്കാവേശത്തിന്‍ ചൂടേകി.
മാലോടിഴയും മര്‍ത്ത്യാത്മാവിനു
മേലോട്ടുയരാന്‍ ചിറകുതകി
പാരില്‍ മനുഷ്യ പുരോഗമനക്കൊടി
പാറിച്ചവയീ പന്തങ്ങള്‍ !”

എന്ന പ്രസ്താവനയിലൂടെ അറിവിനെ നമുക്കു പരിചയപ്പെടുത്തിത്തരുന്ന വൈലോപ്പിള്ളി യുവതയോട് ഇങ്ങനെ ആഹ്വാനം ചെയ്യുന്നു.

“ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്ദങ്ങള്‍ “
അറിവിൻ്റെ തീപ്പൊരി കെടാതെ സൂക്ഷിച്ചു കൊണ്ട് മുന്നേറുമ്പോഴും ഓർത്തിരിക്കേണ്ടതായ മറ്റൊരു കാര്യമാണ് ‘ താഴ്മ താനഭ്യുന്നതി” എന്നത്.

ഒരു വ്യക്തി ഉത്തമപുരുഷനാവുന്നതെങ്ങനെയെന്ന് കെ.സി.കേശവപിള്ള ഇങ്ങനെ വർണ്ണിക്കുന്നു.

” പ്രസാദം വദനത്തിങ്കൽ
കാരുണ്യം ദർശനത്തിലും
മാധുര്യം വാക്കിലും
ചേർന്നുള്ളവനേ പുരുഷോത്തമൻ.

വജ്രത്തിലും കഠിനമായ്
പൂവിലും മൃദുവായിടും
മഹാന്മാരുടെ ചിത്തത്തെ
അറിഞ്ഞീടുവതാരഹോ

രക്തനാണുദയ സൂര്യൻ
രക്തനസ്തമയത്തിലും
സമ്പത്തിലും ക്ഷതിയിലും
മഹാന്മാരൊരു പോലെയാം “

രാമായണത്തിലൂടെ ഉത്തമപുരുഷരൂപമായ അഥവാ പുരുഷോത്തമനായ രാമനെ വാത്മീകി മഹർഷി ലോകത്തിനു സംഭാവന ചെയ്യുമ്പോൾ, മാലോകർക്ക് അഭിമാനത്തോടെ അനുകരിക്കാവുന്ന ഒരു മാതൃകാ പുരുഷോത്തമനായിത്തന്നെ ശ്രീരാമചന്ദ്ര പ്രഭു ലോകരുടെ മുന്നിൽ നിറഞ്ഞു നില്ക്കുന്നു. സ്ഥലകാലഭേദങ്ങളില്ലാതെ വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ രാമകഥ പല തരത്തിലും പല രൂപത്തിലും ലോകം മുഴുവൻ പ്രചരിച്ചു, ഇന്നും പ്രചരിച്ചു കൊണ്ടേയിരിക്കുന്നു.

ഭക്തി സാന്ദ്രമായ ഈ രാമായണ മാസത്തിൽ, മഹനീയമായ ഈ ഗുരുപൂർണ്ണിമാ ദിനത്തിൽ, ദക്ഷിണാമൂർത്തിയിൽ നിന്നു തുടങ്ങി, വ്യാസനിലൂടെ, വാത്മീകിയിലൂടെ, ആദിശങ്കരനിലൂടെ, അതിലെല്ലാമുപരി നമ്മെ നാമാക്കിയ നമ്മുടെ ഗുരുഭൂതരിലൂടെ നമുക്കും നമ്മുടെ മനസ്സിനെ ഒന്നു പ്രീതരായി സഞ്ചരിപ്പിക്കാം . അവരുടെ പാദ നമസ്കാരം ചെയ്ത് അനുഗ്രഹാശിസ്സുകൾ വർദ്ധിപ്പിക്കാം.

“സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം
അസ്മദാചാര്യ പര്യന്തം ‘ വന്ദേ ഗുരു പരമ്പരാം “

 

തുടരും…

3+

Leave a Reply

Your email address will not be published. Required fields are marked *