കർക്കടകം മൂന്ന്. “ധർമ്മം ചര”

വേണു വീട്ടീക്കുന്ന്

18.07.2024

“പല ജാതി പൂക്കൾ വിടർന്നു നില്ക്കും
മലർവാടി താനോർക്കിലീ പ്രപഞ്ചം
അലിവേറുമീശൻ തൻ പ്രേമമോരോ
മലരിലും തൂകുന്നു തൂമരന്ദം “

പണ്ടെന്നോ പഠിച്ചു മറന്ന ഏതാനും വരികൾ. ലോകത്തിനെ മുഴുവൻ ഒരു പൂന്തോട്ടമായും, ഇവിടെയുള്ള സർവ്വ ചരാചരങ്ങളേയും മനോഹരമായ ആ പൂന്തോട്ടത്തിലെ ഭംഗിയുള്ള പൂക്കളായും നോക്കി കാണാൻ കഴിയുന്ന കവിഭാവന. ഓരോ പൂവിൻ്റെയും നിറവും മണവും ഗുണവും വ്യത്യസ്ഥമാണ്. എന്നാലും ഓരോന്നിനും അതിൻ്റേതായ സവിശേഷതകളുണ്ട്. എല്ലാം സൃഷ്ടിച്ചത് ഒരേ ഈശ്വരനാണു താനും.

രാത്രിയിൽ വിരിയുന്നതും പകൽ വിരിയുന്നതും പത്തു മണിക്കു വിരിയുന്നതും നാലു മണിക്കു വിരിയുന്നതും …

അങ്ങനെ പല പല സ്വഭാവത്തിലും പ്രകൃതത്തിലുമാണ് പ്രപഞ്ചത്തിലെ ഓരോന്നിൻ്റെയും സൃഷ്ടി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. വിഷമുള്ളവയും അല്ലാത്തവയുമൊക്കെയാക്കി മാനവ സമൂഹം പ്രപഞ്ചസൃഷ്ടികളെ നന്മതിന്മകൾക്കടിസ്ഥാനമായി വേർതിരിക്കുന്നു.

“നാനാത്വത്തിൽ ഏകത്വം” എന്നൊരു സിദ്ധാന്തത്തിൻ്റെ മറപിടിച്ച് ഹൈന്ദവ ധർമ്മം മാനവ സമൂഹത്തെ ഒന്നായും പലതായും നോക്കിക്കാണുന്നു അഥവാ അങ്ങിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. അങ്ങനെ വരുമ്പോൾ വ്യക്തികൾ ചേർന്നു കുടുംബവും, കുടുംബങ്ങൾ ചേർന്നു സമൂഹവും രൂപീകൃതമാവുന്നു. ഇവിടെ സമൂഹത്തിലെ കുടുംബങ്ങൾക്കും, കുടുംബത്തിലെ വ്യക്തികൾക്കും രൂപഭാവങ്ങൾ ഒന്നല്ല, പലതാണ്. എല്ലാവരുടേയും സമഞ്ജസമായ ഒരു സമന്വയത്തിലൂടെ മാത്രമേ ഒരു മനോഹരമായ സമാധാപൂർണ്ണമായ ജീവിതം സമൂഹത്തിന് ഉണ്ടാവുകയുള്ളു. അവിടെയാണ് ‘ധർമ്മം ചര” .എന്ന ഉപനിഷത്ത് വാക്യത്തിൻ്റേയും അതുൾക്കൊള്ളുന്ന ഉപദേശത്തിൻ്റെയും അർത്ഥവ്യാപ്തി കുടികൊള്ളുന്നത്.

ഹിന്ദുമതം എന്നത് മറ്റുള്ള മതങ്ങളെ പോലെ ഒരു മതമല്ലയെന്നും, അതൊരു ധർമ്മമാണെന്നും, ഒരു സമൂഹത്തിൻ്റെ സാസ്കാരികോന്നമനത്തിനായി, കാലാകാലങ്ങളായി ആർജ്ജിച്ചെടുത്ത് സമന്വയിക്കപ്പെട്ട ജീവിത ചരിത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ജീവിതശൈലിയെ തന്നെയാണ് ഹിന്ദു ധർമ്മമെന്നതുകൊണ്ട് വിവക്ഷിതമാകുന്നതെന്നും, പല തരത്തിലും പറഞ്ഞു കേൾക്കാറുണ്ട്.

വേദങ്ങളും വേദാംഗങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളുമെല്ലാം ഉൾക്കൊള്ളുന്നത് മനുഷ്യ സമൂഹത്തിൻ്റെ സാന്മാർഗ്ഗിക ജീവിതോന്നമനത്തിനുതകുന്ന തരത്തിലുള്ള ഉപദേശങ്ങളും സാരോപദേശകഥകളുമൊക്കെത്തന്നെയാണ്.

എന്നാൽ ജാതി ചോദിക്കരുത് പറയരുത് എന്നൊക്കെ അത്യുച്ചത്തിൽ വാഴ്ത്തിപ്പാടുന്ന ആധുനിക സമൂഹം ഓരോ ഹൈന്ദവ ധർമ്മാനുചാരിയേയും ഹിന്ദു മതസ്ഥനാക്കുന്നു. സർക്കാർ രേഖകളിലെ പട്ടികകളിൽ ഹിന്ദു മതവും, അതിലെ ജാതികളും ഉപജാതികളുമെല്ലാം കൃത്യമായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്താൽ മാത്രമേ ഇവിടെ ജീവിക്കുവാൻ സാധിക്കൂ എന്നായി മാറിയിട്ടുണ്ട്. തെളിവുകളും രേഖകളുമാണ് ഇന്ന് സർവ്വ ചരാചരങ്ങളേയും നില നിർത്താനും സുരക്ഷിതമായി സംരക്ഷിക്കാനുമായുള്ള ഏക ആശ്രയമായി അവശേഷിക്കുന്നത്.

“ധർമ്മം ചര”. എന്നത് കേവലം ധർമ്മമനുവർത്തിക്കൂ എന്ന ഒരു ഉപദേശം മാത്രമല്ല, തൈത്തിരീയോപനിഷത്തിലെ ഒരു ഉപദേശസഞ്ചയത്തിലെ കേവലം ഒരു വരി മാത്രമാണ്. പൂർണ്ണരൂപം ഗൂഗിൾ മുത്തശ്ശി ഇങ്ങനെ പറഞ്ഞു തരും.

സത്യം വദ . ധര്‍മ്മം ചര.
സ്വാദ്ധ്യായാന്മാ പ്രമദഃ
ആചാര്യായ പ്രിയം ധനമാഹൃത്യ
പ്രജാതന്തും മാം വ്യവച്ഛേത്ധിഃ സത്യാന്ന പ്രമദിതവ്യം,
ധര്‍മ്മാന്ന പ്രമദിതവ്യം,
കുശലാന്ന പ്രമദിതവ്യം.
ഭൂക്ത്യൈ ന പ്രമദിതവ്യം.
സ്വാദ്ധ്യായ പ്രവചനാഭ്യാം
ന പ്രമദിതവ്യം.
ദേവപിതൃകാര്യാഭ്യാം
ന പ്രമദിതവ്യം.
മാതൃദേവോ ഭവ,
പിതൃദേവോ ഭവ,
ആചാര്യദേവോ ഭവ,
അതിഥിദേവോ ഭവ.
യാന്യനവദ്യാനി കര്‍മ്മാണി
താനി സേവിതാവ്യാനി,
നോ ഇതരാണി. “

( സത്യം പറയണം , ധര്‍മ്മമാചരിക്കണം , സ്വാദ്ധ്യായത്തില്‍ നിന്ന് വ്യതിചലിക്കരുത് , ആചാര്യന് ഇഷ്ട ദക്ഷിണ കൊടുത്തിട്ട് സന്തതിയെ പരിപോഷിപ്പിക്കണം . സത്യത്തില്‍ നിന്ന് തെറ്റരുത് , ധര്‍മ്മത്തില്‍ നിന്ന് മാറരുത് കുശലതയിൽ നിന്ന് മാറരുത്. ഐശ്വര്യത്തിനുവേണ്ടി തെറ്റ് ചെയ്യരുത്. മാതാവിനെ ദേവതയായി പൂജിക്കണം, പിതാവിനെ ദേവനെപോലെ പുജിക്കണം , ആചാര്യനെ ദേവനെ പോലെ പൂജിക്കണം. അതിഥിയെ ദേവനെ പോലെ ഉപാസിക്കണം, ദോഷരഹിതങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യണം, മറ്റുള്ളവ ചെയ്യരുത്.)

എന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് ഇങ്ങനെ കുറച്ചു സംസ്കൂത പദങ്ങളും അതിൻ്റെ കുറേ മലയാള പരിഭാഷയും കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കാനാവില്ലെന്നും, അതിനാൽ സാധാരണക്കാർക്കു മനസ്സിലാകാവുന്ന തരത്തിൽ കഥകളുടേയും കഥാപാത്രങ്ങളുടേയും രൂപത്തിലാക്കി പലതരം ജീവിതാനുഭവങ്ങൾ സമൂഹത്തിനു മുമ്പിൽ ഉദാഹരണ സഹിതം വെളിപ്പെടുത്തിത്തരണമെന്നും മനസ്സിലാക്കിയ ഋഷിവര്യന്മാർ, ഇതിഹാസപുരാണങ്ങളിലൂടെ ആ കർത്തവ്യം നിറവേറ്റുകയാണു ചെയ്യുന്നത്.

രാമായണവും അത്തരമൊരു ഇതിഹാസ കാവ്യമാണ്.

താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താനനുഭവിക്കുകെന്നേവരൂ “

എന്ന ശാശ്വത സത്യം സ്വഭാര്യയിൽ നിന്നു ബോധ്യപ്പെട്ട രത്നാകരനെന്ന കാട്ടാളനിലെ കാട്ടാളത്വത്തെ മാറ്റി വാത്മീകി മഹർഷിയാക്കി തീർക്കാൻ സപ്തർഷികൾ രത്നാകരനുപദേശിച്ചു കൊടുത്തത് കേവലം ഒരു രാമമന്ത്രം മാത്രമായിരുന്നു.

രാമനാമജപം കൊണ്ട് കാട്ടാളന് കവി ശ്രേഷ്ഠനായി മാറാൻ സാധിച്ചുവെങ്കിൽ, അത്തരമൊരു സംഭവ ചരിത്രം രാമായണ കഥയിലൂടെ ചരിത്ര സാക്ഷ്യമായി നമുക്കു മുന്നിൽ നിലനില്ക്കുന്നുവെന്നിരിയ്ക്കേ, നമുക്കും ഒരല്പം വിശ്വാസവും ആത്മാർത്ഥതയും ഉൾക്കൊണ്ടു കൊണ്ട് ഒന്നു പരിശ്രമിച്ചു നോക്കാം, രാമനാമ ജപത്തിലൂടെയും ധ്യാനത്തിലൂടെയും സംസാരാർണവം തരണം ചെയ്യുവാനും ജീവിത വിജയം കൈവരിക്കുവാനും .

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ .”

(തുടരും…)

3+

Leave a Reply

Your email address will not be published. Required fields are marked *