വേണു വീട്ടീക്കുന്നു്
തുഞ്ചത്തെഴുത്തച്ഛൻ്റെ, മലയാള ഭാഷാപിതാവിൻ്റെ ഭക്തി സാന്ദ്രമായ അദ്ധ്യാത്മാ രാമായണമാണ് കർക്കടകത്തിൽ ഓരോ ഹൈന്ദവ ഭവനങ്ങളിലും പാരായണത്തിനും ചിന്തകൾക്കും വഴിയൊരുക്കുന്നത്.
അക്ഷരം പഠിച്ചു തുടങ്ങിയാണ് നാം ഓരോ ഭാഷയും സ്വാധീനമാക്കുന്നതെന്നു പറയും. എന്നാൽ ഒരു കുട്ടി ജനിച്ചു കഴിഞ്ഞ് വളർന്നു വരുമ്പോൾ, ക്രമേണയായുള്ള വളർച്ചയുടെ ആദ്യഘട്ടത്തിൽ ആ കുഞ്ഞിൻ്റെ വായിൽ നിന്ന് ആദ്യമായി ഉരുത്തിരിയുന്ന രണ്ടക്ഷരങ്ങൾ “അമ്മ” എന്നവ തന്നെയായിരിയ്ക്കും.
മലയാളത്തിലെ ആധുനിക കവിത്രയത്തിലെ അവിസ്മരണീയനായ മഹാകവി വള്ളത്തോൾ “എൻ്റെ ഭാഷ” എന്ന കവിതയിൽ ഇപ്രകാരം പറയുന്നത് നാമെല്ലാം കേട്ടതാണ്, പഠിച്ചതാണ്.
മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം
ചുണ്ടിന്മേല് അമ്മിഞ്ഞ പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന് ഭാഷതാന്‍
മാതാവിന് വാത്സല്യ ദുഗ്ദം നുകര്‍ന്നാലെ
പൈതങ്ങള് പൂര്‍ണ്ണ വളര്‍ച്ച നേടൂ
അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴെ
നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ.. “
ജനനശേഷം ഒരു കുട്ടി അമ്മയിലൂടെ ലോകം കാണുവാനാരംഭിയ്ക്കുന്നു. അതായത് നാമോരോരുത്തരുടേയും സ്വഭാവ രൂപീകരണത്തിൻ്റെ ആദ്യ സംരംഭം കുറിയ്ക്കുന്നത് അമ്മ തന്നെയാണ്. അമ്മയുടെ മഹത്വത്തെ വാഴ്ത്തി സ്തുതിയ്ക്കുന്ന കൃതിയാണ് ശങ്കരാചാര്യസ്വാമികളുടെ മാതൃപഞ്ചകം. അതിലെ ആദ്യ ശ്ലോകത്തിനു കേരള വ്യാസനെന്ന അപരാഭിധാനത്തിലറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇപ്രകാരം മൊഴിമാറ്റം നടത്തി.
“നില്ക്കട്ടേ പേറ്റുനോവിന് കഥ, രുചി കുറയും കാല, മേറും ചടപ്പും
പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന് കൂലി പോലും
തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍ “
നമ്മളെ ഓരോരുത്തരേയും നമ്മളാക്കി മാറ്റിയ അമ്മയെ ധ്യാനിച്ചു കൊണ്ടു തന്നെ രാമായണത്തെപ്പറ്റിയും അല്പം ചിന്തിയ്ക്കാം.
നാമോരോരുത്തരും കേട്ടതും അറിഞ്ഞതുമായ വസ്തുത രാവണനിഗ്രഹമായിരുന്നു ശ്രീരാമാവതാരത്തിൻ്റെ ആത്യന്തിക ലക്ഷ്യമെന്നതാണ്. ദുഷ്ട ശിക്ഷണവും ശിഷ്ട പരിപാലനവും ലക്ഷ്യമാണെങ്കിൽ കൂടി ശ്രീരാമചന്ദ്രൻ അയോധ്യയിൽ ദശരഥ പുത്രനായി ജനിച്ചു വളർന്ന് ലക്ഷ്യപ്രാപ്തിയിലെത്തുന്നതു വരെയുള്ള ജീവിത ചക്രത്തിൻ്റെ ഓരോ അസന്നിഗ്ദ്ധ ഘട്ടങ്ങളും വിശകലനം ചെയ്യപ്പെടേണ്ടതാണ്. അത്യാഗ്രഹിയായിരുന്നില്ല രാമൻ. കൗസല്യയെന്ന തൻ്റെ പെറ്റമ്മയോളമോ, ഒരു പക്ഷേ അതിലധികമോ സ്നേഹവും ആദരവും ശ്രീരാമചന്ദ്രൻ കൈകേയിയ്ക്കും സുമിത്രയ്ക്കും നല്‍കിയിരുന്നു.എന്നിട്ടും കൈകേയിയുടെ ഉള്ളിലേയ്ക്ക് സ്വാർത്ഥതയുടെ വിഷം കുത്തി വച്ച് ഭരതനെ അയോദ്ധ്യാധിപതിയാക്കാനും അങ്ങനെ രാജമാതാവായി വാഴാനും കൈകേയിയിൽ മോഹമുദിപ്പിച്ച മന്ഥര തന്നെയല്ലേ യഥാർത്ഥത്തിൽ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവിന്നു കാരണക്കാരിയായത്?
അടുത്ത ദിവസം യുവരാജാവാക്കുമെന്ന മോഹന വാഗ്ദാനങ്ങൾ നല്കി കിടത്തിയുറക്കിയ ശേഷം, രാവിലെ ഉണരുമ്പോൾ പതിന്നാലു സംവത്സരങ്ങൾ കാനനവാസം ചെയ്യാനുള്ള താതാജ്ഞയാണ് ശ്രീരാമചന്ദ്രൻ കേൾക്കുന്നത്. നമ്മളിലൊരാളെ ശ്രീരാമൻ്റെ സ്ഥാനത്തു സങ്കല്പിയ്ക്കുക. എന്തായിരുന്നു സംഭവിയ്ക്കുക?
ആയോധന വിദ്യയിൽ അതിനിപുണനും, തീർത്തും ജനസമ്മതനുമായിരുന്ന ശ്രീരാമചന്ദ്രൻ ദശരഥൻ്റെ ആജ്ഞയെ ധിക്കരിയ്ക്കുകയും ആയുധബലത്തിൽ രാജ്യം കീഴടക്കി സ്വയം രാജാവായി അവരോധിയ്ക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിൽ രാമായണ കഥ എന്താകുമായിരുന്നു?
ഒരു പക്ഷേ നമ്മളെ പോലെയുള്ളവരുടെ ജീവിതം പോലെ ഒരു സാധാരണ കുടുംബകഥ മാത്രമായി പര്യവസാനിയ്ക്കുമായിരുന്ന രാമായണത്തെ രാമായണമാക്കി മാറ്റുന്നത് എന്തും ത്യജിയ്ക്കാനുള്ള രാമൻ്റെ ത്യാഗോജ്ജ്വലമായ നിശ്ചയദാർഢ്യം തന്നെയാണ്.
ഏത് അസന്നിഗ്ദ്ധ ഘട്ടങ്ങളിലും വ്യക്തമായ ഉറച്ച തീരുമാനങ്ങളെടുക്കുവാൻ രാമായണം നമുക്കു വഴികാട്ടിയാവട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്, ഏവരേയും രാമായണ പാരായണത്തിലേയ്ക്ക് ശ്രദ്ധ തിരിയ്ക്കുവാൻ പ്രാപ്തരാക്കുവാൻ സർവ്വേശ്വരനോടു പ്രാർത്ഥിയ്ക്കുന്നു….
16.07-2024
(തുടരും..)
എല്ലാവർക്കും രാമായണ മാസാശംസകൾ അർപ്പിക്കുന്നു
ലേഖനം മനോഹരം. അഭിനന്ദനങ്ങൾ
അതെ, അർത്ഥവത്തും ചിന്തനീയവുമായ നല്ല ലേഖനം 🌹