കഴിഞ്ഞ 18 വർഷമായി ഭരത നാട്യ നൃത്ത പഠനത്തിലൂടെയും നാടകക്കളരികളിലൂടെയും ഊതിക്കാച്ചിയെടുത്ത പ്രതിഭയുടെ മികച്ച ഒരു അരങ്ങേറ്റത്തിന് വേദിയായി ഒക്ടോബർ 28 ശനിയാഴ്ച വൈകീട്ട് ഡോംബിവ്‌ലി ഹോളി ഏയ്ഞ്ചൽസ് സ്‌കൂൾ അങ്കണം.
പിഷാരോടി സമാജം മുംബൈ ശാഖാംഗവും, വാർഷികാഘോഷങ്ങളിലെ അനിഷേദ്ധ്യ സാന്നിദ്ധ്യവുമായ ശ്വേത രമേഷ് പിഷാരോടിയായിരുന്നു ആ കലാകാരി. മുംബൈ ശാഖ ഭരണസമിതി അംഗം ആമയൂർ പിഷാരത്ത് രമേഷ്’പിഷാരോടിയുടെയും കാട്ടകാമ്പാൽ പിഷാരത്ത് സിന്ധു രമേഷിന്റെയും പുത്രിയാണ് ശ്വേത.
മുഖ്യാതിഥിയും പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.ഉമ്മൻ ഡേവിഡും ഗോദ്‌റെജ് ബോയ്സിലെ ജന. മാനേജർ ശ്രീ വിനയ് മെഹ്ത്തയും ഗുരു രാധിക നായരും, പിഷാരോടി സമാജം മുംബൈ ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയും ചേർന്ന് നടരാജ വിഗ്രഹത്തിനു മുമ്പിൽ ഭദ്രദീപം തെളിയിച്ചതോടെ അരങ്ങേറ്റ സന്ധ്യ പ്രകാശ പൂരിതമായി.
മുംബൈയിലെ വാനമ്പാടി സന്ധ്യ രമേഷ് പിഷാരോടി വാദ്യവൃന്ദത്തിന്റെ മികച്ച അകമ്പടിയോടെ ആലപിച്ച ഒരു ഗണേശ സ്തുതിയോടെ അരങ്ങുണർന്നു. രാഗമാലിക രാഗത്തിൽ ചിട്ടപ്പെടുത്തിയ പുഷ്പാഞ്ജലിയോടെയായിരുന്നു ശ്വേത അരങ്ങിലെത്തിയത്.
തുടർന്ന് ഒരു അരങ്ങേറ്റത്തിന്റെ ചിട്ടയായ മാർഗ്ഗങ്ങളിലൂടെ അലാരിപ്പ്, ശബ്ദം, വർണ്ണം, ശ്ലോകം, പദം, കാവടി ചിന്ത്, തില്ലാന എന്നിങ്ങനെയുള്ള വിവിധ ഭൂമികകളിലൂടെ സഞ്ചരിച്ചു കൊണ്ട് നർത്തകി തന്റെ പ്രാവീണ്യം ലോകസമക്ഷം കാഴ്ചവെച്ചു കൊണ്ട് കാണികളുടെ മുക്ത കണ്ഠ പ്രശംസ നേടി.
ശ്വേതയുടെ ഗുരു രാധിക പ്രേമാനന്ദ് നായർ മുംബയിലെ പ്രശസ്ത നൃത്ത മഹാ വിദ്യാലയമായ നളന്ദയിലെ നൃത്ത വിഭാഗത്തിലെ പ്രൊഫസറും, ഭരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി എന്നീ നൃത്ത രൂപങ്ങൾ ശാസ്ത്രീയമായി അഭ്യസിച്ചവതരിപ്പിക്കുന്ന, നൃത്ത വേദികളിൽ നട്ടുവാംഗവും ആലാപനവും സമർത്ഥമായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു പ്രതിഭയാണ്. ഗുരു രാധികയുടെ നൃത്തവിദ്യാലയം ഭരതകലാലയത്തിലെ വിദ്യാർത്ഥിയും ഗുരുവിന്റെ സഹാധ്യാപികയുമാണ് ശ്വേത.
ഏതൊരു നർത്തകിയെയും പോലെ ശ്വേതയും ഈ അരങ്ങേറ്റത്തിലൂടെ കലാലോകത്തേക്കുള്ള ഉജ്ജ്വലമായൊരു യാത്രയാണ് സ്വപ്നം കാണുന്നത്.
ശ്വേതക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീ ദളത്തിന്റെയും അഭിനന്ദനങ്ങളും മികച്ച ഒരു നർത്തകിയാകാനുള്ള ആശംസകളും.
ആശംസകൾ 🙏❤️🙏
Congratulations and all the best in your journey
ശ്വേതാ രമേഷിന് അഭിനന്ദനങ്ങൾ.
കുമാരി ശ്വേതാ രമേശിന് ഞങ്ങളുടെ അഭിനന്ദനങ്ങൾ ! കൂടെ ആശംസകളും
ഡോക്ടർ ഉമ്മൻ ഡേവിഡ് & ഫാമിലി
ശ്വേതക്കു അഭിനന്ദനങ്ങൾ 🌹 നല്ല ഒരു കലാ ജീവിതവും ആശംസിക്കുന്നു 🙏