മുംബൈ ശാഖ 41 മത് വാർഷിക പൊതുയോഗം

മുംബൈ ശാഖയുടെ 41 മത് വാർഷിക പൊതുയോഗം 23-07-2023 രാവിലെ 10.30 AMനു വീഡിയോ കോൺഫറൻസ് വഴി കൂടി.

ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗത്തിൽ 53 ഓളം ലോഗിനുകളിലൂടെ 100ഓളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ശ്രീമതി വത്സല കൃഷ്ണകുമാറിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കഴിഞ്ഞ ഒരു വർഷക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

പ്രസിഡണ്ട് യോഗത്തിൽ സന്നിഹിതരായ എല്ലാ അംഗങ്ങൾക്കും സ്വാഗതമാശംസിച്ചു. സമാജം പ്രവർത്തനങ്ങളിൽ സ്ത്രീകളും യുവാക്കളും മുന്നോട്ടു വരണമെന്ന് സ്വാഗത പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു.

തുടർന്ന് സഭാ നടപടികളായ മുൻ യോഗ റിപ്പോർട്ട് അവതരണം, ശാഖയുടെ വാർഷിക റിപ്പോർട്ട് അവതരണം എന്നിവ സെക്രട്ടറിയും, ഓഡിറ്റ് ചെയ്‌തംഗീകാരം ലഭിച്ച കണക്കവതരണം ഖജാൻജിയും നിർവ്വഹിച്ചു. യോഗം അവയെല്ലാം അംഗീകരിച്ചു.

2023-2024 സാമ്പത്തിക വർഷത്തേക്കുള്ള ഇന്റെണൽ ഓഡിറ്ററായി ശ്രീ കെ ഭരതനെ തിരഞ്ഞെടുത്തു.

2023-2024 സാമ്പത്തിക വർഷത്തേക്കുള്ള സ്റ്റാറ്റുട്ടറി ഓഡിറ്റർ ആയി M/s ഉണ്ണികൃഷ്ണൻ & കമ്പനിയെയും തിരഞ്ഞെടുത്തു.

ഭരണ സമിതിയിലേക്ക് പുതുതായി ആരും മുന്നോട്ട് വരാത്ത സ്ഥിതിക്ക് ഡോംബിവില്ലിയിൽ നിന്നുള്ള ശ്രീമതി വിജയലക്ഷ്മി രവിയെ കൂടി ഭരണ സമിതിയിൽ ഉൾപ്പെടുത്തി പഴയ ഭാരവാഹികൾ തന്നെ ഒരു കാലാവധി കൂടി തുടരട്ടെയെന്ന് യോഗത്തിൽ തീരുമാനമായി.

കേന്ദ്ര ഭാരവാഹികളായ ശ്രീ. R P രഘുനന്ദനനും, ഡോ. പി ബി രാംകുമാറും, ശ്രീ കെ പി ഗോപകുമാറും ആശംസാ പ്രസംഗങ്ങൾ നടത്തി. പെൻഷൺ ഫണ്ടിന് മുംബൈ ശാഖയിൽ നിന്ന് കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ച വമ്പിച്ച പ്രതികരണം തുടർന്നും പ്രതീക്ഷിക്കുന്നതായും അതിലേക്ക് ആവും വിധം സംഭാവനകൾ നൽകി സഹായിക്കണമെന്ന് ഡോ. പി ബി രാംകുമാർ അംഗങ്ങളോട് അപേക്ഷിച്ചു.

ഈ വർഷത്തെ ശാഖയുടെ വാർഷികാഘോഷങ്ങൾ ഓഫ് ലൈൻ ആയി തന്നെ നടത്താമെന്ന കലാവിഭാഗത്തിന്റ അഭിപ്രായം മാനിച്ച് അപ്രകാരം മുന്നോട്ട് പോകുവാൻ തീരുമാനിച്ചു. സ്ഥലവും ദിവസവും നിശ്ചയിച്ച് അടുത്ത ഭരണ സമിതി യോഗത്തിൽ അറിയിക്കുവാൻ കലാ വിഭാഗത്തെ ചുമതലപ്പെടുത്തി.

ശാഖ കഴിഞ്ഞ വർഷം നടത്തിയ ക്ഷേമ പ്രവർത്തനങ്ങളെ പറ്റി ഖജാൻജി യോഗത്തെ അറിയിച്ചു. ഈ വർഷവും ആവശ്യമുള്ള അംഗങ്ങൾക്ക് കഴിയുന്ന സഹായങ്ങൾ നൽകുന്നുണ്ടെന്നും അറിയിച്ചു.

സമാജം വെബ്‌സൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന രാമായണ പാരായണത്തെ കുറിച്ച് വെബ് അഡ്മിൻ യോഗത്തിൽ വിശദീകരിച്ചു.

ശാഖാ ഡയറക്ടറി പുതുക്കേണ്ടതിന്റെ ആവശ്യകത ശ്രീ ഹരിദാസ് പിഷാരോടി ചൂണ്ടിക്കാട്ടി, വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന് ഭാരവാഹികൾ യോഗത്തെ അറിയിച്ചു.

ശാഖാപിക്നിക്കുകൾ നടത്തിയിട്ട് ഏറെ വർഷങ്ങളായെന്നും അക്കാര്യം കൂടി ചിന്തിക്കേണ്ടതാണെന്നും ശ്രീ കെ പി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

തുടർന്ന് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ 12 മണിയോടെ യോഗം സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *