പിഷാരോടി സമാജം വെബ് സൈറ്റ് അഡ്മിൻ ശ്രീ മുരളി വട്ടേനാട്ട് എഴുതിയ ഓർമ്മച്ചിത്രങ്ങൾ, മുംബൈ ബാച്ചിലർ ജീവിതം , ഒരു നുണയും കുറെ സത്യങ്ങളും എന്നീ മൂന്നു പുസ്തകങ്ങൾ ബഹു. തൃശൂർ എം. പി ശ്രീ ടി. എൻ. പ്രതാപൻ പ്രകാശനം ചെയ്തു.
01-04-2023 ശനിയാഴ്ച്ച വൈകീട്ട് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന യോഗത്തിൽ വലിയൊരു സദസ്സിനെ സാക്ഷ്യമാക്കി എഴുത്തുകാരനും തുളസീ ദളത്തിൽ പ്രസിദ്ധീകരിച്ചു വരുന്ന പൈതൃകപ്പഴമ എന്ന എന്ന പംക്തിയിലൂടെ സമുദായത്തിലെ ഗുരു വര്യന്മാരെ പുതിയ തലമുറക്ക് പരിചയപ്പെടുത്തി ക്കൊണ്ടിരിക്കുന്ന ശ്രീ സുരേഷ് ബാബുവിന് പുസ്തകങ്ങൾ കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.
കൊല്ലം ചാത്തനൂരിലുള്ള സുജിലീ പ്രിന്റേഴ്സ് ആണ് മുദ്രണം നിർവ്വഹിച്ചിരിക്കുന്നത്.
ശ്രീമതി വന്ദന അജയിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷനായിരുന്നു. ചടങ്ങ് നിയന്ത്രിച്ചത് ശ്രീമതി സാവിത്രി നന്ദകുമാറാണ്.
ശ്രീ മുരളിയുടെ സ്കൂൾ, കലാലയ വിദ്യാഭ്യാസ കാലത്തെ സഹപാഠികൾ, സമാജം അംഗങ്ങൾ, കുടുംബാംഗങ്ങൾ, ബന്ധു മിത്രാദികൾ, സാഹിത്യ കുതുകികൾ എന്നിവരടക്കം വലിയൊരു സദസ്സിന്റെ സാന്നിദ്ധ്യത്തിലാണ് പ്രകാശന കർമ്മം നടന്നത്.
എം പി ആയ ശേഷം ശ്രീ പ്രതാപൻ ഏറ്റെടുത്ത ഒരു ദൗത്യം, ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ സംഘടിപ്പിച്ചു നൽകലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ശ്രീ മുരളിയും കുടുംബവും ചേർന്ന് ഏകദേശം പത്തോളം വിവിധ ഗ്രന്ഥകാരന്മാരുടെ പുസ്തകങ്ങൾ അദ്ദേഹത്തിന് നൽകി. ഒരു പുസ്തക പ്രേമിയും എഴുത്തുകാരനും കൂടിയായ പ്രതാപൻ ഇത്തരത്തിൽ സ്വരൂപിക്കുന്ന പുസ്തകങ്ങൾ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഗ്രന്ഥ ശാലകൾക്ക് സൗജന്യമായി നൽകുകയാണ് ചെയ്യുന്നത്.
പ്രകാശനം നിർവ്വഹിച്ച് സദസ്സിനോട് സംവദിച്ച ശ്രീ പ്രതാപൻ ശ്രീ മുരളിയും മറ്റു സഹപാഠികളുമൊത്തുള്ള തന്റെ കലാലയ ഓർമ്മകൾ പങ്കു വെച്ചു. അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തെ “സോക്രട്ടീസിന്റെ വിചാരണയും മരണവും” എന്ന പ്രശസ്തമായ കൃതിയിലൂടെ വായനയുടെ ലോകത്തേക്ക് നയിച്ച വർഗ്ഗീസ് മാഷുടെ പ്രോത്സാഹനത്തെക്കുറിച്ചും, പിന്നീട് ഇന്നേ വരെയുള്ള ഒരു സാഹിത്യ കുതുകിയെന്ന നിലയിലുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങൾ പങ്കു വെച്ചു.ശ്രീ മുരളി വട്ടേനാടിന് ശോഭനമായ ഒരു സാഹിത്യ ജീവിതം ആശംസിക്കുകയും ചെയ്തു.
തുടർന്ന് ആമുഖ പ്രസംഗം നിർവ്വഹിച്ച തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ മുരളിയുടെ എഴുത്തിലൂടെ നാം നമ്മെത്തന്നെ വായിക്കുകയാണ്, നമ്മെ ഗതകാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവാനുള്ള ശക്തി അദ്ദേഹത്തിന്റെ രചനകൾക്കുണ്ടെന്ന് പറയുകയുണ്ടായി.
പുസ്തക പരിചയം നടത്തിയ ശ്രീ സുരേഷ് ബാബു വിളയിൽ ഓർമ്മക്കുറിപ്പുകളിൽ ശ്രദ്ധേയമായത് മുംബൈ ബാച്ചിലർ ജീവിതം എന്ന പുസ്തകമാണെന്ന് അഭിപ്രായപ്പെട്ടു. എൺപതുകളിലെ ക്ഷുഭിത-തൊഴിൽ രഹിത യുവത്വത്തിന്റെ നിവൃത്തികേടുകളും, ജോലി തേടിയുള്ള നഗരങ്ങളിലേക്കുള്ള പലായനത്തിന്റെയും നേർ സാക്ഷ്യമാണ് ഓരോ അദ്ധ്യായവും എന്നും, അവരവിടെ അനുഭവിച്ച നഗരനുഭവങ്ങൾ ഇന്നത്തെ തലമുറക്ക് കൂടി അനുഭവ വേദ്യമാക്കുന്നതാണ് ഈ പുസ്തകമെന്നും അഭിപ്രായപ്പെട്ടു. കൂടാതെ ഓരോ കാലഘട്ടത്തെ കുറിച്ച് വിവരിക്കുമ്പോഴും അക്കാലത്തെ പ്രധാന സംഭവങ്ങളെയും അദ്ദേഹം ഇതിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ടെന്നും പറയുകയുണ്ടായി. വളരെ കുറച്ചേ എഴുതിയിട്ടുള്ളുവെങ്കിലും കഥകളിൽ ചിലത് മികച്ച നിലവാരം പുലർത്തുന്നവയാണ്, പ്രത്യേകിച്ച് ലക്ഷ്മണ രേഖ, ആയില്യക്കള്ളൻ എന്നിവ എന്നും അഭിപ്രായപ്പെട്ടു. അതെ സമയം എഡിറ്റിംഗിൽ കുറച്ചു കൂടി ശ്രദ്ധ വേണ്ടിയിരുന്നുവെന്ന അഭിപ്രായവും പങ്കു വെച്ചു.
വെബ് അഡ്മിൻ, മുംബൈ ശാഖയുടെ സജീവ പ്രവർത്തകൻ എന്ന നിലയിൽ മാത്രമാണ് താൻ മുരളിയെ അറിഞ്ഞിരുന്നതെന്നും മുരളിയിലൊരു എഴുത്തുകാരൻ ഉണ്ടെന്ന് അറിയാനിടയായത് ഈയിടെയാണെന്നും പറഞ്ഞു കൊണ്ട് സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി മുരളിയുടെ സാഹിത്യ ജീവിതത്തിന് ആശംസകൾ നേർന്നു.
കോളേജ് സഹപാഠിയായ ഇ എൻ ആർ ഷാജകുമാർ കോളേജ് ദിവസങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചത് സദസ്സിന് വളരെ ഹൃദ്യമായയൊരനുഭവമായി. കോളേജ് പഠന ശേഷം നവ മാദ്ധ്യമങ്ങളിലൂടെ വീണ്ടും ബന്ധം പുനഃസ്ഥാപിക്കാനായതും പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഗതകാല സ്മരണകൾ പങ്കു വെക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പൊതുവെ എഴുത്തുകാരെക്കുറിച്ചു സമൂഹത്തിനുള്ള മിഥ്യാ ധാരണക്കപ്പുറം, താനറിയുന്ന മുരളിയേട്ടൻ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിലും, വെബ് അഡ്മിൻ എന്ന നിലയിലും അങ്ങേയറ്റം ചിട്ടയോടെ പ്രവർത്തിക്കുന്ന ഒരാളാണെന്നും, അങ്ങിനെയുള്ളവർക്കും വഴങ്ങുന്ന ഒരു മേഖലയാണ് എഴുത്തെന്നും അദ്ദേഹം നമുക്ക് കാണിച്ചു തന്നിരിക്കുകയാണെന്നും പറഞ്ഞു കൊണ്ടാണ് സമാജം ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ ആശംസകൾ നേർന്നത്.
ശ്രീ മുരളിയുടെ ബാല്യകാല സുഹൃത്തായ ശ്രീ വിജയൻ ചെറുകര അവർക്കിടയിലെ ബാല്യകാലാനുഭവങ്ങളിലൂടെ താനും ഈ പുസ്തകങ്ങളിൽ ഒരു കഥാപാത്രമായി നിറയുന്നതിലുള്ള സന്തോഷം പങ്കു വെച്ചു.
തുടർന്ന് മറുമൊഴിക്കായി എത്തിയ മുരളി എങ്ങിനെ താൻ എഴുത്തിന്റെ വഴിയിലേക്ക് എത്തിയെന്നും ഇതു വരെ തനിക്ക് കിട്ടിയ പ്രോത്സാഹങ്ങൾക്കും, പുസ്തക പ്രകാശന ചടങ്ങ് വിജയിപ്പിച്ച ഓരോരുത്തർക്കും സമുചിതമായി നന്ദി പ്രകാശിപ്പിച്ചു.
പുസ്തക പ്രകാശനം – കൂടുതൽ ഫോട്ടോസ് https://vattenadan.blogspot.com/2023/04/blog-post.html
Congratulations to Murali for your wonderful achievement that too within the hectic life of Mumbai. Wish you many more laurels in the years to come. God bless you and your family.
Another Murali of Mumbai
Congratulations Mr Murali.
Congrats.
Great job indeed.
Congratulations…Good work 👍