14/11/22 ന് തൃശൂർ രവികൃഷ്ണ തീയേറ്ററിലാണ് കുടുംബ സമേതം ഏതം ചിത്രം കണ്ടത്.
സമാജം പ്രസിഡണ്ട് എ. രാമ ചന്ദ്ര പിഷാരോടി, ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ എന്നിവരും കുടുംബ സമേതം തന്നെ എത്തിയിരുന്നു.
ശ്രീ പ്രവീൺ ചന്ദ്രൻ മൂടാടി കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച ഏതം കണ്ടു തീർന്നപ്പോൾ സന്തോഷത്തോടെ ചിന്തിച്ചത് ഇതൊരു ശ്രവണച്ചിത്രം തന്നെയാണല്ലോ എന്നാണ്. നായികക്കും നായകനും തുല്യ പ്രധാന്യമുള്ള ചിത്രം.
ചിത്രം കണ്ട് പുറത്തേക്കിറങ്ങുമ്പോൾ നിങ്ങളുടെ മനസ്സിനൊപ്പം ശ്രവണയുടെ അനിതയും കൂടെപ്പോരും. അത്രക്കും ഉൾക്കൊണ്ട് ശ്രവണ ആ കഥാ പാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. അഭിനേത്രിയുടെ കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്താൻ നല്ല സാദ്ധ്യതയുള്ള കഥാ പാത്രമാണ് അനിത. അനിത ഒന്നാന്തരമൊരു നർത്തകിയാണ്. കുസൃതിക്കാരിയാണ്. പ്രണയം തുളുമ്പുന്ന കാമുകിയാണ്. നഷ്ട പ്രേമത്തിന്റെ വിരഹാതുരയതയാൽ നീറുന്ന ദു:ഖിതയാണ്. തികച്ചും പക്വത വന്ന ഭാര്യയാണ്. വാത്സല്യമയിയായ അമ്മയാണ്. ഈ ഓരോ ഘട്ട ഭാവങ്ങളും ശ്രവണ ഒരു സീനിയർ കലാകാരിയുടെ തന്മയത്തത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ശ്രവണയുടെ രണ്ടാമത്തെ ചിത്രമാണിതെന്നോർക്കണം ൾ.അഭിനന്ദനങ്ങൾ ശ്രവണ. ഇനിയും ഇതുപോലെ ശക്തമായ കഥാപാത്രങ്ങൾ ശ്രവണയെ തേടിയെത്തട്ടെ.
നായകനായ പ്രദീപിനെ ജീവസ്സുറ്റതാക്കുന്നത് സിദ്ധാർത്ഥ് ആണ്. നല്ല ഭാവിയുള്ള, കഴിവുറ്റ നടനാണ് എന്ന് ഏതത്തിലൂടെ സിദ്ധാർത്ഥ് തെളിയിക്കുന്നു.
അഭിനേതാക്കളെല്ലാവരും തങ്ങളുടെ വേഷങ്ങൾ നന്നാക്കിയിട്ടുണ്ട്. ശ്രീ ജയ പ്രകാശിന്റെ ക്യാമറ ശ്രദ്ധേയമാണ്. സന്ദർഭാനുസരണമുള്ള ഗാനങ്ങളും സംഗീതവും ചിത്രത്തിന്റെ മുതൽക്കൂട്ട് തന്നെ.
തീർച്ചയായും തിയേറ്ററിൽ ഒരു പ്രാവശ്യം കാണാവുന്ന കുടുംബ ചിത്രമാണ് ഏതം.
ചിത്രത്തിന്റെ പരസ്യ വിഭാഗം കുറച്ചു പുറകിലാണ് എന്ന് തോന്നുന്നു.
-ഗോപൻ