കൊടകര ശാഖ ആസൂത്രണം ചെയ്ത വിനോദ യാത്ര ഏറെ ഉത്സാഹത്തോടെ 16-10-2022 ഞായറാഴ്ച നടന്നു.
ഏവരുടെയും സമയക്രമം പാലിച്ചുള്ള പൂർണ്ണ സഹകരണത്താൽ ശാഖയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പങ്കാളികളായി 43 പേരടങ്ങിയ സംഘം രാവിലെ 7 മണിക്ക് കോടാലി, തുടർന്ന് കൊടകര, പോട്ട, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നായി വാഹനത്തിൽ ഒത്തു ചേർന്നതിനു ശേഷം ലക്ഷ്മിയുടെ ഭക്തി സാന്ദ്രമായ പ്രാർത്ഥനയോടെ യാത്ര തുടങ്ങി. തുടർന്ന് ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തി. പിന്നീട് ഓരോരുത്തരുടെയും ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന കലാവാസനകൾ പുറത്തെടുത്ത്, പാടിയും ആടിയും മുന്നോട്ട് നീങ്ങി. ഇടക്കൊരു ഇടവേള ഒരുക്കി പ്രഭാത ഭക്ഷണം. 10 മണിയോടെ കടുത്തിരുത്തി ക്ഷേത്രത്തിലെത്തി. വൈക്കത്തപ്പനെയും ഏറ്റുമാനൂരപ്പനെയും തൊഴാൻ കഴിയുന്ന കടുത്തുരുത്തി അമ്പലത്തിൽ ദർശന ശേഷം അടുത്ത് 4.5 km ദൂരത്തുള്ള കേരളത്തിലെ ഏക സൂര്യ ക്ഷേത്രമായ ആദിത്യപുരം ക്ഷേത്രത്തിലും ദർശനം നടത്തി.
അവിടെനിന്നും കേരളത്തിലെ ആദ്യ ആഗ്രികൾച്ചറൽ തീം പാർക്ക് ആയ മാംഗോ മെഡോസിലേക്ക്. സാധാരണ അമ്യൂസ്മെന്റ് പാർക്ക് ആണെന്ന് കരുതി വരുന്നവർ വരാതിരിക്കുകയാണ് ഉത്തമം എന്ന ബോർഡ് ആദ്യം നമുക്ക് ഒരു സംശയം ജനിപ്പിക്കും. പക്ഷെ ഉള്ളിലെത്തിയാൽ സംശയം ദൂരീകരിക്കപ്പെടും. 400 രൂപയാണ് ശനി, ഞായർ ദിസങ്ങളിലെ എൻട്രി ഫീ. സാധാരണ ദിവസങ്ങളിൽ 350/-. കൂടാതെ അകത്തേക്കു ഭക്ഷണ സാധനങ്ങൾ അനുവദനീയമല്ല. എന്നാൽ അതിനുള്ളിൽ മിതമായ നിരക്കിൽ നല്ല ഭക്ഷണം ലഭ്യമാണ്. 12.10 ന് എത്തിയതിനാൽ guide കൂടെ വന്നുള്ള സന്ദർശനം കഴിയുമ്പോൾ ഭക്ഷണം വൈകേണ്ട എന്നതിനാൽ ആദ്യം ഉച്ച ഭക്ഷണം. വിഭവങ്ങൾ ഏവർക്കും ആസ്വാദ്യകരം ആയിരുന്നു.
തുടർന്ന് പാർക്ക് സന്ദർശനം. വിവിധ ഇനം ഫല/അപൂർവ്വ ഔഷധ സസ്യങ്ങളും, വൃക്ഷങ്ങളും നിറഞ്ഞ ഉദ്യാനം മനോഹരമായും ഒപ്പം പ്രകൃതിയോട് ഏറ്റവും ഇണങ്ങുന്ന രീതിയിലും സജ്ജമാക്കിയിരിക്കുന്നു. ഒരു സസ്യവും പാഴല്ല അഥവാ പാഴാക്കാനുള്ളതല്ല എന്ന ആപ്ത വാക്യത്തോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഓരോന്നും വിശദീകരിച്ച് guide ഒപ്പമുണ്ടായിരുന്നു. ഗൈഡ് എല്ലാം വിശദീകരിച്ചതിനു ശേഷം അംഗങ്ങൾക്ക് നടന്നു കാണാനും ആസ്വദിക്കാനുമുള്ള സമയം, സന്ദർഭവും നൽകിയിരുന്നു. വിശാലമായ മത്സ്യക്കുളം, മീനൂട്ട് പാലം, പെഡൽ ബോട്ടിലും കൊട്ട വഞ്ചിയിലും യാത്ര, നാടൻ തേക്ക് പാട്ടിനൊപ്പം ചക്രപ്പുരയിലെ തേവൽ (പണ്ട് കാലങ്ങളിൽ നെൽപ്പാടങ്ങളിൽ വെള്ളം തേവാൻ ഉപയോഗിച്ചിരുന്നത്), അമ്പെയ്ത്ത്, ഷൂട്ടിങ്, സൈക്ലിംഗ്, വാച്ച് ടവർ, യന്ത്ര ഊഞ്ഞാലുകൾ, കുട്ടികൾക്ക് പ്രത്യേക കളിസ്ഥലങ്ങൾ, valentine കോർണർ, നാടൻ ചൂണ്ടയിടൽ, പക്ഷി നിരീക്ഷണ സൗകര്യം, വിവിധ മാതൃകകളിലും പ്രകൃതിയോട് ചേർന്നു നിൽക്കുന്നതുമായ രീതിയിലുള്ള പ്രതിമകൾ, പരിപാടികൾ അവതരിപ്പിക്കാനുള്ള പൊതുവേദി, കോട്ടേജുകൾ, പരശുരാമ പ്രതിമ, കാവും കുളവും, ലോകത്തിലെ തന്നെ വലിയ ബൈബിൾ statue, കുട്ടികളുടെ പ്രിയങ്കരമായ ബാലരമ കഥാപാത്രങ്ങൾ, നാടൻ തട്ടുകട, public and പ്രൈവറ്റ് pool, ഷിക്കാര ബോട്ടിങ്, ഇലക്ട്രിക് കാർബൺ രഹിത വാഹനങ്ങൾ എന്നിങ്ങനെ വിവിധ ദൃശ്യങ്ങളും സൗകര്യങ്ങളും എല്ലാവരും ഉപയോഗപ്പെടുത്തുകയും ആസ്വദിക്കുകയും ചെയ്തു. ചിലതിനെല്ലാം പ്രത്യേക ഫീ നൽകണമെന്ന് മാത്രം. പാരമ്പര്യ കളിമൺ പാത്ര നിർമ്മാണം, കയർ-കര കൗശലങ്ങൾ എന്നിവ കാണുകയും പരിശ്രമിക്കുകയും ചെയ്യുന്നതിനും സമയം ലഭിച്ചു. ശരിക്കും നടന്നും കളിച്ചും തിമിർത്തും 5 മണിക്കൂറുകൾ കഴിഞ്ഞത് അറിഞ്ഞില്ല. പലർക്കും മടങ്ങാൻ അല്പം മടി തോന്നുമെങ്കിലും 5 മണിക്ക് പാർക്ക് അടക്കും എന്നതിനാൽ വിട പറഞ്ഞെ മതിയാകൂ. മനസ്സ് നിറഞ്ഞു മഹിളകൾ ആനന്ദ തിരുവാതിര ചുവടു വച്ചത് മറ്റ് സന്ദർശകർക്കും അവിടുത്തെ പ്രവർത്തകർക്കും കൗതുകവും അത്ഭുതവുമായി. ആവശ്യക്കാർക്ക് വിവിധ പച്ചക്കറികളും ചെടികളും മറ്റ് കരകൗശല വസ്തുക്കളും ലഭ്യമാണ് . പ്രവേശന കവാടത്തിനു മുന്നിലെ ആലിലചിത്രത്തിനു മുന്നിലെ ഫോട്ടോ ഷൂട്ടോടെ mango meadows ൽ നിന്നും 5 മണിക്ക് ഇറങ്ങി.
മടക്ക യാത്രയിൽ ഏറെ ദൂരത്തല്ലാത്ത മള്ളിയൂർ ഗണപതി ക്ഷേത്ര ദർശനം നടത്തി.
തിരിച്ചുള്ള യാത്രയിലും ഊർജ്ജസ്വലതയോടെയുള്ള പാട്ടും ഡാൻസും അന്താക്ഷരിയും യാത്രയെ വർണാഭമാക്കി. മഴയും വഴിയിലെ ചില പ്രാദേശിക അസൗകര്യങ്ങളും യാത്രയെ കൂടുതൽ ദൈർഘ്യമുള്ളതാക്കിയെങ്കിലും ആ ഓരോ നിമിഷവും ബസിൽ എല്ലാവരും ആഘോഷമാക്കി. നല്ലൊരു നെയ്റോസ്റ്റു കൂടി ശരവണയിൽ നിന്നും അകത്താക്കി ഏറെ സുരക്ഷിതമായി യാത്രയിൽ ഉടനീളം സഹകരിച്ച ഡ്രൈവർക്കും സഹായിക്കും നന്ദി പറഞ്ഞും പരസ്പരം യാത്ര പറഞ്ഞും കൂടുതൽ വിനോദയാത്രകൾക്കായ് ആവശ്യപ്പെട്ടും 10.30 ഓടെ സ്വഗൃഹങ്ങളിൽ എത്തി.
സുരക്ഷിതവും സുന്ദരവുമായ ഒരു ദിനം, യാത്ര എന്നിവ എന്നും ഓർമയിൽ തങ്ങി നില്കും പ്രകാരം നടത്തിയതിന് സഹകരിച്ച എല്ലാ അംഗങ്ങൾക്കും നന്ദി.
യാത്രയുടെ ചിത്രങ്ങൾ കാണുവാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://samajamphotogallery.blogspot.com/2022/10/kodakara-picnic-2022.html
സെക്രട്ടറി
കൊടകര ശാഖ