എറണാകുളം ശാഖ 2022 സെപ്‌റ്റംബർ മാസ യോഗവും ഓണാഘോഷവും

എറണാകുളം ശാഖയുടെ 2022 സെപ്‌റ്റംബർ മാസ യോഗവും ഓണാഘോഷവും ശാഖ പ്രസിഡണ്ട് ശ്രീ ദിനേശിന്റെ വസതിയായ മുക്കോട്ടിൽ തെക്കേ പിഷാരത്ത് വെച്ച് സെപ്‌റ്റംബർ 18, ഞായറാഴ്ച രാവിലെ 10 മണി മുതൽ നടത്തി. അംഗങ്ങളുടെ മികച്ച പങ്കാളിത്തം കൊണ്ടും കൂട്ടായ്മ കൊണ്ടും ഗൃഹാതുര സ്മരണകൾ നിറച്ച ഒരു ആഘോഷ ദിനമായിരുന്നു ഈ വർഷത്തെ ഓണാഘോഷം.

മുക്കോട്ടിൽ പിഷാരത്തെ കുട്ടികൾ ചേർന്ന് ഒരുക്കിയ, സമാജത്തിന്റെ ലോഗോ ഉൾക്കൊള്ളിച്ചു കൊണ്ട് തീർത്ത പൂക്കളം വളരെയധികം പ്രശംസ അർഹിക്കുന്ന ഒന്നായിരുന്നു.

ശ്രീമതി ഉഷയുടെയും കുമാരി ശ്രീലക്ഷ്മി സന്തോഷിന്റേയും നാരായണീയ പാരായണത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന വാശിയേറിയ മാലകെട്ടു മത്സരത്തിൽ മുക്കോട്ടിൽ പിഷാരത്ത് ശ്രീ മുരളീധരൻ വിജയിയായപ്പോൾ, ശ്രീമതി ജയശ്രീയും, ശ്രീമതി ഉഷ നാരായണനും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിനർഹരായി. ഒപ്പം നടത്തിയ ചിത്രരചനാ മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ നീരജ രഘുവും, സത്യജിത്തും വിജയികളായപ്പോൾ, മുതിർന്നവരുടെ വിഭാഗത്തിൽ ശ്രീമതി സിന്ധു രഘു, പാർവതി നന്ദകുമാർ, നിത്യ രഘു എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനം കരസ്ഥമാക്കി വിജയികളായി.

കുമാരി ദീപ്തി ദിനേശിന്റെ പ്രാർത്ഥനയ്ക്ക് ശേഷം ശാഖ രക്ഷാധികാരി ശ്രീ കെ എൻ ഋഷികേശ്, പിഷാരോടി സമാജത്തിന്റെ സ്ഥാപക അംഗവും ആദ്യത്തെ ജനറൽ സെക്രട്ടറിയുമായ ശ്രീ കെ എ പിഷാരോടി, PE & WS സെക്രട്ടറി ശ്രീ രാംകുമാർ, ശാഖ പ്രസിഡന്റ് ശ്രീ ദിനേശ്, വൈസ് പ്രസിഡണ്ട് ശ്രീമതി അനിത രവീന്ദ്രൻ എന്നിവർ ചേർന്ന് ഭദ്ര ദീപം തെളിയിച്ചു കൊണ്ട് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ശ്രീമതി മിനി മന്മഥന്റെയും ശ്രീ സതീശനുണ്ണിയുടെയും നേതൃത്വത്തിൽ കലാവിരുന്ന് ആരംഭിച്ചു. കലാവിരുന്നിൽ ഓണപ്പാട്ടുകളും, നൃത്തവും, തിരുവാതിരകളിയും മികച്ച നിലവാരം പുലർത്തുകയുണ്ടായി. കൂടാതെ ശാഖ അംഗങ്ങൾ നടത്തിയ ഓണപ്പാട്ടുകൾ കോർത്തിണക്കിയ ഗ്രൂപ്പ് സോങ്ങും, യുവജനങ്ങൾ നടത്തിയ വഞ്ചിപ്പാട്ടും കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രാക്ടീസ് ചെയ്തു അവതരിപ്പിച്ച തിരുവാതിരകളിയും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി. യുവതലമുറ ഇത്തരത്തിൽ മുന്നോട്ടു വന്നത് വളരെയധികം സന്തോഷം നൽകുന്നു.

കലാവിരുന്നിനു ശേഷം യോഗനടപടികളുടെ ഭാഗമായി ഗൃഹനാഥൻ കൂടിയായ പ്രസിഡണ്ട് ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞവരെ അനുസ്മരിച്ചതിനു ശേഷം അദ്ധ്യക്ഷൻ ഏവർക്കും ഓണാശംസകൾ നേർന്നു. സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചതും, ട്രഷറർ കണക്കവതരിപ്പിച്ചതും യോഗം പാസ്സാക്കി. തുടർന്ന് എറണാകുളം ശാഖ നൽകി വരുന്ന പത്ത്/ പ്ലസ് ടു/ ഡിഗ്രി അവാർഡ് വിതരണം നടന്നു. ഈ വർഷത്തെ CBSE 10 – ആം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സാരംഗ് സതീഷ് ചേരാനെല്ലൂർ സി പി രാധാകൃഷ്ണൻ മെമ്മോറിയൽ അവാർഡിനർഹനായപ്പോൾ, കുമാരി പാർവതി നന്ദകുമാർ ചേരാനെല്ലൂർ പത്മ പിഷാരസ്യാർ മെമ്മോറിയൽ അവാർഡിന് അർഹയായി. ഇരുവർക്കും പ്രശസ്തിഫലകവും ക്യാഷ് അവാർഡും ശ്രീ സി പി രഘുനാഥും, സതി രഘുനാഥും ചേർന്ന് നൽകി. തുടർന്ന് ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുമാരി ദീപ്തി ദിനേശ്, തെക്കൻ ചിറ്റൂർ പടിഞ്ഞാറേ പിഷാരത്ത് ബാലകൃഷ്ണൻ മെമ്മോറിയൽ അവാർഡ് ശ്രീ രാംകുമാറിന്റെയും ശ്രീ വിനോദ്‌കുമാറിന്റെയും കൈകളിൽ നിന്നും ഏറ്റു വാങ്ങി. എളംകുളം കൃഷ്ണ പിഷാരോടി മെമ്മോറിയൽ അവാർഡിനർഹനായ വൈഷ്ണവിനു ശാഖ രക്ഷാധികാരി ക്യാഷ് അവാർഡ് കൈമാറി. പടിഞ്ഞാറൂട്ടു പിഷാരത്ത് രാജഗോപാൽ മെമ്മോറിയൽ സ്കോളര്ഷിപ്പ് ശാഖ വൈസ് പ്രസിഡണ്ട് അഡ്വ. അനിത രവീന്ദ്രൻ വന്ദനക്കു നൽകി. തുടർന്ന് കഴിഞ്ഞ മാസം നടത്തിയ രാമായണം പ്രശ്‍നോത്തരി വിജയിയായ ശ്രീമതി പ്രീതി ദിനേശിനും, സ്വാതന്ത്ര്യ ദിനത്തോട് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത ശ്രീരഞ്ജിനി സുധീറിനും, കുമാരി വന്ദനക്കും ശാഖയുടെ ഉപഹാരം നൽകി. അതിനു ശേഷം ക്ഷേമനിധി നറുക്കെടുത്തു.

സർഗ്ഗോത്സവം 22 ഒരു ദിവസത്തെ പ്രോഗ്രാം ആയി നടത്തുവാൻ ആണ് തൃശ്ശൂരിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നതെന്നു ശാഖയിലെ കോർഡിനേറ്റർ കൂടിയായ ശ്രീ ബാലചന്ദ്രൻ പറയുകയുണ്ടായി. തുടർന്ന്‌ പിഷാരോടി സമാജം എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, ഒക്ടോബർ 2 ന് തൃശൂർ സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് അലോപ്പതി, ആയുർവേദം എന്നീ വിഭാഗങ്ങളിലെ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്ന വിവരം ഏവരുടെയും അറിവിലേക്കായി ശ്രീ പി ബി രാംകുമാർ പങ്കുവച്ചു. ഈ സുവർണ്ണാവസരം എല്ലാവരും പരമാവധി വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു. കൂടാതെ അർഹതപ്പെട്ട 10 – ഓളം പേർക്ക് വില കൂടിയ ലെൻസുകൾ ഉപയോഗിച്ച് സൗജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുക്കുന്നു. അതിനാൽ തന്നെ ഈ മഹത്തരമായ പ്രവൃത്തിയിലേക്കു സംഭാവനകൾ നൽകാൻ താല്പര്യമുള്ളവർ ശാഖ സെക്രട്ടറിയെ ബന്ധപ്പെടുവാനും അഭ്യർത്ഥിച്ചു.

തുടർന്ന് ശാഖയിലെ അംഗങ്ങൾ ഓരോരുത്തരുടെയും ഭവനങ്ങളിൽ നിന്നും പാകം ചെയ്തു കൊണ്ടുവന്ന വിഭവങ്ങളോടെ ഓണസദ്യ ഉണ്ടായിരുന്നു. നല്ല സ്വാദിഷ്ടമായ സദ്യ ഏവരുടെയും വയറും മനസ്സും നിറച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി രാജേഷിൻെറയും അശ്വതിയുടെയും നേതൃത്വത്തിൽ കുറച്ചു ഓണക്കളികൾ നടന്നു. അതിനു ശേഷം ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന കലാപരിപാടികളിലും, മത്സരങ്ങളിലും , കളികളിലുമൊക്കെ പങ്കെടുത്തവർക്കുള്ള സമ്മാനദാനം നടന്നു.

ഒക്ടോബർ മാസത്തെ യോഗം ഒക്ടോബർ 9 – ന് വൈകിട്ട് 3 മണിക്ക് ശ്രീ ബൽറാം ബാലകൃഷ്ണന്റെ എളമക്കരയിലുള്ള വസതിയിൽ വെച്ച് കൂടുവാൻ തീരുമാനിച്ചു.

ശാഖയിലെ പുതിയ അംഗങ്ങളായ ശ്രീ ശബരീനാഥ്, ശ്രീ ബൽറാം ബാലകൃഷ്ണൻ, ശ്രീ രഘുപ്രസാദ്‌ എന്നിവരും കുടുംബവും പങ്കെടുത്തതിൽ ട്രഷറർ ശ്രീ രാധാകൃഷ്ണൻ സന്തോഷം പ്രകടിപ്പിച്ചു. പൂക്കളവും, ഓണസദ്യയും, ഓണക്കളികളും, ഓണപ്പാട്ടും, തിരുവാതിരകളിയും ഒക്കെ, ഏവരെയും ഓണത്തിന്റെ നാളുകളെ അനുസ്മരിപ്പിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ചുവെന്നും, ഇതിനായി കൂട്ടായി പരിശ്രമിച്ച എല്ലാ അംഗങ്ങൾക്കും ജോയിന്റ് സെക്രട്ടറി ശ്രീമതി ദീപ വിജയകുമാർ പ്രത്യേകം നന്ദി രേഖപ്പെടുത്തിയതോടെ ഈ വർഷത്തെ ഓണാഘോഷവും പ്രതിമാസയോഗവും പര്യവസാനിച്ചു.

ഓണാഘോഷത്തിന്റെ ചിത്രങ്ങൾ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കാണാം

https://samajamphotogallery.blogspot.com/2022/09/2022.html

4+

Leave a Reply

Your email address will not be published. Required fields are marked *